Saturday, April 25, 2009

സത്യന്‍




എല്ലാവരുടെയും കൂടെ ഞാനും കിഴക്കേ പാടത്തേക്കോടി ...സത്യന്റെ ശവം കാണാന്‍ ..മഴ ചാറുന്നുണ്ടായിരുന്നു ..മൂടിക്കെട്ടിയ ആകാശവും ... കാലത്തേ തന്നെ കേട്ടതാണ് സത്യനെ കാണാനില്ല ....



ചായ കുടിച്ചു കളിയ്ക്കാന്‍ ഇറങ്ങിയതാണ് ..അന്വേഷണം ആദ്യം അവന്റെ വീട്ടുകാരില്‍ ഒതുങ്ങി ..പിന്നെ പതുക്കെ പതുക്കെ നാട്ടുകാരിലേക്കും .ഞാന്‍ ഒന്നും അറിഞ്ഞില്ല എന്നോടാരും പറഞ്ഞില്ല..



" പാടത്ത് കാലത്ത് ചങ്ങാടം കുത്തി കിഴക്കോട്ടു പോകുന്നത് കണ്ടിരുന്നു"



ആരോ പറഞ്ഞു.." അതിന് ആ ചെക്കന് നീന്തല്‍ അറിയില്ലല്ലോ!!"



പിന്നെ മാനത്തെ പോലെ മനസ്സിലും വല്ലാത്ത ഒരു ഇരുട്ട് പരക്കാന്‍ തുടങ്ങി..



സത്യന്‍ എന്റെ ഉറ്റ തോഴന്‍ ഒന്നും ആയിരുന്നില്ല ..എന്നാലും അരീസ് (പളുങ്ക്) കായ്കള്‍ ശേഖരിച്ചു വെയ്ക്കുന്നതിലും കശുനണ്ടി വിറ്റു പടക്കം വാങ്ങി പോട്ടിക്കുന്നതിലും അഭൌമമായ ഒരു ആനന്ദം കണ്ടെത്തിയിരുന്ന എന്റെ ബാല്യങ്ങളില്‍ രമേശനോപ്പം സത്യനും ഉണ്ടായിരുന്നു. എല്ലാ കളികളിലും മുന്‍പന്തിയില്‍. സ്കൂളില്‍ അഞ്ചാം ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഓട്ട മല്‍സരത്തില്‍ തോല്‍പ്പിച്ച് വീട്ടില്‍ വന്നാല്‍ സത്യനോട് മാത്രം ഞാന്‍ എന്നും തോറ്റു പോന്നു. അവന്റെ കായിക ശക്തിയും ധൈര്യവും എന്നെ എന്നും അല്ഭുതപെടുതിയിരുന്നു . അഞ്ചു പെണ്കുട്ടികല്കിടയില്‍ അവസാനത്തെ ആന്തരിയായി പിറന്നത്‌ കൊണ്ടോ അച്ഛനമ്മമാരുടെ ഓമനയായി വളര്‍ന്നത്‌ കൊണ്ടോ അറിയില്ല . ശരീരത്തിനൊപ്പം അവന്റെ മനസ്സു വളര്‍ന്നിരുന്നില്ല .വിട്ട് പോകാന്‍ കൂട്ടാക്കാത്ത കുട്ടിത്തം കാരണം "പൊട്ടന്‍","മണ്ടന്‍" എന്ന വിളിപ്പേരുകള്‍ നാട്ടുകാരില്‍ നിന്നും കിട്ടിയിരുന്നു. അതൊക്കെ കേട്ടാലും അവന്‍ ചിരിച്ചുകൊണ്ടെയിരുന്നു ..ഒരു പരാതിയും പറയാതെ.



പെട്ടെന്ന് ആരാണ് കണ്ടതെന്നറിയില്ല കാട്ടുതീ പോലെ ആ വാര്‍ത്ത‍ പരന്നു ...എല്ലാവരും കിഴക്കൊട്ടോടി ..ഞാനും ..മുട്ടിനൊപ്പം വെള്ളം കയറിയ ചിറയില്‍ നിന്നും കിഴക്ക് പാടത്തിന്റെ നടുവിലെ കുളത്തിലേക്ക് കണ്ണും നട്ടു ചെറിയ ഒരു ജനകൂട്ടം ..കടല്‍ പോലെ പരന്നു കിടക്കുന്ന മലവെള്ളം ..മഴക്കാര് മൂടി കെട്ടി കിടന്ന ആകാശം ഒരു നരച്ച വെളിച്ചത്തോടെ അവിടെ പ്രതിഫലിച്ചു .ഒരില പോലും അനങുന്നില്ല ..ഒരു വല്ലാത്ത വിഷാദം നാട്ടുകാരുടെ മുഖത്തെന്ന പോലെ പ്രകൃതിയിലും പ്രതിധ്വനിച്ചു .



പാടത്തിന്റെ നടുവിലെ ഞങ്ങള്‍ ചുണ്ടാറുള്ള കുളവും കവിഞ്ഞൊഴുകുന്ന മലവെള്ളത്തില്‍ കിഴക്കോട്ടു ചെരിഞ്ഞ നെല്ചെടികളില്‍ തടഞ്ഞു രണ്ടു നീല ചെരിപ്പുകള്‍ പൊങ്ങി കിടന്നു ..അകലെ അല്പം മാറി വാഴപിണ്ടി കൊണ്ടുണ്ടാകിയ ഒരു ചന്ങാടവും ......പിന്നെ കുളത്തിന്റെ അഗാധതയില്‍ വഴു വഴുപ്പാര്‍ന്ന ജല സസ്യങ്ങള്‍ക്കും താമര വേരുകള്‍ക്കും ഇടയില്‍ കണ്ണും വായും തുറന്നു പാതി ചെളിയില്‍ പൂണ്ട മരവിച്ച സത്യന്‍ .. അകലെ കാര്‍മേഘങ്ങള്‍ക്കിടയില്‍ നിന്നും ഒരു ചെറിയ മൂളല്‍ ഇരംബമായി കാതുകളിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തിരിഞ്ഞു നടന്നു ..പോലീസിനെയും മുങ്ങല്‍ വിദഗ്ധരെയും കാണാന്‍ നിന്നില്ല..തിരിച്ചു വരും വഴി അവന്റെ വീട്ടില്‍ നിന്നും ഒരു പാടു സ്ത്രീകളുടെ ഒരുമിച്ചുള്ള കരച്ചില്‍ കേട്ടു ..എന്നാല്‍ ഒരു തുള്ളി കണ്ണീര് പോലും വാര്‍ക്കാതെ ദൂരേക്ക്‌ നോക്കി മിണ്ടാതിരിക്കുന്ന അവന്റെ അച്ഛന്റെ രൂപം ഇപ്പോളും മറക്കാന്‍ കഴിയുന്നില്ല













തൊഴില്‍ തേടി

ഞാന്‍ പണ്ടേ മടിയനാണ് .എന്നും തിന്നും കുടിച്ചും ഉല്ലസിച്ചു കഴിയാനാണ് കൊതിച്ചിരുന്നത്‌. ആരെങ്കിലും കഷ്ടപ്പെട്ടോളും ആരെങ്കിലും കൊണ്ടു തന്നു കൊള്ളും എന്ന ഒരു ചിന്ത പണ്ടു മുതലേ മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നു. കാരണം അന്നും ഇന്നും അജ്ഞാതം .. കൂട്ടത്തില്‍ ഏറ്റവും ഇളയവനായത് കൊണ്ടു കിട്ടിയ അമിത ലാളനകള്‍ കൊണ്ടാവാം ,അല്ലെങ്കില്‍ പ്രാരാബ്ധങ്ങളും ഉത്തരവാദിത്ത്വംങളും കാണാതെ പോയ ബാല്യം തന്ന സംബാദ്യമാവം അതുമല്ലെന്കില്‍ പിരിഞ്ഞു കിടക്കുന്ന കോണികള്‍ പോലുള്ള പിന്‍ പരമ്പര ബന്ധങ്ങളില്‍, പിതാമഹന്മാരില്‍ ആരെങ്കിലും ഒരാള്‍ യുഗങ്ങള്‍ക്കു പുറകെ നിന്നു തലയില്‍ കൈ വെച്ചു അനുഗ്രഹിച്ചു കാണും .
പക്ഷെ പറയുന്പോള്‍ എല്ലാം പറയണമല്ലോ .അലസതക്കും ഒരു പ്രത്യേക സുഖമുണ്ട് . എന്നും ഒരു സ്വപനം മനസ്സിലുണ്ട് . വൃത്തിയുള്ള ചെറിയ മുറ്റം ഉള്ള ചെറിയ ഒരു വീട്. ആ ഇല്ലാത്ത വീടിന്റെ ചാണകം മെഴുകിയ കിഴക്കേ കോലായിലെ ചാര് കസേരയില്‍ മുറ്റത്തെ തണല്‍ വിരിക്കുന്ന വലിയ മരത്തിനപ്പുറം പരന്നു കിടക്കുന്ന അറ്റമില്ലാ പാടത്തിന്റെ ഒരു വലിയ കാന്‍വാസ് കണ്ണുകള്‍ക്കായി വിട്ടുകൊടുത്തു അവിടങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കണം . നിഴലും വെയിലും മഴയും നിലാവും മാറി മാറി വരുന്ന ആ ആകാശം കണ്ടു ഒന്നും ചെയ്യാനില്ലാതെ ആരോടും ഒന്നും പറയാനില്ലാതെ ... എത്ര മനോഹരമായ മടിയന്‍ സ്വപ്നം അല്ലെ?
ഏകദേശം ഒരു ഇരുപത്തിനാലു തികയാനായപ്പോളാണ് ഞാന്‍ നാട് വിട്ടത്. ജീവിതത്തില്‍ ഇനിയന്ഗോട്ടുള്ള ചലനത്തിന് ഒരു തൊഴിലും വരുമാനവും വേണമെന്നു സ്വയം തോനിയിട്ടല്ല , കൂടെ മണ്ണ് വാരി ക്കളിച്ചവര്‍ ഓരോരോ നിലയില്‍ എത്തുന്നത്‌ കണ്ടുണ്ടായ ഒരു ആവേശവും ആയിരുന്നില്ല ... ഈ നേരാ നേരങ്ങളിലുള്ള തീറ്റയും കുടിയും ,ചായപീടികയിലെ ബെഞ്ച് നിരങ്ങളും പാടത്തെ ക്രിക്കറ്റ് കളിയും എല്ലാം ആവര്‍ത്തന വിരസങ്ങളായി തുടങ്ങിയപ്പോള്‍ വീട്ടുകാരെയും നാട്ടുകാരെയും വെറുപ്പിക്കാന്‍ പോകുന്നെന്നു ഉള്‍വിളി കേട്ടപ്പോള്‍ ഉണ്ടായ ആഗ്രഹമാണ് ഒരു സ്ഥലം മാറ്റം ..
അങ്ങനെ തീരുമാനിച്ചുറച്ച പോലെ ഒരുനാള്‍ ഞാന്‍ നാട് വിട്ടു . ആരോടും പറയാതെയോന്നുമല്ല എല്ലാവരുടെയും അനുഗ്രഹവും ആശിര്‍വാദവും വാങ്ങി തന്നെ ഞാന്‍ മുംബൈ യില്‍ എത്തി. എന്റെ അമ്മായിയുടെ മകളുടെ വീട്ടില്‍ താമസവും തുടങ്ങി . ഗ്രാമ പച്ചയില്‍ നിന്നും കോണ്‍ക്രീറ്റ് നഗരത്തിലേക്കുള്ള പറിച്ചു നടല്‍ ഒരു ചെറിയ വാട്ടം ഉണ്ടാക്കി . രാവും പകലും ഒരുപോലെ ഉണര്‍ന്നിരിക്കുന്ന ഈ നഗരത്തെ സ്നേഹിക്കാനും അടുക്കാനും കുറച്ചു സമയം വേണ്ടി വന്നു . പോസ്ടരിലും സിനിമയിലും കാണുന്നത്ര ഭംഗിയോന്നുമില്ല ആടയഭാരനങ്ങള്‍ക്കുള്ളില്‍ പഴുത്ത വൃണങ്ങള്‍ ഒളിപ്പിക്കുന്ന ഈ സുന്ദരിക്ക് . മുംബൈ യിലെ ഇലക്ട്രിക്‌ ട്രെയിനിലെ യാത്രകള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോളും ഭയം ആണ്. ഓരോ യാത്രയും ഓരോ ചെറിയ യുദ്ധങ്ങളാണ് . ഞെങ്ങി ഞെരുങ്ങി നിന്നു പോകുമ്പോള്‍ പോക്കറ്റ് അടിക്കുന്നത് അറിഞ്ഞാല്‍ പോലും നമുക്കു ഒന്നും ചെയ്യാനില്ല . നില്ക്കുന്ന പൊസിഷനില്‍ നിന്നു അണുവിട ചലിക്കാന്‍ പറ്റില്ല . ഒരു ഒഴുക്കില്‍ കയറി പറ്റുന്നു അതുപോലെ മറ്റൊരു ഒഴുക്കില്‍ ഇറങ്ങി പോകുന്നു.
ഒരു പാടു ഇന്റര്‍വ്യൂ കള്‍ക്ക് പോയി. ഭാഷ അറിയാത്തതും മുന്‍കാല പരിചയത്തിന്റെ അഭാവവും വിലങ്ങു തടികള്‍ തന്നെ പക്ഷെ അതിലും വലിയ വിന കോഴ്സ് കഴിഞ്ഞു വെറുതെ നടന്ന മൂന്ന് നാല് കൊല്ലം ആണ് .ആ വിടവ് ഉള്‍കൊള്ളാന്‍ ഒരു ഇന്റര്‍വ്യൂവര്‍ക്കും കഴിഞ്ഞില്ല. ജനസമുദ്രം ഒഴുകി കൊണ്ടേയിരുന്നു. നരച്ച ആകാശത്ത് സുര്യ ചന്ദ്രന്മാരുടെ പ്രയാണം കാണാന്‍ കഴിഞ്ഞില്ലെന്കിലും രാപകലുകള്‍ പോയ് കൊണ്ടിരുന്നത് ഞാന്‍ വിഷമത്തോടെ അറിഞ്ഞു.

Wednesday, April 22, 2009

പേടി ഒരു ഇരമ്പം


ചൊറി ചിരങ്ങുകള്‍ തലങ്ങും വിലങ്ങും വേദന പായിക്കുന്ന കൈ കാലുകള്ക് ഇടയില്‍ എല്ലുന്തിയ നെഞ്ഞിന്കൂടുമായി അവന്‍ ആ കുളക്കരയില്‍ നിന്നു. കണ്ണുകള്‍ ആകാശം മുട്ടെ നില്ക്കുന്ന അയിനി മരത്തിന്റെ മുകളില്‍ പഞ്ഞിക്കെട്ടു പോലെ പരന്ന മേഘ പടലങ്ങള്‍ക്ക് മുകളിലെ നീല വാനത്തിലേക്ക് പറന്നു. ഉള്ളില്‍ ഒരു ഭയം നെഞ്ഞിടിപ്പായ് പരന്നു. മാനത്ത്തിനെവിടെയെന്കിലും വിള്ളല്‍ ഉണ്ടോ ??? ഒരു നാള്‍ ഇതെല്ലാം പൊട്ടിത്തകര്‍ന്നു താഴേക്ക്‌ പതിക്കില്ലേ ?? ഒരു ചെറിയ തിളക്കം പോലെ പറന്നു പോയ ഒരു വിമാനം അവന്റെ ഭയത്തിനു ആക്കം കൂട്ടി . ഒടുങ്ങാന്‍ പോകുന്ന ഒരു ലോകത്തിന്റെ നിലവിളിയായ് ആ ഇരമ്പം കൂട്ട് നിന്നു . വര്‍ധിക്കുന്ന നെഞ്ഞിടിപ്പിനോപ്പം അവന്‍ ഏങ്ങി കരയാന്‍ തുടങ്ങി . ഏങ്ങി ഏങ്ങി കരച്ചില്‍... ഒരു നാള്‍ എല്ലാവരും മരിക്കും എല്ലാം നശിക്കും എന്നാരോ മുതിര്‍ന്നവര്‍ പറഞ്ഞ സത്യം മനസ്സില്‍ ഭീതിയുടെ കാര്‍ മേഘങ്ങള്‍ക്കിടയില്‍ ഒരു യുദ്ധ വിമാനം പോലെ തലങ്ങും വിലങ്ങും പാഞ്ഞു. അയണി മരത്തില്‍ കൂടുകൂട്ടിയ കാക്ക പാവം .. രാത്രി അതിനെയും കുറിച്ചോര്‍ത്തു കരഞ്ഞു ..പാവം അതിനറിയില്ലല്ലോ ഈ ലോകം കത്തി ചാരമാവാന്‍ പോകുന്നെന്നു *****


ഡിസംബറില്‍ പോളി ടെക്ക്നിക്കിനു പ്രത്യക ഭങ്ങിയാണ് .. പോളി ടെക്നികിനു എന്നല്ല എല്ലാ കലാലയങ്ങള്‍ക്കും. ഒരു വസ്തുവിന്റെ സൌന്ദര്യം എന്ന് പറയുന്നതു അത് കാഴ്ചയില്‍ ,കേള്‍വിയില്‍ അല്ലെങ്കില്‍ ഓര്‍മ്മയില്‍ നമ്മുടെ മനസ്സില്‍ ഉളവാക്കുന്ന സുഖകരമായ ഒരു അവസ്ഥ ആണ് . ഏകാദശിയും ക്രിസ്മസ്സും ന്യൂ ഇയറും എല്ലാം ചേര്‍ന്നു തൃപ്രയാര്‍ പരിസരമാകെ ഒരു ഉത്സവ പ്രതീതിയാണ് . അശോക മരങ്ങള്‍ പൂത്തുലഞ്ഞു നില്ക്കുന്ന കാമ്പസും വഴിയോരങ്ങളും ..........


ഒരു കൌമാരക്കാരനെ സംബന്ധിച്ചിടത്തോളം ഈ പശ്‌ചാത്തലം അനിരവച്ചനീയമാണ് ...ലഹരി കത്തിപ്പടരുന്ന ബീടിത്തുമ്പില്‍ നിന്നും തലച്ചോറിലൂടെ ഹൃദയം വഴി തിളചൊഴുകുമ്പോള്‍ ,തെറ്റിന്റെ ചെളി വഴികളിലൂടെ ഒരുകാല്‍ കവച്ചു ചാടുമ്പോള്‍ , പ്രണയ സ്വപ്നങ്ങളും പാട്യ് പദ്ധതികളും ചേര്‍ന്ന മസാലകൂട്ടില്‍ കിടന്നുരുളുന്ന മഞ്ഞുള്ള പകല്‍ രാത്രികള്‍ അവിസ്മരനീയവുമായിരിക്കും ...
മക് ഹൌസിലെ ചാണകം മെഴുകിയ കിഴക്കേ തിണ്ണയില്‍ ഇരുന്നു വേടിപരയുമ്പോള്‍ വിരല്തുംബിലെരിയുന്ന സിഗരട്ടു കുറ്റിക് ടിപ്പു സുല്‍ത്താന്റെ കയ്യിലെ വാളിനേക്കാള്‍ ആട്യത്വം തോന്നാറുണ്ട് . മുറ്റത്തു നിറയെ തീപെട്ടി കൊള്ളികളും സിഗരറ്റ് കുറ്റികളും കുപ്പി മൂടികളും..മക്ക് ഹൌസിന്റെ അടുക്കള ഭാഗത്തായി ഒരു പതിനെട്ടാം പട്ട തെങ്ങുണ്ട്.. അതിന്റെ കരിക്ക് പൊട്ടിച്ചെടുത്ത് ചാരായത്തില്‍ ഒഴിച്ച് കുടിച്ചു , വൈകുന്നേരങ്ങളില്‍ തൃപ്രയാര്‍ അമ്പലത്തില്‍ സന്ധ്യാ വെടി മുഴങ്ങുമ്പോള്‍ ,പോകകുവെയില്‍ മാഞ്ഞ ചെന്തെങ്ങിന്‍ മണ്ടകളില്‍ തണുത്ത വൃശ്ചികകാറ്റ് വീശുമ്പോള്‍ ,ഇരുട്ട് പോളി ടെക്നികിനെയും മക്ക് ഹൌസിനെയും മൂടുമ്പോള്‍ അകലെ പോകുന്ന ഒരു വിമാനത്തിന്റെ ഇരമ്പല്‍ വീണ്ടും നെഞ്ഞിടിപ്പ്‌ കൂട്ടാറുണ്ട് ..








നിരാലംബം (ഒരു വാസോ വാഗാല്‍ അറ്റാക്ക്‌ )


നട്ടപ്പാറ വെയിലത്ത്‌ പാടത്ത്ന്റെ നടുവിലെ കുളത്തിനു ചുറ്റും നിന്നു ചൂണ്ടാലിടുകയാണ് ഞങ്ങള്‍ മൂന്ന് പേര്‍ ഞാന്‍ രമേശന്‍ പിന്നെ സത്യന്‍ . രണ്ടു പേരും ഇന്നില്ല. അവരെ വേറൊരു ചൂണ്ടക്കാരന്‍ കൊണ്ടുപോയി .


കുളത്തില്‍ പുളയ്ക്കുന്ന മീനുകളൊന്നും ഞങ്ങളുടെ ചൂണ്ടയില്‍ കൊത്തുന്നില്ല. വെള്ളത്തിന്‌ പുറത്തെ ശ്വാസം മുട്ടിക്കുന്ന ഒരു ലോകം അവറ്റ തിരിച്ചരിഞ്ഞിരിക്കാം .

താമരയിലക്ക് കുറുകെ കിടക്കുന്ന വെള്ള ചരടില്‍ അനക്കം വരുന്നതും നോക്കി കണ്ണ് കഴച്ചു। പെട്ടെന്ന് താമരയില ചെറുതായൊന്ന് വിറക്കാന്‍ തുടങ്ങി. മരണ ഭയത്തെ തോല്പിക്കുന്ന വിശപ്പ്‌ ഏതോ ഒരുവനെ പിടികൂടിയെന്ന് ഞാനറിഞ്ഞു. ചൂണ്ടല്‍ കൊളുത്തും വലിച്ചു താമര വേരുകള്‍ക്കിടയിലൂടെ ആഴത്തിലേക്ക് അവന്‍ പാഞ്ഞു .അതെ ശക്തിയില്‍ ഞാനും ചൂണ്ട വലിച്ചു. കത്തി നില്ക്കുന്ന ആകാശത്തിലേക്ക് ഒരു വെള്ളിടി പോലെ ഒരു ചെറു മീന്‍ ഉയര്ന്നു॥ പിന്നെ എന്റെ ചൂണ്ടയില്‍ കിടന്നൊരു പുളച്ചില്‍ . ശ്വാസം കിട്ടാത്ത മരണം .. പിന്നീടൊരുനാള്‍ സത്യനെ തേടി വന്നതും അവന്‍ തന്നെ ആയിരുന്നു. സത്യനും രമേശനും എന്ടടുതെക്കൊടി വന്നു. ഞങ്ങളുടെ നാട്ടില്‍ "കടു" എന്ന് വിളിക്കുന്ന കൊമ്പുള്ള മീനായിരുന്നു അത്। കൊളുത്തില്‍ നിന്നും വേര്‍പെടുത്തിയപ്പോള്‍ അവന്‍ ഒന്നു കൂടെ പിടഞ്ഞു .എന്റെ ഇടതു കയ്യിലെ ചൂണ്ടാണി വിരലില്‍ ഒരു കൊമ്പ് ആഴ്നിറങ്ങി. കാലിന്റെ പെരുവിരല്‍ മുതല്‍ തലച്ചോറ് വരെ ഒരു തരിപ്പ് ഇരച്ചു കയറി. ഞാന്‍ വേദന സഹിക്കാന്‍ വയ്യാതെ കണ്ണടച്ച് മുകളിലേക്ക് നോക്കി.

പെട്ടെന്നൊരു കൊടുംകാടിരംബം...തലച്ചോറില്‍ വെടിക്കെട്ട് ॥ഒരു പരമാനന്ദ സുഖം ॥തണുപ്പ് ചെവികളിലൂടെ ഇക്കിളി കൂട്ടി പാഞ്ഞു॥ പാടത്തെ ചെളിയില്‍ മലര്‍ന്നടിച്ചു കിടക്കുകയാണ് । സുര്യചന്ദ്രന്മാര്‍ പൊടുന്നനെ ഒരായിരം വട്ടം സ്വയം പ്രദക്ഷിണം പൂര്‍ത്തിയാക്കി .. മുകളില്‍ ആകാശം മറച്ചുകൊണ്ട്‌ ചിരിയും കൌതുകവുമായി രണ്ടു കൂട്ടുകാര്‍ എന്നെ നോക്കി നില്ക്കുന്നു। രമേശനും സത്യനും। അല്ല... അത് പണ്ടു ഇപ്പോള്‍ ജയരാജന്‍ മാഷും അസ്സംബ്ലി യില്‍ നിന്നിരുന്ന മറ്റു കുട്ടികളും എനിക്ക് ചുറ്റും കൂടിയിരിക്കയാണു ॥ ആരെല്ലാമോ എന്തൊക്കെയോ ചോദിക്കുന്നു " വെള്ളം വേണോ?" "കാലത്തൊന്നും കഴിച്ചില്ലേ?" കൌതുകവും ചിരിയും പേടിയും അങ്ങനെ എല്ലാ ബഹുരസങ്ങളും സ്ഫുരിക്കുന്ന മുഖങ്ങള്‍ । പിന്നീട് ഈ മുഖങ്ങള്‍ ഞാന്‍ ഒരു പാടിടത് കണ്ടിട്ടുണ്ട്. രക്തം ,മലം ,മൂത്രം ടെസ്റ്റ് ചെയ്യുന്ന ലാബിന്ടടുത്തുള്ള പച്ചക്കറിക്കടയില്‍ . നാട്ടിലെ മെഡിക്കല്‍ storinte തിണ്ണയില്‍ .. അവസാനമായി തിമിര്‍ത്തു പെയ്യുന്ന മഴയില്‍ ചാണകം മെഴുകിയ കിഴക്കേ കോലായിലെ പഴഞ്ജന്‍ ചാര് കസേരക്ക് ചുറ്റും .......



Tuesday, April 21, 2009

ജീവിതാനന്തരം 2




രാത്രിഞ്ചരന്മാരായ പുതു തലമുറയുടെ കുസൃതിയും പകൽമാന്യന്മാരുടെ നിഴലുകളും കണ്ടിങ്ങനെ നടക്കാന്‍ ഒരു സുഖം ആണ് . ഇത്തരം സമയങ്ങളില്‍ ഓര്‍ക്കാന്‍ ഒരു ഭൂതവും.. കാല്‍ മുട്ടില്‍ പഴുക്കുന്ന വ്രണങ്ങളും നെഞ്ചില്‍ കുറുങ്ങുന്ന കഫ കൂടും മനസ്സില്‍ വലിയ ഭയവുമായി ഈ ലോകത്തിലേക്കുള്ള പ്രവേശനം ഒരു തീരാ കടം ആയ ബാല്യം .... ഓർമ്മകളുടെ തുടക്കം.. അസ്തിത്വം തിരിച്ചറിയല്‍ .....
അന്നവിടെ മുതല്‍ തകര്‍ത്തു പെയ്യുന്ന മഴയില്‍ കിഴക്കേ കോലായിലെ ചാര് കസേരയിലേക്ക് മരണം ഇഴഞ്ഞു കയറിയ ഇന്നലെ വരെ.. ഓരോ പൊട്ടിയ മാലയിലെ മുത്തുകളായി ഞാനിവിടെ കുത്തി വരച്ചിടാന്‍ പോവുകയാണ് .. ഈ മുത്തുകള്‍ വീണ്ടും കൂട്ടി ഒരു മാലയുണ്ടാക്കാന്‍ നോക്കുക ....

ജീവിതാനന്തരം


തട്ടിന്‍ പുറത്തു കടവതിലിനും എട്ടുകാലികള്‍ക്കും ഇടയില്‍ ഞാനിരുന്നു . പണ്ടായിരുന്നെങ്കില്‍ ശ്വാസം മുട്ടിയേനെ ...ചിലന്തിവലയും പഴയ പൊടിയും എനിക്ക് അലര്‍ജിയാണ് . പുറത്തു നട്ടുച്ച വെയില്‍ തകര്‍ക്കുകയാണ്. അണ്ണാറക്കണ്ണന്റെയും കാക്കകളുടെയും ചിലംബലുകള്‍ അലോരസം ഉണ്ടാക്കി തുടങ്ങി .


ഇവിടെ ഇരുട്ടാണ്‌ ,സുഖമുള്ള ഒരു ഇരുട്ട് .പുറത്തിരുട്ടു പരക്കാന്‍ തുടങ്ങിയാല്‍ ഈ വവ്വാലുകൾക്കും നരിചീരുകള്‍കും ഒപ്പം ഞാനും ഇറങ്ങും വെറുതെ കാഴ്ചകള്‍ കണ്ടു നടക്കാന്‍ .

തുടങ്ങട്ടെ .....?


ഹേ സുഹൃത്തുകളെ ,
ഇതൊരു ശ്രമം ആണ് . ഒരു ബാല്യ കൌമാര യൌവനത്തിന്റെ ഭൂത കാഴ്ചകള്‍ക്കായ്‌ ..
ഇതാരെയും രസിപ്പിക്കാനല്ല.. വെറുതെ ചിന്തിക്കാന്‍ മാത്രം .. ഇതൊരു ജിഗ്സോ പസ്സില്‍ ആണ് .
ബോറടിക്കുമ്പോള്‍ കൂട്ടി നോക്കുക ....എന്നാല്‍ ഞാന്‍ തുടങ്ങട്ടെ..