
ഈ ഇളം പ്രായത്തില്‍ ഇത്രയും കടന്നു ചിന്തിക്കാന്‍ അജിയുടെയോ എന്റെയോ മാത്രം തലച്ചോറ് പോരാ .. ഒറ്റയോ കൂട്ടായതോ ആയ വേറെ കുശാഗ്രബുദ്ധി കൂടിയേ തീരു .ഒരു മാസ്റര്‍ മൈന്‍ഡ് ...അതാണ് സജുവും ബൈജുവും ..പത്താം ക്ലാസ്സൊക്കെ അന്തസ്സായി തോറ്റ് ആദ്യം പറഞ്ഞ യുവാക്കളുടെ (കള്ളും കട്ട കോഴികളുമായി പൂഞാലി മരത്തില്‍ തമ്ബടിക്കാറുള്ള ടീം ) ടീമില്‍ മെമ്പര്‍ഷിപ്പ് കിട്ടാന്‍ അപേക്ഷയും കൊടുത്തു ക്യു വില്‍ നില്ക്കുന്ന കരമീശക്കാര്‍ ..മുന്‍പ് പറഞ്ഞ ടീം അജി,രമേശന്,സത്യന്,പൗലോസ് ഞാന്‍ മുതലായ ചെറുകീടങ്ങളെ അവരുടെ നാലയലത്ത് പോലും അടുപ്പിക്കാറില്ലാഎന്നാലും "ഇല്ലത്ത് നിന്നു പോറപ്പെടുകേം ചെയ്തു അമ്മാത്തോട്ടു എത്തിയുമില്ല " എന്ന അവസ്ഥയില്‍ നില്ക്കുന്ന സജുവിനും ബൈജുവിനും അവര്‍ക്കിടയില്‍ ചെറിയ പരിഗണനകള്‍ ഉണ്ട്. ..അത്യാവശ്യം സിഗരട്ടു വാങ്ങിക്കാനും ലവ് ലെട്ടെര്സ് വിനിമയങ്ങള്‍ക്കും ഇവരുടെ സേവനം വിനിയോഗിച്ചു വന്നെങ്കിലും സന്ധ്യാ വെടി മുഴങ്ങിയാല്‍ " പോയി മുളയിനെടാ ..." എന്നാക്ഷേപിച്ചു പോന്നു. സായാഹ്നങ്ങളില്‍ അവരുടെ കൂടെ പറ്റി നടന്നു തന്തോന്നിത്തരങ്ങള്‍ മുഴുവന്‍ വായും പൊളിച്ചിരുന്നു കേട്ടു പിന്നെ ഞങ്ങളിലേക്ക് പ്രചോദനത്തിന്റെ കുളിര്‍കാറ്റായി വന്നു രണ്ടു പേരും. .അങ്ങനെ വന്ന ഒരു അനുകരാണാനുരാഗത്തിന്റെ അനന്തര ഫലമായിരുന്നു ആ പദ്ധതി ..വെള്ളിയാഴ്ച ഉച്ചയുണിനു ശേഷം സ്കൂളിലേക്കുള്ള വഴി വളച്ച് ചവിട്ടണം ..നേരെ പാടത്തേക്കു ..കിഴക്കേ പാടത്ത് നിന്നും സജുവും ബൈജുവും കൂടെ കൂടും.. പിന്നീടെല്ലാം പറഞ്ഞ പോലെ..
അങ്ങനെ ഉച്ചയുണിനു ശേഷം അജിയും ഞാനും കരിങോട്ട മരത്തണലില്‍ വെച്ചു കണ്ടു മുട്ടി. ഇത്തരം സമയങ്ങളില്‍ മുന്‍പോട്ടു വെച്ച കാല് പുറകോട്ടു വെയ്ക്കുന്നതിനെ പറ്റി ആദ്യം പറയുന്നയാള്‍ ഭീരു.. അതറിയാവുന്നത് കൊണ്ടു ഒന്നും മിണ്ടാതെ വഴി വളച്ചു..നടന്നു..
ലോകത്തെവിടെയും നാശത്തിലേക്ക് ചുവടുവേയ്ക്കുന്ന ഒരു പാടു ബാല്യങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ടും അറിഞ്ഞാല്‍ കുടുംബത്ത്തുണ്ടായെക്കാവുന്ന ഭൂകമ്പം മുന്‍പേ മനസ്സില്‍ വരിച്ചും പാടത്തേക്കു നടന്നു. പിന്നെ പാടത്ത് നിന്നും നാല്‍വര്‍ സംഘം യാത്ര തുടര്‍ന്നു.. ചെളിയുണങ്ങാത്ത കണ്ടങ്ങള്‍ക്ക് കുറുകെ നേര്‍ത്ത വരമ്പിലൂടെ ഞങ്ങള്‍ വരിവരിയായി നടന്നു...അനിവാര്യമായ നാശത്തിലേക്കുള്ള പദയാത്ര..പാടം കരേറി പിന്നെ വീടുകള്‍ക്കിടയിലൂടെ വളഞ്ഞു പോകുന്ന ഒറ്റയടി പാതകള്‍ ആണ്. അത് ചെന്നവസാനിക്കുന്നത് വലിയൊരു പാടത്തേക്കു ..കാട്ടുരിനെയും ഇരിഞാലക്കുടയെയും ബന്ധിപ്പിക്കുന്ന ടാറിട്ട റോഡിനപ്പുറം കണ്ണെത്താത്ത വലിയ പാടം.. ആ റോഡിനോട് ചേര്‍ന്നു ഉള്ളിലേക്ക് വലിഞ്ഞ ചിറയില്‍ തണല്‍ വിരിക്കുന്ന തെങ്ങിന് തോപ്പിനുള്ളില്‍ ചെറിയ ഒരു ഓലക്കുടില്‍ ..വിഖ്യാതമായ "തേക്കും മൂല " കള്ള് ഷാപ്പ്. കന്നിയന്കതിനായ് ഞങ്ങള്‍ ഈ സ്ഥലം തന്നെ തിരഞ്ഞെടുക്കാന്‍ ഒരു പാടു കാരണങള്‍ ഉണ്ട്.
പ്രകൃതി രമണീയമായ പ്രദേശം ...ഒട്ടും കലര്‍പ്പില്ലാത്ത കള്ള് കിട്ടുന്നിടം ..പിന്നെ പ്രധാനം ..പരിചയക്കരോന്നും എത്തിപ്പെടാന്‍ ഇടയില്ലാത്തിടം..അതാണ് സര്‍വ പ്രധാനം ..
കാല്‍നടയും ഏറി വന്നാല്‍ സൈക്കിളും പ്രധാന ഗതാഗതോപാധിയായിരുന്ന അക്കാലത്ത് പരിചയക്കാരുടെ സാന്നിധ്യം അസാധ്യമായിരുന്നെന്കിലും ഒരു ഭീതിയുടെ പുതപ്പില്‍ മുഖം മറച്ചു കൊണ്ടാണ് അജിയും ഞാനും ഉള്ളിലോട്ടു കേറിയത്. . തോളുയരം പനമ്പുകള്‍ കൊണ്ടു വേര്‍തിരിച്ച ചെറിയ കാബിനുകള്‍ ..ഓരോ കാബിനിലും അഞ്ചോ ആറോ പേര്‍ക്കിരിക്കാന്‍ വിധം ഡസ്സ്ക്കും ബെന്ച്ചും ..നട്ടുച്ചയായത് കൊണ്ടു എല്ലാം കാലി. കള്ളിന്റെ കുത്തുന്ന മണവും ഈച്ചകളും മാത്രം. പാടത്തേക്കു കിളിവാതിലുള്ള കാബിനില്‍ നാലുപേരും ചെന്നിരുന്നു. നല്ല കാറ്റു. കൌണ്ടറില്‍ ഒരു കെളവന് (ഷാപ്പുടമ)ഇരുന്നുറക്കം തൂങ്ങുന്നു.. റേഡിയോ പാടുന്നു.
അങ്ങ് എന്റെ സ്കൂളില്‍ എട്ടാം ക്ലാസ്സില്‍ ഉച്ചയുണിനു ശേഷം ആലസഭരിതമായ ഇളം തലച്ചോറൂകളിലേക്ക് ഇന്ദിര ടീച്ചര്‍ പൈത്ത ഗോറസ്സ് തിയറം ഉരുക്കിയോഴിക്കുമ്പോള്‍ നാലു കുപ്പി കള്ളും മീന്‍ചാറോഴിച്ച കൊള്ളിയും ഓര്‍ഡര്‍ ചെയ്തു ഞങ്ങളിരുന്നു. ഒരു കാര്യം മാത്രം ഇപ്പോളും സംശയമായി നില്ക്കുന്നു ..ഈ ചെരുവാല്യക്കാരെ കണ്ടിട്ടും ഷാപ്പുടമക്കൊരു കൂസലും ഇല്ലാഞ്ഞതെന്തേ? കൌണ്ടറില്‍ ഇരുന്നു പാടിയിരുന്ന യേശുദാസിന്റെ ശബ്ദം ഒന്നു കുറച്ചു കൊണ്ടു ആള് വിഭവങ്ങള്‍ ഓരോന്നായി മുന്പില് കൊണ്ടു വെച്ചു .ഉച്ചക്ക് മൂത്ത കള്ളിന്റെ പുളി അമൃതിന്റെ മാധുര്യമായി ചുണ്ടിലൂടെ ആമാശയത്ത്തിലെക്കുംഅവിടെ നിന്നു തലച്ചോറിലേക്കും പടര്‍ന്നു കയറി .പൂച്ചയെ പോലെ പതുങ്ങിയിരുന്നു ആദ്യത്തെ ഗ്ലാസ്സ് കുടിച്ചു തീര്‍ത്ത ഞാനും അജിയും നെഞ്ചും വിരിച്ചിരുന്നാണ് രണ്ടാമത്തെ ഗ്ലാസ്സ് കയ്യിലെടുത്തത് ..പിന്നീടെങ്ങനാന്നു ഓര്‍മ്മയിലില്ല ...മകര ചുടും കൊണ്ടു വയലേലകളെ തഴുകി വന്ന തീ കാറ്റു മന്ദമാരുതനായി ഷാപ്പിലേക്ക് കയറി..പുറത്തു തിളച്ച് ഒഴുകുന്ന വെയില് പൊന്‍ നിലാവും ...നാലു കുപ്പികളും കാലിയായപ്പോള്‍ കണ്ണുകള്‍ക്ക് മുന്പില് കോട മഞ്ഞും ഇറങ്ങി വന്നു. .ഷാപ്പിന്റെ മേല്‍ക്കൂര ഇളകി തുടങ്ങി..കണ്ണുകള്‍ എവിടെയും ഉറക്കുന്നില്ല.. സജുവാണോ ബൈജുവാണോ എന്നറിയില്ല ആരോ അട്ടഹസിക്കുന്നത് കേട്ടു " രണ്ടു കുപ്പി കള്ളും കൂടി പോരട്ടെ..." എന്റെ തല കനം തുങ്ങി മുന്പിലെ ഡസ്ക് ലേക്ക് ചാഞ്ഞു . നെറ്റി അവിടെയങ്ങനെ അമര്‍ത്തി ഞാന്‍ കിടന്നു ..ഡസ്ക്ഇന്റെ മരപ്പലകകള്‍ക്കിടയിലൂടെ ഞാനെന്റെ കാല് പാദങ്ങള്‍ നോക്കി..നിലത്തെ മണ്ണില്‍ പുതയുന്ന എന്റെ കാലില്‍ പതുക്കെ പതുക്കെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി ..നോക്കി നില്‍ക്കെ കാലുകള്‍ നിറം മാറി വന്നു ഇരുണ്ടു കറുത്ത് ചുക്കി ചുളിഞ്ഞു ..ഞാന്‍ ഞെട്ടി "അയ്യോ" മുഖം ഉയര്‍ത്തി നോക്കിയപ്പോള്‍ എന്റടുത്തു ഒരു വയസ്സന് ഇരിക്കുന്നു ..ഇയാളിതെപ്പോള്‍ വന്നിരുന്നു. ഒരു നൂറു വയസ്സ് തോന്നിക്കുന്ന ശരീരം ..ആള് അര്‍ദ്ധ നഗ്നനാണ് ..ഒരു മുണ്ടും തോളില്‍ തോര്‍ത്തും കറുത്ത് ചുളിഞ്ഞ മുഖത്ത് തിമിരം ബാധിച്ചു നരച്ച കൃഷ്ണ മണികള്‍ക്ക് ചുറ്റും ചോര നിറം. എന്നെ നോക്കി അയാള്‍ ഒന്നു പുഞ്ചിരിച്ചു.. ഞാനും.... അജിയും സജുവും ബൈജുവും ഈ ലോകത്തേ അല്ല ...മുന്നില്‍ നിറ ചഷകങ്ങളും വെച്ചു എന്തെല്ലാമോ പുലംബുകയാണ് ..
രണ്ടാമത് വരുത്തിച്ച കുപ്പിയില്‍ നിന്നും "കുടി" മുട്ടിയ ഞാന്‍ എന്റെ ഗ്ലാസ്സ് ആ വയസ്സനു നേരെ നീട്ടി
"അപ്പാപ്പന് വേണമെങ്കില്‍ ഇതു വലിച്ചോ .."
വീണ്ടും ചെറിയ ഒരു പുഞ്ചിരി കൂടി സമ്മാനിച്ച് വിറയ്ക്കുന്ന കൈകള്‍ കൊണ്ടു ആ ഗ്ലാസ്സ് അയാള്കരികിലേക്ക് നിരക്കി വെച്ചു . പിന്നെ പതുക്കെ വേച്ചു വേച്ചു കൊണ്ടു മൊത്തി കുടിക്കാന്‍ തുടങ്ങി.. മുന്‍പേ കുടിച്ചിരുന്നോ എന്നറിയില്ല ..ഗ്ലാസ്സ് ഡെസ്കില്‍ വെച്ചതും ആള് വാചാലനായി. പല്ലു പോയ മോണകള്‍കിടയിലൂടെ വന്ന തിരിയാ വാക്കുകള്‍ ലഹരി പിടിച്ച എന്റെ തലയ്ക്കു മുകളിലൂടെ പോയി. എന്നാലും ഞാന്‍ ഇടക്കിടെ മൂളി കൊണ്ടിരുന്നു. ബാല്യം കൌമാരം യൌവനം പ്രേമം എല്ലാം വീണ്ടും ,ആ തിമിരം പിടിച്ച കണ്ണുകളില്‍ തിളങ്ങുന്നത് കണ്ടു.. പിന്നീടെപ്പോളോ വേണ്ടപെട്ടവരെല്ലാം ഇല്ലാണ്ടായ വര്‍ത്തമാനത്തെ കുറിച്ചു പറഞ്ഞപ്പോള്‍ ആളുടെ തൊണ്ടയിടറി കണ്ണുകള്‍ വീണ്ടും കലങ്ങി ..വിതുമ്പാന്‍ തുടങ്ങി.. തേങ്ങി കരച്ചില് കേട്ടാവണം അജിയും സജുവും ബൈജുവും ലഹരിയുടെ ഇല്ലാത്ത ലോകത്ത് നിന്നും ഇങ്ങോട്ട് ശ്രദ്ധ തിരിച്ചു..ഞങ്ങള്‍ നാലുപേരും കൂടി ആ കെളവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.. മറ്റു കാബിനുകളിലും പറ്റുകാര് വന്നു നിറഞ്ഞു കൊണ്ടിരുന്നു..ചെറുതായി വന്ന ശബ്ദങ്ങള്‍ ആരവങ്ങളായി മാറിയപ്പോള്‍ വിജനമായ ശാന്ത തീരങ്ങളില്‍ ഇരുന്നു തുടങ്ങിയ ഞങ്ങള്‍ ഇപ്പോള്‍ ഒരു ആള്‍ക്കൂട്ടത്തിലാണെന്ന അവബോധം ഉണ്ടായി..
"നേരം കുറെ ആയി നമ്മള്‍ക്ക് പോകാം " ആരോ പറഞ്ഞു ..
വയസ്സനെ അയാളുടെ പാട്ടിനു കരയാന്‍ വിട്ടു ..ഇടറുന്ന കാല് വെയ്പുകളുമായി ഞങ്ങള്‍ എഴുനേറ്റു ..ഈ ആളുകള്‍ക്കിടയില്‍ എങ്ങാനും ഒരു പരിചയക്കാരന് ഉണ്ടായാല്‍ മതി..എല്ലാം തുലയാന്‍ ..പെട്ടെന്ന് എന്റെ കയ്യില്‍ ആരോ കടന്നു പിടിച്ചു ..കരഞ്ഞു കലങ്ങിയ കണ്ണുകള്‍ തോളിലെ ഈരെഴ തോര്‍ത്ത് കൊണ്ടു തുടച്ചു കൊണ്ടു ആ വൃദ്ധന് പരിഭവം പറഞ്ഞു " ഏയ് നിങ്ങള്‍ പോവാണോ മക്കളെ.. ഇനി എന്നാ നമ്മള് കാണുക???" ആളുടെ കദന കഥകള്‍ക്ക് ചെവികൊടുക്കാതെ തടി തപ്പുന്നത് കണ്ടു കൊണ്ടാവാം ഈ ചോദ്യം.
ഒരു ഗ്ലാസ്സ് കള്ള് ഫ്രീ ആയിക്കിട്ടിയതിന്റെ നന്ദി പ്രകടനമാവും എന്ന് കരുതി ബൈജു ചോദിച്ചു..
"അതിന് ഇനി ഞങ്ങളെ കണ്ടാല്‍ അപ്പാപ്പന് തിരിച്ചറിയുമോ???"
ആളുടെ മുഖം ബൈജുവിന് നേരെ തിരിഞ്ഞു " എടാ കോണകമുടുത്തു നടക്കുന്ന പ്രായത്തില്‍ കണ്ടതല്ലേ നിന്നെയൊക്കെ എന്നിട്ടിപ്പോള്‍ മറന്നില്ലല്ലോ ...എന്നിട്ടല്ലേ..."
ഞങ്ങള്‍ പരസ്പരം മുഖം നോക്കി ..പെട്ടെന്നൊന്നും മനസ്സിലായില്ല ..ബൈജു വീണ്ടും ചോദിച്ചു "അപ്പാപ്പന് ഞങ്ങളെ അറിയാമോ??"
" നീയാ രാഘവന്റെ മോനല്ലേ ??അച്ഛനിപ്പോളും ദുബായില്‍ തന്നെയല്ലേ??"
"വാ നമുക്കു പോകാം" പ്രതീക്ഷിക്കാത്തിടത്ത് ആശിക്കാത്ത പരിചയക്കാരന്റെ സാന്നിധ്യം കൊണ്ടുണ്ടായ അസ്വസ്ഥത മറച്ചു കൊണ്ടു സജു പറഞ്ഞു..
"ഡാ ചെക്കാ നിനക്കെന്താണിത്ര ധൃതി ?? നിന്റെ അച്ഛന് മൈസൂരല്ലേ ജോലി ചെയ്യണേ??"
ചതിച്ചു .. സജുവിനെയും ബിജുവിനെയും കേളവനറിയാം...വര്‍ധിക്കുന്ന ഉദ്വേഗത്തോടെ അജി മുന്പിലോട്ടു വന്നു "എന്നെ അറിയുമോ???"
"പിന്നേ ...എന്താ ..അറിയാണ്ടിരിക്കാന്‍ ...??നിന്റെ അച്ഛനും ഞാനും ഇവിടെ ഈ ബെന്ചിലിരുന്നു എന്തോരം കള്ള് കുടിച്ചിരിക്കുന്നു...അവനിപ്പോളും പാലായില്‍ തന്നെയാണോ വേല??"
പിന്നെ അയാളുടെ തിമിരം പിടിച്ച കണ്ണുകള്‍ എനിക്ക് നേരെ വന്നു ...
" നിന്റെ ചേട്ടൻ ഡാക്കിട്ടറാകാൻ പോണൂന്നു കേട്ടല്ലോടാ...എന്താ നിന്റെ ഉദ്ദേശ്യം ??"
അസ്തമിച്ചു നില്ക്കുന്ന മൂന്നു കൂട്ടുകാരെയും ചോദ്യം ചോദിച്ച വയസ്സനെയും നോക്കാതെ ഞാന്‍ പുറത്തേക്ക് വെച്ചു പിടിച്ചു.. നാളെ ചായപ്പീടികയില്‍ നിന്നും നാവും കടിച്ചു പിടിച്ചു കലി പൂണ്ടു വരുന്ന എന്റെ അച്ഛനെയും ഓര്‍ത്ത്.....