Saturday, June 20, 2009

രമേശന്‍




വൈകുന്നേരം അടുത്തടുത്ത രണ്ടു വീടുകളില്‍ നിന്നും ഒരേ സമയം അലറല്‍ ഉയര്ന്നു ..
"എന്നെ കൊല്ലുന്നേ ......ഞാന്‍ ഇനി ചെയ്യില്ലേ ......."
എന്നിങ്ങനെ പല ഭാവങ്ങളില്‍ പല ആവേഗങ്ങളില്‍..
"എന്തോരം തല്ലു കിട്ടീട്ടും ഇവറ്റകളെന്താ പഠിക്കാത്തെ ..?? " റോഡിലൂടെ പോകുന്ന ആരോ ഒരാള്‍ സ്വയമോ സഹയാത്രികനോടോ ചോദിച്ചു..
ചായപ്പീടികയിലിരുന്നു ഒന്നിന് പുറകെ ഒന്നായ്‌ ബീഡി കത്തിച്ച വേലായേട്ടന്റെ മനസ്സിലും ചെറിയ കുറ്റബോധം തോന്നി തുടങ്ങി ..പിള്ളേരെ ഒന്നു വെരട്ടണം എന്ന് കരുതി മാത്രമാണ് അപ്പോള്‍ തന്നെ വീട്ടില്‍ കേറി ചെന്നു പരാതി പറഞ്ഞതു. ഇതിപ്പോള്‍ ചങ്കു കലങ്ങുന്ന വിധമല്ലേ പിള്ളേര്‍ തൊള്ള പോളിക്കുന്നെ ..
എന്നാലും പിള്ളേരുടെ ചെയ്തി ഓര്‍ക്കുമ്പോള്‍ ദേഷ്യം തികട്ടി വരുന്നുമുണ്ട് ..
നേരം പോയി ..ഗ്രാമത്തിലെ ചിമ്മിനി വിളക്കുകള്‍ ഒന്നൊന്നായി അണഞ്ഞു ..ഇവിടെ വായ് പൊളിച്ചുള്ള കരച്ചിലുകള്‍ പതുക്കെ ഏന്തിക്കരച്ചിലായും പിന്നെ തേങ്ങലായും പരിണമിച്ചു ഉറക്കമായി മാറാന്‍ വെമ്പി നിന്നു. എങ്ങനെ ഉറക്കം വരാനാണ് ...മനസ്സു അടര്‍ന്നു വീണ പകലിലേക്ക് വീണ്ടും പാഞ്ഞു .
കിഴക്കേ വേലിക്കരികില്‍ നിന്നു കാലത്തു തന്നെ സിഗ്നല്‍ "ഠോ" ..നാവ് വളച്ച് കൊണ്ടുണ്ടാക്കുന്ന ഈ ശബ്ദം ഞങ്ങളുടെ സ്ഥിരം സിഗ്നല്‍ ആണ് ...'നാന്‍ റെഡി ഉങ്ക റെഡിയാ ?' എന്നാണിതിന്റെ പൊരുള്‍ ..തിരിച്ചങ്ങോട്ടും സിഗ്നല്‍ കൊടുത്തു കൊണ്ടു ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടിച്ചെന്നു ..പതിവു പോലെ ഇന്നും രമേശന്റെ കണ്ണിലൊരു തിളക്കം ..ഇന്നു ഒപ്പിക്കാനുള്ള എന്തോ ഒരു കുസൃതി ഞാന്‍ കണ്ടു ...
"ഡാ നമുക്കിന്നു ടൈം ബോംബ് ഉണ്ടാക്കാം , ബാലമാമ്മന്റെ പീടികയില്‍ ഗുണ്ട് വന്നിട്ടുണ്ട് .."
"എവിടാടാ പൊട്ടിക്കാ ??"
"കളി കഴിഞ്ഞു എല്ലാരും പോയിട്ട് കാശ്മീരിലായാലോ ??" മുന്പേ പ്ലാന്‍ ചെയ്തിരുന്ന ഉത്തരം ..
"ഹാ ..അത് കലക്കി !! " ദിഗന്തങ്ങള്‍ നടുങ്ങുന്ന സ്ഫോടന ശബ്ദം കേട്ട് കാശ്മീരിലെ കൂറ്റന്‍ അയിനി മരത്തില്‍ നിന്നും ഒരായിരം വവ്വാലുകള്‍ ഒരുമിച്ചു ചിതറിപ്പറക്കുന്ന കാഴ്ച ഞാന്‍ മനക്കണ്ണില്‍ കണ്ടു. സൂര്യന്‍ പെട്ടെന്നൊന്നു പടിഞ്ഞാട്ടു ചാഞ്ഞിരുന്നെന്കില്‍ എന്ന് ആശിക്കേം ചെയ്തു.
അത് തന്നെ സംഭവിച്ചു ..വെയില്‍ ചാഞ്ഞു .. കളിക്കളം കാലിയായി ..ഞങ്ങള്‍ ബോംബിന്റെ അസംസ്കൃത വസ്തുക്കളുമായി കാശ്മീരിലെ പ്ലാവിന്‍ ചോട്ടില്‍ ഇരുന്നു. ഓണരാത്രികളില്‍ ഈ പ്ലാവിന്‍ ചുവട്ടിലാണ് വേലായേട്ടനും മറ്റു നാട്ടുകാരും ചേര്ന്നു ഓണക്കളികളും ഓണത്തല്ലും നടത്താറ്..അന്നൊക്കെ ഈ പ്ലാവിന്‍ ചില്ലയില്‍ കെട്ടി വെച്ചിരിക്കുന്ന കോളാമ്പി മൈക്കില്‍ നിന്നും നിര്ഗ്ഗളിക്കുന്ന ഓണപ്പാട്ടിന്റെ ഈരടികള്‍ അങ്ങ് കിഴക്കേ പാടം വരെ കേള്ക്കാം ..ചില രാത്രികളില്‍ അപ്പാപ്പന്റെ കയ്യും പിടിച്ചു ഞങ്ങളും ഓണക്കളി കാണാന്‍ വരാറുണ്ട്. ..

"ഡാ പണ്ടാരടങ്ങാന്‍ ഒന്നര രൂപേടെ സാധനാ ...പൊട്ടിയാല്‍ നിലം കുലുങ്ങും കൊഴപ്പാവോ??"വലിയ ശാസ്ത്രജ്ഞനെ പോലെ അളന്നു മുറിച്ച അയിനിത്തിരി (പ്രി ഫോം ഓഫ് അയിനി ചക്ക ) ഗുണ്ടിന്റെ തിരിയില്‍ വെച്ചു കെട്ടുന്ന രമേശനോടു ഞാന്‍ സംശയം ചോദിച്ചു ..
"ഹെന്തു കൊഴപ്പം പൊട്ടുമ്പോള്‍ നമ്മളിവിടെ ഇല്ലല്ലോ ഹി ഹി പിന്നെന്താ ..!!"തീ അയിനിത്തിരിയിലെക്കു ഊതിപ്പകര്‍ന്നു കൊടുക്കുമ്പോള്‍ തലയല്‍പ്പം ചെരിച്ചു കൊണ്ടു അവന്‍ മൊഴിഞ്ഞു.
അതും ശരിയാണ് ...ഉണങ്ങിയ അയിനിത്തിരിയില് ഒരറ്റം കത്തിച്ചു മറ്റേ അറ്റത്ത്‌ പടക്കത്തിന്റെ തിരി വെച്ചു കെട്ടി മണിക്കൂറുകള്‍ക്കു ശേഷം സ്ഫോടനം സാധ്യമാക്കുന്ന നൂതന സാങ്കേതിക വിദ്യയില്‍ വിശ്വസിക്കാം ....സംഗതി 'സെറ്റ് അപ്പ് ' ആക്കി സേഫ് ആയ സ്ഥലത്തു വെച്ചു ഇടം കാലിയാക്കിയാല് ആരറിയാന്‍ പൊട്ടിച്ചതാര് ?? പൊട്ടിയതെന്തു ??
വര്‍ഷങ്ങള്‍ക്കു ശേഷംഇമ്മാതിരി ഗുണ്ടുകളുടെ പുതു ഭാവങ്ങള്‍ ലോകമെമ്പാടും പരീക്ഷിക്കപ്പെടും എന്നും അന്നാരറിഞ്ഞു..!!
അയിനിത്തിരിയിലെക്കു തീ പടര്ന്നു എന്ന് ഉറപ്പാക്കിക്കൊണ്ട് ഞങ്ങള്‍ എഴുന്നേറ്റു നാലു പാടും ഒന്നു കണ്ണോടിച്ചു. പിന്നെ നടന്നു. മൂട് കീറി കണ്ടം വെച്ച ട്രൌസറിനു പകരം കുര്‍ത്തയും പൈജാമയും എണ്ണ തേച്ചു കിളിക്കൂടും ഉണ്ടാക്കി ഈരി വെച്ച തലയ്ക്കു പകരം വരണ്ടു ജട പിടിച്ചു പാറുന്ന തലമുടിയും ആയിരുന്നെങ്കില്‍ ഒരു അറസ്റ്റ്‌ ഒഴിവാക്കാന്‍ പറ്റുമായിരുന്നില്ല എന്ന ഭാവത്തോടെ ..കാശ്മീര്‍ ലക്‍ഷ്യം വെച്ചു..
തെക്കേ പറമ്പിന്റെ അപ്പുറം ഒരു വലിയ പറമ്പാണ്... കിഴക്കുള്ള കൂട്ടുകാരന്റെ തന്നെ തലമുറയില്‍ പെട്ട ഏതോ ഒരു കാരണവര്‍ ഇനിയും ഭാഗം വെച്ചു കൊടുക്കാത്ത ഒരു വലിയ പ്ലോട്ട്. ഒരു പാതിയില്‍ അയിനി ,തേക്ക്,കശുമാവ്, കണ്ണിമാവ് വന്‍ മരങ്ങളും ചെത്തി ചെമ്പരുത്തി കാര തുടങ്ങി ചെറുകിട ഇനങ്ങളും തിങ്ങി നില്ക്കുന്ന കാടും അതിനോട് ചേര്ന്നു വലിയൊരു കുളവും അല്‍പ്പം മാറി തണല്‍ വിരിച്ചു നില്ക്കുന്ന പ്ലാവും പച്ചപ്പുല്‍ മൈതാനവും കൂടി ആയപ്പോള്‍ നാട്ടുകാര്‍ സ്നേഹത്തോടെ ഇട്ട പേരാണ് "കാശ്മീര്‍" .ഇന്നു 'പൊക്രാന്‍' ആയി മാറാന്‍ പോകുന്ന സ്ഥലം !!
മധ്യവേനലവധിയില്‍ ക്രിക്കറ്റും ഫുട്ബാളുമായി ആര്‍ത്തലക്കുന്ന ഒരു പിടി ചെറു വാല്യങ്ങളും തണല്‍ വിരിക്കുന്ന പ്ലാവിന്റെ ചുവട്ടില്‍ വട്ടമിട്ടിരുന്നു ചീട്ടു കളിക്കുന്ന മധ്യവയസ്സരും കാശ്മീരിലെ സ്ഥിരം കാഴ്ചയാണ്. ഈ കാടിന് ചേര്ന്നു ഒരൊറ്റ വീടെ ഉള്ളൂ ..വേലായേട്ടന്റെ ..കഠിനദ്ധ്വാനിയും അഞ്ചാറു പോത്തുകള്‍ ആട് പട്ടി കോഴികള്‍ക്കുടമയുമായ കാരിരുമ്പില്‍ നിര്‍മ്മിതമായ കറുത്ത വേലായേട്ടന്‍..! അങ്ങനെ കിഴക്കുള്ള കാരണവരുടെ വൈകിയ തീരുമാനത്തിന്റെ പുറത്തു എണ്ണമറ്റ കശുനണ്ടിയും കണ്ണിമാങ്ങയും അടുക്കളയിലേക്കുള്ള വിറകും തുറന്ന കക്കൂസ് ആയ പൊന്തക്കാടും പതിച്ചു കിട്ടിയ മേല്നോട്ടാവകാശത്തിന്റെ പേരില്‍ അനുഭവിക്കാന്‍ യോഗം കൈവന്ന ഒരേ ഒരാള്‍.
പാമ്പ് , മരപ്പട്ടി ,തേളുകള്‍ മുതലായ ക്ഷുദ്ര ജീവികള്‍ വിഹരിക്കുന്ന ഈ പൊന്തകാടുകള്‍ അപകടം പിടിച്ചവയാണ് ..പോരാത്തതിന് പ്രഭാത കര്‍മ്മങ്ങള്‍ക്ക് വേലായേട്ടനും കുടുംബവും വിനിയോഗിച്ചിരുന്ന സ്ഥലം കൂടി ആയതു കൊണ്ടു മൈനുകള്‍ പാകിയ യുദ്ധ ഭൂമിയില്‍ പട്ടാളക്കാരെന്ന പോലെയാണ് ഞങ്ങള്‍ കാട്ടിലേക്ക് പ്രവേശിച്ചത്‌..
മുന്നില്‍ നടക്കുന്ന രമേശന്‍ പെട്ടെന്ന് നിന്നു " ഡാ പോത്ത് !!"
എന്നെയാണോ ഉദ്ദേശിച്ചത് എന്ന രീതിയില്‍ നോക്കിയ എന്നോട് കണ്ണ് കൊണ്ടു ഇടത്തേക്ക് അവന്‍ ചുണ്ടി ..
വേലായെട്ടന്റെ രണ്ടു പോത്തുകള്‍ കാടിനുള്ളില്‍ കാട്ടു പോത്തായി നില്ക്കുന്നു..
കണ്ടത് നന്നായി കഴുത്തിനും കെട്ടിയിട്ട മരത്തിനും ഇടയിലുള്ള കയറിന്റെ നീളം കണക്കു കൂട്ടുന്നതില്‍ പിഴച്ചാല്‍ 'കാലന്റെ വാഹനം ' ഇടിച്ച്ചാവും മരണം ..
" ഇവറ്റകളും ഇന്നൊന്നു ഞെട്ടും ഹി ഹി !!" രമേശന്‍ തലയുയര്‍ത്തി നോക്കിയ ഒരു പോത്തിനെ നോക്കി ചിരിച്ചു.
കുറച്ചു തിരഞ്ഞതിനു ശേഷം ബോംബ് ഫിക്സ് ചെയ്യാന്‍ പറ്റിയ സ്പോട്ട് കണ്ടെത്തി .ഉണ്ങങ്ങിയ ഒരു കശുമാവിന്റെ കമര ..അവിടെ സാധനം ഫിക്സ് ചെയ്തു തീ അണന്ജിട്ടില്ലെന്നു ഉറപ്പു വരുത്തി ഞങ്ങള്‍ തിരിഞ്ഞു നടന്നപ്പോള്‍ അമ്പലത്തില്‍ വെടി മുഴങ്ങി..
ഇതെന്തു വെടി !! കിടിലന്‍ വെടി മുഴങ്ങാന്‍ പോകുന്നേയുള്ളൂ എന്ന് ഞാന്‍ മനസ്സില്‍ കരുതി.. പ്ലാവിന്റെ അടുത്തെത്തിയപ്പോള്‍ കണ്ടു ഒരാള്‍ എതിരെ വരുന്നു .."ഡാ വേലായേട്ടന്‍..!!"രമേശന്‍ പറഞ്ഞു .."ഇയാളുടെ വീട്ടിലേക്ക് അപ്പുറത്തൂടെയല്ലേ വഴി ??" ഞാനും സംശയിച്ചു ...
ആളുടെ സ്ഥിരം യുണിഫോം ആയ ഒറ്റ തോര്‍ത്തും ധരിച്ചു ബീഡി ആഞ്ഞു വലിച്ചു കൊണ്ടു ഞങ്ങളെ കടന്ന്നു പോയപ്പോള്‍ പ്ലാവിന്‍ ചോട്ടില്‍ നിന്നു ഞങ്ങള്‍ പരസ്പരം മുഖം നോക്കി..
" പഹയന്‍ രണ്ടിന് പോകാന്നാ തോന്നണേ .." കാട്ടിലേയ്ക്ക് ശീഘ്രം കയറിപ്പോയ വേലായേട്ടനെ നോക്കി രമേശന്‍ പറഞ്ഞു.. ആളുടെ ആഞ്ഞു ബീഡി വലിച്ചുള്ള നടത്തത്തിന്റെ സ്പീഡ് കണ്ടപ്പോള്‍ എനിക്കും തോന്നിയതതു തന്നെ ..
" ഡാ പ്രശ്നാവോ ?? ആള് നമ്മളെ കണ്ടതും ആണല്ലോ ?!!" അതിനുത്തരം രമേശന്റെ മൌനം ആയിരുന്നു.
"ഡാ എന്തോരം നേരം എടുക്കും പൊട്ടാന്‍ ?? " ഞാന്‍ വീണ്ടും ചോദിച്ചു ....പെട്ടെന്ന് പ്ലാവ് ഐ എസ് ആര്‍ ഓ യുടെ മേല്‍ക്കൂരയും രമേശന്‍ കസ്തൂരി രംഗനും ആയി മാറി ..കൈ വിരല്‍ മടക്കി കണക്കു കൂട്ടി കൊണ്ടു കസ്തൂരി രംഗന്‍ മൊഴിഞ്ഞു " ഒരു ഇരുപതു മിനിറ്റു എടുക്കും.."
നെഞ്ചില്‍ ഒരു ടൈം ബോംബ് കൌണ്ട് ഡൌണ്‍ തുടങ്ങിക്കഴിഞ്ഞു ..ടിക്‌ ടിക്‌ ടിക്‌ ടിക്‌ ...
പറഞ്ഞിട്ട് ഒരു ഇരുപതു സെകന്റ് പോലും എടുത്തില്ല അത് സംഭവിച്ചു.. ഒരു മിന്നലും 'ബ്ഭ്തും' ഒരു കുലുക്കവും ... അയിനിമരത്ത്തില്‍ നിന്നും എത്ര വവ്വാലും കാക്കകളും പറന്നുവെന്നു അറിഞ്ഞില്ലെങ്കിലും നെഞ്ചില്‍ നിന്നും ഓരോ കിളികള്‍ പറന്നത് ഞങ്ങള്‍ അറിഞ്ഞു.
ആ മഹാ വിസ്ഫോടനത്തില്‍ ഒരു അലര്‍ച്ച മുങ്ങിപ്പോയോ എന്ന സംശയത്തെ സാധൂകരിക്കും വിധം ഒരു കറുത്ത രൂപം തൊട്ടടുത്ത കുളത്തിലേക്ക് ഡൈവ് ചെയ്യുന്നത് ഞങ്ങള്‍ കണ്ടു.. ശരീരത്തോട് പിണങ്ങി ആ ഒറ്റ തോര്‍ത്ത്‌ മുണ്ട് ഏതോ കള്ളിമുള്‍ചെടിയില്‍ അള്ളിപ്പിടിച്ചത് കൊണ്ടാവാം ആ രൂപം പരിപൂര്‍ണ നഗ്നമായിരുന്നതെന്ന് ഞാന്‍ ഊഹിച്ചു .. ചിരിക്കണോ കരയണോ ?
തണുത്ത വെള്ളത്തില്‍ ഒന്നു മുങ്ങിനിവര്‍ന്നപ്പോള്‍ സ്വബോധം വീണ്ടെടുത്തു കിട്ടിയ വേലായേട്ടന്‍ ചാടിപ്പിടഞ്ഞു പോന്തക്കാടിലുടക്കിയ തോര്‍ത്തും വാരി വലിച്ചുടുത്ത് ഈറനോടെ ഞങ്ങളുടെ വീട്ടില്‍പ്പോയി പരാതി പറഞ്ഞതിന് ശേഷമേ സ്ഫോടന ശബ്ദ്ധം കേട്ടു കാടിന്റെ മറ്റേ മണ്ടയില്‍ നിന്നും കയറു പൊട്ടിച്ചു നാലു ദിക്കിലെക്കോടിയ തന്റെ അരുമകളായ നാലു പോത്തിനെ തിരഞ്ഞു പോയുള്ളൂ എന്ന് പിന്നീടാരോ പറഞ്ഞറിഞ്ഞു.
കുറച്ചു നേരം മുഖത്തോട് മുഖം നോക്കി ഞങ്ങള്‍ നിന്നു ..ഇനിയെന്ത് ? പറ്റുമെങ്കില്‍ ഇന്നു തന്നെ നാടു വിട്ടാലോ ?
" നീ വാടെക്കെ ...നമ്മളല്ല ന്നു പറഞ്ഞാല്‍ പോരെ ?" രമേശന്റെ വാക്കുകളില്‍ വലല്യ ആത്മ വിശ്വാസം പോര..
മുളയാറായി ..ഇരുട്ടിനോടുള്ള ഭയം ഒന്നു കൊണ്ടു മാത്രമാണ് കിഴക്കേ ഇറക്കാലിയില്‍ തിരുകി വെച്ചിരുന്ന പേര വടിക്ക് പണിയാകുമെന്നറിഞ്ഞിട്ടും വീട്ടിലേക്ക് കയറാന്‍ തീരുമാനിച്ചത് ...
പ്രതീക്ഷകള്‍ തെറ്റിയില്ല ...അന്തസ്സായി തല്ലു കൊണ്ടു ..അന്തസ്സായി വായ് പൊളിച്ചു കരഞ്ഞു..
കരച്ചിലിന്റെ നീളവും ആഴവും അളന്നപ്പോള്‍ ഒരു കാര്യം ഉറപ്പു ..എനിക്ക് കിട്ടിയതിന്റെ നാലിരട്ടി രമേശന് കിട്ടിക്കാണും..അടിയുടെ വേദനയിലും എനിക്ക് ചിന്ത രമേശന്‍ മാനസാന്തരം വന്നു നാളെ മുതല്‍ കൂട്ട് കൂടാന്‍ വരില്ലേ എന്ന പേടി ആയിരുന്നു..
എന്തായാലും സൂര്യന്‍ നൂറ്റിയെന്‍പതു ഡിഗ്രി തിരിഞ്ഞു വന്നു പറമ്പിന്റെ കിഴക്കേ മൂലയില്‍ സ്ഥാനമുറപ്പിച്ചപ്പോള്‍ വീണ്ടും കേട്ടു "ഠോ" ..പഴയ തിളക്കം കണ്ണിലും കുസൃതിച്ചിരി ചുണ്ടിലും....
" ഇന്നു സിനിമക്കു പോകാം ..മനോജില്‍ രജനികാന്തിന്റെ പുതിയ പടം വന്നിട്ടുണ്ട് ..ഞാന്‍ പീടികേല്‍ പോയി ഇപ്പോള്‍ വരാം " നടന്നു നീങ്ങുന്ന രമേശന്റെ കാല്‍ വെണ്ണയില്‍ ചുവന്ന ചൂരല്‍പാടുകള്‍ അവനറിയാതെ ഞാന്‍ നോക്കി കണ്ടു.
***************
പിന്നീട് ഒരു പാടു വേനലും വര്ഷവും കടന്നു പോയി. കൌമാരം കൈവിട്ട സായാഹ്നങ്ങളൊന്നില്‍ രമേശന്‍ അമ്മാവന്റെ കൂടെ മദ്രാസ്സിന് പോയി. ഈയുള്ളവനും കാലാന്തരത്തില്‍ ബോംബെ ,ഗുജറാത്ത്‌ കറങ്ങി ത്ത്തിരിഞ്ഞു അവസാനം ഗോവയിലെത്തി ഇരുപ്പുറപ്പിച്ചു ...
പിന്നീട് ഒന്നു രണ്ടു തവണ ഓണ വിഷു ദിനങ്ങളില്‍ നാട്ടില്‍ വെച്ചു രമേശനെ കണ്ടിരുന്നെങ്കിലും കുസൃതി തിളക്കവും മായാപുന്ചിരിയും മാഞ്ഞ കുശലാന്വേഷണങ്ങളില്‍ നിന്നും ഒരു കാര്യം വ്യക്തമായി മദ്രാസ്സും ഗോവയും തമ്മിലുള്ള അകലം ഞങ്ങള്‍ക്കിടയിലും വന്നു ചേര്‍ന്നിരുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മഴക്കാലത്ത് ഗോവയിലെ വെര്‍ന്ന ഇന്ടസ്ട്രീസിലെ പത്താം നമ്പര്‍ plottil ഒരു മാനുഫാക്ച്ചുരിംഗ് കമ്പനിയിലെ ബാച്ച്ചലര്സ് റൂമിലെഎന്റെ ഫോണ്‍ ചിലച്ചു .ബാന്ഗ്ലുരിലെ കോഡ് ആണല്ലോ
" ഹെലോ ..ആരാ"
" ഞാനാടെയ്കെ ..രമേശന്‍..." പഴയ ബാല്യത്തില്‍ നിന്നും ഒരു മറുപടി .. വര്‍ഷങ്ങള്‍ക്കു മുന്പ് മഴവെള്ളത്തില്‍ കാല് കൊണ്ടു പടക്കം പൊട്ടിച്ചു കളിക്കുന്ന ചെന്ത്രാപ്പിന്നിയിലെ ഒരു മഴക്കാലം പുറത്തെ മഴയില്‍ പ്രതിധ്വനിച്ചു ...
" എവിടാടാ നിയിപ്പോള്‍ നാട്ടില്‍ വന്നപ്പോള്‍ ആരോ പറഞ്ഞു നീ മാമ്മന്റെ അരികില്‍ നിന്നും പോയെന്ന് ഇപ്പോള്‍ ബാന്ഗ്ലുരിലോ മറ്റോ ആണെന്ന് ...എന്റെ നമ്പര്‍ ആര് തന്നു ??"
" ഞാനിപ്പോള്‍ ബാന്ഗ്ലുരില്‍ തന്ന്യാ .ബൂത്ത്തിന്നാ വിളിക്കണേ ..ഞാന്‍ വെല്‍ഡ് റാണ്...വലല്യ മെച്ചമോന്നു മില്ല ...നിന്ടവിടെ വന്നാല്‍ വല്ല ചാന്‍സും കിട്ടോ??"
"ഇവിടെന്തു ചെയ്യാനാടാ ഇതൊരു പ്ലാസ്റ്റിക് കമ്പനി അല്ലെ ?"
" ഹലോ ...ഹല്ലോ.... ടക്.....
ഫോണ്‍ കട്ട് ആയി ...മഴക്കാലമല്ലേ...ലൈനില്‍ പ്രോബ്ലംസ്‌ കാണും ...പിന്നെ അവന്‍ വിളിച്ചില്ല ..എന്നാലും എന്റെ നമ്പര്‍ തേടിപ്പിടിച്ചു വിളിച്ചില്ലേ സന്തോഷമായി.. പുറത്ത് മഴ തകര്‍ക്കുന്നു.
കുറച്ചു നാളുകള്‍ക്കു ശേഷം അമാവാസി കരിന്തിരി കത്തിച്ചു വെച്ച ഒരു വൈകുന്നേരം എനിക്കൊരു കാള്‍...നാട്ടില്‍ നിന്നും ആണ് ...
"എടാ നമ്മുടെ രമേശന്‍ ബാന്ഗ്ലുരു വെച്ചു ആത്മഹത്യ ചെയ്തെടാ ...റൂമിനടുത്തുള്ള കുളിമുറിയില്‍ തുങ്ങിയെത്രേ.. " ഫോണ്‍ ഞാന്‍ വെച്ചു ...
ഒരു കാളല്‍ ...ഇരുട്ട് മനസ്സിലേക്കും പടര്ന്നു.. അവിശ്വസനീയം !! അവന്‍ അങ്ങനെ ചെയ്യോ? ഞാന്‍ ഉടനെ നാട്ടിലേക്ക് വിളിച്ചു ഞെട്ടിപ്പിക്കുന്ന ആ വാര്ത്ത സ്ഥിരീകരിച്ചു.. ഹൊ..ആകെ തളര്‍ന്നു..
ബാന്ഗ്ലുരിലെ ഏതോ ഒരു ഗലിയില്‍ കുടുസ്സായ ഒരു കുളിമുറിയില്‍ അവന്റെ ചേതനയറ്റ ശരീരം കാണാന്‍ കൌതുകത്തോടെ നില്ക്കുന്ന മറുനാട്ടുകാര്‍ക്കിടയില്‍ കണ്ണില്‍ തിളക്കവും ചുണ്ടില്‍ പുന്ചിരിയുമായി അവന്റെ ആത്മാവും നില്‍ക്കുന്നുണ്ടാവില്ലേ..
അന്ന് , കല്യാണവും , മരണവും , ജനനവും എല്ലാം ആഘോഷമാക്കി മാറ്റുന്ന ശരാശരി മലയാളിയുടെ നിലവാരത്തിലേക്ക് ഞാനും താണു...ഒരു പാടു കുടിച്ചു...റൂമില്‍ വന്നു കിടന്നപ്പോള്‍ കണ്മുന്‍പില്‍ രമേശന്‍ മാത്രം ..പല രൂപത്തില്‍.. ചാണകം തേച്ച ഞങ്ങളുടെ കിഴക്കേ ഇറയത്ത്‌ അവന്റെ അച്ഛമ്മയുടെ ഒക്കത്തിരുന്നു കൈ കാലിട്ടടിക്കുന്ന ഒന്നര വയസ്സുകാരന്‍ ..അമ്പലത്തിലെ ഉത്സവത്തിനു എഴുന്നെള്ളിച്ച ആനപ്പുറത്തിരുന്നു പാന്‍പരാഗ് ചവച്ചു തുപ്പിയ തോന്യാസി.. ന്യൂസ് പേപ്പര്‍ വിറ്റു നേടിയ സ്വന്തം കാശ് കൊണ്ടു വാങ്ങിയ കാലന്‍ കുട ഷര്‍ട്ടിന്റെ പുറകില്‍ എപ്പോളും കൊളുത്തി നടക്കുന്ന തമാശക്കാരന്‍. വായനാ ശാലയിലെ വാര്‍ഷികാഘോഷത്തിനു ഒരു ലളിതഗാനം വികൃതമായ് പാടിയ പഴയ സഹപാഠിയെ "യേശുദാസിന്റെ പേരു ചീത്തയാക്കിയില്ലെടാ പട്ടി !! " എന്ന് പറഞ്ഞു അവന്റെ കോളറിനു പിടിച്ചു തല്ലുണ്ടാക്കിയ തെമ്മാടി ..ഏപ്രില്‍ ഫൂള്‍ ദിവസം നായ് കൊരണം പൊടി ബെഞ്ചില്‍ വിതറി ചായപ്പീടികയിലെ പുലര്‍കാല സന്ദര്‍ശകരെ ചൊറിയിപ്പിച്ച വിരുതന്‍ ....പിന്നെ കണ്ണിലെ തിളക്കവും പുഞ്ചിരിയും കിഴക്കേ കുളത്തില്‍ കഴുകിക്കളഞ്ഞു അമ്മാവന്റെ കൂടെ മദ്രാസ്സിന് വണ്ടി കയറിയ ഗൌരവക്കാരന്‍.
എന്തായാലും "കൂട്ടുകാരന്‍" എന്ന വാക്കു കേള്ല്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ പതിഞ്ഞ രൂപം അവന്റെതാണ്.. മറക്കാന്‍ പറ്റില്ല !!!!!!

ഇരു വശത്തും നിന്നു ചൂണ്ടിയ ചൂണ്ടാക്കാരെ വലിയ ചൂണ്ടാകാരന്‍ കൊണ്ടുപോയി...പുതിയ ഇര കോര്‍ത്ത്‌ ചൂണ്ടലിടാന്‍ തയ്യാറായി നില്ക്കുന്ന അവനെ സ്മരിച്ചു കൊണ്ടു ഞാന്‍ ഉറക്കത്തിലേക്കു വഴുതി...




34 comments:

  1. velayettanum marichu "kaashmeerum" irupathu plottukalaayi thirinju...

    ReplyDelete
  2. ബാല്യകാല സുഹൃത്തിനെ കുറിച്ച് ഹൃദയസ്പര്‍ശിയായ ഒരു ഓര്‍മ്മകുറിപ്പ്...

    ReplyDelete
  3. വേദനിപ്പിക്കുന്ന ഒരു പോസ്റ്റ്. നന്നായിട്ട് എഴുതിയിട്ടുണ്ട്.

    ReplyDelete
  4. എന്താ പറയേണ്ടത് വീരു!?
    എനിക്ക് താങ്കളെ അറിയില്ല.
    കെ.കെ.എസിന് ഞാനെഴുതിയ കമന്‍റിന്‍റെ വഴിയിലൂടെ താങ്കള്‍ "നിര്‍മാല്യ"ത്തിലെത്തി. അതിലൂടെ ഞാന്‍ തിരിച്ചു "ഭൂത"ത്തിലെത്തി. അതൊരു യാദൃശ്ചികതയാണ്!
    യാദൃശ്ചികതകള്‍ ജീവിതത്തിലെ സൌന്ദര്യങ്ങളെ സൃഷ്ടിക്കുന്നു എന്നതെത്ര നേര്!!

    ബാല്യത്തിലേക്കുള്ള വീരുവിന്‍റെ യാത്രകള്‍ വല്ലാതെ നോവിപ്പിക്കുന്നു.
    ഇനിയും വരാം.

    സ്നേഹത്തോടെ...

    ReplyDelete
  5. ‘ഭൂതത്തെ’ കുറിച്ചുള്ള ഹൃദയസ്പർശിയായ ‘വർത്തമാനം’
    ബ്ലോഗിന് നല്ലൊരു ‘ഭാവി’ഉണ്ടാക്കുമെന്നു കരുതുന്നു..
    ഓർമ്മകൾ റിവൈൻഡ് ചെയ്യുമ്പോൾ ചില ട്രാജിക് സ്പോട്ടുകളിൽ കുടുങികിടക്കാതെ ശ്രദ്ധിക്കണം.
    ‘ഓർമ്മകണ്ണുകൾ’ഇടക്കൊന്നു നനയുന്നതിൽ തെറ്റില്ല..പക്ഷെ
    അതൊരു തേങി കരച്ചിലാവുന്നത് ഒഴിവാക്കണം. പിന്നെ, വേലായുധന് അന്നെരം അനുഭവപെട്ട കലിയാണൊ ‘കാശ്മീർ കീ കലീ‘എന്നുപറയുന്നത്?

    ReplyDelete
  6. ...ഇടക്കൊന്നു തേങി കരഞ്ഞാലും തെറ്റില്ല.പക്ഷെ,അതൊരു നിലവിളിയാകരുത്..വേണമെങ്കിൽ നിലവിളിക്കുകയുമാവാം, പക്ഷെ അതു നിശ്ശബ്ദമായിരിക്കണം..

    ReplyDelete
  7. Hai Veeruuu, Nee paranjathu shariyaa..randum poyi....

    Dear Jwaalaa....Thanks alot for coming and commenting...

    Vasham vadaaa...thanks da...

    Shaju bhai, samaana hrudayaa ninakkaay paadunnen....

    Dear KKS, vaayichathinum commentiyathinum purame extra polippichathinum nandi...thankale evideyo kandu parichayam ullapole...mc housil?
    alla kambilikkandathil?? alle...alla...ha ha ormma vannu athoru swapnamaayirunnu..."swapnaadana" thil

    ReplyDelete
  8. പലപ്പോഴും നമുക്കറിയില്ലല്ലോ... നാളെ, അല്ലെങ്കില്‍ ഭാവിയില്‍ ഇങ്ങിനെ ആകും എന്ന്... അറിയാനൊരു കഴിവ് ഉണ്ടായിരുന്നെകില്‍ താങ്കള്‍ രമേഷിനെ എങ്ങിനയൂം വിളിച്ചു വരുതിയേനെ... ഞാന്‍ എന്‍റെ ബോസ്സുമായി വഴക്കിട്ടയാലും ഒരു ദിവസം നേരത്തെ ചെന്ന് എന്‍റെ അമ്മയെ ഒരു നോക്ക് കണ്ടേനെ... പക്ഷെ ഈ നഷ്ടബോധവും ദുഖവും നമുക്ക്‌ അനുഭവിക്കാന്‍ വേണ്ടി ഉള്ളതാണ്... അതുകൊണ്ട് സഹോദരാ... ആ പൊള്ളുന്ന ഓര്മക്ക് ശിഷ്ട ജീവിതം ബലികൊടുക്കേണ്ട... നാട്ടില്‍ അവന്റെ ഉറ്റവര്‍ക്ക്‌ എന്തെങ്കിലും ആകുന്ന സഹായം ഒരു വാക്ക് കൊണ്ടെന്കില്‍ അത്‌ ചെയ്യുക. ദൈവം അനുഗ്രഹിക്കട്ടെ.

    ReplyDelete
  9. ബാല്യത്തിലെ കുസൃതികളും, പിന്നീട് ജീവിത ചൂളയില്‍ വെന്തെരിഞ്ഞ സുഹൃത്തിനെ കുറിച്ചുള്ള നൊമ്പരവും,
    ചിരിച്ചും വേദനിച്ചും ഞങ്ങളും.

    ReplyDelete
  10. ഓര്‍മ്മകള്‍ ഉണ്ടായിരിക്കട്ടെ ...

    ReplyDelete
  11. ഓര്‍മ്മകള്‍ ഉണ്ടായിരിക്കട്ടെ ...

    ReplyDelete
  12. സൗഹൃദങ്ങളുടെ നഷ്ടം..
    അത്‌ താങ്ങാനാവാത്തതാണ്‌..
    ഒരു സുഹൃത്ത്‌ നഷ്ടപ്പെട്ടത്‌ വാക്കുകളില്‍ കുറിച്ചിട്ട്‌
    ദിവസങ്ങള്‍ കഴിഞ്ഞതേയുള്ളു..
    വീണ്ടും ഞാന്‍ കണ്ടെത്തുന്നു..
    വികാരങ്ങളില്‍ വ്യത്യസ്‌തമെങ്കിലും
    വിചാരങ്ങളില്‍ സൗമ്യം ജനിപ്പിക്കുന്ന ഒരാളെക്കൂടി...

    ReplyDelete
  13. ഹൃദയസ്പര്‍ശിയായ പോസ്റ്റ്.
    നല്ല ആഖ്യാനം.
    ഇനിയും എഴുതൂ..

    ReplyDelete
  14. patchikuty...angane aavaam....

    sukanye....thank...u ...!

    chechee...undaavaan iniyum shramikkaamm...

    kaalackrame....vyathasthamenkilum saamyatha kaanaan nokkunna samaya chakrathinum nandi...

    ReplyDelete
  15. വീരു നന്നായിട്ടുണ്ട് എന്ന് പറഞാല്‍ ശരിയാകില്ല ...രമേശന്റെ മരണം വിവരിച്ച നിന്റെ ഓര്‍മ്മക്കുറിപ്പ്‌ ഇപ്പോഴും ഒരു നോവായി എന്റെ മനസ്സില്‍ ഉണ്ട്..അവന്റെ ബോഡിയും കാത്ത് ഒരു ദിവസത്തിലേറെ നിമിലിന്റെ വീടിനുമുന്നിലെ പൈപ്പില്‍ ഇരുന്നവരില്‍ ഞാനും ഉണ്ടായിരുന്നു.. ആംബുലന്‍സ് വന്നപ്പോ അവനെ താഴെ ഇറക്കിയവരില്‍ ഒരാള്‍ ഞാന്‍ ആയിരുന്നു...ഒരു രണ്ട് ദിവസത്തിലേറെ പഴക്കമുള്ള അവന്റെ മരവിച്ച ശരീരം അടങ്ങിയ പെട്ടി തുറക്കാന്‍ പലരും മടിച്ചു നിന്നപ്പോ ഈയുള്ളവന്‍ തന്നെ പെട്ടി തുറന്നു ഐസും പോളിത്തീന്‍ കവറും മാറ്റി അവന്റെ ചേതനയറ്റ മുഖം കാഴ്ചക്കാര്‍ക്കായി തുറന്നു കൊടുത്ത ഞാന്‍ നിന്റെ ഈ പോസ്റ്റിനെ പറ്റി എന്താ പറയാ...
    എന്നാലും എന്റെ പ്രിയ കൂട്ടുകാരാ നിന്റെ എഴുത്ത്‌ മനോഹരമാകുന്നു..നീ തന്നെ പണ്ട് എഴുതിയ പോലെ ബാറ്റും ബോളും കലപിലകൂട്ടുന്ന പാടത്തെ ഓര്‍മകളിലേക്ക് ഒരു തിരിച്ചുപോക്ക്‌ ഒരുക്കി തന്നതിന് ,എന്റെ ഗ്രാമത്തെ പറ്റി എഴുതി അതിലെ ഒരു അദ്രശ്യ കഥാപാത്രമായി എനിക്ക് മറ്റു വായനക്കരുടെതിനെക്കാള്‍ നന്നായി ആസ്വദിക്കാന്‍ കഴിഞ്ഞന്തിനു നന്ന്ദി ..തുടരുക ഇതുപോലെ തന്നെ..

    ReplyDelete
  16. വീരു,
    എന്താ പറയുക?
    ഭൂതം എന്ന ഈ ബ്ലോഗിന്‍റെ പേരു കണ്ട് പ്രേതം എന്നാ ഓര്‍ത്തിരുന്നത്:))
    പക്ഷേ ഇത് ഭൂതകാലത്തെ പറ്റിയാണെന്ന സാമാന്യ് ബോധം ഈ കഥയിലുണര്‍ത്തി..
    രമേശന്‍ ഒരു പിടി ഓര്‍മ്മയായി എന്‍റെ മനസിലും കിടക്കുന്നു..
    ആശംസകള്‍

    ReplyDelete
  17. ആളെപേടിപ്പിയ്ക്കാനുള്ള എന്തെങ്കിലുമൊക്കെ കിട്ടുമെന്നു കരുതി വന്നതാ.... ഇപ്പൊ സങ്കടപ്പെടുത്തിക്കളഞ്ഞല്ലോ...

    ReplyDelete
  18. ഭൂതകാലത്തിലെ സങ്കടങ്ങൾ മാത്രമല്ല;നർമ്മങ്ങളൂം ഭൂതത്തോടുകൊണ്ടുവരാൻ പറയാം കേട്ടൊ...

    ReplyDelete
  19. കുട്ടിക്കാലത്തെ വികൃതികള്‍ നിറഞ്ഞ ഓര്‍മ്മകളിലൂടെ നൊമ്പരത്തിലേക്ക് കൈ പിടിച്ചുകൊണ്ടുപോയ ഒരു പോസ്റ്റ്.

    ReplyDelete
  20. ശരിക്കും നടന്ന കാര്യമാണോ?
    :(

    ReplyDelete
  21. Machuna....)Nee paranjathu nera..athippolum nenjil pollunna oru neeral thanneyada..

    Arun) vannathinum vayichathinum nandi...

    Kottodikkaara...) vittu kala mashe...thanks !!

    Bilathipattanam...) ennal ini angane aayikkotte...

    Niraksharaa..) Romba thanks da...

    Lekha..) athe..mele machunante comment vaayichille?

    ReplyDelete
  22. ഇപ്പോഴാണ്‌ വായിച്ചത്‌.. :(

    ReplyDelete
  23. ariyilla enthu parayanam ennu.

    ReplyDelete
  24. കരളിലൊരു കാരമുള്ള്‌ കൊണ്ട പോലെ ..
    രമേശന്റെ ആത്മഹത്യ ഒരു വല്ലാത്ത നോവായി ഉള്ളില്‍കിടന്നു നീറുന്നു...

    ReplyDelete
  25. വല്ലാതെ നൊന്തു......

    ReplyDelete
  26. വല്ലാതെ മനസ്സിനെ സ്പര്‍ശിച്ചു... രമേശനെ അടുത്തറിഞ്ഞ പോലെ. പക്ഷേ അവസാനം ഒരു നൊമ്പരം.

    അന്നൊരു പക്ഷേ അവന്‍ ഈ കടുംകൈ ചെയ്യും എന്നറിഞ്ഞിരുന്നെങ്കില്‍ അവനെ ഗോവയ്ക്ക് വിളിയ്ക്കാമായിരുന്നു അല്ലേ?

    ReplyDelete
  27. കുട്ടികാലം ഓര്‍മ്മയില്‍ വന്നു .. കണ്ണ് നനയിപ്പിച്ചു

    ReplyDelete
  28. മനസ്സിനെ സ്പർശിച്ചു; നല്ല എഴുത്ത്‌ സുഹ്രുത്തേ

    ReplyDelete
  29. Lekha) ippolayalaum vayichille athumathi !!

    unni mole..) ithum oru aaswasippikal alle?

    prayan) nandi veendum kaanam !!!

    Gauri chechi ) Robot anennariyaam ennalum nandi !!

    Sree) namukku paranjapole chalakkudi surabhiyile ticket counteril vechu kaanam thanks...!!

    soothrettaaa !!!) nandi nandi...vannathinum uriyaadiyathinum !!

    Vayanadettaaa) thanx alot daaaaaaaaaa!!!!

    ReplyDelete
  30. വായിച്ചു തുടങ്ങിയപ്പോ ഇങ്ങനെ ഒരു അവസാനം ആരിക്കുംന്ന് വിചാരിച്ചില്ല...

    ശെരിക്കു ഇണ്ടായത് അല്ലല്ലോ ല്ലേ..

    അന്നേ അങ്ങ് ഗോവെലിക്ക് വിളിച്ചാ മതിയാരുന്നു...

    ReplyDelete
  31. എന്തായിരുന്നു അവന്റെ പ്രശ്നങ്ങൾ? എനിയ്ക്കു കാര്യമായ വിവരമില്ല.

    ReplyDelete
  32. മനോഹരമായ എഴുത്ത്.

    ReplyDelete
  33. രമേശന്റെ കഥ വായിച്ച ശേഷം ഞാനും രണ്ടു ദിവസമായി 'ഭൂത'ത്തിന്റെ പിടിയിലാണ്....നന്ദി..

    ReplyDelete