Friday, September 4, 2009

യാത്രാനന്തരം ..മുംബൈ !!!




വണ്ടിയേതോ പഴഞ്ചൻ പാലത്തിലൂടെയോ മറ്റോ കേറിപ്പോയപ്പോളാവണം ഒരു വലിയ ശബ്ദ്ധം കേട്ട് ഞാനുണർന്നു…വെറുതേയൊന്നു കണ്ണു പുറത്തേക്കൊന്നു പായിച്ചപ്പോൾ ദൈവമേ..എന്തായിതു..?? കടലിനു നടുവിലൂടെയായോ യാത്ര..!! എണീറ്റിരുന്നു നോക്കി… പാൽക്കടലല്ല..!! വെയിൽ പോലെ നിലാവു പരന്നു കിടക്കുന്ന തരിശുനിലങ്ങൾ ….വയലുമില്ല..തെങ്ങുകളുമില്ല..കടൽ പോലെ പരന്ന വെളിച്ചം വിതറുന്ന ആന്ധ്രിയൻ മരുഭൂമി… തീവണ്ടിയാണെങ്കിൽ ദിശ പോലും അറിയാനിട തരാതെ പായുകയാണു..മുകളിലെ ബെർത്തിൽ തല മുട്ടാതെ ജനലിലേക്കു കുനിഞ്ഞിരുന്നു ഞാൻ പുറത്തേക്കു നോക്കി..നോക്കെത്താദൂരത്തോളം പരന്ന് കിടക്കുന്ന മണലാരണ്യം വണ്ടിയോടു പന്തയം വെച്ചു കുതിക്കുന്ന മനോഹരമായ കാഴ്ച്ച !!
കണ്ണും തിരുമ്മി ഞാൻ ജീവനനക്കമുള്ള ഏതെങ്കിലും ഒരു തുരുത്തു കാണാൻ കൺപാർത്തിരുന്നു…ദേ..അകലെ ചെറുതായി ഒരു ധൂമപടലം..സമാന്തരമായി കാണുന്നു….ഒപ്പം നീങ്ങുന്ന വേറൊരു വണ്ടീയോ മറ്റോ ആണെന്നു തോന്നുന്നു..
അല്ല !! അതൊരു കൂട്ടമാണു…!! വരിവരിയായി കുതിക്കുന്ന വെള്ളയും കറുപ്പും കലർന്ന കുതിരക്കൂട്ടം..ഹോ.!! ലെൻസിൽ ഫിൽറ്റർ വെച്ചു ഷൂട്ട് ചെയ്ത ഒരു ഹോളിവുഡ് സിനിമാരംഗം വലിയ ക്യാൻ വാസിൽ കാണുംപോലെ….മനോഹരമായ ഈ കാഴ്ച്ച കാണാൻ ഈ ട്രെയിനിൽ ഇപ്പോൾ ഞാൻ മാത്രമേ ഉണർന്നിരിക്കുന്നുള്ളൂവെന്നോർത്തപ്പോൾ ഒരു ചെറിയ വിഷമം തോന്നി…ആ യാത്രാസംഘം അടുത്തടുത്തു വന്നപ്പോൾ കുതിരകൾ മാത്രമല്ല കുതിരപ്പുറത്താളുകൾ കൂടിയുണ്ടെന്നു മനസ്സിലായി..ഭഗവാനേ..വണ്ടിയോടു മത്സരിച്ചു അടുത്തേക്കു നീങ്ങിവരികയാണല്ലോ…!! ഒപ്പം “ഹൊയ് “വിളികളും ആക്രോശങ്ങളും.. ങ്ഹേ..സവാരിക്കാരെല്ലാം കണ്ണുകൾ മാത്രം കാണും വിധം മുഖം മൂടിയവർ..!!
ആ അശ്വാരൂഡരുടെയെല്ലാം കയ്യിൽ എന്താണീ നിലാവിൽ തിളങ്ങുന്നതു???
തോക്ക്..!! അതെ എ കെ 47 എല്ലാ പന്നീന്റെ മക്കളുടേം കയ്യിൽ..!!!!
ദൈവമേ ഞാൻ എഴുന്നേറ്റു നാരായണേട്ടനെയും മോളിൽ കിടന്നിരുന്ന കാർന്നോരെയും വിളിച്ചെണീപ്പിക്കാമെന്നു കരുതി നോക്കിയപ്പോൾ ഞെട്ടി..!!! ബെർത്തെല്ലാം കാലി !! ങ്ഹേ മൊത്തം കമ്പാർട്ട്മെന്റ് കാലി..!!!! പുറത്തു കുതിരകളുടെ ചിന്നം വിളികളും ആളുകളുടെ ഹൊയ് വിളികളും..
ഒരു കൈകാൽ തരിപ്പ് ..പരവേശം..!! അലറിയാലോ..വേണ്ട..!!പിന്നെന്താണിപ്പോൾ ചെയ്യാ?? സീറ്റിനടിയിൽ ഒളിച്ചിരിക്കാം..കള്ളന്മാ‍രാണെങ്കിൽ കാലി വണ്ടിയാണെന്നു കരുതി തിരിച്ചു പോവില്ലേ??!! താഴത്തെ ബാഗുകൾ വകഞ്ഞു മാറ്റി ലൊവെർ ബെർത്തിനടിയിലേക്കു ഞാൻ പളങ്ങി..കയ്യും കാലും പരമാവധി ഉള്ളിലേക്കു വലിച്ചു ഒളിച്ചിരുന്നു.. എന്നേക്കാൾ മുൻപേ തീവണ്ടിയാക്രമണം മണത്തറിഞ്ഞ സഹയാത്രികർ എവിടെയോ പോയി ഒളിച്ചിരിക്കുന്നുവെന്ന ദുഖസത്യം ഞാൻ അറിഞ്ഞു..അവർക്കു എന്നെയും ഒന്നുണർത്താമായിരുന്നില്ലേ..!! കുതിരക്കുളമ്പടികൾ തീവണ്ടിയുടെ ശബ്ദ്ധത്തിലും വേറിട്ടു കേൾക്കാം ..പുറത്തു ജനൽകമ്പികളിൽ പിടിച്ചു ട്രെയിനിലേക്കു പകരുന്ന കൊള്ളക്കാരുടെ രൂപം ഞാൻ മനസ്സിൽക്കണ്ടു..
ഇപ്പോൾ എല്ലാവരും ട്രെയിനിൽ കയറിക്കാണും..കാലടി ശബ്ദ്ധം കേൾക്കുന്നുണ്ടോ….!?! ഹാ…. കേൾക്കുന്നുണ്ട്...
അതടുത്തടുത്തു വരികയാണല്ലോ..ക്ട്ക്.. ക്ട്ക്.. മെതിയടികൾക്കടിയിലെ മണൽ തരികൾ ലോഹത്തകിടിൽ ഞെരിഞ്ഞമരുന്ന ശബ്ദ്ധം ഈ കമ്പാർട്ട് മെന്റിനടുത്തേക്ക്… ദേ മുൻപിലായ് മണലിൽ പുതഞ്ഞു നിറം മങ്ങിയ രണ്ടു ബൂട്സ്..!!! ദൈവമേ..ഇവിടെ വന്നു നിന്നൂലോ..ഹോ ..അതു തിരിഞ്ഞു ഞാൻ കിടക്കുന്നിടത്തേക്കു തന്നെയാണല്ലോ വരുന്നതു..ഇപ്പോൾ കുതിരക്കുളമ്പടിയും വണ്ടിയുടെ കൂകലും ഇല്ല..!! അതെ.. എന്റെ നെഞ്ഞിടിപ്പിന്റെ ശബ്ദ്ധം മാത്രം!!!! അയാൾ എന്നെ കണ്ടു കഴിഞ്ഞോ?? ചതിച്ചു..!! ഈ ബെർത്തിനടിയിലേക്കു കുമ്പിട്ടു നോക്കുകയാണു..!!! കണ്ടു…!! അകത്തേക്കരിച്ചിറങ്ങുന്ന നിലാവിൽ ഞാനും കണ്ടു അയാളുടെ മുഖം മറയ്ക്കുന്ന കറുത്ത തുണിയും തീ പാറുന്ന കണ്ണുകളും ഇനി രക്ഷയില്ല…!!!!
“അയ്യോ…!!!“ “”“”“എന്റമ്മേ..!!!!!!“”“”“”
“എന്താ ..?? ആരാ …?? ക്യാ ഹുവാ…?? “
എസ് 7 നിലെ അറുപത്തിമൂന്നാം നമ്പർ ബെർത്ത് എപിക് സെന്ററായി ഉത്ഭവിച്ച ആ കുലുക്കം അതേ കോച്ചിലെ മറ്റു കമ്പാർട്ടുമെന്റുകളിലേക്ക് അവരോഹണ ക്രമത്തിൽ ഒരു തിരമാലയായ് ആഞ്ഞടിച്ചു പരന്നു…!!!!
പലരും പലരീതിയിൽ പ്രതികരിച്ചു..താടിയും വയറും ചൊറിഞ്ഞുകൊണ്ടു ഒന്നിളകിത്തിരിഞ്ഞു കിടന്നു ചിലർ… കിടന്നകിടപ്പിൽ വെറുതെയൊന്നു മുരണ്ടു വേറെ ചില കുംഭകർണ്ണന്മാർ …..പുതപ്പു മാറ്റി തലയോടൊപ്പം തോളും കഴുത്തും ഉയർത്തി മൂങ്ങയെപ്പോലെ കണ്ണു വട്ടം പിടിച്ച് നാലുപാടും നോക്കി ‘ആ..’ എന്നും പറഞ്ഞു വീണ്ടും ഉറങ്ങാൻ കെടന്നു മറ്റു ചിലർ..അതേസമയം മൂന്നാമത്തെ കമ്പാർട്ട് മെന്റിലെ മിഡിൽ ബെർത്തിൽക്കിടന്നു എന്റേതിനു സമാന്തരമായി മറ്റൊരു ‘ട്രെയിൻ മറിയുന്നതോ ഇടിക്കുന്നതോ ആയ’ ദുസ്വപ്നം കണ്ടു കൊണ്ടിരുന്ന ഒരപ്പൂപ്പനും , സ്വപ്നത്തിന്റ്റെ ക്ലൈമാക്സിൽ ചെവിടിൽ വന്നലച്ച ആ അലർച്ചക്കൊപ്പം കോറസ്സു പാടിയതാരും അറിയാതെ പോയത് പുള്ളിയുടെ വാർധക്യം ത്രോട്ട് ഡയഫ്രത്തിന്റെ ആമ്പിയർ കുറച്ചിരുന്നതു കൊണ്ടു മാത്രമായിരുന്നില്ല,ഞെട്ടിയുണർന്നപ്പോൾ തൊണ്ടയിലൂടെ പുറത്തേക്കു വന്ന വികൃത ശബ്ദ്ധത്തെ സ്ഥലകാലബോധം വീണ്ടെടുത്ത നാവിലൂടെ ഒരു അർത്ഥദ്യോതക രൂപത്തിലാക്കി “ബ്ബേ യാരഡേയ്..വെറുതെ ഓരോരോ സ്വപ്നങ്ങളു കണ്ടു മനുഷ്യനെ പ്യേടിപ്പിക്കാൻ” എന്ന് മാറ്റിയതു കൊണ്ടും കൂടിയാണു.!! “അതിനെങ്ങനാ ഉറങ്ങാൻ കെടുക്കുമ്പോൾ രണ്ടു മൊഴി നാമം ചൊല്ലി ക്കെടന്നാലല്ലെ…” മുഖത്തെ ജാള്യതയെ ഗൌരവം കൊണ്ടു മറച്ചു അതിനു മീതെ പുതപ്പും കൂടി വലിച്ചിടുമ്പോൾ ഒരനുപല്ലവിയായി പറഞ്ഞുകൊണ്ടു ,വീണ്ടും , അപ്പൂപ്പനും ഉറങ്ങാൻ കിടന്നു. ഇവിടെ കുംഭവയറൻ ടോണിച്ചനൊഴിച്ചെല്ലാരും ഞെട്ടിയുണർന്നിരുന്നു
സ്വപ്നത്തിൽ നിന്നുണർന്നെണീറ്റ ഞാൻ സ്ഥലകാലബോധം വീണ്ടെടുക്കാൻ പറ്റാതെ , എന്റെ മുമ്പിൽ നിൽക്കുന്ന ആ രൂപത്തെ മനസ്സിലാക്കാനാവാതെ അസ്തമിച്ചിരുന്നു..!!! എന്റെ നെഞ്ചു പടപടാന്നുള്ള മേളം നിർത്താതെ തുടർന്നു…..ഇരുപത്തി മൂന്നു വർഷത്തെ എന്റെയീ ജീവിത കാലയളവിനുള്ളിൽ ഇതിനു മുൻപു രണ്ടു തവണയേ ഹൃദയം ഇങ്ങനെ പെരുമ്പറ കൊട്ടിയിട്ടുള്ളൂ..നാലു വയസ്സുള്ളപ്പോൾ മുട്ടിച്ചെരിപ്പും ഇട്ട് ബാഗും തോളിലേറ്റി ബാലവാടിയിൽ പോകുന്ന വഴിയിൽ വെച്ചു വേലാണ്ടി മാഷുടെ വീട്ടിലെ ടോജൻ(നായ) കടിക്കാനോടിച്ചപ്പോൾ കാലിടറി തൈക്കുഴിയിൽ വീണ ,നല്ല മഴക്കാറു നിറഞ്ഞ ആ ജൂലായ് പ്രഭാതത്തിലും കരിങ്ങോട്ട മരത്തിൽ ഒളിച്ചിരുന്ന പൌലോസിനെ കണ്ടു ചെകുത്താനാണെന്നു തെറ്റിദ്ധരിച്ച ആ തൃസ്സന്ധ്യയിലും.. !!
ങ്ഹേ..ഇതു കാർന്നോരല്ലേ..!! ആരോ ലൈറ്റിട്ടപ്പോൾ സ്വപ്നത്തിലെ കൊള്ളക്കാരന്റെ മുഖം കമ്പ്യൂട്ടർ മോർഫിങ്ങിലെന്ന പോലെ പൂർണ്ണമായും അമ്മാവന്റെ മുഖമായി പരിണമിച്ചു..എന്റെ തൊട്ടു മോളിലെ ബെർത്തിൽ കിടന്നുറങ്ങിയിരുന്ന പകലൊറങ്ങിയമ്മാവൻ താഴെയെന്റെ മുമ്പിലെങ്ങിനെ കൊള്ളക്കാരനായി വന്നു നിന്നു.!!
വെള്ളം വാങ്ങിക്കുടിക്കുമ്പോൾ പുള്ളിക്കാരൻ നാരയണേട്ടനോട് പറയണ കേട്ടു.. ”ഞാൻ ആ റ്റോയ്ലെറ്റിലൊന്നു പോയി വന്നതാ എന്റെ ചെരിപ്പു സീറ്റിനടിയിലേക്കു കൈ കൊണ്ടു തള്ളി വെയ്ക്കാൻ കുനിഞ്ഞപ്പോളാ ഈ പഹയന്റെ അലർച്ച …ഞാനും പേടിച്ചെന്നേയ്…”
ഹും കേട്ടില്ലേ..!! വെറുതെയൊന്നു പേടിച്ചേയുള്ളെന്നു..!!!!
സംഗതി സ്വപ്നം കണ്ടു ഞാൻ അലറിയെന്നുള്ളതു നേരു തന്ന്യാ…അത് പത്തടി വ്യാസവൃത്തത്തിൽ കിടന്നുറങ്ങുന്നവരെയെല്ലാം കുലുക്കിയുണർത്താൻ തക്ക വണ്ണം ശക്തമായിരുന്നുവെന്നതും സത്യം...എന്നാലും ബാസ്സും ട്രബിളും അക്രമമായ(ക്രമമില്ലാത്ത.ഹി.ഹി) വികൃതവും കർണ്ണകഠോരവുമായ രണ്ടാമത്തെ അലർച്ച പുറത്തേക്കു വന്നതെന്റെ തൊണ്ടയിൽ നിന്നല്ല.!!!
ഉള്ളാട്ടിൽ ഭഗവതിയാണേ സത്യം..!!
എതിർലോവെറിൽ കിടന്നിരുന്ന നാരായണേട്ടനും കൂട്ടരും മറ്റു കമ്പാർട്ട്മെന്റിൽ നിന്നു എണീറ്റു വന്നവരോടൊപ്പം “എന്താണ്ടായേ?? എന്തിനാ അലറിയേ??സ്വപ്നം കണ്ടതാണോ? വെള്ളം വേണോ” എന്നെല്ലാം ചോദിച്ചപ്പോൾ അലറിയതു ഞാനല്ല ഇയാളാണു എന്നു പറയാതിരുന്നതു ഈ മാന്യനെ പേടിപ്പിച്ചതു കൂടാതെയിനി അപമാനിക്കുകയും കൂടി വേണ്ടാ എന്ന ക്വിക്ക് റിഫ്ലക്സ് ചിന്ത എന്റെ തലച്ചോറിൽ മിന്നിയതു കൊണ്ടു മാത്രമായിരുന്നു..!!
തൊട്ടടുത്ത കമ്പാർട്ട് മെന്റിൽ നിന്നും എണീറ്റു വന്നവരെ” ഏയ് ഒന്നൂല്ല്യന്നേയ് .ദേ ഇവൻ സ്വപ്നം കണ്ടു ഞെട്ടിയതാ“ എന്നു പറഞ്ഞു തിരിച്ചയച്ചിട്ടു
“നേരം വെളുക്കാൻ ഇനിയും ഉണ്ടെടേയ് ഉറങ്ങാൻ നോക്ക് “ എന്നും പറഞ്ഞു നാരായണേട്ടനും ഉറങ്ങാൻ കിടന്നപ്പോൾ ഗബ്ബർസിങ് കാർന്നോരും മിഡിൽ ബെർത്തിലേക്ക് വലിഞ്ഞു കയറി...വന്നവർ എന്തോ മുറുമുറുത്തു കൊണ്ടു തിരിഞ്ഞു അവരവരുടെയിടങ്ങളിലേക്കു നടക്കുമ്പോൾ എന്റെ ഭയം ഇളിഭ്യതയ്ക്ക് വഴി മാറി.. വീണ്ടും ഉറങ്ങാൻ ചെരിയുന്നതിനു മുൻപ് പുറത്തേക്കൊന്നു കണ്ണോടിച്ചു..സ്വപ്നത്തിലേതു പോലെ തന്നെ മരുനിലങ്ങൾ പായുന്നു..പക്ഷേ നിലാവിനത്രയും ഉഷാറു പോരാ...!!!
ഉറക്കവും വരണില്ല..കന്നിയാത്രയിലെ ഭീകരസ്വപ്നം മനസ്സിനെയാകെയുലച്ചു കളഞ്ഞു..ഒരു വല്ലാത്ത അസ്വസ്ഥത.!! തീവണ്ടിക്കൊള്ളക്കാരെയോർത്തല്ല..ആ ഒറ്റപ്പെടലിന്റെ ദുഖം ! അതു മായാതെ നിൽക്കുന്നു..സ്വപ്നമായിരുന്നെങ്കിലും ഈ യാത്രയിൽ ഞാൻ ഒറ്റക്കാണെന്നുള്ള തിരിച്ചറിവു നൽകാൻ അതിനു കഴിഞ്ഞു. എന്നെക്കൂടാതെ വേറൊരാളും ഉറങ്ങാതെ കിടന്നു ഈ വണ്ടിയിലിപ്പോൾ…. മോളീന്ന് ഇപ്പോൾ കൂർക്കം വലിയില്ല..!! ആ വയോ വൃദ്ധന്റെ മനസ്സിലും അസ്വസ്ഥത പടർന്നുറക്കം കളഞ്ഞുപോയിരിക്കണം..!!

നേരം വെളുത്തപ്പോൾ ഒരു വല്ലാത്ത വെളിച്ചം പുറത്തുനിന്നകത്തേക്ക് പരക്കുന്നതും കണ്ടാണെഴുന്നേറ്റതു..
“ഗുഡ് മോണിങ് സർ…!!“നാരായണേട്ടൻ പല്ലുതേപ്പും ഫ്രെഷാവലും കഴിഞ്ഞു വന്നു ബാഗിൽ പേസ്റ്റും ബ്രഷും തിരുകി വെയ്ക്കുന്നതിനിടയിൽ തമാശേന എന്നോടായ് പറഞ്ഞു.. തിരിച്ചങ്ങോട്ടും മോണിങ്ങ് പറഞ്ഞോണ്ടൂ ഞാൻ മൂരിനിവർന്നെഴുന്നേറ്റിരുന്നു പുറത്തേക്കു നോക്കി..തലേന്നു സ്വപ്നത്തിൽ കണ്ട അതേ മരുപ്രദേശങ്ങൾ ഫിൽറ്ററില്ലാത്ത ലെൻസിലൂടെയാണെന്നു മാത്രം.!! കണക്കു പ്രകാരം നാളെ ഇതുപോലെനേരത്ത് വണ്ടി മുംബയിലെത്തിയിരിക്കും..ഞാനും പേസ്റ്റും ബ്രഷുമെടുത്തു നടന്നു…
‘ലവനാണല്ലേ ഇന്നലെ മരപ്പട്ടീടെ ഒച്ചയിൽ അലറിയതു ?‘..എന്നൊരു ഭാവം പല്ലു തേക്കുന്നതിനിടയിൽ നോക്കി പുഞ്ചിരിച്ച പലർക്കും ഉണ്ടായിരുന്നോ എന്നൊരു സംശയം.
വല്ലപ്പോളുമൊക്കെ കമ്പാർട്ട് മെന്റിലുടനീളം നടന്നും ചാഞ്ഞും ചെരിഞ്ഞുമൊരേസീറ്റിൽ തന്നെയിരുന്നും നേരം മെല്ലെ മെല്ലെ നീങ്ങി..
ഈ പകലിൽ ആർക്കും വല്ല്യ ഉഷാറൊന്നും കാണാനില്ല ..മറ്റൊന്നും കൊണ്ടല്ല..യാത്രയുടെ പുതുമ ആലസ്യത്തിനു വഴി മാറീലേ…ഒരേ വണ്ടിയിൽ ഒരേ കാഴ്ച്ചകൾ കണ്ടോണ്ടിരുന്നാൽ ആർക്കാണു രസം തോന്നാ? പോരാത്തതിനു ആടിയുലഞ്ഞു പോകുന്ന തീവണ്ടിയിലെ ഉറക്കം വീട്ടിലെ ഡൺലപ് മെത്തയിലേതു പോലല്ലല്ലോ..!! യാത്രയുടെ വിരസത എല്ലാവരുടെയും മുഖത്തു നിഴലിച്ചു...പുറത്തെ മാറ്റങ്ങൾ അകത്തേക്കില്ല..“തണ്ണി.. വെള്ളം“എന്നതു “ തണ്ഠാ.. പാനി..“ യും “ ഊണു ശാപ്പാട് “ എന്നുള്ളതു “ ഖാനാ..ഖാനാ..“ എന്നും, ഇടതടവില്ലാതെ വന്ന വില്പനക്കാരുടെ വായിൽ നിന്നും , മാറിയതൊഴിച്ചാൽ അതേ മുഖങ്ങൾ അതേ നിശ്വാസങ്ങൾ !!
ചായകുടിയെല്ലാം കഴിഞ്ഞു ഇന്നും കുറച്ചു നേരം ചീട്ടു കളിച്ചെങ്കിലും വല്ല്യ മൂഡ് തോന്നാഞ്ഞതു കൊണ്ടു വേഗം നിർത്തി .. എല്ലാവരും വെറുതെയിരിപ്പായി .
മുന്നിലെ അമ്മാവൻ ഇന്നു പകൽ മുഴുവനും ഊർജ്ജസ്വലനായി ഉറങ്ങാതെയുമിരുന്നു…!! ഞങ്ങൾ കാര്യമായി പരിചയപ്പെടുകയും ചെയ്തു..
പേരു സുകുമാരൻ..നാട് ആലപ്പുഴ…
ആയുസ്സിന്റെ ഏറിയ പങ്കും മഹാനഗരങ്ങളിൽ ചെലവഴിക്കുന്ന ലക്ഷോപലക്ഷം മറുനാടൻ മലയാളികളുടെ ഒരു പ്രതിനിധി..നല്ല കാലം മുഴുവൻ ബോംബേലായിരുന്നെത്രേ..എല്ലാം ഉപേക്ഷിച്ചു ഇപ്പോൾ നാട്ടിൽ സെറ്റിൽ ചെയ്തേക്കുവാ.. ഏതോ പഴയ സുഹൃത്തിന്റെ മകന്റെ വിവാഹം പങ്കെടുക്കാൻ പോവാത്രെ..രണ്ടറ്റാക്ക് കഴിഞ്ഞതാണെന്നും ആരോഗ്യം അനുവദിക്കുന്നില്ലെങ്കിലും ഒട്ടും ഒഴിവാക്കാനാവാത്തതു കൊണ്ടാണീ പോക്കെന്നും പറഞ്ഞു കേട്ടപ്പോൾ ഞാൻ ചെറുതായൊന്നു ഞെട്ടി..കാരണം മൂന്നാമത്തെ അറ്റാക്കിനു കാരണക്കാരനാവാൻ എനിക്കൊരു കാൾ ഇന്നലെയുണ്ടായതാണല്ലോന്നോർത്തു പോയി..!! അപകടം ഒഴിവാക്കിയതിനു ദൈവത്തിനു നന്ദി..മനസ്സാ അർപ്പിച്ചുകൊണ്ട് ഞാൻ ആളോടൊരു സ്വകാര്യം ചോദിച്ചു..
“ഇന്നലെ എന്നേക്കാൾ വലിയ വായിൽക്കരഞ്ഞത് മാമ്മനല്ലേ?“
നാലുപാടും നോക്കി എന്റടുത്തേക്കു മുഖം അടുപ്പിച്ചോണ്ടു മൂപ്പരും പറഞ്ഞു.
“അതേ… എന്നാലും നിയെന്തിനാ മോനേ എന്നെ കണ്ടു പേടിച്ചു നിലവിളിച്ചേ?“ ഞാൻ തീവണ്ടിക്കൊള്ളയുടെ കഥ പറഞ്ഞപ്പോൾ അങ്ങേർക്കും ചിരിയൊതുക്കാനായില്ല..
അങ്ങനെ ചിരിച്ചും കളിച്ചും പായുന്ന ഒരു പകൽ കൂടി കടന്നു ഇരുളിന്റെ തുരങ്കത്തിലേക്കു വീണ്ടും ജയന്തി കയറി…ഹോ നാളെ..മുംബൈ എന്ന മഹാനഗരത്തിൽ ഞാനും ചെന്നെത്തും…!!
വൈകുന്നേരം ഊണു കഴിച്ചു കിടക്കാൻ നേരം സുകുമാർജി പറഞ്ഞു..
“മോനേ ഇന്നലെ പാതിരാത്രി മുതൽ ഒരു പോള കണ്ണടച്ചിട്ടില്ല ..ഇന്നലമ്പൊന്നും ഉണ്ടാക്കല്ലേ….ഗുഡ് നൈറ്റ് !!!“

“ഗുഡ് നൈറ്റ്!!“

ഒറക്കത്തിന്റെ തുടക്കത്തിൽ തന്നെ , വണ്ടി ഇന്ത്യയും കടന്നു പാകിസ്താനിലെത്തിയ ശേഷം ഞാൻ ഉണർന്നെണീക്കുന്നതും പിന്നീടു പാക് റെയിൽ വേ പോലീസു പിടിച്ചിടിക്കുന്നതുമായ , വേറൊരു സ്വപ്നം കണ്ടതു കൊണ്ടു ഇടക്കിടക്കെഴുന്നേറ്റു ബോംബെയെത്തിയോ എന്ന ജനലിലൂടെ നോക്കേണ്ടി വന്നതിനാൽ പിന്നീടങ്ങോട്ടു ഉറക്കം ശരിയായില്ല.. ഇരുളിൽ ഏതു ചെറിയ ഗ്യാലക്സികൾ പോലുള്ള വെളിച്ചക്കൂട്ടങ്ങൾ (ചെറിയ നഗരങ്ങൾ ) കാണുമ്പോളും ദൈവമേ ഇതു ബോംബേയല്ലേ ..!! എന്നെന്റെ ഹൃദയം അകാരണമായി താളം മുറുക്കിച്ചോദിച്ചോണ്ടിരുന്നു..!!
പക്ഷേ നേരം വെളുത്തിട്ടും വണ്ടി ബോംബെയിലെത്തിയില്ല..!! വണ്ടി മൂന്നു മണിക്കൂർ ലേറ്റാണെന്ന് ഏതോ ഒരു സ്ഥിരയാത്രികന്റെ വായിൽ നിന്നും കേട്ടു..
ഇപ്പോൾ ആകാശം മേഘാവൃതമാണ്..മുംബയിൽ മഴക്കാലം അതിന്റെ യവ്വനാവസ്ഥയിലാണെന്നാണ് അറിഞ്ഞത്..പുറത്തെ കാഴ്ച്ചകൾക്ക് മാറ്റം വന്നിരിക്കുന്നു..ആളനക്കവും വണ്ടികളും കെട്ടിട സമുച്ചയങ്ങളും കണ്ടു തുടങ്ങി..തീപ്പെട്ടിക്കൂടു പോലുള്ള കെട്ടിടങ്ങൾക്കു അഴുക്കും പൂപ്പലും പിടിച്ച മഞ്ഞ നിറം ഈ മഹാനഗരത്തിന്റെ സാന്നിധ്യം അറിയിച്ചു.

“എവിടാ എറങ്ങണേന്നു പറഞ്ഞേ??” സുന്ദരൻ ചോദിച്ചു.
“ഞാൻ സെൻ ട്രലിലേക്കാ..”
“ങ്ഹാ പേടിക്കേണ്ടാ..ഞങ്ങളും അങ്ങോട്ടാ..അതാ ലാസ്റ്റ് സ്റ്റോപ് ഇനിയൊരരമണിക്കൂറ് കൂടിയെടുക്കും”ഇത്തവണ നാരായണേട്ടനാണ്.
ഞാൻ വാച്ചിൽ നോക്കി 10.30..am .വണ്ടിയുടെ ശൌര്യം കുറഞ്ഞു..നിർത്തിയും ഞെരങ്ങിയുമാണിപ്പോൾ പോക്ക്..പുറത്തെ ആളുകളെയും വാഹനങ്ങളെയും ശ്രദ്ധിച്ചിരുന്ന ഞാൻ ഒരു കൈ കൊട്ടും ബഹളവും കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കമ്പാർട്ട് മെന്റിൽ ഒരു മൂന്നാലു കറുത്ത സ്ത്രീകൾ..എല്ലാവരോടും കൈ നീട്ടുന്നു..ബലിച്ചോറിട്ടു കാക്കയെ വിളിക്കുന്ന ചേലിൽ കൈകൊട്ടി തെണ്ടുന്നു..!!! ആരും അവരെ ശ്രദ്ധിക്കുന്നേയില്ലെന്നു കണ്ടപ്പോൾ കണ്ണും തുറുപ്പിച്ചു നോക്കിയിരുന്ന എന്റെ നേരെയായ് നോട്ടം.. നേരെ വന്നു കവിളിലും തോളിലും തലോടാൻ തുടങ്ങിയപ്പോളാണു ഞാൻ അറിഞ്ഞതു..അതു സ്ത്രീകളല്ലെന്ന് . രണ്ടിലും പെടാത്ത കൂട്ടർ !! മുംബയുടെ സ്വന്തം ഹിജഡാസ്..!!!
” ഹേ ബാബാ..കുഛ് ദേ ദോ നാ..”
ഞാൻ ദയനീയമായി എന്റെ സഹയാത്രികരെ നോക്കി..ഞങ്ങളൊന്നും ഈ വണ്ടിയിലേ ഇല്ലെന്ന ഭാവം..!!!! എന്താ ചെയ്യാ ശല്ല്യം കൂടിക്കൂടി മേലാസകലം കരകൌശലം തുടങ്ങിയപ്പോൾ ഞാൻ പോക്കറ്റിൽ നിന്നും 20 രൂപാ നോട്ടെടുത്ത് “യു ടേക്ക് ടു റുപ്പീസ് ഏന്റ് ബാക്കി മുജേ തായോ” എന്നു പറഞ്ഞതും അതും തട്ടിപ്പറിച്ചു “തുമാരാ ശാദി അഛീ ലഡ്കി സേ ഹോ ഓർ തുജേ സൌ ബച്ചേ ഹോ” എന്നും പറഞ്ഞു അവർ മുന്നോട്ടു വെച്ചടിച്ചപ്പോൾ ..‘അയ്യോ എന്റെ കാശ്‘ എന്നു പറയാൻ തുടങ്ങിയതു കൂടുതൽ അപമാനിതനാവേണ്ടെന്നു കരുതി ഞാനങ്ങു വിഴുങ്ങി..!!
“മോനേ ഇതാണു മുംബൈ സൂക്ഷിച്ചും കണ്ടും നിന്നില്ലെങ്കിൽ നമ്മളെ തന്നെ അടിച്ചോണ്ടു പോയെന്നു വരും” ടോണിച്ചന്റെ കമന്റ്.. “
പുറത്തിപ്പോൾ മഴ ചാറുന്നു..!! വണ്ടി നഗരത്തിലെ തന്നെ ഏതോ ഒരു സ്റ്റേഷനിലാണിപ്പോൾ അപ്പുറത്തും ഇപ്പുറത്തും എഞ്ചിനും ബോഗികളും കൂട്ടിയിട്ടിരിക്കുന്നു..ചെളിക്കുത്തിയ റെയിൽ വേ ട്രാക്കുകളിൽ അറപ്പിക്കുന്ന ഭക്ഷ്യ വേസ്റ്റുകൾക്കും പ്ലാസ്റ്റിക് ചവറുകൾക്കുമിടയിൽ പട്ടാപ്പകലും മുട്ടനെലികളുടെ വിളയാട്ടങ്ങൾ..!!
കാശു തട്ടിപ്പറിച്ച ഹിജഡയും വൃത്തിഹീനമായ ഈ മാലിന്യക്കൂമ്പാരങ്ങളും മഴയിൽ ചീഞ്ഞൊലിച്ച എലികളും കാണാൻ പോകുന്ന ഒരു വെടിക്കെട്ടിന്റെ സാമ്പിൾ ആയി എനിക്കു തോന്നി !!
കേട്ടും വായിച്ചും ഈ മഹാനഗരത്തെക്കുറിച്ചൊരു സങ്കൽ‌പ്പം മനസ്സിലുണ്ടായിരുന്നു അതിഗൂഡവും അദമ്യവുമായൊരു പ്രണയം..!! തല മൂത്ത കളിക്കൂട്ടുകാർ പണ്ടു ആളൊഴിഞ്ഞ പടിഞ്ഞാറേ വീടിന്റെ വരാന്തയിൽ നാടകം കളിച്ചപ്പോൾ ഇടയിൽ ശല്ല്യക്കാരനായി മാറിയ ഞാനെന്ന ഈ നാലു വയസ്സുകാരനെ ഒഴിവാക്കാൻ കണ്ടുപിടിച്ചതും എന്റെ ഈ മുംബൈ പ്രേമമായിരുന്നു..നിനക്കീ നാടകത്തിൽ മുംബൈവാലാ ഹീറോ യുടെ റോൾ ആണെന്നും ഒരു ബെല്ലടിക്കുമ്പോൾ മാത്രം നീ ഈ പെട്ടിയുമായി വരാന്തയിലേക്കു വന്നാൽ മതിയെന്നും പറഞ്ഞപ്പോൾ ആ ബെല്ല് ഒരിക്കലും അടിക്കാനുള്ളതല്ലെന്നറിയാതെ വീടിനു പുറകിൽ പെട്ടിയുമായി ഊഴം കാത്തു മണിക്കൂറുകളോളം നിന്നപ്പോളും കളികഴിഞ്ഞു പിന്നാമ്പുറത്തു വന്നവർ കളിയാക്കിയപ്പോളും തളരാതെ നിന്ന ഒരു കൌതുകം..!!!!
മുംബയിൽ ജോലി തേടിപ്പോയ മാമ്മനോടും അവിടെ നിന്നും ചുവന്ന റേഡിയോ കൊണ്ടു വന്ന വെല്ല്യച്ചനോടും തോന്നിയ ആരാധന സത്യത്തിൽ ആ മഹാനഗരത്തോടായിരുന്നു. !!
മുരുകനിൽ ‘ലാവാറീസ്‘ കണ്ടിറങ്ങിയപ്പോളും , ഒരു പക്ഷേ ഭാഷ വശമില്ലാത്തതിനാൽ, അമിതാബ് ബച്ചനേക്കാൾ എനിക്ക് മതിപ്പ് തോന്നിയതും ഈ ബോംബെ യോടു തന്നെ !!! എന്നാലിപ്പോൾ മനസ്സിലുള്ള ചില സങ്കൽ‌പ്പങ്ങൾ മായ് ച്ചെഴുതാൻ സമയമായി…ഞാൻ തയ്യാറെടുത്തു തുടങ്ങി..!!

ഒരഞ്ചുപത്തു മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ എല്ലാവർക്കും ഒരു ചെറിയ ഇളക്കം!! പെണ്ണുങ്ങൾ മുടിയെല്ലാം ഒതുക്കി സാരിയുടെ ചുളിവുകൾ നീർത്തി പൌഡറും പൂശി സ്വയവും കുട്ടികളെയും തയ്യാറാക്കുമ്പോൾ ..ആണുങ്ങൾ ഷൂ തള്ളിക്കേറ്റുകയും മുടിയീരി ട്രെയിനിലെ പാട്ട ബാത്രൂമിനു മുൻപിലെ കണ്ണാടിസമക്ഷം തിരക്കുണ്ടാക്കുകയുമായിരുന്നു .....

മറ്റുചിലർ സീറ്റിനടിയിലെ ,തേങ്ങ,മാങ്ങ,ചക്ക,ഉപ്പേരി,

ഓണസ്മരണകൾ ഇത്യാദി നിറച്ച , വലിയകാർഡ് ബോർഡ് ബോക്സുകൾ വഴിയിലേക്ക് വലിച്ചിട്ട് മാർഗതടസ്സം തുടങ്ങിക്കഴിഞ്ഞു എല്ലാവരും മുംബൈ സെന്റ്രലിലേക്കുള്ളവർ. ഇറങ്ങിയോടാൻ വെമ്പുന്നവർ !!!ഞാനും ബാഗെല്ലാം എടുത്തു റെഡിയായി..
പല നിറത്തിലും രൂപത്തിലുമുള്ള ഒരു പാടു തീവണ്ടികൾ നിരന്നു കിടക്കുന്ന ഒരു വലിയ സ്റ്റേഷനിലേക്ക് നമ്മുടെ വണ്ടിയും നങ്കൂരമിട്ടു..ഇറങ്ങിയും കേറിയും വേഗത്തിൽ ചലിക്കുന്ന ഒരു വലിയ ജനാവലി ഞാൻ ഇറങ്ങുന്നതിനു മുൻപേ ജനലഴികളിലൂടെ കണ്ടു..
വലതാണോ ഇടതാണോന്നോർമ്മയില്ല എന്റെ ആദ്യപാദസ്പർശമേറ്റു മഹാരാഷ്ട്രം പുളകം കൊണ്ടു !!! കൂടെയിറങ്ങിയവർ ചുമലിലും കയ്യിലും തട്ടി “ ശരിയെന്നാൽ മാഷേ പിന്നെന്നേങ്കിലും കാണാം“ എന്നു പറഞ്ഞു തിരക്കിട്ടു നടന്നപ്പോൾ ഞാൻ ആ പൂരത്തിരക്കിനിടയിൽ നിന്നും ഒരു പരിചയമുള്ള മുഖം തിരയുകയായിരുന്നു..!!!

28 comments:

  1. വലതാണോ ഇടതാണോന്നോർമ്മയില്ല എന്റെ ആദ്യപാദസ്പർശമേറ്റു മഹാരാഷ്ട്രം പുളകം കൊണ്ടു !!!

    ReplyDelete
  2. അല്പം നീണ്ടുപോയെന്ന ന്യൂനതയൊഴിച്ചാൽ പതിവുപോലെ രസകരം..”ഞാനും പേസ്റ്റും ബ്രഷുമെടുത്തു നടന്നു” തുടങ്ങിയ വിചിത്രശൈലികളാളാണ് പോസ്റ്റിന്റെ ജീവൻ..

    ReplyDelete
  3. വീരുവിന്റെ വീരകഥകള്‍ തുടരട്ടെ....പോസ്റ്റ്‌ കന്യാകുമാരി-ജമ്മുതാവി ലൈന്‍ പോലെ....ഇടക്ക്‌ ഒരു ബ്രേക്കിട്ടൂടെ?

    ReplyDelete
  4. ഈ പ്യാടിസ്വപ്നത്തിന്‍റെ ആസ്ക്കിത കലശലാണല്ലേ. പാക്കിസ്ഥാന്‍ സ്വപ്നം അബോര്‍ഷനായത് നന്നായി. അല്ലെങ്കില്‍ സുകുമാരണ്ണന്‍റെ കാര്യത്തില്‍ ഒരു തീരുമാനമായേനെ.

    നല്ല ശൈലി വീരുഭായ്. തുടരുക :)

    ReplyDelete
  5. ശൈലി ഇഷ്ടമായി..ഒരു പുതുമ ഉണ്ടെന്നു മാത്രമല്ല,നല്ല ഒഴുക്കും ഉണ്ട്..മറ്റു പോസ്റ്റുകളെ അപേക്ഷിച്ചു ഈ പോസ്റ്റൽ‌പ്പം നീണ്ടതായിപ്പോയെന്നു തോന്നി..വേണമെങ്കിൽ രണ്ടു പോസ്റ്റാക്കാമായിരുന്നു..
    വീരത്തരങ്ങൾ കേൾക്കാൻ ചെവി വട്ടം പാർത്തൊരു വായനക്കാരൻ...

    ReplyDelete
  6. നുണയാണെങ്കിലും കേൾക്കാൻ രസമുണ്ട് !!

    ReplyDelete
  7. ആ സ്വപ്നസീന്‍ കലക്കീട്ടുണ്ട് കേട്ടോ.
    ആ ചിത്രം എന്താ? ടൊര്‍ണാഡോ ആണോ?

    ReplyDelete
  8. അപ്പോള്‍ ട്രെയിന്‍ മുംബൈ എത്തി അല്ലേ?
    ഇനി ആണല്ലൊ കാഴച ബാക്കി...

    മുംബൈ പോലെ ലോകത്തില്‍ ഇത്രയും വൈവിദ്ധ്യം
    ഉള്ള സ്ഥലം വേറെയില്ല.
    മുംബൈയില്‍ ജീവിക്കാന്‍ പഠിച്ചാല്‍ ലോകത്ത്
    എവിടെ ചെന്നാലും ജീവിത വിജയം സുനിശ്ചിതം.
    മലബാര്‍ ഹില്‍ മുതല്‍ ധാരാവി വരെ....
    ഒരു നേരം ആയിരം രൂപക്കും അന്ചു രൂപക്കും
    വയറു നിറയെ ഭക്ഷണം കഴിക്കാം ...

    പോരട്ടെ ബാക്കി വിവരണം.
    നല്ല രസകരമായ വിവരണം,
    ആഖ്യായന രീതിയുടെ മനോഹാരിത കാരണം
    പോസ്റ്റിന്റെ നീളവും വീതിയും അറിഞ്ഞില്ല.


    അംചി മുംബൈ!!

    ReplyDelete
  9. ആചാര്യൻ; നന്ദി !!
    കെ കെ എസ് ; നന്ദി , ഇനി ശ്രദ്ധിക്കാം..!!
    അരീക്കോടൻ ചേട്ടാ; മേലിൽ വണ്ടിയുടെ നീളം കുറക്കാം.. നന്ദി...!!
    ബിനോയേ..; കാണുന്നതെല്ലാം ഇമ്മാതിരി പ്യാടി സ്വപ്നങ്ങളു തന്ന്യാ..വീരൂന്നു പേരേ ഉള്ളൂ..ഹി ഹി നന്ദി !!
    അനോണിച്ചേട്ടാ; നന്ദി...ടാ.....
    ഹഷ്ഷ്സ്; ഇതെന്തൂട്ട് പേരാഷ്ടാ???ഇടക്കുള്ള നേരും കാണുക മാഷേ..
    ഗീതാ ; നന്ദി..തന്നെ താങ്കളുടെ ഊഹം കിറു കൃത്യം..ടൊർണാഡോ തന്നെ..
    മാണീക്യം; താങ്കൾ പറഞ്ഞത് കറക്റ്റ്..മുംബൈക്കു സമം മുംബൈ മാത്രം.തെരുവുനായ്ക്കളേക്കാളും കഷ്ടസാഹചര്യങ്ങളിൽ കഴിയുന്ന മനുഷ്യരും മഹാരാജാക്കന്മാരെപ്പോലെ കഴിയുന്ന കോടീശ്വരന്മാരും ഒരേ നഗരത്തിന്റ്റെ മടിത്തട്ടിൽ സസന്തോഷം !! 5 രൂപക്കും ആയിരം രൂപക്കും കഴിവനുസരിച്ചു ഉണ്ണാം ...ഹി ഹി കറക്റ്റ്!!! താങ്ക്സ്

    ReplyDelete
  10. "നോക്കെത്താദൂരത്തോളം പരന്ന് കിടക്കുന്ന മണലാരണ്യം വണ്ടിയോടു പന്തയം വെച്ചു കുതിക്കുന്ന മനോഹരമായ കാഴ്ച്ച !!"
    ഫ്രീ ആയി കണ്ടില്ലേ ഈ കാഴ്ചകളും കൊള്ളക്കാര്‍ വരുന്നതും എല്ലാം. നല്ല എഴുത്ത്‌. അവസാനത്തെ ഖണ്ഡികയില്‍ യാത്രക്കാര്‍ ഇറങ്ങാന്‍ നേരം ചെയ്യുന്ന കാര്യങ്ങളൊക്കെ എഴുതിയത്‌ വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  11. eppozhum swapnam kandu njetty karayarundo suhruthe? oppam yathra cheythirunnathinal njanum bahalathil murumurukkunnundayirinnu...(orakkam kalanjathukondu) eni eppozhanavo nammude rajettante varavu...avide kozhappikko?poochayude kazhivundenkil "evide poyalum naalu kaalil" atho alu veliyile pambine alochichirunnanavo....mumbai enikkum kurachu ariyam.. pakshe sundaramaya ormakalanullathu! hijadakal vannappo 20 rs mathramayirunnathu nannayii allenkil thendi poyene!bakki thudaratte.....

    ReplyDelete
  12. നന്നായിരിക്കുന്നു

    ReplyDelete
  13. നോം ഇവിടെ ഉണ്ടേ
    :):)
    ഈ പോസ്റ്റ് വിശദമായി കാച്ചി അല്ലേ?

    ReplyDelete
  14. നന്നായിരിക്കുന്നു യാത്ര.തുടരട്ടെ
    :)

    ReplyDelete
  15. വളരെ നന്നായി.ഇഷ്ടമായി,

    ReplyDelete
  16. കുറുപ്പിന്റെ ഒപ്പ് (ഉറപ്പല്ല)

    നന്നായി വീരു, ആസ്വദിച്ച് വായിച്ചു, അല്പം വൈകി വരാന്‍

    ReplyDelete
  17. veeru kurach neram bheeru ayi. urangi kidana allkare unarthiyappo samadanam ayille. ezuth nannayittund.mumbai visheshangal thudaru.

    ReplyDelete
  18. നീളം കൂടുതലെങ്കിലും നന്നായിട്ടുണ്ട്, വീരൂ

    ReplyDelete
  19. good post.. mumbai yathra... oru kunjan bloggan evidundu... varanam www.kaarkodakannair.blogspot.com

    ReplyDelete
  20. യു ടേക്ക് ടു റുപ്പീസ് ഏന്റ് ബാക്കി മുജേ തായോ”....
    ithu kalakki mone ....

    HAppy reading!

    ReplyDelete
  21. അപ്പൊ ബോംമ്പേലെത്തി അല്ലെ....ഇന്യല്ലേ കാണാനിരിക്കുന്നത്........നീളം കുറച്ച് കൂടിയെങ്കിലും വായിച്ചുതീര്‍ന്നതറിഞ്ഞില്ല....

    ReplyDelete
  22. യാത്ര ഇനിയും ബ്ലോഗിലൂടെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  23. പേടിപ്പിച്ചു.

    നല്ല എഴുത്ത്. ആശംസകൾ !

    ReplyDelete
  24. നോക്കെത്താദൂരത്തോളം പരന്ന് കിടക്കുന്ന മണലാരണ്യം വണ്ടിയോടു പന്തയം വെച്ചു കുതിക്കുന്ന മനോഹരമായ കാഴ്ച്ച !!

    ഗുഡ് ... ഇത് പോലെ പലതിന്റെയും ഉപമകള്‍ നന്നായിട്ടുണ്ട്

    പോസ്റ്റ്‌ രണ്ടോ മൂന്നോ ആക്കി മുറിക്കാമായിരുന്നു... എന്നെപ്പോലെ ക്ഷമയില്ലാത്തവര്‍ക്കു രസിച്ചു വായിക്കാമായിരുന്നു ....ഇടക്ക് പലതും വായിക്കാതെ പോയി ..

    ReplyDelete
  25. കഴിഞ്ഞ പോസ്റ്റില്‍ വീരു ഒരു സംഭവമാണ്‌ എന്നു പറഞ്ഞു നാവെടുത്ത്‌ വായിലെടുത്തിട്ടതേയുള്ളു ദാ.... സംഭവ പരമ്പരയായിരുന്നല്ലൊ ജയന്തി ജനതയില്‍ സൃഷ്ടിച്ചത്‌. കൊങ്കണ്‍ വന്നേപ്പിന്നെ ജയന്തി ജനതയില്‍ ഇപ്പോള്‍ അതികം ആരും യാത്ര ചെയ്യാറില്ല..... അതുകൊണ്ടു തന്നെ ആന്ധാ പ്രദേശിലെ ആള്‍വാസമില്ലാത്ത്‌ പരന്ന പുറമ്പോക്ക്‌ പ്രദേശങ്ങള്‍ ഒരു ചെറിയ ഒരു ഓര്‍മ്മയായി ഇപ്പോഴും മനസ്സിലുണ്ട്‌.... വിശാല ഭൂപ്രകൃതിയില്‍ ഒറ്റക്ക്‌ ഒരു മരം നിന്നു ധ്യാനിക്കുന്നത്‌, വരണ്ട വയലില്‍ ഒറ്റയ്ക്ക്‌ ഒരു കര്‍ഷകന്‍ നിലമുഴുന്നത്‌, ഒറ്റപ്പെട്ട വീടുകള്‍ അങ്ങിനെ ഒരുപാട്‌ ഇമേജുകള്‍ ആ വഴിയുള്ള യാത്രയില്‍ കാണാനായിട്ടുള്ളത്‌ ഇപ്പോള്‍ ഓര്‍ക്കുന്നു. ഒരുവന്‍റെ കന്നിയാത്രയില്‍ ഇത്തരം വഴിയോരക്കാഴ്ച്ചകള്‍ നിറക്കുന്ന അമ്പരപ്പ്‌ ഞാനും അനുഭവിച്ചിട്ടുണ്ട്‌. പക്ഷെ അത്‌ വീരുനെപോലെ ഇത്ര രസകരമായി പറയാനറിയില്ല...

    ReplyDelete