സ്റ്റേഷനു പുറത്തോട്ടുള്ള വഴിയിലായ് , വന്നും പോയും , നടന്നു നീങ്ങുന്ന ആൾക്കൂട്ടത്തിനിടയിലൂടെ ഞാൻ കണ്ടു॥ ഓവർ ബ്രിഡ്ജ് സ്റ്റെയർ കേയ്സിനടുത്തായി ‘ ദിൽ തോ പാഗൽ ഹേ‘ പോസ്റ്റർ പാതി മറച്ചു കൊണ്ട് വെളുത്ത ബെൽബോട്ടം പാന്റിനുള്ളിലായ് നിന്നു ചിരിക്കാണ്ട് നിക്കണ രാജേട്ടനെ..
ഞാൻ നടന്നടുത്തപ്പോൾ പുള്ളിയെന്നെയും കണ്ടു !
‘ഹൊ ആളൊരു സുന്ദരക്കുട്ടപ്പനായല്ലോ..’ മുണ്ടും ബാറ്റാ ചപ്പലുമല്ലാതെ ഷൂസും പാന്റ്സും ധരിച്ചുള്ള ഈ രൂപം ഞാൻ ആദ്യായിട്ടാ കാണുന്നതു പക്ഷേ, അതോടൊപ്പം കാണാറുള്ള ആ പുഞ്ചിരിയും അപ്രത്യക്ഷം !! മൂന്നുമണിക്കൂർ കാത്ത് നിൽക്കേണ്ടി വന്നതാണോ ഹാഫ് ഡേ ലീവ് എടുക്കേണ്ടി വന്നതാണോ ആ മുഖത്തു കടന്നൽ കുത്താൻ കാരണം എന്നറിയില്ല !! എന്തായാലും അതു മൂലം എനിക്കു നഷ്ടമായത് മറുനാടൻ സമാഗമത്തിലെയൊരു ധൃതരാഷ്ട്രാലിംഗനം!!!!
പോട്ടെ॥അല്ലേലും വാ വിട്ട വിടു വാക്കിനു പിന്നാലെ വേലിയിൽ നിന്നിറങ്ങി വന്ന പാമ്പിനിതിൽ കൂടുതൽ എന്തു കൊടുക്കാൻ… എന്തു കിട്ടാൻ ! പെട്ടെന്നു എന്റെ കയ്യിൽ നിന്നും ബാഗും തട്ടിപ്പറിച്ചൊരു നടത്ത ! “വാ” എന്നു പറഞ്ഞുവെന്നു മാത്രം തോന്നുന്നു ! പിന്നാലെ ഞാനു!!
ഈ തിരക്കിലെങ്ങാനും സ്വയം കളഞ്ഞു പോകരുതല്ലോയെന്നു കരുതി നിരത്തിലിഴയുന്ന ബെൽബോട്ടം പാന്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടു അനുഗമിച്ചു !
സെൻ ട്രലിൽ നിന്നും വെസ്റ്റേൺ ലയിനിലേക്കും അവിടെച്ചെന്നു ഇലക്ട്രിക് ട്രെയിനിലേക്കും കയറുന്നതു വരെ ഈ നോട്ടം തുടർന്നു ...
യെന്റമ്മോ… !!ആയിരക്കണക്കിനാളുകൾക്ക് കയറാനും അത്ര തന്നെ പേർക്ക് ഇറങ്ങാനും 60 സെക്കന്റ് മാത്രം നിന്നു തരുന്ന ഈ തീവണ്ടിയിലേക്കെന്നെ കുത്തിക്കയറ്റാൻ ഞാൻ പെട്ട പാട്..!! പോരാത്തതിനു ‘പീക്ക് ഹവേർസ്’ അല്ലാത്തതു കൊണ്ടു തിരക്കു കുറവാണെന്ന രാജു ഭായിയുടെ ആത്മഗതവും എന്നെ ഞെട്ടിച്ചുകളഞ്ഞു! ഓ॥ഗോഡ് !! അമ്മാതിരി തിരക്കിൽ ഡെയിലി പോയിവരുന്ന ഭായിയെ ഞാൻ ബഹുമാനപുരസ്സരം നോക്കി..അല്ലേലും നോക്കാനല്ലേ പറ്റൂ കൈകാലുകൾ ബന്ധിതസമാനമായ ഈ ‘പാക്ക്ഡ്’ ട്രെയിനിൽ വെച്ചു പുറത്തു തട്ടി അഭിനന്ദിക്കാനാൻ പറ്റോ..!!!
കാന്തിവലിയെത്തിയപ്പോൾ ഞാനായിട്ടു ഒന്നും ചെയ്തില്ല ..വാതിൽപ്പടിയിലേക്കു മുഖം തിരിച്ചു നിന്നെയുള്ളൂ..പുറത്തേക്കുള്ള കുത്തൊഴുക്കിൽപ്പെട്ടു നിലം തൊടാതെ സ്റ്റേഷനിലേക്കു ലാൻഡ് ചെയ്തു..
സ്റ്റേഷനു പുറത്തേക്കു നടക്കുമ്പോൾ രാജേട്ടൻ പറഞ്ഞു
“ഇവിടെ നിന്നും ഒരു പതിനഞ്ചു മിനിറ്റു നടക്കണം ഓട്ടോയിൽ പോവാണെങ്കിൽ അര മണിക്കൂറിനും മേലെയെടുക്കും” ട്രാഫിക് അത്രക്കു ജാമാത്രേ..!!
മനസ്സിലും പാതി ചുണ്ടിലുമായി ‘മുംബൈ മേരി ജാൻ’ മൂളി വീണ്ടും നട തുടർന്നു॥കാന്തിവലി ഈസ്റ്റിലെ ഗതാഗതക്കുരുക്കിലകപ്പെട്ടു അനങ്ങിയനങ്ങി നീങ്ങുന്ന വാഹനങ്ങൾക്കിടയിലൂടെ …ഹനുമാൻ നഗറിലെ ഗലികളിലൂടെ പിന്നെ അയ്യപ്പ ചൌക്കിലെ ചെറു വീഥിയിലൂടെ…। പൂരത്തിരക്കിനൊരു ശമനമുണ്ടിവിടെ…ദേ പിള്ളേരു നടു റോഡിലും ക്രിക്കറ്റ് കളിക്കുന്നു.. വീണ്ടും ബെൽബോട്ടത്തിൽ നിന്നും ശ്രദ്ധ പാളി..ഒരുത്തൻ ലോംഗ് റൺ അപ് എടുത്തു വരുന്നു… ഷൊഹെയ്ബ് അക്തറിനെപ്പോലെ, പക്ഷേ,ഗലിയിലെ എരുമച്ചാണകത്തിൽ കാലുകുത്താതെയുള്ള അവന്റെയാ ഓടിവരവും വഴിപോക്കരേതു കളിക്കാരേതു എന്നറിയാൻ പറ്റാത്ത ഫീൽഡിംഗ് സെറ്റ് അപ്പും സർവ്വോപരി ‘ ബിസ്കറ്റ് പാട്ട ’ സ്റ്റമ്പായി വെച്ചതിനു മുൻപിൽ സച്ചിനെപ്പോലൊരുത്തന്റെ നിൽപ്പും കണ്ടപ്പോൾ വീണ്ടും ഒരു നിമിഷം ഞാനൊന്നു നിന്നു!!! സ്വത സിദ്ധമായ ഒരു ആകാംക്ഷ !! എന്താവും സംഭവിയ്ക്ക?? പാട്ട തെറിക്കുമോ അതോ സിക്സറടിക്കുമോ..?!? അകത്തേക്കെടുത്ത ശ്വാസം അങ്ങനെ തന്നെ നിന്നു…!!! അവനെത്തി..ചാടിയുയർന്നു..കാല്പാദങ്ങൾ നിലത്തു തൊട്ടതും ..പന്ത് കൈവിട്ടു..നല്ല സ്പീഡ്..ദൈവമേ ‘യോർക്കർ’..!!! ഫ്രണ്ട് ഫുട്ടിൽ ഞെരിഞ്ഞമർന്നു നിലമ്പരിശായി ബാറ്റ് വെച്ചു സച്ചിൻ ഡിഫെന്റ് ചെയ്തു…

ഞാൻ ശ്വാസം വിട്ടു …!!! മനോഹരം..വെരി ഗുഡ്…!!
ങ്ഹേ…അയ്യോ..രാജേട്ടൻ എന്തിയേ..?? കൺ വിട്ടതും കാണാമറയത്തായല്ലോ !! നിന്ന നിൽപ്പിൽ ഞാൻ നാലു വട്ടം കറങ്ങി…ഈ ക്രിക്കറ്റെന്നും എന്നോടെന്താ ഇങ്ങനെ?? ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി ഞാൻ
കളിപ്പിള്ളേർസിനെ നോക്കി ഇതികർത്തവ്യതാമൂഡനായി നിൽക്കേ ദാ.. എന്നെ നോക്കുന്ന ബർമ്മൂഡയിട്ട സച്ചിന്റെ കണ്ണിലും തിളക്കം !! ആ ബാറ്റവിടെയിട്ട് എന്റടുത്തേക്കു വന്നു..പിന്നെ മലയാളത്തിലായ്
“ വീരു മാമ്മനല്ലേ ..?? എന്നെ മനസ്സിലായില്ലേ..? ഞാൻ ഭൂപേഷ്..!! “
“ഹോ…നീയായിരുന്നോ..?? എടാ കണ്ടിട്ടു മനസ്സിലായില്ല…!!“ അല്ലേലും ഇവനൊക്കെ നാട്ടിൽ വരുമ്പോൾ പരിചയം പുതുക്കാൻ നമുക്കെവിടാരുന്നു സമയം!!! എന്റെ അമ്മായിയുടെ മോളുടെ മോനാ ഭൂപേഷ് ഇപ്പോൾ പ്ലസ് ടു വിനു പഠിക്കുന്നു..പിന്നീടങ്ങോട്ട് ലവന്റെ കാലുകൾ വഴികാട്ടിയായി..!!
അടുത്തു തന്നെയായിരുന്നു താമസസ്ഥലം ..!! ഇരുവശവും കയ്യുയർത്തിയാൽ തടയും വിധം വീട്ടു ചുമരുകളും താഴെ പൊട്ടിപ്പൊളിഞ്ഞ സിമന്റു സ്ലാബുകൾക്കടിയിൽ മാലിന്യമൊഴുകുന്ന കാനകളും മുകളിൽ നരച്ച ആകാശവുമുള്ള ആ കുടുസ്സായ ഗലികളിലൂടെ എതിരേ വരുന്നവർക്ക് സൈഡ് കൊടുത്ത് ഞാൻ ഭൂപേഷിന്റെ പുറകെ നടന്നു..വലതു വശത്തൊരിടത്തു മലയാളത്തിൽ ‘ഓം നമോ നാരായണായ’ എന്നെഴുതി വെച്ചൊരു വാതിലിനുമുൻപിൽ നിന്നു കൊണ്ട് ഭൂപേഷ് ഉറക്കെ വിളിച്ചു..
“മാ…അങ്കിൾ ആഗയാ..ദർവാസാ ഖോലോ…”
സതിയേച്ചി വാതിൽ തുറന്നു “ ഹാ വീരു എത്യോ??വണ്ടി ലേറ്റായിലേ?, അപ്പോൾ നിന്റെ മാമ്മനെന്തിയേടാ??” ഭൂപേഷിനോടുള്ള ഈ ചോദ്യത്തിനു മറുപടിയായി ക്രിക്കറ്റ് കളി കണ്ടു നിന്നപ്പോൾ രാജേട്ടൻ അപ്രത്യക്ഷനായ കഥ പറഞ്ഞു കൊണ്ട് ഞാനും ,അവർക്കൊപ്പം, പിന്നിട്ട ഗലിയിലേക്ക് തിരിഞ്ഞൊന്നു നോക്കി …
ദാ വരണു ഭായ് ഒരു സിഗരറ്റും പുകച്ചോണ്ട്…
“ഞാനപ്പുറത്തെ കടേന്നൊരു സിഗരറ്റു വാങ്ങാൻ കേറിയതാ..നീ നിന്നു തിരിയണതും ഭൂപു നിന്നേം കൂട്ടി നടക്കുന്നതും ഞാൻ കണ്ടായിരുന്നു…!!” സിഗരറ്റു കുറ്റി കാനയിലേക്കെറിഞ്ഞു എന്നോടൊപ്പം അകത്തേക്കു കയറുമ്പോൾ ആളു പറഞ്ഞു…അതു ശരി..!! എലിയുടെ പ്രാണവേദന പൂച്ചക്കൊരു തമാശയാണല്ലോ..!!!! ഉള്ളിലേക്കു കയറിയതും അകത്തെ ‘സെറ്റ് അപ്‘ ഞാനൊന്നു നോക്കിക്കണ്ടു..
ആ വലിയ കട്ടിലില്ലായിരുന്നെങ്കിൽ സാമാന്യം വലുപ്പമുള്ള ഒരു ഹാൾ , അതിനപ്പുറത്തൊരു ചിന്ന റൂം, ചേർന്നൊരു അടുക്കളയും ഒരു കൊച്ചു കുളിമുറിയും ങ്ഹേ..? ആ കൊട്ടാരം അവിടെ തീർന്നു..!! കേട്ടിട്ടുണ്ട് ബോംബെയിൽ ഇത്രയും ഉള്ളതു തന്നെ വല്യ കാര്യാണെന്നു..!! എന്നാലുമെന്തോ ഒരു കുറവുണ്ടല്ലോ…
“അപ്പോ കക്കൂസ്??“ ഉള്ളിലൊതുക്കാനാവാത്ത ആകാംക്ഷ പുറത്തേക്കു വന്നു…
“ അതവിടാ..ഞങ്ങൾ കളിക്കുന്നുണ്ടായിരുന്നില്ലേ അതിന്റെ പുറകിൽ” ഭൂപേഷാണതു പറഞ്ഞത്…ആ കളിക്കളത്തിനു പുറകിൽ കണ്ട നിരനിരയായ സിമന്റ് ജനലുകൾ നിറഞ്ഞ കെട്ടിടം ഞാൻ ഓർത്തെടുത്തു..നിറബക്കറ്റുമായി നടന്നു നീങ്ങുന്നുണ്ടായിരുന്ന ആ ജനാവലിയും….ങ്ഹേ പബ്ലിക് ടോയ്ലെറ്റ്…!!!
ദൈവമേ..സിനിമാ തിയ്യറ്ററിൽ പോലും ക്യൂ നിൽക്കാത്ത ഞാൻ നാളെ മുതൽ….??!!
വേഗം തന്നെ കുളിച്ചു ഫ്രഷായി വന്നു വീട്ടു വിശേഷങ്ങളും നാട്ടുവിശേഷങ്ങളും പറയുന്നതിനിടയിൽ ഉച്ചയൂണും അകത്താക്കി. സതിയേച്ചിയുടെ ഭർത്താവിനു മഹീന്ദ്രയിലാണു ജോലി..എത്താറാവുന്നതേയുള്ളൂ..ഡ്യൂട്ടിയിലാണിപ്പോൾ പിന്നെ രാജേട്ടനാണെങ്കിൽ പെണ്ണും കുട്ടിയും നാട്ടിലേക്കു പോയപ്പോൾ ഉണ്ടായിരുന്ന വാടക വീടും കയ്യൊഴിഞ്ഞു പെങ്ങളുടെയും അളിയന്റെയും കൂടെ ഒരു ചെറു പാരയായ് കൂടിയിരിക്കാണ് അതിനിടയിലേക്കാണ് ഈയുള്ളവന്റെ വരവ്.. ഹും കൊള്ളാം....!!! ഈ വേലിയിലെ പാമ്പിന് കൂനിന്മേലെ കുരുവായ് ഒരു രൂപമാറ്റം!! ഊണിനു ശേഷം ഹാളിലെ കട്ടിലിൽ കിടന്നു ഞാനൊന്നുറങ്ങി..എണീറ്റപ്പോൾ നേരം വൈകിയിരുന്നു സതിയേച്ചി തന്ന കട്ടൻ ചായയും കുടിച്ചു 'അകലെക്കൊന്നും പോണ്ടാട്ടാ നീയ്യ് ' എന്ന ഉപദേശവും വാങ്ങി ഞാനൊന്നു പുറത്തോട്ടിറങ്ങി… ഗലികളിലൂടെ..നേരത്തേ വന്ന വഴി നോക്കി നോക്കി..പുറത്ത് വണ്ടികളും ആളുകളും ഒഴുകുന്നു…ഒരു ദിശാവബോധം കിട്ടുന്നില്ല…ഏതാ തെക്ക് ?? ഏതാ കിഴക്ക് !!?? ഹാ ദേ കാണുന്നു സൂര്യൻ !!! അപ്പോളതാണു പടിഞ്ഞാറ്…ട്രാഫിക് സിഗ്നൽ ബോർഡിനിടയിലൂടെ ജനവാഹനനിബിഡമായ ഈ തെരുവും കടന്ന് വേറൊരുപാട് തെരുവുകൾക്കുമപ്പുറം കാണുന്ന കൂറ്റൻ കോൺക്രീറ്റു കെട്ടിടങ്ങൾക്കിടയിലേക്കു ചായുന്ന സൂര്യൻ!! ഈ മഹാനഗരത്തിലെ ഒരു ചെറിയ തെരുവിലായ് ഞാനാ അസ്തമയം നോക്കി നിന്നു..എനിക്കു പരിചയമില്ലാത്ത ഒരു സൂര്യൻ !!