Wednesday, December 2, 2009

ഓർമ്മകളിലെ സന്ധ്യ !!


സന്ധ്യയുടെ കരിനീലക്കണ്ണുകളേക്കാളും ഇടതൂർന്ന കാർകൂന്തലിനെക്കാളും എന്നെ ആകർഷിച്ചിരുന്നതു എപ്പോളും പുഞ്ചിരിക്കുന്ന ആ പ്രസന്ന വദനമാണു.
ആ കള്ളച്ചിരിയും കണ്ണേറും എന്റേതു മാത്രമെന്നു എന്നെ തന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്ന കാലം.
അവളുടെ കോളേജിലേക്കുള്ള യാത്രാമധ്യേ..പോകുമ്പോളും വരുമ്പോളുമായി ദിവസം രണ്ടുതവണ വീതം പൂഴിമണ്ണു പുതയുന്ന എന്റെ നാട്ടുപാതയോരങ്ങളിൽ വെച്ചുള്ള ആ കടാക്ഷവും പാൽനിലാവും ആസ്വദിക്കാൻ , ഉറ്റസുഹൃത്തുക്കൾ പോലുമറിയാതെ , ഞാൻ സമയം കണ്ടെത്തിയിരുന്നു.
എത്ര നാൾ ഇത്തരം രഹസ്യങ്ങൾ അടുത്തറിയുന്നവരിൽ നിന്നും ഒളിക്കാൻ കഴിയും ?
ചന്തു എന്നോടിക്കാര്യം ചോദിക്കുന്നതു വരെ ‘പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും‘ എന്ന പൊതു തത്വത്തിൽ ഞാനും വിശ്വസിച്ചിരുന്നില്ല !!
പിന്നെ പിന്നെ ചന്തു പറഞ്ഞു അജിയും രമേശനും കൂടി അറിഞ്ഞതോടെ ‘മുങ്ങിയോണം മുങ്ങിയാൽ കുളിരില്ല’ എന്ന മറ്റൊരു പൊതു തത്വത്തിൽ കൂടി വിശ്വാസമർപ്പിച്ച് ഞാൻ അതങ്ങു സമ്മതിച്ചു കൊടുത്തു..
പിന്നീട് കാര്യങ്ങൾ ഒരു കരക്കടുപ്പിക്കേണ്ട ഉത്തരവാദിത്തം അവർക്കു കൂടി വന്നതു പോലെ തോന്നി എനിക്ക്.. അതോണ്ടായിരിക്കണമല്ലോ അവളുടെ ഒരോ ചലനങ്ങളും എനിക്കപ്പപ്പോൾ അവർ ‘റിപ്പോർട്ട് ’ ചെയ്തു കൊണ്ടിരുന്നത്..
“ ടാ അവൾ ബസ്റ്റോപ്പിലുണ്ട്, അമ്മയുടെ കൂടെ അമ്പലത്തിലേക്ക് പോയിട്ടുണ്ട് “..മുതലായ ലൈവ് ന്യൂസുകൾ ഇടതടവില്ലാതെ എത്തിച്ചോണ്ടിരുന്നത്...
കാര്യമിങ്ങനെയൊക്കെയെങ്കിലും നിലാവുള്ള രാത്രികളിൽ മുറ്റത്തെ മുല്ലപ്പൂക്കളുടെ ഉറക്കം കെടുത്തുന്ന സുഗന്ധത്തിനൊപ്പം കിനാവിന്റെ വാതിൽക്കൽ വന്നങ്ങനെ ഒന്നും ഉരിയാടാതെ സന്ധ്യയെന്നും തിരിഞ്ഞു നടന്നു..’ഹേയ്…ഹലോ..ഒന്നു നിൽക്കൂ ‘ എന്നൊന്നും പറയാനാവാതെ ഞാൻ കിടക്കപ്പായയിൽ കിടന്നുരുണ്ടു.

അങ്ങനെയങ്ങനെ തിരിച്ചു കിട്ടാത്ത കൊടും പ്രേമം
ഒരു വൺ വേ ട്രാക്കിൽ കിടന്നു പുളയുന്ന സമയം.
കാര്യങ്ങളൊരു ഇടത്തോട്ടടുപ്പിച്ചില്ലെങ്കിൽ ഇനിയങ്ങോട്ടുള്ള ജീവിതം എളുപ്പമാവില്ല എന്ന സ്ഥിതിയെത്തി നിൽക്കുന്നു...
ഞങ്ങളിപ്പോളിരിക്കുന്നതു പാടത്തെ ചേറുകുള മണ്ടയിലാണ്..
കിഴക്കോട്ടിറങ്ങുന്ന കണ്ണെത്താപ്പാടത്തിന്റെ ആദ്യപാദത്തിൽ തന്നെ അകത്തോട്ടു ചായുന്ന കൈതക്കാടിനു ചേർന്നാണീ കുളം.
ഒരു വേനലിലും വെള്ളം വറ്റാത്ത പച്ചച്ചണ്ടിയിൽ പൊതിഞ്ഞ ചേറുകുളത്തിന്റെ ഒരു ഓരം പരന്ന പുൽമൈതാനമാണ്॥ഞങ്ങൾ വൈകുന്നേരങ്ങളിൽ സൊറപറഞ്ഞിരിക്കുന്നതിവിടെയാണ് !
നിലാവും കുളത്തിന്റെ മണ്ടയിൽ പടർന്നു നിൽക്കുന്ന കൈതക്കാടിനുള്ളിലെവിടെയോ പൂത്ത പൂവിനെ തഴുകി വന്ന കാറ്റും ഉള്ളിലെ പ്രണയചിന്തകളിൽ കുളിരോളങ്ങളുണ്ടാക്കി !

ചിന്തകൾ കാടു കയറിയപ്പോൾ ചന്തുവും രമേശനും കാടിളക്കി വെടിവെച്ചു കൊണ്ടിരുന്നു..അവസരത്തിലും അനവസരത്തിലും തമാശകൾ കുത്തിത്തിരുകിക്കൊണ്ട്. സ്നേഹിതന്റെ പ്രണയശരമേറ്റു പിടയുന്ന ഹൃദയം കാണാത്ത സ്നേഹരഹിതർ !! ഹൃദയ ശൂന്യർ..!!

ഇരുളിൽ വെള്ളത്തിനു പുറമേയുള്ള പച്ചപ്പരവാതാനിയുടെ നിറം മാറി കറുപ്പ് പടരാൻ തുടങ്ങി..!
അറ്റം കത്തിയവസാനിച്ച ഒരു ബീഡിത്തുണ്ട് കുളത്തിലേക്കു പാഞ്ഞു..
ഈ മുന്നിരുട്ടിലും നീരസം നിറഞ്ഞ എന്റെ നോട്ടം കണ്ടോ എന്തോ..രണ്ടു പേരും നിശ്ശബ്ദമായി..
“എങ്ങിനെയാണിവളുടെ മനസ്സൊന്നറിയുക. ?”
എന്റെ മനസ്സു വായിച്ചിട്ടെന്ന വണ്ണം , ചോദ്യം അവസരോചിതമല്ലേയെന്ന, സന്ദേഹത്തോടെ എന്റെ മുഖത്തേക്കു നോക്കി രമേശൻ ചോദിച്ചു..
ഞാൻ ഒന്നും മിണ്ടിയില്ല.. ഹെന്തു മിണ്ടാൻ !!
അറിയാനൊന്നുമില്ല..അവൾക്കെന്നെ ഇഷ്ടമാണു നൂറ് തരം !!
അല്ലെങ്കിൽ ഞാൻ അവളുടെ കലാലയമാർഗ മധ്യേ ദിവസം രണ്ടു നേരം വീതം കണ്ണിലെണ്ണയും ഒഴിച്ചു പാതയോരത്ത് കാത്തിരിക്കുമ്പോൾ , ‘ഞാൻ നിന്നെ പ്രേമിക്കുന്നു മാൻ കിടാവേ’ എന്ന വരികൾ കണ്ണാലേയെയ്യുമ്പോൾ ഒരു ചെറിയ വെറുപ്പിന്റെ മറുമിഴിയമ്പു പോരെ ഇഷ്ടമില്ലെന്നറിയിക്കാ‍ൻ !!

അതുണ്ടാ‍യില്ലെന്നു മാത്രമല്ല ആ നോട്ടത്തിനും മന്ദസ്മിതത്തിനും അനുദിനം പ്രണയാർദ്രതയേറി വരുന്നതു പോലെ തോന്നിയും തുടങ്ങിയിരുന്നു ഒപ്പം അതാതു രാത്രികളിലെ ഉറക്കം കെടുത്താനുള്ള ശക്തിയും !

ഒരു പ്രാവശ്യം , ഒരിക്കൽ മാത്രം ഞാൻ കേൾക്കാൻ കൊതിച്ചു..
‘നാൻ ഉന്നെ കാതലിക്കിറേൻ’ അതേ അതവളിൽ നിന്നും കേൾക്കണം ഒരു കൊതി..അത്ര മാത്രം !! പക്ഷേ എങ്ങനെ ?
“വഴിയുണ്ടെടാ..” ഞാനെങ്ങനെ പ്രതികരിക്കും എന്ന സംശയം മുഖത്തു നിന്നു മാറ്റിപ്പിടിക്കാൻ ശ്രമിക്കാ‍തെ അതിനുള്ള പോംവഴി ചന്തു പറഞ്ഞു തന്നു...
അതേ പ്രണയം അറിയിക്കാനുള്ള എറ്റവും എളുപ്പവും
ചിലവില്ലാത്തതും പൌരാണിക കാലം മുതലേ തുടർന്നു പോരുന്നതുമായ ഒരേയൊരുപാധി !
താമരയിലയിൽ തുടങ്ങി എസ് എം എസ്സിലെത്തി നിൽക്കുന്ന സന്ദേശവാഹിനികളുടെ പൊതു നാമധേയം !!
പ്രണയ ദൂത് ..പ്രേമ സന്ദേശം…പ്രണയ ലേഖനം അഥവാ ലവ് ലെറ്റർ !!
“എടാ എങ്ങനെ കൊടുക്കും ? “ ഒരു തവള കൈതപ്പൊത്തിൽ നിന്നും കുളത്തിലേക്കു കൂപ്പു കുത്തിയപ്പോൾ നേരം വൈകുന്നുവെന്നും ബാക്കി നാളെയാവാം എന്നും പറയാതെയറിയിച്ചു കൊണ്ടെണീക്കുമ്പോൾ ഞാൻ ചോദിച്ചു..
“എഴുതുന്ന കാര്യം ഞാനേറ്റു കൊടുക്കാൻ നീ തന്നെ വേണം മോനേ..“
ഇത്രയും പറഞ്ഞു കൂടെയെണീറ്റ ചന്തു എന്റെയും രമേശന്റെയും മുഖത്തേക്ക് മാറി മാറി നോക്കി
“അവളുടെ വീടിന്റെ അവിടേക്കു തിരിയുന്ന മൂലയിൽ ഒരു ചെറിയ ഇടവഴിയുണ്ട് അവിടെ ആണു ഏറ്റവും സേഫ് ആയ സ്ഥലം ആ വഴിയിൽ മിക്കവാറും അവൾ ഒറ്റക്കായിരിക്കും“ രമേശന്റെ കണ്ടുപിടുത്തം ശരിയാണ്..
വൈകാതെ തന്നെ സന്ധ്യക്കുള്ള പ്രണയ സന്ദേശവുമായി ചന്തു ഹാജിർ..ഞാനിന്നലെ ഉറങ്ങാതാലോചിച്ചിരുന്നെഴുതിയതാണെന്നുള്ള വലിപ്പം പറച്ചിലും.. ഞാനൊന്നു തുറന്നു വായിച്ചു ..
ഏതോ വാരികയിൽ വായിച്ചു മറന്ന വരികൾ ..സംഗതി കൊള്ളാം പക്ഷേ..
“ടാ ഇതവൾക്കു മനസ്സിലാവുമോ?” ഞാൻ ചന്തുവിന്റെ സാഹിത്യം കണ്ടന്തം വിട്ടു ചോദിച്ചു.
“ധൈര്യമായി കൊടുത്തോളൂ മോനേ ഇതാണു ഇപ്പഴത്തെ ഒരു ട്രെൻഡ്.. ഈ വരികളിലെ പ്രണയം കാണാൻ പറ്റിയില്ലെങ്കിൽ അവൾ പെണ്ണല്ലടാ…പക്കാ..“
നേരാണോന്നറിയില്ലെങ്കിലും ആ വാചകം എന്റെ ധൈര്യം പതിന്മടങ്ങാക്കി..മനസ്സിലാവായ്മയിലും ഒരു ചന്തക്കേടില്ലായ്മ ആവരികളിലുണ്ടെന്നു തോന്നി.
പിന്നെയവൾ പെണ്ണുതന്നെയാണല്ലോ എന്നുള്ള ധൈര്യവും !
അങ്ങനെ പിറ്റേന്നു തന്നെ വൈകുന്നേരം അഞ്ചു മണിക്കു ഞാൻ കുളിച്ചു കുട്ടപ്പനായി വിജനമായ ഇടവഴിയിൽ സന്ധ്യാഗമനവും കാത്തു നിന്നു..ഏകദേശം ഒരു അരമണിക്കൂറ് കഴിഞ്ഞപ്പോൾ രമേശൻ സൈക്കിളിലിൽ പറന്നു വന്നു പറഞ്ഞു

“ ടാ ലവളു വരുന്നുണ്ട് .. 5 മിനിറ്റിനുള്ളിൽ ഇവിടെത്തും “
ആ കർമ്മം നിർവ്വഹിച്ച് അവൻ വീണ്ടും എങ്ങോട്ടൊ പാഞ്ഞു.. സമയം നീണ്ടു വലിഞ്ഞു..അകലെ നിന്നും ഞാനൊരു മിന്നായം കണ്ടു പളപളങ്ങണ ചൈനാ സിൽക്ക് ചുരിദാർ… അവൾ വരുന്നുണ്ട് ..മുടിയൊക്കെ ഒന്നുകൂടെ ഒതുക്കി നാലുപാടും നോക്കി ആരുമില്ലെന്നുറപ്പു വരുത്തി ഞാൻ നിന്നു..ഒറ്റക്കീ വഴിവളവിൽ. ആ മൂല വളഞ്ഞ് തൊണ്ണൂറ് ഡിഗ്രി വലത്തോട്ടു തിരിഞ്ഞതും എന്നെ കണ്ട് അവളൊന്നു ഞെട്ടിയോ..
അരികിലേക്കടുത്തപ്പോൾ ഞെഞ്ഞിടിപ്പു കൂടി കൂടി വന്നു കാതങ്ങൾക്കപ്പുറത്തു നിന്നു കേൾക്കും പോലെയായി ധക് ..ധക്..
പാതി ശങ്കിച്ചുള്ള അവളുടെ പദചലനങ്ങൾക്കു കുറുകേ ഞാൻ പതുക്കെ വഴി തടഞ്ഞു കൊണ്ടു മുന്നിൽക്കേറി നിന്നു !
അവൾ നിന്നു ! ആ കണ്ണുകളിൽ ഒരു വലിയ പകപ്പ് ... !!
പോക്കറ്റിൽ നിന്നും കുറിമാനമെടുത്തു അവൾക്കു നേരെ ഞാൻ നീട്ടി ..അവൾ അതു വാങ്ങാതെ വഴിമാറി നടക്കാൻ തുടങ്ങി...
ആദ്യമെന്തു ചെയ്യണമെന്നറിയാതെ ഞാൻ തരിച്ചു നിന്നു പോയി...
തിരിച്ചു വരാത്ത പ്രണയം ! ഉറക്കമില്ലാ‍ത്ത രാത്രികൾ !! കനവിൽ തിരിഞ്ഞു നടക്കുന്ന സന്ധ്യ !!! ശരിയാവില്ല !!!!
ഇന്നു രണ്ടിലൊന്നറിയാതെ വിടുന്ന പ്രശ്നമേയില്ല…പിന്നെ എന്നെ നിയന്ത്രിച്ചതു വേറേതോ ഒരു ശക്തിയായിരുന്നു.. പിന്നാലെ ചെന്നു അവളുടെ കയ്യിലെ പുസ്തകം തട്ടിപ്പറിച്ചതും അതിൽ ലെറ്റെർ വെച്ചു തിരിച്ചു കൊടുത്തതും ഞൊടിയിടയിൽ കഴിഞ്ഞു.. പുസ്തകവും വാങ്ങി അവൾ വേഗത്തിൽ നടന്നു..അതോ ഒടിയോ.? .ഒപ്പം വിതുമ്പുന്നുമുണ്ടായിരുന്നൊ? എന്താണു സംഭവിച്ചതെന്നും ഇങ്ങനെയെല്ലാം ചെയ്യാൻ എനിക്കെവിടെന്നു ധൈര്യം കിട്ടിയെന്നും അറിയില്ല..ഇപ്പോൾ എന്റെ നെഞ്ചിടിപ്പു നിന്നു… ഞാൻ മരിച്ചോ..ദൈവമേ ഞാൻ ഒരു ദീർഘശ്വാസം വലിച്ച് മുകളിലേക്കു നോക്കി…വേലിയരുകിൽ നിൽക്കുന്ന ചമ്പത്തെങ്ങിന്റെ മണ്ടയിൽ ഒരാൾ രൂപം എന്നെയും നോക്കി നിൽക്കുന്നതു കണ്ടെന്റെ ദീർഘശ്വാസം പാതിയിൽ നിലച്ചു.....കണ്ടതു മറ്റാരെയുമല്ല..സാക്ഷാൾ ചന്ദ്രേട്ടൻ.. ചെത്തു കാരൻ ചന്ദ്രേട്ടൻ ചെത്തു നിർത്തി പാതി തെങ്ങിലേക്കിറങ്ങി നിൽക്കുന്നു. അപ്പോൾ ഞാൻ കേട്ടതു നെഞ്ഞിടിപ്പയിരുന്നില്ലേ !!
പൊതുവേ നമ്മളോടയാൾക്കു വിരോധമൊന്നുമില്ലെങ്കിലും
പാടത്തെ തെങ്ങിൽ നിന്നും അന്തിക്കള്ളൂറ്റിക്കുടിക്കുന്ന വിരുതന്മാരുടെ ലിസ്റ്റിൽ എന്റെ പേരും തെറ്റിദ്ധാരണ വഴി കയറിക്കൂടിയതു കൊണ്ട് അങ്ങേർക്കിയിടെയായി ബഹുമാനം അല്പം കുറവായിരുന്നു..
ഛെ…പുലിവാലായി !!
വിവരം തിരക്കാൻ മണ്ട മാറി വന്ന രമേശൻ ചന്ദ്രേട്ടനെക്കണ്ടപ്പോൾ ഞാനീ നാട്ടുകാരനേയല്ലെന്ന ഭാവത്തിൽ സൈക്കിളിൽ വെച്ചടിച്ചു..“ടാ നിൽക്കെടാ..“ എന്നു പറഞ്ഞു ഞാൻ പുറകെയും..
ഞങ്ങൾ മൂവരും വീണ്ടും ചേറുകുള മണ്ടയിൽ വെച്ചു ഒരടിയന്തിര യോഗം വിളിച്ചു കൂട്ടി കാര്യങ്ങൾ വിശകലനം ചെയ്തു..കാര്യങ്ങൾ കൈ വിട്ടു പോവുകയാണെങ്കിൽ ചന്ദ്രേട്ടനു എന്തു പണിയാണു കൊടുക്കേണ്ടതു എന്നായിരുന്നു ഇരുവരും ഒരുമിച്ചു ചോദിച്ചത്..
“എടാ..നായിന്റെ മക്കളെ..അങ്ങനെ സംഭവിച്ചാൽ എന്റെ കാര്യം എന്താവും?”
എനിക്കു ദേഷ്യം നിയന്ത്രിക്കാനായില്ല..
“ എന്താവാൻ ..നിനക്കവളോട് പ്രേമം തോന്നി നീയതറിയിച്ചു..അത്രയല്ലേ ഉള്ളൂ..
ഇഷ്ടമില്ലെങ്കിൽ വേണ്ടെടാ..നമുക്ക് വേറേ നോക്കാം” എന്റെ ആശങ്ക ഉൾക്കൊള്ളാതെയുള്ള ചന്തുവിന്റെ ഈ പ്രതികരണം എന്നെ ചൊടിപ്പിച്ചു..
“ എന്നാൽ ശരി ..പക്ഷേ ഞാൻ പെട്ടാൽ ഒരുത്തനെയും വിടില്ല..കത്ത് എഴുതിയതു നീ ഐഡിയ രമേശന്റെ ..വിടില്ല ഞാൻ..ഒരുത്തനേയും “
അതേറ്റു ! ഇപ്പോൾ ആശങ്ക ആ മുഖങ്ങളിലേക്കും പരന്നു..
“എന്താപ്പോ ചെയ്യ? നമുക്ക് കാത്തിരിക്കാം” വീണ്ടും കുറേ നേരം മൌനം…
കൈതപ്പൂവിന്റെ സുഗന്ധം ഇപ്പോൾ കിഴക്കൻ കാറ്റിലില്ല.. ചെളിയും ചാണകവും ആ ദൌത്യം ഏറ്റെടുത്തെന്നു തോന്നുന്നു.!!
തൽക്കാലം ആ വൈകുന്നേരം പാടത്തിന്റെ കിഴക്കേ അതിരിലെ കറുത്ത തെങ്ങിൻ നിരകൾക്കു മേലെ ചന്ദ്രനുദിച്ചപ്പോൾ യോഗമവസാനിപ്പിച്ചു ഞങ്ങളങ്ങനെ പിരിഞ്ഞെങ്കിലും എനിക്കു ആകെയൊരു പരവേശമായിരുന്നു..
അന്നു രാത്രി കനവിന്റെ വാതിലിൽ സന്ധ്യക്കു പകരം അവളുടെ അച്ഛൻ വന്നു..പുറകിൽ എനിക്കു നേരെ കൈവിരൽ ചൂണ്ടുന്ന ചെത്തുകാരൻ ചന്ദ്രേട്ടനും..

നേരം പുലർന്നു..ചായപ്പീടികയിൽ നിന്നും പ്രത്യേകിച്ചൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.. അന്നു ഞാൻ അവളെക്കാണാൻ വഴിയിൽ കാത്തു നിന്നുമില്ല.
എന്നാൽ ചുറ്റുവിളക്കും നിറമാലയും കാണുമ്പോൾ
വൈകുന്നേരം ഏഴുനിലവിളക്കിനു മുൻപിലായ് അമ്പലത്തിൽ വെച്ചു കണ്ട സന്ധ്യാവദനം കൂടുതൽ പ്രേമപൂരിതവും കണ്ണേറ് ഹൃദയത്തിലൂടെ ആത്മാവിലേക്കാഴ്ന്നിറങ്ങുന്നതും ആയിരുന്നു.

അമ്പലവെളിച്ചവട്ടത്തിൽ നിന്നിറങ്ങി വീട്ടിലേക്കുള്ള യാത്രയിൽ ഞാൻ രമേശനെയോ. ചന്തുവിനെയോ കണ്ടില്ല..പകരം എല്ലാ പ്രണയങ്ങൾക്കും സാക്ഷിയായ വേറൊരു കൂട്ടുകാരനെ കൂട്ടു കിട്ടി..ചന്ദ്രൻ !!
ചെത്തുകാരനല്ല !!
കുളിർമഞ്ഞിന്റെ പാൽ‌പ്പുതപ്പു കൊണ്ടു കമിതാക്കൾക്കെന്നും ചൂടുപകർന്നു പോന്ന നിറനിലാവിന്റെ ഉറവിടം..യഥാർത്ഥ ചന്ദ്രൻ …!!
എന്റെ കൂടെ വീടു മുറ്റം വരെ വന്നു..കളിച്ചും ചിരിച്ചും മഞ്ഞു കോരിയൊഴിക്കുന്നതിനിടയിൽ സന്ധ്യയെനിക്കെഴുതാനിരിക്കുന്ന മറുപടിയുടെ ഒരേകദേശരൂപവും പറഞ്ഞു തന്നു.!! പൂത്തു നിൽക്കുന്ന മുല്ലപ്പൂക്കളെ മൈൻഡ് ചെയ്യാതെ ഞാൻ വീടിനുള്ളിലേക്കു കയറി..
ജനലഴികൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന പോക്കുനിലാവിനൊപ്പം പരിഭവമില്ലാതെ പൂക്കളും സുഗന്ധം വിതറി..ആ മുല്ലപ്പൂഗന്ധമായി സന്ധ്യാസാമീപ്യം ഞാൻ തിരിച്ചറിഞ്ഞു.
എപ്പോളോ ഉറക്കത്തിലേക്കു വഴുതിയതും അകത്തേക്കു വന്നവളെന്നെ നോക്കി , മുറിയിലുലാത്തുന്നതു ഞാൻ കണ്ണൂ തുറക്കാതെ തന്നെ കണ്ടു !!
പുലരുവോളം ആ കാഴ്ച്ചകൾ തുടർന്നു!
അതാ‍യിരിക്കണം ജീവിതത്തിലെ ഏറ്റവും പ്രണയസുഖമറിഞ്ഞ രാത്രി...അവസാനത്തേതും..!!!

കാന്തിവലി സ്റ്റേഷനെ മൊത്തമൊന്നു കുലുക്കിക്കൊണ്ട് വിരാർ ഫാസ്റ്റ് രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലൂടെ പൊടിപാറിച്ച് കടന്നു പോയപ്പോൾ ഞാൻ ചിന്തകളിൽ നിന്നുണർന്നു !!
അടുത്തത് ഗുജറാത്ത് പാസ്സഞ്ചറാണ്. ഒരു പതിനഞ്ചു മിനിറ്റെടുക്കുമായിരിക്കും ! ബാഗ് കാലിനോടടുപ്പിച്ച് വെച്ച് ഞാൻ സിമന്റ് ബെഞ്ചിലിരുന്നു വീണ്ടും വാച്ചിലേക്കും തെക്കോട്ടും മാറി മാറി നോക്കി.

ഓർമ്മകൾ നമ്മെയിക്കിളിയിടുന്നതും ചിരിപ്പിക്കുന്നതും കരയിക്കുന്നതും സാന്ത്വനിപ്പിക്കുന്നതുമെല്ലാം കൂടുതലും യാത്രാവേളകളിലായിരിക്കും...
അന്നേരമാണല്ലോ നാമെല്ലാം എവിടെയുമെത്താതെയും ആരോരുമില്ലാതെയുമിരിക്കുന്നത് !!!
വർത്തമാന കാഴ്ചകളിലൂടെയും , കേൾക്കുന്ന ശബ്ദ്ധങ്ങളിലൂടെയുമെല്ലാം ആക്രമണമഴിച്ചു വിടുന്നൂ ഓർമ്മകളിത്തരം സന്ദർഭങ്ങളിൽ !!
ഇന്നത്തേതും ഇന്നലെത്തേതുമായ ഇഴപിണയുന്ന ചരടുകൾ !!
സുഖകരമായ പസ്സിലുകൾ കുരുക്കഴിക്കുന്ന യാത്രകൾ !!
വിടപറഞ്ഞ ഗ്രാമത്തിന്റെ കയ്യെത്താത്ത ദൂരേ നഗരങ്ങളിൽ സഞ്ചരിക്കുമ്പോളും , ഈ നഗരങ്ങളിൽ തന്നെ കണ്ടതും കേട്ടതുമൊരുപാടുണ്ടെങ്കിലും , ഒരു പക്ഷേ ആ പഴയ ഗ്രാമത്തിലെ ഓർമ്മകൾ തന്നെയായിരിക്കും ഈ ശ്വാസം മുട്ടുന്ന തിരക്കു പിടിച്ച യാത്രകളിലും ഒരു സാന്ത്വനമായോ വേദനയായോ കൂട്ടിനുണ്ടാവുന്നത് !!
അല്ലെങ്കിൽ പിന്നെ , ഈ മുംബയിലെ അഞ്ചാറുമാസ താമസത്തിനിടയിൽ , എന്നെ പ്രണയപരവശനാക്കി നിദ്രാവിഹീനങ്ങളും , അഥവാ നിദ്ര വന്നാൽ തന്നെ , സ്വപ്നഭരിതങ്ങളുമായ രാ‍വുകൾ സമ്മാനിച്ച ശേഷം ഒരു പരദേശി പയ്യന്റെ കയ്യും പിടിച്ചോണ്ട് ലവന്റെ തന്നെ തോളിൽ തലയും ചായ്ച്ച് ജൂഹുവിലലയുന്ന സവിതയെ കണ്ടപ്പോളില്ലാത്ത നീറ്റൽ ആ പഴയ നാട്ടുമ്പുറത്തുകാരി സന്ധ്യക്കെങ്ങിനെ ഇത്രയും കാലത്തിനു ശേഷവും നൽകാൻ കഴിയുന്നു ?

അയ്യോ ദേ വരണു …. ഗുജറാത്ത് പാസ്സഞ്ചർ !!