എല്ലാവരുടെയും കൂടെ ഞാനും കിഴക്കേ പാടത്തേക്കോടി ...സത്യന്റെ ശവം കാണാന്‍ ..മഴ ചാറുന്നുണ്ടായിരുന്നു ..മൂടിക്കെട്ടിയ ആകാശവും ... കാലത്തേ തന്നെ കേട്ടതാണ് സത്യനെ കാണാനില്ല ....
ചായ കുടിച്ചു കളിയ്ക്കാന്‍ ഇറങ്ങിയതാണ് ..അന്വേഷണം ആദ്യം അവന്റെ വീട്ടുകാരില്‍ ഒതുങ്ങി ..പിന്നെ പതുക്കെ പതുക്കെ നാട്ടുകാരിലേക്കും .ഞാന്‍ ഒന്നും അറിഞ്ഞില്ല എന്നോടാരും പറഞ്ഞില്ല..
" പാടത്ത് കാലത്ത് ചങ്ങാടം കുത്തി കിഴക്കോട്ടു പോകുന്നത് കണ്ടിരുന്നു"
ആരോ പറഞ്ഞു.." അതിന് ആ ചെക്കന് നീന്തല്‍ അറിയില്ലല്ലോ!!"
പിന്നെ മാനത്തെ പോലെ മനസ്സിലും വല്ലാത്ത ഒരു ഇരുട്ട് പരക്കാന്‍ തുടങ്ങി..
സത്യന്‍ എന്റെ ഉറ്റ തോഴന്‍ ഒന്നും ആയിരുന്നില്ല ..എന്നാലും അരീസ് (പളുങ്ക്) കായ്കള്‍ ശേഖരിച്ചു വെയ്ക്കുന്നതിലും കശുനണ്ടി വിറ്റു പടക്കം വാങ്ങി പോട്ടിക്കുന്നതിലും അഭൌമമായ ഒരു ആനന്ദം കണ്ടെത്തിയിരുന്ന എന്റെ ബാല്യങ്ങളില്‍ രമേശനോപ്പം സത്യനും ഉണ്ടായിരുന്നു. എല്ലാ കളികളിലും മുന്‍പന്തിയില്‍. സ്കൂളില്‍ അഞ്ചാം ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഓട്ട മല്‍സരത്തില്‍ തോല്‍പ്പിച്ച് വീട്ടില്‍ വന്നാല്‍ സത്യനോട് മാത്രം ഞാന്‍ എന്നും തോറ്റു പോന്നു. അവന്റെ കായിക ശക്തിയും ധൈര്യവും എന്നെ എന്നും അല്ഭുതപെടുതിയിരുന്നു . അഞ്ചു പെണ്കുട്ടികല്കിടയില്‍ അവസാനത്തെ ആന്തരിയായി പിറന്നത് കൊണ്ടോ അച്ഛനമ്മമാരുടെ ഓമനയായി വളര്‍ന്നത് കൊണ്ടോ അറിയില്ല . ശരീരത്തിനൊപ്പം അവന്റെ മനസ്സു വളര്‍ന്നിരുന്നില്ല .വിട്ട് പോകാന്‍ കൂട്ടാക്കാത്ത കുട്ടിത്തം കാരണം "പൊട്ടന്‍","മണ്ടന്‍" എന്ന വിളിപ്പേരുകള്‍ നാട്ടുകാരില്‍ നിന്നും കിട്ടിയിരുന്നു. അതൊക്കെ കേട്ടാലും അവന്‍ ചിരിച്ചുകൊണ്ടെയിരുന്നു ..ഒരു പരാതിയും പറയാതെ.
പെട്ടെന്ന് ആരാണ് കണ്ടതെന്നറിയില്ല കാട്ടുതീ പോലെ ആ വാര്‍ത്ത പരന്നു ...എല്ലാവരും കിഴക്കൊട്ടോടി ..ഞാനും ..മുട്ടിനൊപ്പം വെള്ളം കയറിയ ചിറയില്‍ നിന്നും കിഴക്ക് പാടത്തിന്റെ നടുവിലെ കുളത്തിലേക്ക് കണ്ണും നട്ടു ചെറിയ ഒരു ജനകൂട്ടം ..കടല്‍ പോലെ പരന്നു കിടക്കുന്ന മലവെള്ളം ..മഴക്കാര് മൂടി കെട്ടി കിടന്ന ആകാശം ഒരു നരച്ച വെളിച്ചത്തോടെ അവിടെ പ്രതിഫലിച്ചു .ഒരില പോലും അനങുന്നില്ല ..ഒരു വല്ലാത്ത വിഷാദം നാട്ടുകാരുടെ മുഖത്തെന്ന പോലെ പ്രകൃതിയിലും പ്രതിധ്വനിച്ചു .
പാടത്തിന്റെ നടുവിലെ ഞങ്ങള്‍ ചുണ്ടാറുള്ള കുളവും കവിഞ്ഞൊഴുകുന്ന മലവെള്ളത്തില്‍ കിഴക്കോട്ടു ചെരിഞ്ഞ നെല്ചെടികളില്‍ തടഞ്ഞു രണ്ടു നീല ചെരിപ്പുകള്‍ പൊങ്ങി കിടന്നു ..അകലെ അല്പം മാറി വാഴപിണ്ടി കൊണ്ടുണ്ടാകിയ ഒരു ചന്ങാടവും ......പിന്നെ കുളത്തിന്റെ അഗാധതയില്‍ വഴു വഴുപ്പാര്‍ന്ന ജല സസ്യങ്ങള്‍ക്കും താമര വേരുകള്‍ക്കും ഇടയില്‍ കണ്ണും വായും തുറന്നു പാതി ചെളിയില്‍ പൂണ്ട മരവിച്ച സത്യന്‍ .. അകലെ കാര്‍മേഘങ്ങള്‍ക്കിടയില്‍ നിന്നും ഒരു ചെറിയ മൂളല്‍ ഇരംബമായി കാതുകളിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തിരിഞ്ഞു നടന്നു ..പോലീസിനെയും മുങ്ങല്‍ വിദഗ്ധരെയും കാണാന്‍ നിന്നില്ല..തിരിച്ചു വരും വഴി അവന്റെ വീട്ടില്‍ നിന്നും ഒരു പാടു സ്ത്രീകളുടെ ഒരുമിച്ചുള്ള കരച്ചില്‍ കേട്ടു ..എന്നാല്‍ ഒരു തുള്ളി കണ്ണീര് പോലും വാര്‍ക്കാതെ ദൂരേക്ക് നോക്കി മിണ്ടാതിരിക്കുന്ന അവന്റെ അച്ഛന്റെ രൂപം ഇപ്പോളും മറക്കാന്‍ കഴിയുന്നില്ല