Saturday, September 19, 2009

മഹാനഗരം ആദ്യാസ്തമയം!!!സ്റ്റേഷനു പുറത്തോട്ടുള്ള വഴിയിലായ് , വന്നും പോയും , നടന്നു നീങ്ങുന്ന ആൾക്കൂട്ടത്തിനിടയിലൂടെ ഞാൻ കണ്ടു॥ ഓവർ ബ്രിഡ്ജ് സ്റ്റെയർ കേയ്സിനടുത്തായി ‘ ദിൽ തോ പാഗൽ ഹേ‘ പോസ്റ്റർ പാതി മറച്ചു കൊണ്ട് വെളുത്ത ബെൽബോട്ടം പാന്റിനുള്ളിലായ് നിന്നു ചിരിക്കാണ്ട് നിക്കണ രാജേട്ടനെ..
ഞാൻ നടന്നടുത്തപ്പോൾ പുള്ളിയെന്നെയും കണ്ടു !
‘ഹൊ ആളൊരു സുന്ദരക്കുട്ടപ്പനായല്ലോ..’ മുണ്ടും ബാറ്റാ ചപ്പലുമല്ലാതെ ഷൂസും പാന്റ്സും ധരിച്ചുള്ള ഈ രൂപം ഞാൻ ആദ്യായിട്ടാ കാ‍ണുന്നതു പക്ഷേ, അതോടൊപ്പം കാണാറുള്ള ആ പുഞ്ചിരിയും അപ്രത്യക്ഷം !! മൂന്നുമണിക്കൂർ കാത്ത് നിൽക്കേണ്ടി വന്നതാണോ ഹാഫ് ഡേ ലീവ് എടുക്കേണ്ടി വന്നതാണോ ആ മുഖത്തു കടന്നൽ കുത്താൻ കാരണം എന്നറിയില്ല !! എന്തായാലും അതു മൂലം എനിക്കു നഷ്ടമായത് മറുനാടൻ സമാഗമത്തിലെയൊരു ധൃതരാഷ്ട്രാലിംഗനം!!!!
പോട്ടെ॥അല്ലേലും വാ വിട്ട വിടു വാക്കിനു പിന്നാലെ വേലിയിൽ നിന്നിറങ്ങി വന്ന പാമ്പിനിതിൽ കൂടുതൽ എന്തു കൊടുക്കാൻ… എന്തു കിട്ടാൻ ! പെട്ടെന്നു എന്റെ കയ്യിൽ നിന്നും ബാഗും തട്ടിപ്പറിച്ചൊരു നടത്ത ! “വാ” എന്നു പറഞ്ഞുവെന്നു മാത്രം തോന്നുന്നു ! പിന്നാലെ ഞാനു!!
ഈ തിരക്കിലെങ്ങാനും സ്വയം കളഞ്ഞു പോകരുതല്ലോയെന്നു കരുതി നിരത്തിലിഴയുന്ന ബെൽബോട്ടം പാന്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടു അനുഗമിച്ചു !
സെൻ ട്രലിൽ നിന്നും വെസ്റ്റേൺ ലയിനിലേക്കും അവിടെച്ചെന്നു ഇലക്ട്രിക് ട്രെയിനിലേക്കും കയറുന്നതു വരെ ഈ നോട്ടം തുടർന്നു ...
യെന്റമ്മോ… !!ആയിരക്കണക്കിനാളുകൾക്ക് കയറാനും അത്ര തന്നെ പേർക്ക് ഇറങ്ങാനും 60 സെക്കന്റ് മാത്രം നിന്നു തരുന്ന ഈ തീവണ്ടിയിലേക്കെന്നെ കുത്തിക്കയറ്റാൻ ഞാൻ പെട്ട പാട്..!! പോരാത്തതിനു ‘പീക്ക് ഹവേർസ്’ അല്ലാത്തതു കൊണ്ടു തിരക്കു കുറവാണെന്ന രാജു ഭായിയുടെ ആത്മഗതവും എന്നെ ഞെട്ടിച്ചുകളഞ്ഞു! ഓ॥ഗോഡ് !! അമ്മാതിരി തിരക്കിൽ ഡെയിലി പോയിവരുന്ന ഭായിയെ ഞാൻ ബഹുമാനപുരസ്സരം നോക്കി..അല്ലേലും നോക്കാനല്ലേ പറ്റൂ കൈകാലുകൾ ബന്ധിതസമാനമായ ഈ ‘പാക്ക്ഡ്’ ട്രെയിനിൽ വെച്ചു പുറത്തു തട്ടി അഭിനന്ദിക്കാനാൻ പറ്റോ..!!!
കാന്തിവലിയെത്തിയപ്പോൾ ഞാനായിട്ടു ഒന്നും ചെയ്തില്ല ..വാതിൽ‌പ്പടിയിലേക്കു മുഖം തിരിച്ചു നിന്നെയുള്ളൂ..പുറത്തേക്കുള്ള കുത്തൊഴുക്കിൽ‌പ്പെട്ടു നിലം തൊടാതെ സ്റ്റേഷനിലേക്കു ലാൻഡ് ചെയ്തു..
സ്റ്റേഷനു പുറത്തേക്കു നടക്കുമ്പോൾ രാജേട്ടൻ പറഞ്ഞു
“ഇവിടെ നിന്നും ഒരു പതിനഞ്ചു മിനിറ്റു നടക്കണം ഓട്ടോയിൽ പോവാണെങ്കിൽ അര മണിക്കൂറിനും മേലെയെടുക്കും” ട്രാഫിക് അത്രക്കു ജാമാത്രേ..!!
മനസ്സിലും പാതി ചുണ്ടിലുമായി ‘മുംബൈ മേരി ജാൻ’ മൂളി വീണ്ടും നട തുടർന്നു॥കാന്തിവലി ഈസ്റ്റിലെ ഗതാഗതക്കുരുക്കിലകപ്പെട്ടു അനങ്ങിയനങ്ങി നീങ്ങുന്ന വാഹനങ്ങൾക്കിടയിലൂടെ …ഹനുമാൻ നഗറിലെ ഗലികളിലൂടെ പിന്നെ അയ്യപ്പ ചൌക്കിലെ ചെറു വീഥിയിലൂടെ…। പൂരത്തിരക്കിനൊരു ശമനമുണ്ടിവിടെ…ദേ പിള്ളേരു നടു റോഡിലും ക്രിക്കറ്റ് കളിക്കുന്നു.. വീണ്ടും ബെൽബോട്ടത്തിൽ നിന്നും ശ്രദ്ധ പാളി..ഒരുത്തൻ ലോംഗ് റൺ അപ് എടുത്തു വരുന്നു… ഷൊഹെയ്ബ് അക്തറിനെപ്പോലെ, പക്ഷേ,ഗലിയിലെ എരുമച്ചാണകത്തിൽ കാലുകുത്താതെയുള്ള അവന്റെയാ ഓടിവരവും വഴിപോക്കരേതു കളിക്കാരേതു എന്നറിയാൻ പറ്റാത്ത ഫീൽഡിംഗ് സെറ്റ് അപ്പും സർവ്വോപരി ‘ ബിസ്കറ്റ് പാട്ട ’ സ്റ്റമ്പായി വെച്ചതിനു മുൻപിൽ സച്ചിനെപ്പോലൊരുത്തന്റെ നിൽ‌പ്പും കണ്ടപ്പോൾ വീണ്ടും ഒരു നിമിഷം ഞാനൊന്നു നിന്നു!!! സ്വത സിദ്ധമായ ഒരു ആകാംക്ഷ !! എന്താവും സംഭവിയ്ക്ക?? പാട്ട തെറിക്കുമോ അതോ സിക്സറടിക്കുമോ..?!? അകത്തേക്കെടുത്ത ശ്വാസം അങ്ങനെ തന്നെ നിന്നു…!!! അവനെത്തി..ചാടിയുയർന്നു..കാല്പാദങ്ങൾ നിലത്തു തൊട്ടതും ..പന്ത് കൈവിട്ടു..നല്ല സ്പീഡ്..ദൈവമേ ‘യോർക്കർ’..!!! ഫ്രണ്ട് ഫുട്ടിൽ ഞെരിഞ്ഞമർന്നു നിലമ്പരിശായി ബാറ്റ് വെച്ചു സച്ചിൻ ഡിഫെന്റ് ചെയ്തു…

ഞാൻ ശ്വാസം വിട്ടു …!!! മനോഹരം..വെരി ഗുഡ്…!!
ങ്ഹേ…അയ്യോ..രാജേട്ടൻ എന്തിയേ..?? കൺ വിട്ടതും കാണാമറയത്തായല്ലോ !! നിന്ന നിൽ‌പ്പിൽ ഞാൻ നാലു വട്ടം കറങ്ങി…ഈ ക്രിക്കറ്റെന്നും എന്നോടെന്താ ഇങ്ങനെ?? ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി ഞാൻ
കളിപ്പിള്ളേർസിനെ നോക്കി ഇതികർത്തവ്യതാമൂഡനായി നിൽക്കേ ദാ.. എന്നെ നോക്കുന്ന ബർമ്മൂഡയിട്ട സച്ചിന്റെ കണ്ണിലും തിളക്കം !! ആ ബാറ്റവിടെയിട്ട് എന്റടുത്തേക്കു വന്നു..പിന്നെ മലയാളത്തിലായ്
“ വീരു മാമ്മനല്ലേ ..?? എന്നെ മനസ്സിലായില്ലേ..? ഞാൻ ഭൂപേഷ്..!! “

“ഹോ…നീയായിരുന്നോ..?? എടാ കണ്ടിട്ടു മനസ്സിലായില്ല…!!“ അല്ലേലും ഇവനൊക്കെ നാട്ടിൽ വരുമ്പോൾ പരിചയം പുതുക്കാൻ നമുക്കെവിടാരുന്നു സമയം!!! എന്റെ അമ്മായിയുടെ മോളുടെ മോനാ ഭൂപേഷ് ഇപ്പോൾ പ്ലസ് ടു വിനു പഠിക്കുന്നു..പിന്നീടങ്ങോട്ട് ലവന്റെ കാലുകൾ വഴികാട്ടിയായി..!!
അടുത്തു തന്നെയായിരുന്നു താമസസ്ഥലം ..!! ഇരുവശവും കയ്യുയർത്തിയാൽ തടയും വിധം വീട്ടു ചുമരുകളും താഴെ പൊട്ടിപ്പൊളിഞ്ഞ സിമന്റു സ്ലാബുകൾക്കടിയിൽ മാലിന്യമൊഴുകുന്ന കാനകളും മുകളിൽ നരച്ച ആകാശവുമുള്ള ആ കുടുസ്സായ ഗലികളിലൂടെ എതിരേ വരുന്നവർക്ക് സൈഡ് കൊടുത്ത് ഞാൻ ഭൂപേഷിന്റെ പുറകെ നടന്നു..വലതു വശത്തൊരിടത്തു മലയാളത്തിൽ ‘ഓം നമോ നാരായണായ’ എന്നെഴുതി വെച്ചൊരു വാതിലിനുമുൻപിൽ നിന്നു കൊണ്ട് ഭൂപേഷ് ഉറക്കെ വിളിച്ചു..
“മാ…അങ്കിൾ ആഗയാ..ദർവാസാ ഖോലോ…”
സതിയേച്ചി വാതിൽ തുറന്നു “ ഹാ വീരു എത്യോ??വണ്ടി ലേറ്റായിലേ?, അപ്പോൾ നിന്റെ മാമ്മനെന്തിയേടാ??” ഭൂപേഷിനോടുള്ള ഈ ചോദ്യത്തിനു മറുപടിയായി ക്രിക്കറ്റ് കളി കണ്ടു നിന്നപ്പോൾ രാജേട്ടൻ അപ്രത്യക്ഷനായ കഥ പറഞ്ഞു കൊണ്ട് ഞാനും ,അവർക്കൊപ്പം, പിന്നിട്ട ഗലിയിലേക്ക് തിരിഞ്ഞൊന്നു നോക്കി …
ദാ വരണു ഭായ് ഒരു സിഗരറ്റും പുകച്ചോണ്ട്…
“ഞാനപ്പുറത്തെ കടേന്നൊരു സിഗരറ്റു വാങ്ങാൻ കേറിയതാ..നീ നിന്നു തിരിയണതും ഭൂപു നിന്നേം കൂട്ടി നടക്കുന്നതും ഞാൻ കണ്ടായിരുന്നു…!!” സിഗരറ്റു കുറ്റി കാനയിലേക്കെറിഞ്ഞു എന്നോടൊപ്പം അകത്തേക്കു കയറുമ്പോൾ ആളു പറഞ്ഞു…അതു ശരി..!! എലിയുടെ പ്രാണവേദന പൂച്ചക്കൊരു തമാശയാണല്ലോ..!!!! ഉള്ളിലേക്കു കയറിയതും അകത്തെ ‘സെറ്റ് അപ്‘ ഞാനൊന്നു നോക്കിക്കണ്ടു..
ആ വലിയ കട്ടിലില്ലായിരുന്നെങ്കിൽ സാമാന്യം വലുപ്പമുള്ള ഒരു ഹാൾ , അതിനപ്പുറത്തൊരു ചിന്ന റൂം, ചേർന്നൊരു അടുക്കളയും ഒരു കൊച്ചു കുളിമുറിയും ങ്ഹേ..? ആ കൊട്ടാരം അവിടെ തീർന്നു..!! കേട്ടിട്ടുണ്ട് ബോംബെയിൽ ഇത്രയും ഉള്ളതു തന്നെ വല്യ കാര്യാണെന്നു..!! എന്നാലുമെന്തോ ഒരു കുറവുണ്ടല്ലോ…
“അപ്പോ കക്കൂസ്??“ ഉള്ളിലൊതുക്കാനാവാത്ത ആകാംക്ഷ പുറത്തേക്കു വന്നു…
“ അതവിടാ..ഞങ്ങൾ കളിക്കുന്നുണ്ടായിരുന്നില്ലേ അതിന്റെ പുറകിൽ” ഭൂപേഷാണതു പറഞ്ഞത്…ആ കളിക്കളത്തിനു പുറകിൽ കണ്ട നിരനിരയായ സിമന്റ് ജനലുകൾ നിറഞ്ഞ കെട്ടിടം ഞാൻ ഓർത്തെടുത്തു..നിറബക്കറ്റുമായി നടന്നു നീങ്ങുന്നുണ്ടായിരുന്ന ആ ജനാവലിയും….ങ്ഹേ പബ്ലിക് ടോയ്ലെറ്റ്…!!!
ദൈവമേ..സിനിമാ തിയ്യറ്ററിൽ പോലും ക്യൂ നിൽക്കാത്ത ഞാൻ നാളെ മുതൽ….??!!

വേഗം തന്നെ കുളിച്ചു ഫ്രഷായി വന്നു വീട്ടു വിശേഷങ്ങളും നാട്ടുവിശേഷങ്ങളും പറയുന്നതിനിടയിൽ ഉച്ചയൂണും അകത്താക്കി. സതിയേച്ചിയുടെ ഭർത്താവിനു മഹീന്ദ്രയിലാണു ജോലി..എത്താറാവുന്നതേയുള്ളൂ..ഡ്യൂട്ടിയിലാണിപ്പോൾ പിന്നെ രാജേട്ടനാണെങ്കിൽ പെണ്ണും കുട്ടിയും നാട്ടിലേക്കു പോയപ്പോൾ ഉണ്ടായിരുന്ന വാടക വീടും കയ്യൊഴിഞ്ഞു പെങ്ങളുടെയും അളിയന്റെയും കൂടെ ഒരു ചെറു പാരയായ് കൂടിയിരിക്കാണ് അതിനിടയിലേക്കാണ് ഈയുള്ളവന്റെ വരവ്.. ഹും കൊള്ളാം....!!! ഈ വേലിയിലെ പാമ്പിന് കൂനിന്മേലെ കുരുവായ് ഒരു രൂപമാറ്റം!! ഊണിനു ശേഷം ഹാളിലെ കട്ടിലിൽ കിടന്നു ഞാനൊന്നുറങ്ങി..എണീറ്റപ്പോൾ നേരം വൈകിയിരുന്നു സതിയേച്ചി തന്ന കട്ടൻ ചായയും കുടിച്ചു 'അകലെക്കൊന്നും പോണ്ടാട്ടാ നീയ്യ് ' എന്ന ഉപദേശവും വാങ്ങി ഞാനൊന്നു പുറത്തോട്ടിറങ്ങി… ഗലികളിലൂടെ..നേരത്തേ വന്ന വഴി നോക്കി നോക്കി..പുറത്ത് വണ്ടികളും ആളുകളും ഒഴുകുന്നു…ഒരു ദിശാവബോധം കിട്ടുന്നില്ല…ഏതാ തെക്ക് ?? ഏതാ കിഴക്ക് !!?? ഹാ ദേ കാണുന്നു സൂര്യൻ !!! അപ്പോളതാണു പടിഞ്ഞാറ്…ട്രാഫിക് സിഗ്നൽ ബോർഡിനിടയിലൂടെ ജനവാഹനനിബിഡമായ ഈ തെരുവും കടന്ന് വേറൊരുപാട് തെരുവുകൾക്കുമപ്പുറം കാണുന്ന കൂറ്റൻ കോൺക്രീറ്റു കെട്ടിടങ്ങൾക്കിടയിലേക്കു ചായുന്ന സൂര്യൻ!! ഈ മഹാനഗരത്തിലെ ഒരു ചെറിയ തെരുവിലായ് ഞാനാ അസ്തമയം നോക്കി നിന്നു..എനിക്കു പരിചയമില്ലാത്ത ഒരു സൂര്യൻ !!

Friday, September 4, 2009

യാത്രാനന്തരം ..മുംബൈ !!!
വണ്ടിയേതോ പഴഞ്ചൻ പാലത്തിലൂടെയോ മറ്റോ കേറിപ്പോയപ്പോളാവണം ഒരു വലിയ ശബ്ദ്ധം കേട്ട് ഞാനുണർന്നു…വെറുതേയൊന്നു കണ്ണു പുറത്തേക്കൊന്നു പായിച്ചപ്പോൾ ദൈവമേ..എന്തായിതു..?? കടലിനു നടുവിലൂടെയായോ യാത്ര..!! എണീറ്റിരുന്നു നോക്കി… പാൽക്കടലല്ല..!! വെയിൽ പോലെ നിലാവു പരന്നു കിടക്കുന്ന തരിശുനിലങ്ങൾ ….വയലുമില്ല..തെങ്ങുകളുമില്ല..കടൽ പോലെ പരന്ന വെളിച്ചം വിതറുന്ന ആന്ധ്രിയൻ മരുഭൂമി… തീവണ്ടിയാണെങ്കിൽ ദിശ പോലും അറിയാനിട തരാതെ പായുകയാണു..മുകളിലെ ബെർത്തിൽ തല മുട്ടാതെ ജനലിലേക്കു കുനിഞ്ഞിരുന്നു ഞാൻ പുറത്തേക്കു നോക്കി..നോക്കെത്താദൂരത്തോളം പരന്ന് കിടക്കുന്ന മണലാരണ്യം വണ്ടിയോടു പന്തയം വെച്ചു കുതിക്കുന്ന മനോഹരമായ കാഴ്ച്ച !!
കണ്ണും തിരുമ്മി ഞാൻ ജീവനനക്കമുള്ള ഏതെങ്കിലും ഒരു തുരുത്തു കാണാൻ കൺപാർത്തിരുന്നു…ദേ..അകലെ ചെറുതായി ഒരു ധൂമപടലം..സമാന്തരമായി കാണുന്നു….ഒപ്പം നീങ്ങുന്ന വേറൊരു വണ്ടീയോ മറ്റോ ആണെന്നു തോന്നുന്നു..
അല്ല !! അതൊരു കൂട്ടമാണു…!! വരിവരിയായി കുതിക്കുന്ന വെള്ളയും കറുപ്പും കലർന്ന കുതിരക്കൂട്ടം..ഹോ.!! ലെൻസിൽ ഫിൽറ്റർ വെച്ചു ഷൂട്ട് ചെയ്ത ഒരു ഹോളിവുഡ് സിനിമാരംഗം വലിയ ക്യാൻ വാസിൽ കാണുംപോലെ….മനോഹരമായ ഈ കാഴ്ച്ച കാണാൻ ഈ ട്രെയിനിൽ ഇപ്പോൾ ഞാൻ മാത്രമേ ഉണർന്നിരിക്കുന്നുള്ളൂവെന്നോർത്തപ്പോൾ ഒരു ചെറിയ വിഷമം തോന്നി…ആ യാത്രാസംഘം അടുത്തടുത്തു വന്നപ്പോൾ കുതിരകൾ മാത്രമല്ല കുതിരപ്പുറത്താളുകൾ കൂടിയുണ്ടെന്നു മനസ്സിലായി..ഭഗവാനേ..വണ്ടിയോടു മത്സരിച്ചു അടുത്തേക്കു നീങ്ങിവരികയാണല്ലോ…!! ഒപ്പം “ഹൊയ് “വിളികളും ആക്രോശങ്ങളും.. ങ്ഹേ..സവാരിക്കാരെല്ലാം കണ്ണുകൾ മാത്രം കാണും വിധം മുഖം മൂടിയവർ..!!
ആ അശ്വാരൂഡരുടെയെല്ലാം കയ്യിൽ എന്താണീ നിലാവിൽ തിളങ്ങുന്നതു???
തോക്ക്..!! അതെ എ കെ 47 എല്ലാ പന്നീന്റെ മക്കളുടേം കയ്യിൽ..!!!!
ദൈവമേ ഞാൻ എഴുന്നേറ്റു നാരായണേട്ടനെയും മോളിൽ കിടന്നിരുന്ന കാർന്നോരെയും വിളിച്ചെണീപ്പിക്കാമെന്നു കരുതി നോക്കിയപ്പോൾ ഞെട്ടി..!!! ബെർത്തെല്ലാം കാലി !! ങ്ഹേ മൊത്തം കമ്പാർട്ട്മെന്റ് കാലി..!!!! പുറത്തു കുതിരകളുടെ ചിന്നം വിളികളും ആളുകളുടെ ഹൊയ് വിളികളും..
ഒരു കൈകാൽ തരിപ്പ് ..പരവേശം..!! അലറിയാലോ..വേണ്ട..!!പിന്നെന്താണിപ്പോൾ ചെയ്യാ?? സീറ്റിനടിയിൽ ഒളിച്ചിരിക്കാം..കള്ളന്മാ‍രാണെങ്കിൽ കാലി വണ്ടിയാണെന്നു കരുതി തിരിച്ചു പോവില്ലേ??!! താഴത്തെ ബാഗുകൾ വകഞ്ഞു മാറ്റി ലൊവെർ ബെർത്തിനടിയിലേക്കു ഞാൻ പളങ്ങി..കയ്യും കാലും പരമാവധി ഉള്ളിലേക്കു വലിച്ചു ഒളിച്ചിരുന്നു.. എന്നേക്കാൾ മുൻപേ തീവണ്ടിയാക്രമണം മണത്തറിഞ്ഞ സഹയാത്രികർ എവിടെയോ പോയി ഒളിച്ചിരിക്കുന്നുവെന്ന ദുഖസത്യം ഞാൻ അറിഞ്ഞു..അവർക്കു എന്നെയും ഒന്നുണർത്താമായിരുന്നില്ലേ..!! കുതിരക്കുളമ്പടികൾ തീവണ്ടിയുടെ ശബ്ദ്ധത്തിലും വേറിട്ടു കേൾക്കാം ..പുറത്തു ജനൽകമ്പികളിൽ പിടിച്ചു ട്രെയിനിലേക്കു പകരുന്ന കൊള്ളക്കാരുടെ രൂപം ഞാൻ മനസ്സിൽക്കണ്ടു..
ഇപ്പോൾ എല്ലാവരും ട്രെയിനിൽ കയറിക്കാണും..കാലടി ശബ്ദ്ധം കേൾക്കുന്നുണ്ടോ….!?! ഹാ…. കേൾക്കുന്നുണ്ട്...
അതടുത്തടുത്തു വരികയാണല്ലോ..ക്ട്ക്.. ക്ട്ക്.. മെതിയടികൾക്കടിയിലെ മണൽ തരികൾ ലോഹത്തകിടിൽ ഞെരിഞ്ഞമരുന്ന ശബ്ദ്ധം ഈ കമ്പാർട്ട് മെന്റിനടുത്തേക്ക്… ദേ മുൻപിലായ് മണലിൽ പുതഞ്ഞു നിറം മങ്ങിയ രണ്ടു ബൂട്സ്..!!! ദൈവമേ..ഇവിടെ വന്നു നിന്നൂലോ..ഹോ ..അതു തിരിഞ്ഞു ഞാൻ കിടക്കുന്നിടത്തേക്കു തന്നെയാണല്ലോ വരുന്നതു..ഇപ്പോൾ കുതിരക്കുളമ്പടിയും വണ്ടിയുടെ കൂകലും ഇല്ല..!! അതെ.. എന്റെ നെഞ്ഞിടിപ്പിന്റെ ശബ്ദ്ധം മാത്രം!!!! അയാൾ എന്നെ കണ്ടു കഴിഞ്ഞോ?? ചതിച്ചു..!! ഈ ബെർത്തിനടിയിലേക്കു കുമ്പിട്ടു നോക്കുകയാണു..!!! കണ്ടു…!! അകത്തേക്കരിച്ചിറങ്ങുന്ന നിലാവിൽ ഞാനും കണ്ടു അയാളുടെ മുഖം മറയ്ക്കുന്ന കറുത്ത തുണിയും തീ പാറുന്ന കണ്ണുകളും ഇനി രക്ഷയില്ല…!!!!
“അയ്യോ…!!!“ “”“”“എന്റമ്മേ..!!!!!!“”“”“”
“എന്താ ..?? ആരാ …?? ക്യാ ഹുവാ…?? “
എസ് 7 നിലെ അറുപത്തിമൂന്നാം നമ്പർ ബെർത്ത് എപിക് സെന്ററായി ഉത്ഭവിച്ച ആ കുലുക്കം അതേ കോച്ചിലെ മറ്റു കമ്പാർട്ടുമെന്റുകളിലേക്ക് അവരോഹണ ക്രമത്തിൽ ഒരു തിരമാലയായ് ആഞ്ഞടിച്ചു പരന്നു…!!!!
പലരും പലരീതിയിൽ പ്രതികരിച്ചു..താടിയും വയറും ചൊറിഞ്ഞുകൊണ്ടു ഒന്നിളകിത്തിരിഞ്ഞു കിടന്നു ചിലർ… കിടന്നകിടപ്പിൽ വെറുതെയൊന്നു മുരണ്ടു വേറെ ചില കുംഭകർണ്ണന്മാർ …..പുതപ്പു മാറ്റി തലയോടൊപ്പം തോളും കഴുത്തും ഉയർത്തി മൂങ്ങയെപ്പോലെ കണ്ണു വട്ടം പിടിച്ച് നാലുപാടും നോക്കി ‘ആ..’ എന്നും പറഞ്ഞു വീണ്ടും ഉറങ്ങാൻ കെടന്നു മറ്റു ചിലർ..അതേസമയം മൂന്നാമത്തെ കമ്പാർട്ട് മെന്റിലെ മിഡിൽ ബെർത്തിൽക്കിടന്നു എന്റേതിനു സമാന്തരമായി മറ്റൊരു ‘ട്രെയിൻ മറിയുന്നതോ ഇടിക്കുന്നതോ ആയ’ ദുസ്വപ്നം കണ്ടു കൊണ്ടിരുന്ന ഒരപ്പൂപ്പനും , സ്വപ്നത്തിന്റ്റെ ക്ലൈമാക്സിൽ ചെവിടിൽ വന്നലച്ച ആ അലർച്ചക്കൊപ്പം കോറസ്സു പാടിയതാരും അറിയാതെ പോയത് പുള്ളിയുടെ വാർധക്യം ത്രോട്ട് ഡയഫ്രത്തിന്റെ ആമ്പിയർ കുറച്ചിരുന്നതു കൊണ്ടു മാത്രമായിരുന്നില്ല,ഞെട്ടിയുണർന്നപ്പോൾ തൊണ്ടയിലൂടെ പുറത്തേക്കു വന്ന വികൃത ശബ്ദ്ധത്തെ സ്ഥലകാലബോധം വീണ്ടെടുത്ത നാവിലൂടെ ഒരു അർത്ഥദ്യോതക രൂപത്തിലാക്കി “ബ്ബേ യാരഡേയ്..വെറുതെ ഓരോരോ സ്വപ്നങ്ങളു കണ്ടു മനുഷ്യനെ പ്യേടിപ്പിക്കാൻ” എന്ന് മാറ്റിയതു കൊണ്ടും കൂടിയാണു.!! “അതിനെങ്ങനാ ഉറങ്ങാൻ കെടുക്കുമ്പോൾ രണ്ടു മൊഴി നാമം ചൊല്ലി ക്കെടന്നാലല്ലെ…” മുഖത്തെ ജാള്യതയെ ഗൌരവം കൊണ്ടു മറച്ചു അതിനു മീതെ പുതപ്പും കൂടി വലിച്ചിടുമ്പോൾ ഒരനുപല്ലവിയായി പറഞ്ഞുകൊണ്ടു ,വീണ്ടും , അപ്പൂപ്പനും ഉറങ്ങാൻ കിടന്നു. ഇവിടെ കുംഭവയറൻ ടോണിച്ചനൊഴിച്ചെല്ലാരും ഞെട്ടിയുണർന്നിരുന്നു
സ്വപ്നത്തിൽ നിന്നുണർന്നെണീറ്റ ഞാൻ സ്ഥലകാലബോധം വീണ്ടെടുക്കാൻ പറ്റാതെ , എന്റെ മുമ്പിൽ നിൽക്കുന്ന ആ രൂപത്തെ മനസ്സിലാക്കാനാവാതെ അസ്തമിച്ചിരുന്നു..!!! എന്റെ നെഞ്ചു പടപടാന്നുള്ള മേളം നിർത്താതെ തുടർന്നു…..ഇരുപത്തി മൂന്നു വർഷത്തെ എന്റെയീ ജീവിത കാലയളവിനുള്ളിൽ ഇതിനു മുൻപു രണ്ടു തവണയേ ഹൃദയം ഇങ്ങനെ പെരുമ്പറ കൊട്ടിയിട്ടുള്ളൂ..നാലു വയസ്സുള്ളപ്പോൾ മുട്ടിച്ചെരിപ്പും ഇട്ട് ബാഗും തോളിലേറ്റി ബാലവാടിയിൽ പോകുന്ന വഴിയിൽ വെച്ചു വേലാണ്ടി മാഷുടെ വീട്ടിലെ ടോജൻ(നായ) കടിക്കാനോടിച്ചപ്പോൾ കാലിടറി തൈക്കുഴിയിൽ വീണ ,നല്ല മഴക്കാറു നിറഞ്ഞ ആ ജൂലായ് പ്രഭാതത്തിലും കരിങ്ങോട്ട മരത്തിൽ ഒളിച്ചിരുന്ന പൌലോസിനെ കണ്ടു ചെകുത്താനാണെന്നു തെറ്റിദ്ധരിച്ച ആ തൃസ്സന്ധ്യയിലും.. !!
ങ്ഹേ..ഇതു കാർന്നോരല്ലേ..!! ആരോ ലൈറ്റിട്ടപ്പോൾ സ്വപ്നത്തിലെ കൊള്ളക്കാരന്റെ മുഖം കമ്പ്യൂട്ടർ മോർഫിങ്ങിലെന്ന പോലെ പൂർണ്ണമായും അമ്മാവന്റെ മുഖമായി പരിണമിച്ചു..എന്റെ തൊട്ടു മോളിലെ ബെർത്തിൽ കിടന്നുറങ്ങിയിരുന്ന പകലൊറങ്ങിയമ്മാവൻ താഴെയെന്റെ മുമ്പിലെങ്ങിനെ കൊള്ളക്കാരനായി വന്നു നിന്നു.!!
വെള്ളം വാങ്ങിക്കുടിക്കുമ്പോൾ പുള്ളിക്കാരൻ നാരയണേട്ടനോട് പറയണ കേട്ടു.. ”ഞാൻ ആ റ്റോയ്ലെറ്റിലൊന്നു പോയി വന്നതാ എന്റെ ചെരിപ്പു സീറ്റിനടിയിലേക്കു കൈ കൊണ്ടു തള്ളി വെയ്ക്കാൻ കുനിഞ്ഞപ്പോളാ ഈ പഹയന്റെ അലർച്ച …ഞാനും പേടിച്ചെന്നേയ്…”
ഹും കേട്ടില്ലേ..!! വെറുതെയൊന്നു പേടിച്ചേയുള്ളെന്നു..!!!!
സംഗതി സ്വപ്നം കണ്ടു ഞാൻ അലറിയെന്നുള്ളതു നേരു തന്ന്യാ…അത് പത്തടി വ്യാസവൃത്തത്തിൽ കിടന്നുറങ്ങുന്നവരെയെല്ലാം കുലുക്കിയുണർത്താൻ തക്ക വണ്ണം ശക്തമായിരുന്നുവെന്നതും സത്യം...എന്നാലും ബാസ്സും ട്രബിളും അക്രമമായ(ക്രമമില്ലാത്ത.ഹി.ഹി) വികൃതവും കർണ്ണകഠോരവുമായ രണ്ടാമത്തെ അലർച്ച പുറത്തേക്കു വന്നതെന്റെ തൊണ്ടയിൽ നിന്നല്ല.!!!
ഉള്ളാട്ടിൽ ഭഗവതിയാണേ സത്യം..!!
എതിർലോവെറിൽ കിടന്നിരുന്ന നാരായണേട്ടനും കൂട്ടരും മറ്റു കമ്പാർട്ട്മെന്റിൽ നിന്നു എണീറ്റു വന്നവരോടൊപ്പം “എന്താണ്ടായേ?? എന്തിനാ അലറിയേ??സ്വപ്നം കണ്ടതാണോ? വെള്ളം വേണോ” എന്നെല്ലാം ചോദിച്ചപ്പോൾ അലറിയതു ഞാനല്ല ഇയാളാണു എന്നു പറയാതിരുന്നതു ഈ മാന്യനെ പേടിപ്പിച്ചതു കൂടാതെയിനി അപമാനിക്കുകയും കൂടി വേണ്ടാ എന്ന ക്വിക്ക് റിഫ്ലക്സ് ചിന്ത എന്റെ തലച്ചോറിൽ മിന്നിയതു കൊണ്ടു മാത്രമായിരുന്നു..!!
തൊട്ടടുത്ത കമ്പാർട്ട് മെന്റിൽ നിന്നും എണീറ്റു വന്നവരെ” ഏയ് ഒന്നൂല്ല്യന്നേയ് .ദേ ഇവൻ സ്വപ്നം കണ്ടു ഞെട്ടിയതാ“ എന്നു പറഞ്ഞു തിരിച്ചയച്ചിട്ടു
“നേരം വെളുക്കാൻ ഇനിയും ഉണ്ടെടേയ് ഉറങ്ങാൻ നോക്ക് “ എന്നും പറഞ്ഞു നാരായണേട്ടനും ഉറങ്ങാൻ കിടന്നപ്പോൾ ഗബ്ബർസിങ് കാർന്നോരും മിഡിൽ ബെർത്തിലേക്ക് വലിഞ്ഞു കയറി...വന്നവർ എന്തോ മുറുമുറുത്തു കൊണ്ടു തിരിഞ്ഞു അവരവരുടെയിടങ്ങളിലേക്കു നടക്കുമ്പോൾ എന്റെ ഭയം ഇളിഭ്യതയ്ക്ക് വഴി മാറി.. വീണ്ടും ഉറങ്ങാൻ ചെരിയുന്നതിനു മുൻപ് പുറത്തേക്കൊന്നു കണ്ണോടിച്ചു..സ്വപ്നത്തിലേതു പോലെ തന്നെ മരുനിലങ്ങൾ പായുന്നു..പക്ഷേ നിലാവിനത്രയും ഉഷാറു പോരാ...!!!
ഉറക്കവും വരണില്ല..കന്നിയാത്രയിലെ ഭീകരസ്വപ്നം മനസ്സിനെയാകെയുലച്ചു കളഞ്ഞു..ഒരു വല്ലാത്ത അസ്വസ്ഥത.!! തീവണ്ടിക്കൊള്ളക്കാരെയോർത്തല്ല..ആ ഒറ്റപ്പെടലിന്റെ ദുഖം ! അതു മായാതെ നിൽക്കുന്നു..സ്വപ്നമായിരുന്നെങ്കിലും ഈ യാത്രയിൽ ഞാൻ ഒറ്റക്കാണെന്നുള്ള തിരിച്ചറിവു നൽകാൻ അതിനു കഴിഞ്ഞു. എന്നെക്കൂടാതെ വേറൊരാളും ഉറങ്ങാതെ കിടന്നു ഈ വണ്ടിയിലിപ്പോൾ…. മോളീന്ന് ഇപ്പോൾ കൂർക്കം വലിയില്ല..!! ആ വയോ വൃദ്ധന്റെ മനസ്സിലും അസ്വസ്ഥത പടർന്നുറക്കം കളഞ്ഞുപോയിരിക്കണം..!!

നേരം വെളുത്തപ്പോൾ ഒരു വല്ലാത്ത വെളിച്ചം പുറത്തുനിന്നകത്തേക്ക് പരക്കുന്നതും കണ്ടാണെഴുന്നേറ്റതു..
“ഗുഡ് മോണിങ് സർ…!!“നാരായണേട്ടൻ പല്ലുതേപ്പും ഫ്രെഷാവലും കഴിഞ്ഞു വന്നു ബാഗിൽ പേസ്റ്റും ബ്രഷും തിരുകി വെയ്ക്കുന്നതിനിടയിൽ തമാശേന എന്നോടായ് പറഞ്ഞു.. തിരിച്ചങ്ങോട്ടും മോണിങ്ങ് പറഞ്ഞോണ്ടൂ ഞാൻ മൂരിനിവർന്നെഴുന്നേറ്റിരുന്നു പുറത്തേക്കു നോക്കി..തലേന്നു സ്വപ്നത്തിൽ കണ്ട അതേ മരുപ്രദേശങ്ങൾ ഫിൽറ്ററില്ലാത്ത ലെൻസിലൂടെയാണെന്നു മാത്രം.!! കണക്കു പ്രകാരം നാളെ ഇതുപോലെനേരത്ത് വണ്ടി മുംബയിലെത്തിയിരിക്കും..ഞാനും പേസ്റ്റും ബ്രഷുമെടുത്തു നടന്നു…
‘ലവനാണല്ലേ ഇന്നലെ മരപ്പട്ടീടെ ഒച്ചയിൽ അലറിയതു ?‘..എന്നൊരു ഭാവം പല്ലു തേക്കുന്നതിനിടയിൽ നോക്കി പുഞ്ചിരിച്ച പലർക്കും ഉണ്ടായിരുന്നോ എന്നൊരു സംശയം.
വല്ലപ്പോളുമൊക്കെ കമ്പാർട്ട് മെന്റിലുടനീളം നടന്നും ചാഞ്ഞും ചെരിഞ്ഞുമൊരേസീറ്റിൽ തന്നെയിരുന്നും നേരം മെല്ലെ മെല്ലെ നീങ്ങി..
ഈ പകലിൽ ആർക്കും വല്ല്യ ഉഷാറൊന്നും കാണാനില്ല ..മറ്റൊന്നും കൊണ്ടല്ല..യാത്രയുടെ പുതുമ ആലസ്യത്തിനു വഴി മാറീലേ…ഒരേ വണ്ടിയിൽ ഒരേ കാഴ്ച്ചകൾ കണ്ടോണ്ടിരുന്നാൽ ആർക്കാണു രസം തോന്നാ? പോരാത്തതിനു ആടിയുലഞ്ഞു പോകുന്ന തീവണ്ടിയിലെ ഉറക്കം വീട്ടിലെ ഡൺലപ് മെത്തയിലേതു പോലല്ലല്ലോ..!! യാത്രയുടെ വിരസത എല്ലാവരുടെയും മുഖത്തു നിഴലിച്ചു...പുറത്തെ മാറ്റങ്ങൾ അകത്തേക്കില്ല..“തണ്ണി.. വെള്ളം“എന്നതു “ തണ്ഠാ.. പാനി..“ യും “ ഊണു ശാപ്പാട് “ എന്നുള്ളതു “ ഖാനാ..ഖാനാ..“ എന്നും, ഇടതടവില്ലാതെ വന്ന വില്പനക്കാരുടെ വായിൽ നിന്നും , മാറിയതൊഴിച്ചാൽ അതേ മുഖങ്ങൾ അതേ നിശ്വാസങ്ങൾ !!
ചായകുടിയെല്ലാം കഴിഞ്ഞു ഇന്നും കുറച്ചു നേരം ചീട്ടു കളിച്ചെങ്കിലും വല്ല്യ മൂഡ് തോന്നാഞ്ഞതു കൊണ്ടു വേഗം നിർത്തി .. എല്ലാവരും വെറുതെയിരിപ്പായി .
മുന്നിലെ അമ്മാവൻ ഇന്നു പകൽ മുഴുവനും ഊർജ്ജസ്വലനായി ഉറങ്ങാതെയുമിരുന്നു…!! ഞങ്ങൾ കാര്യമായി പരിചയപ്പെടുകയും ചെയ്തു..
പേരു സുകുമാരൻ..നാട് ആലപ്പുഴ…
ആയുസ്സിന്റെ ഏറിയ പങ്കും മഹാനഗരങ്ങളിൽ ചെലവഴിക്കുന്ന ലക്ഷോപലക്ഷം മറുനാടൻ മലയാളികളുടെ ഒരു പ്രതിനിധി..നല്ല കാലം മുഴുവൻ ബോംബേലായിരുന്നെത്രേ..എല്ലാം ഉപേക്ഷിച്ചു ഇപ്പോൾ നാട്ടിൽ സെറ്റിൽ ചെയ്തേക്കുവാ.. ഏതോ പഴയ സുഹൃത്തിന്റെ മകന്റെ വിവാഹം പങ്കെടുക്കാൻ പോവാത്രെ..രണ്ടറ്റാക്ക് കഴിഞ്ഞതാണെന്നും ആരോഗ്യം അനുവദിക്കുന്നില്ലെങ്കിലും ഒട്ടും ഒഴിവാക്കാനാവാത്തതു കൊണ്ടാണീ പോക്കെന്നും പറഞ്ഞു കേട്ടപ്പോൾ ഞാൻ ചെറുതായൊന്നു ഞെട്ടി..കാരണം മൂന്നാമത്തെ അറ്റാക്കിനു കാരണക്കാരനാവാൻ എനിക്കൊരു കാൾ ഇന്നലെയുണ്ടായതാണല്ലോന്നോർത്തു പോയി..!! അപകടം ഒഴിവാക്കിയതിനു ദൈവത്തിനു നന്ദി..മനസ്സാ അർപ്പിച്ചുകൊണ്ട് ഞാൻ ആളോടൊരു സ്വകാര്യം ചോദിച്ചു..
“ഇന്നലെ എന്നേക്കാൾ വലിയ വായിൽക്കരഞ്ഞത് മാമ്മനല്ലേ?“
നാലുപാടും നോക്കി എന്റടുത്തേക്കു മുഖം അടുപ്പിച്ചോണ്ടു മൂപ്പരും പറഞ്ഞു.
“അതേ… എന്നാലും നിയെന്തിനാ മോനേ എന്നെ കണ്ടു പേടിച്ചു നിലവിളിച്ചേ?“ ഞാൻ തീവണ്ടിക്കൊള്ളയുടെ കഥ പറഞ്ഞപ്പോൾ അങ്ങേർക്കും ചിരിയൊതുക്കാനായില്ല..
അങ്ങനെ ചിരിച്ചും കളിച്ചും പായുന്ന ഒരു പകൽ കൂടി കടന്നു ഇരുളിന്റെ തുരങ്കത്തിലേക്കു വീണ്ടും ജയന്തി കയറി…ഹോ നാളെ..മുംബൈ എന്ന മഹാനഗരത്തിൽ ഞാനും ചെന്നെത്തും…!!
വൈകുന്നേരം ഊണു കഴിച്ചു കിടക്കാൻ നേരം സുകുമാർജി പറഞ്ഞു..
“മോനേ ഇന്നലെ പാതിരാത്രി മുതൽ ഒരു പോള കണ്ണടച്ചിട്ടില്ല ..ഇന്നലമ്പൊന്നും ഉണ്ടാക്കല്ലേ….ഗുഡ് നൈറ്റ് !!!“

“ഗുഡ് നൈറ്റ്!!“

ഒറക്കത്തിന്റെ തുടക്കത്തിൽ തന്നെ , വണ്ടി ഇന്ത്യയും കടന്നു പാകിസ്താനിലെത്തിയ ശേഷം ഞാൻ ഉണർന്നെണീക്കുന്നതും പിന്നീടു പാക് റെയിൽ വേ പോലീസു പിടിച്ചിടിക്കുന്നതുമായ , വേറൊരു സ്വപ്നം കണ്ടതു കൊണ്ടു ഇടക്കിടക്കെഴുന്നേറ്റു ബോംബെയെത്തിയോ എന്ന ജനലിലൂടെ നോക്കേണ്ടി വന്നതിനാൽ പിന്നീടങ്ങോട്ടു ഉറക്കം ശരിയായില്ല.. ഇരുളിൽ ഏതു ചെറിയ ഗ്യാലക്സികൾ പോലുള്ള വെളിച്ചക്കൂട്ടങ്ങൾ (ചെറിയ നഗരങ്ങൾ ) കാണുമ്പോളും ദൈവമേ ഇതു ബോംബേയല്ലേ ..!! എന്നെന്റെ ഹൃദയം അകാരണമായി താളം മുറുക്കിച്ചോദിച്ചോണ്ടിരുന്നു..!!
പക്ഷേ നേരം വെളുത്തിട്ടും വണ്ടി ബോംബെയിലെത്തിയില്ല..!! വണ്ടി മൂന്നു മണിക്കൂർ ലേറ്റാണെന്ന് ഏതോ ഒരു സ്ഥിരയാത്രികന്റെ വായിൽ നിന്നും കേട്ടു..
ഇപ്പോൾ ആകാശം മേഘാവൃതമാണ്..മുംബയിൽ മഴക്കാലം അതിന്റെ യവ്വനാവസ്ഥയിലാണെന്നാണ് അറിഞ്ഞത്..പുറത്തെ കാഴ്ച്ചകൾക്ക് മാറ്റം വന്നിരിക്കുന്നു..ആളനക്കവും വണ്ടികളും കെട്ടിട സമുച്ചയങ്ങളും കണ്ടു തുടങ്ങി..തീപ്പെട്ടിക്കൂടു പോലുള്ള കെട്ടിടങ്ങൾക്കു അഴുക്കും പൂപ്പലും പിടിച്ച മഞ്ഞ നിറം ഈ മഹാനഗരത്തിന്റെ സാന്നിധ്യം അറിയിച്ചു.

“എവിടാ എറങ്ങണേന്നു പറഞ്ഞേ??” സുന്ദരൻ ചോദിച്ചു.
“ഞാൻ സെൻ ട്രലിലേക്കാ..”
“ങ്ഹാ പേടിക്കേണ്ടാ..ഞങ്ങളും അങ്ങോട്ടാ..അതാ ലാസ്റ്റ് സ്റ്റോപ് ഇനിയൊരരമണിക്കൂറ് കൂടിയെടുക്കും”ഇത്തവണ നാരായണേട്ടനാണ്.
ഞാൻ വാച്ചിൽ നോക്കി 10.30..am .വണ്ടിയുടെ ശൌര്യം കുറഞ്ഞു..നിർത്തിയും ഞെരങ്ങിയുമാണിപ്പോൾ പോക്ക്..പുറത്തെ ആളുകളെയും വാഹനങ്ങളെയും ശ്രദ്ധിച്ചിരുന്ന ഞാൻ ഒരു കൈ കൊട്ടും ബഹളവും കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കമ്പാർട്ട് മെന്റിൽ ഒരു മൂന്നാലു കറുത്ത സ്ത്രീകൾ..എല്ലാവരോടും കൈ നീട്ടുന്നു..ബലിച്ചോറിട്ടു കാക്കയെ വിളിക്കുന്ന ചേലിൽ കൈകൊട്ടി തെണ്ടുന്നു..!!! ആരും അവരെ ശ്രദ്ധിക്കുന്നേയില്ലെന്നു കണ്ടപ്പോൾ കണ്ണും തുറുപ്പിച്ചു നോക്കിയിരുന്ന എന്റെ നേരെയായ് നോട്ടം.. നേരെ വന്നു കവിളിലും തോളിലും തലോടാൻ തുടങ്ങിയപ്പോളാണു ഞാൻ അറിഞ്ഞതു..അതു സ്ത്രീകളല്ലെന്ന് . രണ്ടിലും പെടാത്ത കൂട്ടർ !! മുംബയുടെ സ്വന്തം ഹിജഡാസ്..!!!
” ഹേ ബാബാ..കുഛ് ദേ ദോ നാ..”
ഞാൻ ദയനീയമായി എന്റെ സഹയാത്രികരെ നോക്കി..ഞങ്ങളൊന്നും ഈ വണ്ടിയിലേ ഇല്ലെന്ന ഭാവം..!!!! എന്താ ചെയ്യാ ശല്ല്യം കൂടിക്കൂടി മേലാസകലം കരകൌശലം തുടങ്ങിയപ്പോൾ ഞാൻ പോക്കറ്റിൽ നിന്നും 20 രൂപാ നോട്ടെടുത്ത് “യു ടേക്ക് ടു റുപ്പീസ് ഏന്റ് ബാക്കി മുജേ തായോ” എന്നു പറഞ്ഞതും അതും തട്ടിപ്പറിച്ചു “തുമാരാ ശാദി അഛീ ലഡ്കി സേ ഹോ ഓർ തുജേ സൌ ബച്ചേ ഹോ” എന്നും പറഞ്ഞു അവർ മുന്നോട്ടു വെച്ചടിച്ചപ്പോൾ ..‘അയ്യോ എന്റെ കാശ്‘ എന്നു പറയാൻ തുടങ്ങിയതു കൂടുതൽ അപമാനിതനാവേണ്ടെന്നു കരുതി ഞാനങ്ങു വിഴുങ്ങി..!!
“മോനേ ഇതാണു മുംബൈ സൂക്ഷിച്ചും കണ്ടും നിന്നില്ലെങ്കിൽ നമ്മളെ തന്നെ അടിച്ചോണ്ടു പോയെന്നു വരും” ടോണിച്ചന്റെ കമന്റ്.. “
പുറത്തിപ്പോൾ മഴ ചാറുന്നു..!! വണ്ടി നഗരത്തിലെ തന്നെ ഏതോ ഒരു സ്റ്റേഷനിലാണിപ്പോൾ അപ്പുറത്തും ഇപ്പുറത്തും എഞ്ചിനും ബോഗികളും കൂട്ടിയിട്ടിരിക്കുന്നു..ചെളിക്കുത്തിയ റെയിൽ വേ ട്രാക്കുകളിൽ അറപ്പിക്കുന്ന ഭക്ഷ്യ വേസ്റ്റുകൾക്കും പ്ലാസ്റ്റിക് ചവറുകൾക്കുമിടയിൽ പട്ടാപ്പകലും മുട്ടനെലികളുടെ വിളയാട്ടങ്ങൾ..!!
കാശു തട്ടിപ്പറിച്ച ഹിജഡയും വൃത്തിഹീനമായ ഈ മാലിന്യക്കൂമ്പാരങ്ങളും മഴയിൽ ചീഞ്ഞൊലിച്ച എലികളും കാണാൻ പോകുന്ന ഒരു വെടിക്കെട്ടിന്റെ സാമ്പിൾ ആയി എനിക്കു തോന്നി !!
കേട്ടും വായിച്ചും ഈ മഹാനഗരത്തെക്കുറിച്ചൊരു സങ്കൽ‌പ്പം മനസ്സിലുണ്ടായിരുന്നു അതിഗൂഡവും അദമ്യവുമായൊരു പ്രണയം..!! തല മൂത്ത കളിക്കൂട്ടുകാർ പണ്ടു ആളൊഴിഞ്ഞ പടിഞ്ഞാറേ വീടിന്റെ വരാന്തയിൽ നാടകം കളിച്ചപ്പോൾ ഇടയിൽ ശല്ല്യക്കാരനായി മാറിയ ഞാനെന്ന ഈ നാലു വയസ്സുകാരനെ ഒഴിവാക്കാൻ കണ്ടുപിടിച്ചതും എന്റെ ഈ മുംബൈ പ്രേമമായിരുന്നു..നിനക്കീ നാടകത്തിൽ മുംബൈവാലാ ഹീറോ യുടെ റോൾ ആണെന്നും ഒരു ബെല്ലടിക്കുമ്പോൾ മാത്രം നീ ഈ പെട്ടിയുമായി വരാന്തയിലേക്കു വന്നാൽ മതിയെന്നും പറഞ്ഞപ്പോൾ ആ ബെല്ല് ഒരിക്കലും അടിക്കാനുള്ളതല്ലെന്നറിയാതെ വീടിനു പുറകിൽ പെട്ടിയുമായി ഊഴം കാത്തു മണിക്കൂറുകളോളം നിന്നപ്പോളും കളികഴിഞ്ഞു പിന്നാമ്പുറത്തു വന്നവർ കളിയാക്കിയപ്പോളും തളരാതെ നിന്ന ഒരു കൌതുകം..!!!!
മുംബയിൽ ജോലി തേടിപ്പോയ മാമ്മനോടും അവിടെ നിന്നും ചുവന്ന റേഡിയോ കൊണ്ടു വന്ന വെല്ല്യച്ചനോടും തോന്നിയ ആരാധന സത്യത്തിൽ ആ മഹാനഗരത്തോടായിരുന്നു. !!
മുരുകനിൽ ‘ലാവാറീസ്‘ കണ്ടിറങ്ങിയപ്പോളും , ഒരു പക്ഷേ ഭാഷ വശമില്ലാത്തതിനാൽ, അമിതാബ് ബച്ചനേക്കാൾ എനിക്ക് മതിപ്പ് തോന്നിയതും ഈ ബോംബെ യോടു തന്നെ !!! എന്നാലിപ്പോൾ മനസ്സിലുള്ള ചില സങ്കൽ‌പ്പങ്ങൾ മായ് ച്ചെഴുതാൻ സമയമായി…ഞാൻ തയ്യാറെടുത്തു തുടങ്ങി..!!

ഒരഞ്ചുപത്തു മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ എല്ലാവർക്കും ഒരു ചെറിയ ഇളക്കം!! പെണ്ണുങ്ങൾ മുടിയെല്ലാം ഒതുക്കി സാരിയുടെ ചുളിവുകൾ നീർത്തി പൌഡറും പൂശി സ്വയവും കുട്ടികളെയും തയ്യാറാക്കുമ്പോൾ ..ആണുങ്ങൾ ഷൂ തള്ളിക്കേറ്റുകയും മുടിയീരി ട്രെയിനിലെ പാട്ട ബാത്രൂമിനു മുൻപിലെ കണ്ണാടിസമക്ഷം തിരക്കുണ്ടാക്കുകയുമായിരുന്നു .....

മറ്റുചിലർ സീറ്റിനടിയിലെ ,തേങ്ങ,മാങ്ങ,ചക്ക,ഉപ്പേരി,

ഓണസ്മരണകൾ ഇത്യാദി നിറച്ച , വലിയകാർഡ് ബോർഡ് ബോക്സുകൾ വഴിയിലേക്ക് വലിച്ചിട്ട് മാർഗതടസ്സം തുടങ്ങിക്കഴിഞ്ഞു എല്ലാവരും മുംബൈ സെന്റ്രലിലേക്കുള്ളവർ. ഇറങ്ങിയോടാൻ വെമ്പുന്നവർ !!!ഞാനും ബാഗെല്ലാം എടുത്തു റെഡിയായി..
പല നിറത്തിലും രൂപത്തിലുമുള്ള ഒരു പാടു തീവണ്ടികൾ നിരന്നു കിടക്കുന്ന ഒരു വലിയ സ്റ്റേഷനിലേക്ക് നമ്മുടെ വണ്ടിയും നങ്കൂരമിട്ടു..ഇറങ്ങിയും കേറിയും വേഗത്തിൽ ചലിക്കുന്ന ഒരു വലിയ ജനാവലി ഞാൻ ഇറങ്ങുന്നതിനു മുൻപേ ജനലഴികളിലൂടെ കണ്ടു..
വലതാണോ ഇടതാണോന്നോർമ്മയില്ല എന്റെ ആദ്യപാദസ്പർശമേറ്റു മഹാരാഷ്ട്രം പുളകം കൊണ്ടു !!! കൂടെയിറങ്ങിയവർ ചുമലിലും കയ്യിലും തട്ടി “ ശരിയെന്നാൽ മാഷേ പിന്നെന്നേങ്കിലും കാണാം“ എന്നു പറഞ്ഞു തിരക്കിട്ടു നടന്നപ്പോൾ ഞാൻ ആ പൂരത്തിരക്കിനിടയിൽ നിന്നും ഒരു പരിചയമുള്ള മുഖം തിരയുകയായിരുന്നു..!!!