Wednesday, May 20, 2009

വേലത്തരങ്ങള്‍ 1


ആയിരത്തി തൊള്ളായിരത്തി എൺപതുകളിലെ ഏതോ ഒരു വെള്ളിയാഴ്ച്ച ..


ഇതു എന്റെ സ്കൂള്‍ ആണ്. വീട്ടില്‍ നിന്നും കഷ്ടിച്ച് ഒരു ഒന്നര കിലോമീറ്റര്‍ ..റോഡിനോട് ചേർന്നു രണ്ടു മൂന്ന് ഏക്കറില്‍ പരന്നു കിടക്കുന്ന പൂഴിമൈതാനത്ത് അവിടിവിടെ ക്രമമില്ലാതെ നില്ക്കുന്ന നെല്ലി മരങ്ങള്‍ക്കും യുക്കാലിപ്സ് മരങ്ങള്‍ക്കും ശല്ല്യമാവാതെ ഇരു അതിര്‍ത്തികളിലൂടെ ഉള്ളിലോട്ടും മൈതാനത്തിനു ഒരു ചന്ദനക്കുറി എന്ന പോലെ മുന്‍ഭാഗത്തും (ഓഫീസ് കെട്ടിടം) ഓടു മേഞ്ഞ ഒരു പഴയ കെട്ടിടം. ഇന്നാട്ടിലെ മൂന്ന് നാലു തലമുറകളുടെ ഒരു പാടു ഓര്‍മ്മകള്‍ കുടിയുറങ്ങുന്ന എന്റെ വിദ്യാലയം.


അന്ന് ഉച്ചയൂണിനു ശേഷം സ്കൂള്‍ കൂടാന്‍ ബെല്ലടിച്ചപ്പോള്‍ എട്ടാം ക്ലാസ്സിലെ രണ്ടു ഡിവിഷനുകളില്‍ പിൻബെഞ്ചുകളിലൊന്നിൽ ഓരോ സീറ്റ്‌ വീതം കാലിയായിരുന്നു.


അക്കാലത്ത് ലോകത്ത്തെന്തോക്കെയാണ് സംഭവിച്ചു കൊണ്ടിരുന്നത് എന്നറിയില്ലെങ്കിലും എന്റെ നാടിനെ പറ്റി പറയാം ...കമ്പ്യൂട്ടറും മൊബൈലും കേബിള്‍ ടിവിയും ഞങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വന്നിരുന്നില്ല ..ഗ്രാമത്തില്‍ അയല്വക്കങ്ങള്‍ തമ്മില്‍ ഒരു അദൃശ്യ ബന്ധം നില നിന്നിരുന്നു. മതിലുകള്‍ക്ക് പകരം അതിര് കാത്തിരുന്ന ശീമക്കൊന്നകള്‍ അവര്‍ക്കിടയില്‍ ഒരു സുതാര്യത നിലനിര്‍ത്തി. മീന്‍കാരന്റെ വിളി കേട്ടു റോഡിലേക്കിറങ്ങി വന്ന സ്ത്രീകള്‍ നാട്ടുവര്‍ത്ത്താനവും പറഞ്ഞിരുന്നു കൂട്ടാന്‍ വെയ്പും ഉച്ചയുണും മറന്നു..


പരദൂഷണം അസൂയ മുതലായ പരിമിതികള്‍ നിഷ്കളങ്കമായ ഏതൊരു ഗ്രാമത്ത്തിലുമെന്ന പോലെ ഇവിടെയും ഉണ്ടായിരുന്നെങ്കിലും ഒരു സ്നേഹം ..ഒരു ധാരണ മനുഷ്യനിലെന്ന പോലെ പക്ഷിമൃഗ ദികളില്‍ തുടങ്ങി സര്‍വ ചരാചരങ്ങളിലും നില നിന്നു. എന്റെ ടിപ്പു സത്യനെയോ രമേശനെയോ അജിയെയോ കണ്ടാല്‍ കുരയ്കാറില്ല...വീട്ടിലെ കോഴികള്‍ വടക്കേലെ പാത്തുമ്മയുടെ വീട്ടില്‍ മുട്ടയിട്ടു. അജിയുടെ വീട്ടിലെ പൂച്ച ഉച്ചയൂണിനായ് ഞങ്ങളുടെ അടുക്കള വാതില്‍ക്കല്‍ കാവല്‍ കിടന്നു. വീടിന്റെ പടിഞ്ഞാറെ അതിര്‍ത്തിയിലെ കൂറ്റന്‍ കണ്ണിമാവും കശുമാവും വെള്ളവും വളവും ഞങ്ങളുടെ പറമ്പില്‍ നിന്നും വലിച്ചെടുത്തു കായ്ക്കുന്ന മാങ്ങയില്‍ പാതിയും പടിഞ്ഞാറെ പറമ്പിലേക്ക്‌ ദാനം ചെയ്തു പോന്നു.


ഇവിടെ നിന്നും നടന്നു വന്ന ഇരുപത്തഞ്ചു വർഷം പുറകോട്ടു നോക്കുമ്പോള്‍ തോന്നുന്നു എന്ത് കൊണ്ടും അത് ഒരു സുവര്‍ണ കാലഘട്ടം ആയിരുന്നു. ദേശത്തെ വായനാശാലകളില്‍ തിരക്കുണ്ടായിരുന്നു. നാട്ടിലെ സിനിമാ കൊട്ടകകളില്‍ രണ്ടാം കളി കാണാന്‍ പോലും ആളുകള്‍ കുടുംബ സമേതം തിക്കി തിരക്കി. ഖദര്‍ മുണ്ടും തേച്ച വെള്ള ഷര്‍ട്ടും ധരിച്ചിരുന്നവര്‍ , തോന്നിക്കും പോലെ തന്നെ, മാന്യന്മാരായിരുന്നു.


യുവാക്കള്‍ സായാഹ്നങ്ങളില്‍ ആടിന്റെ ചെവി പോലെ കോളറുള്ള ഷര്‍ട്ടും കറുത്ത കൈത്തണ്ടകളില്‍ വലിയ ഡയലുള്ള സില്‍വര്‍ വാച്ചും ധരിച്ചു വെളിച്ചെണ്ണ വറ്റാത്ത മുടി ഇരു ചെവികളും മൂടും വിധം പതിച്ചീരി ഹെര്‍കുലീസ്‌ സൈക്കിളില്‍ "ടൈപ്പ് റൈറ്റിങ്ങ് " ക്ലാസ്സിനു മുന്‍പിലും സ്കൂള്‍ പരിസരങ്ങളിലും ചുറ്റിയടിച്ചു. രാത്രി കാലങ്ങളില്‍ കള്ളും കട്ട കോഴികളുമായി അറ്റം കാണാത്ത പാടത്തിന്റെ നടുവിലെ പൂഞ്ഞാലി മരത്തിലും ചിലപ്പോള്‍ മധുവും പ്രേം നസീറും തകര്‍ത്താടുന്ന മനോജ്‌ മുരുകന്‍ ടാക്കീസുകളിലും നിരുത്തരവാദം നേരം പോക്കി.


ചായക്കടയില്‍ ആണെങ്കില്‍ പുലർകാലങ്ങളിൽ ആഗോള സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങള്‍ ചുടു ചായക്കൊപ്പം ഉണവും ഉന്മേഷവും ഉണ്ടാക്കി. കുഭ മണ്ടൂകങ്ങളെ അനുസ്മരിപ്പിക്കും വിധം ചര്‍ച്ചകള്‍ കാട് കയറി. ഗോർബ്ബച്ചേവും റൊണാള്‍ഡ്‌ റീഗനും അനാവശ്യമായി അവര്‍ക്കിടയിലേക്ക് വലിച്ചിഴക്കപ്പെട്ടു. വാദമുഖങ്ങള്‍ കത്തി കയറുമ്പോള്‍ ചിലപ്പോള്‍ ഇമ്മാതിരി സംശയമൊക്കെ ആർക്കും തോന്നും... ഈ ഭാസ്കരേട്ടനും നെഹ്രുവും പണ്ടു ഒരുമിച്ചു ഗോട്ടി കളിച്ചിട്ടുണ്ടോ?? രാമേട്ടനാണോ ഗാന്ധിജിയെ മടിയില്‍ ഇരുത്തി പേരിട്ടത്?? ആഗോള വിഷയങ്ങള്‍ക്ക്‌ പുറമെ പ്രാദേശിക സംഭവങ്ങളും വിശകലനം ചെയ്യുന്ന ഒരു ഇന്‍ഫര്‍മേഷന്‍ സെന്റർ ആണ് ചായക്കട. തലേന്ന് പകലും രാത്രിയും സംഭവിച്ചിരുന്ന കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ചു വിളമ്പാനുള്ള വേദി..ഞങ്ങള്‍ പിള്ളേരുടെ വേലത്തരങ്ങളും വിളയാടലുകളും പിതാകന്മാരിലെത്തിയിരുന്നതും ഈ വേദി വഴിയായിരുന്നു. അച്ഛന്‍ ചായപീടികയില്‍ പോയി വരുന്നതു വരെ ഞങ്ങളില്‍ പലർക്കും വേവലാതിയാണ് തലേന്ന് എന്തെങ്കിലും കുരുത്തക്കേട്‌ ഒപ്പിച്ചിട്ടുണ്ടെങ്കിൽ!! .

എന്തായാലും സൂര്യന്‍ ഉദിച്ചുയര്‍ന്നപ്പോള്‍ "കേത്തല്‍" കാലിയായി പ്രസംഗകര്‍ എല്ലാം മറന്നു കൈക്കോട്ടും തുമ്പയും കോടാലിയുമായി അവരവരുടെ പണികള്‍ക്കായി പോയി.


ഇത്രയുമാണ് കാലത്തിനു കുറുകെയുള്ള എന്റെ ഗ്രാമത്തിന്റെ പരിശ്ചേദം ..


കാര്യം അജി അയല്‍ വാസിയനെന്കിലും എട്ടാം ക്ലാസ്സിലെത്തിയപ്പോള്‍ ആണ് വല്യ കൂട്ടായത്. ആദ്യം ഞങ്ങള്‍ വേറെ വേറെ സ്കൂളിലായിരുന്നത് കൊണ്ടു ഒഴിവുദിവസങ്ങളില്‍ മാത്രമേ കൂട്ട് കൂടാറ്. സാഹസികത നിറഞ്ഞ കളികളില്‍ അവന്‍ നിപുണനായിരുന്നു. വെള്ളത്തില്‍ മുങ്ങാംകുഴിയിടാനും സൈക്കിള്‍ പറപ്പിക്കാനും ബഹു കേമന്‍. മരം കയറ്റത്തില്‍ മാത്രം ഞാനും .. അതുകൊണ്ട് അണ്ണാറക്കണ്ണന്റെ കൂട് തപ്പാനും അയിനി ചക്ക പൊട്ടിക്കാനും എന്നെ കഴിഞ്ഞേ അജിയും.. മുന്പേ പറഞ്ഞ പോലെ സാഹസികതയോടുള്ള താത്പര്യം കൊണ്ടാവും ആശയം അവന്റെ തലയിലാണ് ഉദിച്ചത് . ക്ലാസ്സ് കട്ട്‌ ചെയ്തു കള്ള് കുടിക്കാന്‍ പോകാം. വെള്ളിയാഴ്ച്ച ആണ് പറ്റിയ ദിവസം ..ശനിയും ഞായറും മുടക്കാണല്ലോ.. ക്ലാസ്സിലെ ഏതെങ്കിലും അലവലാതിയുടെ ശ്രദ്ധയില്‍ പെട്ടാല്‍ തന്നെ ഈ രണ്ടു ദിവസം കൊണ്ടു മറന്നു പൊയ്കൊള്ളും.


(തുടരും )

3 comments:

 1. ഇഷ്ട്ടപെട്ടു ഇനിയും എഴുതുക

  ReplyDelete
 2. നെഹ്രുവും പാക്കരനും ഒരു മിച്ച് ഗോട്ടി കളിച്ചിട്ടുണ്ടോ?
  പോരട്ടേ ഇങനെ ചിലത്..പിന്നെ അയൽ വക്കത്തു നിന്ന്
  വെള്ളവും വളവും വലിച്ചെടുത്ത് അവർക്ക് പകുതിമാങയുംദാനം
  ചെയ്യുന്ന നാട്ടുമാവ്..അടുത്തവീട്ടിൽ നിന്ന് തിന്നുകമാത്രമല്ല
  അവർക്ക് മുട്ടയിട്ട് കൊടുക്കുകയും ചെയ്യുന്നകോഴികൾ...
  മതിലുകൾക്ക് പകരം അതിരു കാക്കുന്ന കൊന്നകൾ
  good ...very good..keep it up.orammapetta makkalellam ezhuthalar..എന്നനിലയിലേക്കാണൊ കാര്യങൾ..

  ReplyDelete
 3. പഴയ നാട്ടു വിശേഷങ്ങള്‍ ഇങ്ങനെ വായിയ്ക്കുമ്പോള്‍ തന്നെ ഒരു സുഖം...

  തുടര്‍ന്ന് എഴുതൂ... :)

  ReplyDelete