Thursday, June 4, 2009

ഡേ ലൈറ്റ്‌ റോബ്ബറീ


കാലം വീണ്ടും പുറകിലോട്ടു ...

വിശാലമനസ്കന്‍ പണ്ടു പറഞ്ഞ പോലെ കാക്കകളും അലക്ക് കല്ലിന്മേല്‍ വീഴുന്ന തുണികളും അണ്ണാരക്കന്നനും പാശ്ചാത്തല സംഗീതമോരുക്കുന്ന എന്റെ നാട്ടിലെ ഒരു ഉച്ചനേരം ॥

ഏഴോ എട്ടോ ആണ് അന്നെന്റെ പ്രായം . ഇന്നത്തെ പിള്ളേരില്‍ കാണാത്ത ഒരു സ്വഭാവ സവിശേഷത അന്ന് ഒരു വിധം പിള്ളേര്‍സിനിടയിലെല്ലാം സര്‍വ സാധാരണമായിരുന്നു... കൊതി !!..വെറും കൊതിയല്ല "പുറം തീറ്റ കൊതി !!" സ്കൂളിനു മുന്‍പിലെ ചാര്‍ളിയേട്ടന്റെ കടയില്‍ പ്ലാസ്റ്റിക് ഭരണിയില്‍ നിറഞ്ഞിരിക്കുന്ന "ജയമോഹിനിയും " ഒടിയന്റെ ഹോട്ടലിലെ "പൊറോട്ട സാമ്പാറും " വെറും കാരണങ്ങള്‍ മാത്രം.

സ്കൂളില്ലാത്ത സമയത്താണെങ്കില്‍ ബാലമാമ്മന്റെ ചായകടയിലെ ബെന്നും വെള്ളച്ചായയും അല്ലെങ്കില്‍ ചില്ല് ഭരണിയില്‍ വെച്ചിരിക്കുന്ന പത്തു പൈസക്ക്‌ രണ്ടു വീതം കിട്ടുന്ന ബ്രിട്ടാനിയ പിണ്ണാക്ക് ബിസ്കറ്റ്‌ ।

ഇടയ്ക്ക് കെ കെ എസ് പറഞ്ഞ പോലെ ഇന്നീ കാണുന്ന സാമ്പത്തിക മാന്ദ്യമൊന്നും അപ്പഴത്തെതിനു മുന്‍പില്‍ ഒന്നുമല്ല. ഒരു നാലണ കയ്യിലോത്തുവരണമെങ്കില്‍ വിഷുവോ ഓണമോ വരണം . അതില്ക്കൂടുതെലെങ്ങാനും കയ്യില്‍ കണ്ടാല്‍ പിന്നെ ഇന്‍കം ടാക്സ് റെയ്ഡ് ആണ് . ഇത്രയും കാശ് എവിടുന്ന് കിട്ടി ?..ആര് തന്നു ? എന്നൊക്കെയാവും കാര്യങ്ങള്‍. എന്നിരുന്നാലും ' ജയമോഹിനി പൊറോട്ട മുതലായ അവശ്യ വസ്തുക്കള്കായുള്ള 'മുതല്‍' എവിടെ നിന്നു സംഘടിപ്പിച്ചിരുന്നെന്നു ചോദിച്ചാല്‍ ..നമ്മള്‍ നടത്താറുള്ള അല്ലറ ചില്ലറ കുംഭ കോണങ്ങള്‍ സമ്മതിച്ചു തരേണ്ടി വരും. എന്ന് വെച്ചാല്‍ വെളിച്ചെണ്ണ ,പപ്പടം , ഉപ്പ് മുളക് തുടങ്ങി അടുക്കളയിലേക്കു വേണ്ട മിനിമം സാധനങളുടെ ലോകല്‍ പര്‍ചെസിങ്ങില്‍ നിന്നും ചെറിയ തിരിമറി. ആര്ക്കും സംശയം തോന്നാത്ത വിധം ഒരു ഇക് മത് . ഇവ്വിധം ഒരു അഞ്ചോ ആറോ തിരിമറി നടത്തിയാല്‍ നാലണയോളം ( ഇരുപത്തഞ്ചു പൈസ ) കയ്യില്‍ തടയും. ഒരാഴ്ചത്തെ വട്ടചെലവിനു ധാരാളം.


അച്ഛന്‍ കടയില്‍ നിന്നു കൊണ്ടു വരുന്ന ഒരു ചുവന്ന നിറത്തിലുള്ള ഒരു മുറുക്കാന്‍ ചെല്ലത്ത്തിനെക്കാളും വലിപ്പമുള്ള ഒരു പെട്ടിയുണ്ട്. അതില്‍ നിറയെ കാശാണ് . ഒരു രൂപയുടെയും അഞ്ചു പത്തു ഇരുപത്തഞ്ചു പൈസകളുടെയും തിളങ്ങുന്ന ഒരു ശേഖരം. വീട്ടിലേക്കുള്ള ചില്ലറ സാധനങളുടെ ധന സ്രോതസ്സായിരുന്നു കിഴക്കേ മുറിയിലെ മര അലമാരിയിലെ എനിക്ക് കയ്യെത്താത്ത തട്ടില്‍ ഇരുന്ന ആ ചുവന്ന പെട്ടി. ഞാന്‍ ആ പെട്ടിയെ ഭയ ഭക്ത്യാദരം മാത്രം നോക്കി പോന്നു।

എന്റെ അച്ഛനു സിനിമാ ഫീല്‍ഡ് ലാണ് ജോലി. ആയിടക്കു റിലീസ് ചെയ്തിരുന്ന സിനിമകളുടെ ബോക്സ്‌ ഓഫീസ് കളക്ഷനുകള്‍ എന്റെ വീട്ടിലെ അലമാരിയില്‍ ഇരിക്കുന്ന പെട്ടിയിലെ നാണയ തുട്ടുകളുടെ ഏറ്റകുറച്ചി ലുകള്‍ക്ക് കാരണമായിരുന്നെന്ന് അന്നൊന്നും എനിക്കറിയില്ലായിരുന്നു . മനോജ്‌ ടാകീസില്‍ ഫസ്റ്റ് ഷോയും സെകന്റ്റ്‌ ഷോയും ഹൌസ്‌ ഫുള്‍ ആകുന്ന ദിവസങ്ങളിന്‍ ആ പെട്ടി അമര്‍ത്തിയടക്കാന്‍ പറ്റാറില്ല . കവിഞ്ഞൊഴുകുന്ന പൈസ തുട്ടുകള്‍ കാരണം . അച്ചന് ടാക്കീസില്‍ കാന്റീന്‍ ആയിരുന്നു. അത് കൊണ്ടു അയല്വക്കത്ത്തുള്ളവര്‍ക്കും ഞങ്ങള്‍ക്കും എത്ര തിരക്കായാലും ടിക്കറ്റ്‌ കിട്ടും ..റോബസ്റ്റ് പഴവും നുട്രിന്‍ മിഠായിയും വേറെ . അങ്ങനെ നവോദയ അപ്പച്ചന്റെയും ഗുഡ്നൈറ്റ് മോഹന്റെയും കുടുംബത്ത്തുള്ളവരെ പോലെ സിനിമകളുടെ വിജയങ്ങള്‍ക്കായ് എന്റെ വീട്ടുകാരും മനം നൊന്തു പ്രാര്‍ത്ഥിച്ചു പോന്നു.


ആയിടക്കു ഒരു ദിവസം ഒന്നു രണ്ടു ലോട്ട് ലൊടുക്കു സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി , അടുക്കളയില്‍ തിരക്കിലായിരുന്ന അമ്മ, "പൈസ ആ പെട്ടിയില്‍ നിന്നെടുത്തോ " എന്ന് വിളിച്ചു പറഞ്ഞപ്പോള്‍ എന്റെ പുറകെ ഒരു ചെകുത്താനും കൂടി കിഴക്കേ മുറിയിലേക്ക് പാഞ്ഞത് കണ്ടില്ല .. പക്ഷെ കണ്ടെങ്കിലും ഞാനവനെ ശ്രദ്ധിക്കാതെ മുറിയുടെ മൂലയിലിരുന്ന സ്ടൂള് വലിച്ചിട്ടു അതിന്മേല്‍ കയറി നിന്നു ആവശ്യത്തിനുള്ള പൈസ മാത്രം എടുത്തു അമ്മയെ കാണിച്ചു കൊണ്ടു ഒറ്റ ഓട്ടമായിരുന്നു പീടികയിലേക്ക്‌ . പിന്നെ പതിയെ പതിയെ അതൊരു പതിവായി..

അങ്ങനെ ബാലമാമ്മന്റെ പീടികയില്‍ ബോംബെ പഞ്ഞിമിടായി വന്ന ഒരു ദിവസം എന്തോ വാങ്ങാന്‍ അമ്മ പറഞ്ഞതനുസരിച്ച് കാശെടുക്കാനായി സ്ടൂള് അലമാരയുടെ മുന്‍പിലേക്ക് വലിച്ചിടുമ്പോള്‍ കൂടെ വന്ന ചെകുത്താന്‍ ചെവിയില്‍ ഇങ്ങനെ മന്ത്രിച്ചു

" എടാ ഇതൊരു എടുത്താലും തീരാത്ത ഒരു അക്ഷയ പാത്രമാണ് ..ചെറിയ ഒരു വലിയൊക്കെ ആവാം ..ആരും അറിയില്ലെന്നേയ്..."


പിന്നെയും മടിച്ചു നിന്ന എന്നെയൊന്നു കുലുക്കി കൊണ്ടു അവന്‍ പറഞ്ഞു


" കമ്മോണ്‍ യാര്‍ യു കാന്‍ ഡു ഇറ്റ്‌ ....ക്വിക്ക് "


നാവിന്നടിയിലലിയുന്ന ബോംബെ മിഠായി കൂടി മനസ്സിലേക്ക് വന്നപ്പോള്‍ പിന്നെ ഒന്നും ചിന്തിക്കാന്‍ നിന്നില്ല ..ഒരു വാരല്‍ അങ്ങട് വാരി ..വെളിച്ചെണ്ണക്കും സാമാനങ്ങക്കും വേണ്ട മൂന്നേ അമ്പതിന് പുറമെ.. ഓടിപ്പോയി എല്ലാതും വാങ്ങി വീട്ടിലെത്തിച്ച ശേഷം റോഡിലേക്കിറങ്ങി .. എണ്ണി നോക്കിയപ്പോള്‍ അഞ്ചും പത്തും ഇരുപതും ആയി കൊയിനുകള്‍ എല്ലാം കൂടി ഒന്നേ അമ്ബതുണ്ട് ..ഒരു കെളക്കാരന്റെ കാല്‍ "വല്ലി" . ചെറുതായൊന്നു നെഞ്ഞിടിപ്പ്‌ കൂടിയെങ്കിലും പൌലൊസിനെയും അജിയെയും കണ്ടപ്പോള്‍ തല്‍ക്കാലം പേടി വിട്ടു. വെള്ള ചായയും ബെന്നും ബിസ്കറ്റും ബോംബെ മിഠായിയും അവരെല്ലാം നന്നായി ആഘോ ഷിചെങ്കിലും എന്റെ ചങ്കില്‍ ഇടക്കിടെ ബെന്ന് കുരുങ്ങി . പിടിക്കപ്പെട്ടാല്‍ എന്താവും സ്ഥിതി എന്ന വേണ്ടാത്ത ഭയ ചിന്തകള്‍ തലച്ചോറിൽ തേരോട്ടം നടത്തിയപ്പോൾ തൊണ്ടയിലേക്കു വെള്ളമെത്തിക്കുന്ന തലച്ചോറിലെ ജലസേചനവകുപ്പ് പണിമുടക്കിയതിനാലാവം..!! എന്തായാലും...പിന്നത്തെ പ്രാവശ്യം ഇത്ര പേടി തോന്നിയില്ല ..എന്തായാലും എന്തെങ്കിലും വാങ്ങാന്‍ കാശെടുത്തോളാന്‍ അമ്മ പറഞ്ഞാലല്ലാതെ ആ അലമാരിയുടെ മുന്‍പില്‍ പോകാനോ സ്ടൂള് വലിച്ചിടാണോ ഒരിക്കലും ധൈര്യം അനുവദിച്ചിരുന്നില്ല . രണ്ടോ മൂന്നോ പ്രാവശ്യമേ ആ പെട്ടിയില്‍ കയ്യിട്ടിട്ടുള്ള് എങ്കിലും ആത്മവിശ്വാസം കൂടി വന്ന ഒരു സമയമായിരുന്നു അത് ..സാധനങ്ങള്‍ ഒന്നും വാങ്ങിക്കാന്‍ ഓര്‍ഡര്‍ ആണെങ്കില്‍ കിട്ടുന്നുമില്ല ..ചായക്കടയിലെ പുതിയ പഞ്ഞി മിഠായി ചില്ല് ഭരണിയിലിരുന്നു കൊഞ്ഞനം കുത്താന്‍ തുടങ്ങീട്ടു ദിവസം രണ്ടായി ..അന്ന് ഊണും വിശ്രമവും കഴിഞ്ഞു കളിക്കാന്‍ പോവാനുള്ള തയ്യാറെടുപ്പിലാണ് ..കിഴക്കേ മുറിയുടെ മുന്നിലൂടെ പാസ്സ്‌ ചെയ്തപ്പോള്‍ എവിടെ നിന്നോ പറന്നു വന്നു അവന്‍ എന്റെ തോളിലിരുന്നു .. കുന്ത മുനയുള്ള വാലും ഉണ്ട കണ്ണുകളും കയ്യില്‍ ശൂലവുമായി ബാലരമയിലെ ഡാകിനി കുട്ടൂസന്‍ ദമ്പതികളുടെ സഹായിയെ പോലുള്ള കുട്ടിച്ചാത്തന്‍ ..അമ്മ അടുക്കളയില്‍ തിരക്കിലാണ് ..അമ്മൂമ്മ പടിഞ്ഞാറെ മുറിയില്‍ ഇരുന്നു മുറുക്കാന്‍ വട്ടം കൂട്ടുന്നു . ചേച്ചിയും ചേട്ടനും പുറത്തു കളിക്കാണെന്ന് തോന്നുന്നു. അവന്‍ ശൂലം കൊണ്ടു എന്റെ വലത്തേ കവിളില്‍ കുത്തി തല ഇടത്തോട്ടു തിരിപ്പിച്ചു ..പിന്നെ ചെവിയില്‍ മൂളി .." നോ റിസ്ക്‌ , നോ റിവാർഡ് !!" നോ റിസ്ക്‌ നോ റിവാർഡ് !! " യാന്ത്രികമായി വണ്ടി ഇടത്തോട്ടു തിരിഞ്ഞു ..ഞാന്‍ ഫുള്‍ സ്പീഡില്‍ സ്ടൂള് വലിച്ചിട്ടു അതില്‍ കേറി നിന്നു പെട്ടിയില്‍ നിന്നും ഒരു വാരല്‍ വാരി കീശയിലിട്ടു പതുക്കെ സ്ഥലത്തു നിന്നും വലിഞ്ഞു. പൂര്‍വപഥത്തിലെത്ത്തിയപ്പോള്‍ മനു പറഞ്ഞ പോലെ 'ഞാനാരാ മോന്‍ 'എന്ന് മനസ്സില്‍ കരുതി കൊണ്ടു പാഞ്ഞു ..പുറത്തേക്ക് ...പെട്ടെന്നാണതു സംഭവിച്ചത് ...

മലര്‍ക്കെ തുറന്നു കിടന്നിരുന്ന പുറത്തേയ്ക്കുള്ള വാതില്‍ എന്റെ മുന്‍പില്‍ പെട്ടെന്നടഞ്ഞു ..വാതിലിന്റെ മൂലയില്‍ ഒളിച്ചു നിന്നിരുന്ന ചേട്ടന്‍ നീങ്ങി വന്നു വാതിലില്‍ ചാരി നിന്നു ..."വിയറ്റ്നാം കോളനിയില്‍ " ഗേറ്റ് അടച്ചു കൊണ്ടു മോഹന്‍ ലാലിന് മുന്‍പില്‍ നിന്ന റാവുത്തരെ പോലെ..മുഖത്ത് പ്രോഫ്ഫസ്സര്‍ മൊറിയാര്‍ടിയെ ലോക്ക് ചെയ്ത ഷെര്‍ലക്ക് ഹോംസിന്റെ ഭാവം ..


പുറകില്‍ അടുക്കളയും അമ്മയും മുന്‍പില്‍ കൊട്ടിയടച്ച വാതിലും താങ്ങി ചേട്ടച്ചാരും..രക്ഷപെടാന്‍ ഒരു പഴുതുമില്ല ആകെപ്പാടെ ഒരു പുകമയം ..കൂടെയുണ്ടായിരുന്ന ചെകുത്താനും പുകയായി പോയി.


ഒരു കോമ്പ്രമൈസിന് നോക്കാനാണെങ്കില്‍ ചേട്ടായിയുമായുള്ള ടേംസ് ഇയ്യിടെയായി അത്ര നന്നല്ല . അതിന് പല കാരണങ്ങളുമുണ്ട്. ...ഒന്നാമത്തേത് മൂന്നു മൂന്നര വയസ്സിനു മേല്‍ പ്രായ വ്യത്യാസമുണ്ടെങ്കിലും മൂന്നു തലമുറയുടെ അകല്‍ച്ച ഉണ്ടായിരുന്നു . മൂത്ത സന്തതിയായതു കൊണ്ടാവാം അങ്ങേര്‍ക്കു കാര്യ ഗൌരവവും പക്വതയും എന്റെ പത്തിരട്ടിയാണ് . പിന്നെ കൂട്ടത്തില്‍ ഏറ്റവും ഇളയതായത് കൊണ്ടു എനിക്ക് കിട്ടിയിരുന്ന അമിതലാളനകള്‍ ശരിക്കും അമിതമായോ എന്ന് നാട്ടുകാരെ പോലെ തന്നെ മാന്യ സഹോദരനും തോന്നിത്തുടങ്ങിയിരുന്നു . റോഡില്‍ കിടന്നു ഉരുണ്ടു കരഞ്ഞപ്പോള്‍ വാങ്ങിതന്ന സ്വര്‍ണ്ണ പെട്ടിയും വടക്കേലെ ബീരുക്ക ഗള്‍ഫില്‍ നിന്നും വന്നപ്പോള്‍ നീയും ചേട്ടനും പകുത്തെടുത്തോളാന്‍ പറഞ്ഞു തന്ന പത്തു രൂപാ നോട്ടു കൃത്യം പാതിയായ്‌ ഞാന്‍ കീറിയപ്പോള്‍ തല്ലി തുടയിലെ തൊലിയെടുക്കുന്നതിനു പകരം വിദേശ വസ്ത്രങ്ങള്‍ തീയ്യിട്ടു കത്തിച്ച ഗാന്ധിജിയെ കണ്ട പോലെ പാരന്റ്സ്‌ നിന്ന സംഭവവും അങ്ങേര്‍ക്കു ദഹിച്ചിരുന്നില്ല .


പിന്നെ സ്ലേറ്റില്‍ ഓരോ കാക്കകളെയും വരച്ചു മല്‍സരബുദ്ധിയോടെ അമ്മയുടെ അടുത്ത് ചെന്നപ്പോള്‍ ചേട്ടന്റെ കാക്കക്ക് വിപരീതമായി , കാക്ക പോയിട്ട് കാക്കയുടെ കാഷ്ടത്തിന്റെ പോലും രൂപഛായ യില്ലാത്ത എന്റെ സ്ലേറ്റില്‍ നോക്കി " ഇതു സൂപ്പര്‍" എന്ന് അച്ഛനും അമ്മയും ഒരു പോലെ പറഞ്ഞപ്പോള്‍ ഈ കുഞ്ഞു മനസ്സു ഇപ്പോളെ തോല്‍വിയുടെ അപമാന ഭാരം ചുമക്കേണ്ട എന്ന് മാത്രമെ അവര്‍ കരുതി കാണുവെങ്കിലും ചേട്ടന്റെ മുഖം ഇന്ജിയെയും കുരങ്ങനെയും ഓര്‍മ്മിപ്പിച്ചത് കണ്‍ കോണിലൂടെ കണ്ടു ഞാന്‍ സായുജ്യമടയുകയായിരുന്നു. ഒരു വിധം തരക്കേടില്ലാതെ പാടുന്ന ചേട്ടന്റെ മുമ്പിലിരുന്നു 'തൊ തോ കോപാ '(തോള്ളയില്‍ തോന്നിയത് കോതക്ക് പാട്ടു) രാഗത്തില്‍ ഞാന്‍ ആലപിച്ച പദ്യങ്ങളും പഴയ സിനിമാ പാട്ടുകളും തലയാട്ടിയും തുടയില്‍ താളം പിടിച്ചും കേട്ടു കൊണ്ടു ചെമ്പൈ സംഗീത സദസ്സിലെ ആസ്വാദകരെ ഓര്‍മ്മിപ്പിച്ച അമ്മയും അമ്മൂമ്മയും കത്തുന്ന തീയിലെക്കൊഴിച്ച പെട്രോളായി മാറി .ഇത്തരത്തില്‍ ഒരു അരസികന്റെ ' വൺ മാന്‍ ഷോ ' ഏതൊരു പൊന്കുഞ്ഞിന്റെയും കാക്കയമ്മക്ക് ഒഴികെ ഏവര്‍ക്കും നീരസ വര്ദ്ധകം തന്നെയെന്നിരിക്കെ അര്‍ഹിക്കുന്ന അംഗീകാരം കിട്ടാത്ത കൂടെപ്പിറപ്പിന്റെ കാര്യം പറയേണ്ടല്ലോ ...


അങ്ങനയങ്ങനെ എന്നെ വെട്ടാന്‍ വെട്ടുകത്തിയും തിരഞ്ഞു നടക്കുന്ന ആളുടെ മുന്പിലെക്കാന് സ്വയം ഒരു 'കൊടുവാള്‍" ആയി ചെന്നു പെട്ടത്..ബട്ടന്‍ ഇല്ലാതെ മാടികുത്തിയ ട്രൌസറിന്റെ കീശയില്‍ കിലുങ്ങുന്ന ചില്ലറകളുമായി ഇടതു വലതു വെട്ടി മാറി വാതിലും തുറന്നോടാനുള്ള എന്റെ വിഫല ശ്രമം എന്നെക്കാള്‍ കായികശേഷിയുള്ള ചേട്ടന്റെ കൈപ്പിടിയിലൊതുങ്ങി ... ആദ്യം... ഇല നക്കുമ്പോള്‍ ഉപദ്രവിക്കപ്പെട്ട പട്ടിയെ പോലെ പല്ലിളിച്ചു കാട്ടി ഒരു പ്രതിരോധ ശ്രമം നടത്തി നോക്കി .. പിന്നെ കുറുക്കന്റെ മുന്‍പില്‍ മുള്ളന്‍ പന്നിയെന്ന പോലെ ഞാന്‍ ചുരുണ്ടു. ബനിയനില്‍ കൂട്ടിപ്പിടിച്ച്‌ കുനിച്ചു നിര്ത്തി കൂമ്പിനിട്ടു 'കൊമ കൊമ ' ന്നു രണ്ടു മൂന്നെണ്ണം തരുന്നതിനിടയില്‍ ' കള്ളന്‍ കള്ളന്‍ ' എന്നാലറാനും ആള് മറന്നില്ല . അഴിഞ്ഞ ട്രൌസറും താങ്ങി കൊണ്ടു ഞാന്‍ ഓടി തളര്‍ന്ന കോഴിയെപോലെ പളങ്ങി . സോമാലിയയിലെയും ഉഗാണ്ടയിലെയും പിള്ളാരെ പോലെ എല്ലുന്തിയ നെഞ്ചും ചൊറി ചിരങ്ങുകള്‍ ഉള്ള കൈ കാല്പാദങ്ങളും എന്നും എല്ലാവര്‍ക്കു മുന്‍പിലും ദയാ ദായകങ്ങള്‍ ആയിരുന്നു ...ഒരാളുടെ മുന്പിലോഴിച്ചു ..ആ ആളുടെ കൈപ്പിടിയിലാണ് ഇപ്പോള്‍ പെട്ടിരിക്കുന്നതും . ലോകത്തെവിടെയും(അതിനി അമേരിക്കയിലായിക്കോട്ടേ ചെന്ത്രാപ്പിന്നിയിലായിക്കോട്ടേ ) കയ്യോടെ പിടിക്കപ്പെടുമ്പോള്‍ ഒരു കള്ളന്‍ അനുഭവിക്കുന്ന വികാര വിക്ഷോഭങ്ങളോടെ ഞാന്‍ ചേട്ടന്റെ പിടിയില്‍ പെട്ട 'എച്ച് ' പോയ ഹാപ്പി ബനിയനില്‍ തുങ്ങി നിന്നു. ഇടക്കിടെ അരങ്ങേറാറുള്ള അടിപിടിയാണെന്നു കരുതി കയ്യില്‍ കിട്ടിയ ചൂലും കെട്ടുമായാണ് അടുക്കളയിലെ പാത്രങ്ങള്‍ തട്ടി മറിച്ചിട്ട് അമ്മയും പിന്നാലെ അമ്മൂമ്മയും ഓടിവന്നത്. വാട്സനോട്‌ ഹോംസ് കഥ പറയുന്നതു ഒന്നു ഫാസ്റ്റ് ഫോര്‍വാഡ് അടിച്ചപോലെ മൂപ്പര്‍ കാര്യങ്ങള്‍ പറഞ്ഞു ..അതായത് കുറച്ചു നാളായി ഇവന്റെ കൂട്ടരൊത്തുള്ള പുറം തീറ്റയും കറക്കങ്ങളും വിശകലനം ചെയ്തു നടത്തിയ നിരീക്ഷണങ്ങളുടെയും നിഗമനങ്ങളുടെയും അനന്തര ഫലമാണത്രേ അതി സാഹസീകമായ ഈ അറസ്റ്റ് . എന്തായാലും കാര്യങ്ങളുടെ നിജ സ്ഥിതി അറിഞ്ഞപ്പോള്‍ മറിച്ചാണ് സംഭവിച്ചത് ..അമ്മ ചേട്ടന് നേരെ തിരിഞ്ഞു കൊണ്ടു പൊട്ടിത്തെറിച്ചു..


" അതിനെന്തിനാടാ നീ കള്ളന്‍ കള്ളന്‍ എന്ന് അലറിയത് ??" " അവന്‍ അവന്റെ കാശല്ലേ എടുത്തത്‌ ? അവനവന്റെ വീട്ടില്‍ നിന്നും കാശെടുക്കുന്നവന്‍ എങ്ങിനാടാ കള്ളനാവുന്നത്??"


"അല്ല ഇവന്‍ കള്ളന്‍ തന്ന്യാ " പറഞ്ഞു തീര്‍ന്നതും ചുലും കെട്ടു കൊണ്ടൊന്നു വീണു ..


"എന്താ എന്താ ഇവിടെ????" ചായപീടികയില്‍ നിന്നും വീട്ടിലേക്കുള്ള വഴി പാതിയെത്തിയ അച്ഛന്‍ ബഹളം കേട്ടു വീട്ടിലേക്ക് ഓടിക്കയറി കൊണ്ടു ചോദിച്ചു ..


" ഒന്നുമില്ല ഞങ്ങള്‍ വെറുതെ തല്ലു കൂടിയതാണ് " ചേട്ടനാണ് പറഞ്ഞതു . അച്ഛനോടും സത്യം പറയാതിരുന്നത് ചൂലും കെട്ട് കൊണ്ടു കിട്ടിയ ഒന്നു തന്നെ ധാരാളം എന്ന് മൂപ്പര്‍ക്ക് തോന്നിയത് കൊണ്ടാവാം .


















10 comments:

  1. ente ponnu chettaa..annu thankal enne kayyode pidichathum maathapithaakkal veruthe vittathum kondaavaam innu oru valiya company yude khajanaavinu munpil irikkumbolum aa chekuthaan cheviyil vannu swakaaryam parayaathathu ...

    ReplyDelete
  2. അച്ഛനറിഞ്ഞാല്‍ എന്തെങ്കിലും കാര്യം ഉണ്ടാകുമായി‌ന്നു

    ReplyDelete
  3. ...എന്നാലും എല്ലാം ചിരഞ്ചീവികൾ....

    ReplyDelete
  4. നന്നായിട്ടുണ്ട്. കുറെ ചിരിച്ചു കേട്ടോ

    ReplyDelete
  5. വീരു ഈ ഒരു കഥ എന്നെയും പഴയ ബാല്യത്തിലേക്ക് കൂടി കൊണ്ട് പോയി. എഴുത്ത് അതി മനോഹരം, പ്രത്യേകിച്ചും ഈ വരികള്‍

    ഇടയ്ക്ക് കെ കെ എസ് പറഞ്ഞ പോലെ ഇന്നീ കാണുന്ന സാമ്പത്തിക മാന്ദ്യമൊന്നും അപ്പഴത്തെതിനു മുന്‍പില്‍ ഒന്നുമല്ല. ഒരു നാലണ കയ്യിലോത്തുവരണമെങ്കില്‍ വിഷുവോ ഓണമോ വരണം . അതില്ക്കൂടുതെലെങ്ങാനും കയ്യില്‍ കണ്ടാല്‍ പിന്നെ ഇന്‍കം ടാക്സ് റെയ്ഡ് ആണ് . ഇത്രയും കാശ് എവിടുന്ന് കിട്ടി ?..ആര് തന്നു ? എന്നൊക്കെയാവും കാര്യങ്ങള്‍.

    തുടര്‍ന്നും എഴുതുക, എല്ലാ ആശംസകളും

    ReplyDelete
  6. പാവം ചേട്ടന്‍...

    “കള്ളന്മാര്‍ ഉണ്ടാകുന്നത്...” എന്നാക്കാമായിരുന്നു തലക്കെട്ട്
    ;)

    ReplyDelete
  7. ...ഇന്നീ കാണുന്ന സാമ്പത്തിക മാന്ദ്യമൊന്നും അപ്പഴത്തെതിനു മുന്‍പില്‍ ഒന്നുമല്ല. ഒരു നാലണ കയ്യിലോത്തുവരണമെങ്കില്‍ വിഷുവോ ഓണമോ വരണം . അതില്ക്കൂടുതെലെങ്ങാനും കയ്യില്‍ കണ്ടാല്‍ പിന്നെ ഇന്‍കം ടാക്സ് റെയ്ഡ് ആണ്..
    അത് ടോപ്പ്. അതീവ രസകരമായ എഴുത്ത്. ഒറ്റയടിക്ക് വായിപ്പിക്കുന്നു. ഇനിയുമെഴുതുക. ധാരാളം വായനക്കറുണ്ടാവും. ഉറപ്പ്..

    ReplyDelete
  8. ആ പാവത്തിനെക്കുറിച്ചാലോചിച്ചു് എന്റെ ചങ്കുകലങ്ങി.

    ReplyDelete