Sunday, January 24, 2010

അവിടുന്നും വടക്കോട്ട്..!!


ട്രെയിനിൽ വെച്ചു തന്നെ ഒരു ഭയ്യായെ എല്ലാവരും പൊതിരെ തല്ലുന്നതു കണ്ട് മനസ്സൊന്നു വല്ലാതെ കുളിർത്തു !! ഒരു സ്റ്റേഷനിൽ വണ്ടി നിന്നപ്പോൾ ഇറങ്ങുന്നവർക്ക് ചെറിയൊരസൌകര്യം സൃഷ്ടിച്ചു വെറുതെ വാതിൽക്കൽ നിന്നതാണു കാരണം !! ഇറങ്ങുന്നവരെല്ലാം കൂടി ശരിക്കും മെതിച്ചു।!!
അകമ്പടിയായി മാ ബെഹൻ കെ ഊപ്പർ ഗാലിയും ( അമ്മക്കും പെങ്ങൾക്കും തെറി വേറെ) എവിടെ ചെന്നാലും ഈ ഭയ്യാമാർ എല്ലാവർക്കും ഒരു ചെണ്ടയാണ്॥!!

ബോംബെയിൽ വെച്ചും ഇടക്കിടെ കാണുന്ന അടിപിടി കാണുമ്പോൾ ആരെയാ ആ തല്ലുന്നത് എന്നൊന്നു ചോദിച്ചാൽ സ്ഥിരം കിട്ടുന്ന മറുപടിയാണ് “ അത് വല്ല ഭയ്യായെയുമായിരിക്കും”

എന്തായാലും ഗാന്ധിജിയുടെ അഹിംസാവാദം നാട്ടുകാര് ഇപ്പോൾ പിന്തുടരുന്നില്ലെന്നു പുടികിട്ടിയതു കൊണ്ട് ‘വാപി‘ സ്റ്റേഷൻ എത്തിയപ്പോൾ പരമാവധി ശ്രദ്ധിച്ചാണ് ഞാൻ ഡോറിൽ വന്നു ഇറങ്ങാൻ നിന്നത്॥ഹിന്ദി തന്നെ തപ്പും പിടിയുമാണ് അതിനിടയിൽ ഗുജറാത്തി പുലമ്പുന്ന ഇവന്മാർക്കിടയിൽ ഞാനും ഭയ്യായും തമ്മിലെന്തു വ്യത്യാസം !!
സ്റ്റേഷനു പുറത്തോട്ടിറങ്ങി ഞാനൊന്നു പരിസരനിരീക്ഷണം നടത്തി॥ആകപ്പാടെ വൃത്തികേടായി കിടക്കുന്ന സ്ഥലം..

പ്ലാസ്റ്റിക് ചവറുകൾ ചിതറിക്കിടക്കുന്നു.. എവിടെയും വെറ്റിലയും അടക്കയും ചുണ്ണാ‍മ്പും തുപ്പലിൽ ചാലിച്ചെഴുതിയ ചുമർ ചിത്രങ്ങൾ !! മാലമാലയായിക്കിടക്കുന്ന ‘ഗുട്ഖകൾ’ കൊണ്ടലങ്കരിച്ച ചെറിയ ചെറിയ ബഹുവർണ്ണ പെട്ടിക്കടകൾക്കും ഭക്ഷ്യ വിഭവങ്ങൾ നിരത്തിയ നാൽച്ചക്ര വണ്ടികൾക്കും ചുറ്റിലായ് തിക്കി തിരക്കുന്ന ജനങ്ങൾ। കച്ചറക്കൂമ്പാരങ്ങളിലേക്ക് മുഖം പൂഴ്ത്തുന്ന പന്നികളും പട്ടികളും !!
റിക്ഷാക്കാരുടെ വലിയ നിര ലക്ഷ്യമാക്കി ഞാൻ നടന്നു..
എന്റെ വരവു കണ്ട് മുന്നിലേക്ക് ചാടി വന്ന ഒരു റിക്ഷാക്കാരനോട് പോക്കറ്റിലെ വിസിറ്റിംഗ് കാർഡ് എടുത്തു നോക്കിക്കൊണ്ട് ചോദ്യഭാവേന പറഞ്ഞു..
” ഭായ് സാബ് ..നാനി ധമൻ…പ്രിൻസ് കമ്പനി??”
“ ചലോ ബൈഠോ..”
ഒരു ഇരയെ കിട്ടിയ തിളക്കം ആ കണ്ണുകളിൽ !!
അതു കണ്ടത് കൊണ്ട് ഞാൻ വീണ്ടും ചോദിച്ചു
“പൈസ കിത്തനെ ലഗേഗെ?
“സിർഫ് പന്നാസ് ദേ ദോ ഭായി..”
“വേണ്ട…” എനിക്കറിയാം ഇറങ്ങുമ്പോൾ ആരോ പറഞ്ഞിരുന്നു 5 കിലോമീറ്ററേ ഉള്ളൂ…കൂടിവന്നാൽ 15 രൂപാ..ഞാൻ അടുത്ത റിക്ഷാവാലായുടെ നേരെ നടന്നു…
ഞങ്ങളുടെ സംഭാഷണം ശ്രദ്ധിച്ചിരുന്ന അയാൾ ചോദ്യത്തിനു മുൻപേ എന്നോടു പറഞ്ഞൂ

“ഫിഫ്റ്റി റുപ്പീസ് ഭായ്…”
ഒത്തൊള്ള കളിയാണു ..ഇനി രക്ഷയില്ല …തല വെച്ചു കൊടുക്കാം ..!!
ആദ്യത്തെ വണ്ടിയിൽ തന്നെ കയറി ..വായിലെ മുറുക്കാൻ നീട്ടിത്തുപ്പി അയാൾ വണ്ടിയെടുത്തു..ഞാൻ പുറത്തേക്കും നോക്കിയിരുന്നു..
പൊടിപിടിച്ച കണ്ണടയിലൂടെ കാണും പോലെ നരച്ച പ്രദേശങ്ങൾ..!
കുണ്ടും കുഴിയും നിറഞ്ഞ റോഡിലെ പൊടിപടലങ്ങൾ ഇരുവശത്തും നിൽക്കുന്ന കള്ളിമുൾച്ചെടികളിലേക്കും പടർന്നു പരന്നിരിക്കുന്നു..
പച്ചപ്പു നൽകേണ്ട തെങ്ങുകളെല്ലാം വയറുന്തി തലമൊട്ടയടിച്ച് കൂരച്ച നെഞ്ചുമായി നിരന്നു നിൽക്കുന്നു !
പിന്നീടാണു ഞാനറിഞ്ഞത് അതൊന്നും തെങ്ങുകളല്ല…ഈന്തപ്പനകളായിരുന്നെന്ന്, കായ്ക്കാത്ത , കള്ളു മാത്രം ചുരത്തുന്ന ഈന്തപ്പനകൾ !!
കുറച്ചങ്ങോട്ട് നീങ്ങിയപ്പോൾ വലിയൊരു കമാനം …
‘WECOME TO DHAMAN’
ഇവിടെ സംസ്ഥാനം തീരുന്നു ഇനിയങ്ങോട്ട് ധമൻ , കേന്ദ്രഭരണപ്രദേശം..
47 ൽ ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയപ്പോളും പോർച്ചുഗീസ് അധീനതയിലിരുന്ന ഗോവ-ധമൻ-ഡിയു വെന്ന തൃമൂർത്തികളിലൊന്ന് . ധമനിൽ കടന്നു കുറച്ചുകൂടി പോയപ്പോൾ അങ്ങിങ്ങ് ഫാക്ടറി കെട്ടിടങ്ങൾ കണ്ടു തുടങ്ങി..
ഓഹ്. ഇൻഡസ്ട്രിയൽ ഏരിയ തൂടങ്ങി !!
പട്ടാപ്പകലും അന്തരീക്ഷത്തിൽ പാടകെട്ടിക്കിടക്കുന്ന ഈ ‘മൂടൽ’ മഞ്ഞല്ല മലിനീകരണമാണെന്ന് ഞാനറിഞ്ഞു..
അങ്ങനെ വീണ്ടും ഓടിയോടി വണ്ടിയൊരു വലിയ ഗേറ്റിനു മുൻപിൽ കൊണ്ടു നിറുത്തി റിക്ഷാക്കരൻ പറഞ്ഞു…
”യേ ഹി ഹൈ ആപ് കാ ജഗഹ് , പ്രിൻസ്”
ഇറങ്ങിയതും അമ്പതു വാങ്ങി പോക്കറ്റിലിട്ട് റിക്ഷ യു ടേൺ എടുത്തു പോയി..
ഗേറ്റിനു മുൻപിലെ ചെറിയ സെക്യൂരിറ്റി ക്യാബിനിൽ ഇരുന്നിരുന്ന നേപ്പാളി തലപൊക്കി ചോദ്യഭാവേന നോക്കി..
“സാബ് സേ മിൽനെ ആയാ ഹും ,ആജ് മുജെ ബുലായാ ഹൈ ഇധർ”
ആ ചോദ്യഭാവത്തിനുള്ള മറുപടി ഞാൻ പറഞ്ഞു..
“കിസ് സേ മിൽനാ?”
“കപൂർ സാബ്…”
“ഗേറ്റ് ഖോലോ…”
വേറൊരു നേപ്പാളി ഗേറ്റ് തുറന്നു..
മുൻഭാഗം മനോഹരമായലങ്കരിച്ച റിസപ്ഷനിലെത്തി ഞാൻ വീണ്ടും ശങ്കിച്ചു നിന്നു..ചില്ലിനാൽ തീർത്ത റിസപ്ഷനിൽ ഒരു , ഗുജറാത്തി കൈവള കിലുങ്ങി..
അവിടിരുന്നിരുന്ന പെൺകുട്ടിയെ ഞാൻ ശ്രദ്ധിച്ചു ..ചെമ്പിച്ച പാറിപ്പറക്കുന്ന തലമുടി (അല്ലേലും കാച്ചെണ്ണ തേച്ച് സമൃദ്ധമായ നിതംബം തക് ലംബാ മുടി ഈ നരച്ച നാട്ടിൽ ഞാൻ പ്രതീക്ഷിച്ചില്ലാ ട്ടാ.) പൂച്ചക്കണ്ണുകൾ , വെളുത്ത മുഖം..! ചുരുക്കിപ്പറഞ്ഞാൽ സുന്ദരി..
സോഫ കാണിച്ച് തന്ന് അവിടിരിക്കാൻ പറഞ്ഞു.. കിളിനാദവും !!
ബാഗൊരു ഭാഗത്തു വെച്ച് ഞാനിരുന്നു.

വേറെയും ആളുകൾ വന്നും പോയും കൊണ്ടിരുന്നു..അരമുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ ക്ഷമകേട് പ്രദർശിപ്പിച്ചു കൊണ്ട് കോട്ടുവായിടാനും മൂരി നിവരാനും തുടങ്ങി..അതു കണ്ടിട്ടാവണം പെങ്കൊച്ചു ഇന്റെർകോമിൽ കറക്കി എന്തോ ആരോടോ സംസാരിച്ചിട്ട് എന്നെ നോക്കി പറഞ്ഞു..
“വെയ്റ്റ് ഫോർ 5 മിനുട്ട്സ് ..ദേർ ഇസ് എ വിസിറ്റർ ഇൻ ഹിസ് കാബിൻ..”
മുൻപിലെ പത്രത്തിലേക്ക് മൂന്നാമതും ഞാൻ മുഖം പൂഴ്ത്തി।

കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ വീണ്ടും കിളിനാദം മൊഴിഞ്ഞു
“ എക്സ്യൂസ് മീ…യു മേ ഗോ ഇൻ “
ഞാൻ വായിച്ചോണ്ടിരുന്ന ന്യൂസ് പേപ്പർ ടീപ്പോയിൽ വെച്ച് എഴുന്നേറ്റു ആ കൊച്ച് കാണിച്ച വഴിയിലൂടെ നടന്നു। കയറിച്ചെന്നത് വലിയ ഹാൾ॥ഓഫീസ്സാണെന്നു തോന്നുന്നു കുറേ പേരിരുന്നു ചായയും കുടിച്ച് കലപില കൂട്ടുന്നു॥ അറ്റത്തൊരു ക്യാബിൻ॥ ഞാൻ ചെന്നു ചെറുതായൊന്നു മുട്ടി
‘യേസ് കമിൻ’ ഘനഗംഭീര ശബ്ദ്ധം..
അകത്തേക്കു കയറിയപ്പോൾ ഒരു കുളിർ കോരിക്കൊണ്ട് എസിയുടെ തണുപ്പും ഒരു പെർഫ്യ്യും സുഗന്ധവും എതിരേറ്റു..ഒരു പത്തുനാല്പാതു വയസ്സു പ്രായം തോന്നിക്കുന്ന ഒരു ജെന്റിൽമാൻ മുൻപിൽ വേറൊരു മധ്യവയസ്കനും ഇരിക്കുന്നു..എന്നെയൊന്നു ഉഴിഞ്ഞു നോക്കിക്കൊണ്ട് ആ മാന്യൻ പറഞ്ഞു
“സോ മിസ്റ്റർ വീരു??”
“യേസ് സാർ”
“ഐ ആ‍ം കപൂർ ... പ്ലീസ് ബി സീറ്റെഡ് ”
ഞാൻ കപൂറിന്റെ മുന്നിലിരിക്കുന്നയാളുടെ സൈഡിലെ സീറ്റിൽ ഇരുന്നു.

എന്റെ കയ്യിലെ ഫയൽ അയാൾ വാങ്ങി. എന്റെ സർട്ടിഫിക്കറ്റുകളാണു !
ഈ ജോലിയും കൂടി തരമായില്ലെങ്കിൽ ‘ബേൽ പുരി’ പൊതിയാനെടുത്തോളണം എന്നു ഹരീഷ് കൂടെ കൂടെ പറയാറുള്ള സാധനം..!!
പേജുകൾ മറിച്ച് ഒന്നു കണ്ണോടിച്ചു കോണ്ട് ചോദ്യങ്ങൾ തുടങ്ങീ.. ഏതാണ്ടൊക്കെ ചോദിച്ചു …മുറി ഹിന്ദിയും ഇംഗ്ലീഷും കൂട്ടിച്ചേർത്തു ഏതാണ്ടൊക്കെ മറുപടി ഞാനും പറഞ്ഞു…എന്തോ അങ്ങേർക്ക് ബോധിച്ചെന്നു തോന്നി..
എല്ലാം കഴിഞ്ഞു കമ്പനിയിലെ ബാച്ച് ലേർസ്സ് ക്വാർട്ടേഴ്സിലെ താമസത്തിനും ഭക്ഷണത്തിനും പുറമേ മാസാമാസം മൂവായിരത്തഞ്ഞൂറു രൂപയും കൂടിത്തരാമെന്ന കരാറിൽ കാര്യമവസാനിപ്പിച്ചു.. ഞാൻ ഒരു ഫ്രഷ് കാൻഡിഡേറ്റ് ആയിരുന്നെന്ന കാര്യം കൂടി പരിഗണീക്കുമ്പോൾ അന്നത് കൊഴപ്പമില്ലാത്ത വേതനമാണെന്നാണു തോന്നുന്നതു.... സംഗതി കേന്ദ്രഭരണ പ്രദേശമാണെങ്കിൽ കൂടി ഒരു ഫുൾ ബോട്ടിൽ Mc Dowells Whisky ക്ക് വെറും 65 രൂപാ‍യും അതിലൊഴിച്ചു കഴിക്കാനുള്ള Beer നു 15 രൂപയും മാത്രം ഈടാക്കിയിരുന്ന കാലഘട്ടമാണെന്നോർക്കണം.. !!
മാസാമാസം കാശയച്ചു കൊടുക്കുമെന്ന പ്രതീക്ഷ വീട്ടുകാർക്കില്ലാത്തതിനാൽ അവരുടെ പ്രതീക്ഷയെ തകർക്കാൻ എനിക്കാവുമായിരുന്നില്ലെന്നു കൂടിയോർക്കുമ്പോൾ ആനന്ദലബ്ധിക്കിനിയെന്തു വേണം !!
എല്ലാം കഴിഞ്ഞു ഷേക്ക് ഹാൻഡ് തന്നു എന്നാലിനി നാളെ മുതൽ ജോയിൻ ചെയ്യാമെന്നു പറഞ്ഞു വിടാൻ നേരം കപൂർജി അടുത്തിരിക്കുന്ന കാർന്നോരെ പരിചയപ്പെടുത്തി തന്നു..“ബൈ ദ ബൈ ദിസ് ഈസ് മിസ്റ്റർ നമ്പ്യാർ..ഹി ഈസ് ആൾസൊ ഫ്രം യുവർ നേറ്റീവ്..ഐ മീൻ കേരള..”
മരുഭൂവിലൊരു മരുപ്പച്ച കണ്ട യാത്രക്കാരനെപ്പോലെ എന്റെ കണ്ണുകൾ വിടർന്നു..
“നാട്ടിലെവിടെയാ? “
“ഐ ആം ഫ്രം ടെല്ലിച്ചേരി..” ഇംഗരീസ്സാ…!!
“ഓഹോ ഞാൻ ത്രിശ്ശൂരാ..ഇവിടെത്ര നാളായി വേറെ മലയാളികളുണ്ടോ ഇവിടെ?”
“ഐ ഹേവ് ബീൻ ഹിയർ ഫോർ ഐറ്റ് ഇയേർസ്..നൊ അദർ മലയാളീസ്..ഓക്കെ ബെസ്റ്റ് ഓഫ് ലക്ക് ”
ആൾക്കിതൊരു മരുഭൂമിയായ് തോന്നാത്തതു കൊണ്ടാവണം സംഭാഷണം അവസാനിപ്പിക്കാൻ മറുപടിയിലൊരു നീരസമോ പുഛമോ തിരുകിയിരുന്നതായി എനിക്കു തോന്നി.

മലയാളി മലയാളിയോട് മറുഭാഷയിൽ സംസാരിച്ചതു കൊണ്ടും ആവാം എനിക്കങ്ങനെ തോന്നിയത്!
ഉടനെ കപൂർ ഭായി മേശപ്പുറത്തിരുന്ന ബെല്ലമർത്തി പ്യൂൺ ചെക്കനെ വിളിപ്പിച്ചു “അല്പേശ് കൊ ഇധർ ബുലാവോ”
പ്യൂൺ ചെക്കൻ ‘ ടീക്ക് ഹൈ സാബ് പറഞ്ഞ് ’ തിരിച്ചു പാഞ്ഞ് പോയി അപ്പുറത്തു ചെന്നു ചായകുടിക്കുന്നുണ്ടായിരുന്നതിൽ നിന്നൊരാളെയും വിളിച്ചു ക്യാബിൻ വരെ അകമ്പടി വന്നു ..
“ദിസ് ഇസ് അല്പേശ് പട്ടേൽ ..മൈന്റനൻസ് എഞ്ചിനീയർ , സോ ഹി ഇസ് യുവർ ബോസ്സ് ഫ്രം ടുഡേ..ഹി വിൽ ഷോ യു ദി പ്ലാന്റ് ഏൻഡ് യുവർ അക്കോമ്മൊഡേഷൻ..ഗോ വിത്ത് ഹിം” കപൂർജി എന്നെ നോക്കി ‘അപ്പ ശരി’യെന്ന വണ്ണം തലയാട്ടി..
അതിവിനയം വഴിഞ്ഞൊഴുകുന്ന പുഞ്ചിരിയുമായി യേസ് സാർ ..യേസ് സാർ പറഞ്ഞോണ്ടിരുന്ന അല്പേശ് ക്യാബിനിൽ നിന്നും എന്നെയും കൂട്ടിപുറത്തേക്കു വന്നതും മുഖത്ത് ചിരി മാഞ്ഞു കാർമേഘമിരുളുന്നതു ഞാൻ ശ്രദ്ധിച്ചു..
എന്നെയും കൂട്ടി ഫാക്ടറി മൊത്തമൊന്നു കറക്കി കാണിക്കുന്നതിനിടയിലെല്ലാം ആ ‘കാറ്’ മുഖത്തു നിന്നും മാറിയിരുന്നില്ലെന്ന കാര്യവും ഞാൻ ശ്രദ്ധിച്ചു. കൂറ്റൻ മോൾഡിങ്ങ് മെഷീനുകൾക്കും കമ്പ്രസ്സറുകൾക്കുമിടയിലൂടെ നടന്നു ‘പൊട്ടൻ പൂരം കാണും പോലെ’ നോക്കിക്കാണുന്നതിനിടയിൽ എന്റെ ചോദ്യങ്ങൾക്ക് അവ്യക്തമായ മറുപടികൾ തരുന്നതിനിടയിൽ പലരേയും പരിചയപ്പെടുത്താൻ അല്പേശ് മറന്നില്ല..
എന്തിന്റെയും കൂടെ ‘ഹൈ’ , ‘ഹേ’ , ‘ഹോ’ ചേർത്തുപറഞ്ഞാൽ ഹിന്ദിയാവുമെന്നു വിശ്വസിച്ചിരുന്ന സ്കൂൾ ജീവിതത്തിൽ നിന്നും അതിദൂരമൊന്നും പിന്നിട്ടിട്ടില്ലാത്തതു കൊണ്ട് പരിചയപ്പെട്ടപ്പോൾ രണ്ടു വാക്കു മിണ്ടാനിടയായവരെല്ലാം ഒരു വിചിത്ര ജീവിയെ കാണുമ്പോലെ നോക്കുന്നുണ്ടായിരുന്നു..!
അങ്ങനെ കറക്കത്തിന്റ്റെ അവസാനം മുകളിൽ ബാച്ചിലേർസിന്റെ അക്കോമ്മൊഡേഷനും കൂടി കാട്ടി തന്നു തിരിച്ചു പോകാൻ നേരം എനിക്കു മനസ്സിലാവാത്ത രീതിയിൽ(അതി സങ്കീർണ്ണ ഹിന്ദിയിലോ അല്ലെങ്കിൽ ഗുജറാത്തിയിലോ) ഒരുപദേശവും തന്നു!
എന്റെ കണ്ണിലേക്കു നോക്കി മുഖത്തല്പം ഗൌരവം വരുത്തി തോളത്തു തട്ടിക്കൊണ്ട് ഒരു വലിയ ഡയലോഗ് ..മുഖഭാവവും ശബ്ദ്ധത്തിന്റെ ഫ്രീക്വൻസിയും ടോണും വച്ചു നോക്കിയപ്പോൾ ഞാൻ അതു മനസ്സിലാക്കിയതിങ്ങനെയാണു
“ ഡാ ചെക്കാ…നീയ്യിവിടെ പുതിയതാണു ട്ടാ..ഇവിടെ ഞാൻ പറയണതൊക്കെ കേട്ട് നടന്നാൽ നിനക്കു കൊള്ളാം വല്യ റോളിടാൻ നോക്കിയാൽ മോനേ ,ഇതു നാടു വേറെയാ.., നീ വെവരമറിയും/നിന്റെ കൂമ്പിടിച്ചു വാട്ടും പന്നീ… അപ്പോ പറഞ്ഞ പോലെ .. നാളെ മുതൽ പെട്ടീം കടയുമെടുത്തു വന്നു ജോയിൻ ചെയ്തോളൂ....”
ഏതൊരു മേഖലയിലായാലും തന്റ്റെ താവളത്തിലേക്ക് ഒരു ജൂനിയർ കടന്നു വരുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന ഒരു ഫീലിംഗ് , ഒരു അരക്ഷിതാ‍ബോധം ! അത്രയേ കൂട്ടാനുള്ളൂ..
പെരുന്തച്ചനെപ്പൊലൊരു മഹാനു സ്വന്തം മകനോടു പോലും തോന്നിയില്ലേ ലത് ! പിന്നല്ലേ പൊറംനാട്ടുകാരൻ പട്ടേലിനു !! ഞാനതവിടെ വിട്ടു..!
നമ്മളിതൊക്കെ കേട്ട് എവിടെ മൈൻഡ് ചെയ്യാൻ..!!
നമ്മുക്ക് നമ്മുടേതായ ഒരു ശൈലി ഉണ്ടായിരുന്നല്ലോ !!!
മൂക്കിനിടിച്ചാൽ മൂക്കു കൊണ്ടും നെഞ്ചത്തിടിച്ചാൽ നെഞ്ചു കൊണ്ടും തടുക്കുന്ന നമ്മുടെ സ്വന്തം ശൈലി !! അത് വെച്ച് ഹെൽ‌പ്പർമാര് പിള്ളേരോടൊപ്പം നിന്നു വെയിലത്തു കേബിൾ വലി മുതൽ മെഷിനു പുറകിലെ ഓയിലും ഗ്രീസും കൂടിക്കലർന്ന് ടാറു പോലെയുള്ള ചെളിവെള്ളത്തിൽ പെരണ്ടു കെടന്നുള്ള പൈപ്പ് ലൈൻ റിപ്പയറിംഗ് ജോലി വരെ പറഞ്ഞതപ്പാടെ ചെയ്ത് കൊണ്ട് ഞാനെന്റെ career ആരംഭിച്ചു. അതോടൊപ്പം തന്നെ അല്പന് അർഹിക്കാത്തതിലധികം ബഹുമാനവും വാരിക്കോരിക്കൊടുത്ത് കൊണ്ട് ഗുരുശിഷ്യ ബന്ധത്തിനു ഒരു പുതിയ തുടക്കവും കുറിച്ചു!!
ജോലിസമയം കഴിഞ്ഞാലാണ് സമയം നീങ്ങാൻ ബുദ്ധിമുട്ട് !! ബാച്ച് ലേഴ്സ് ക്വാർട്ടേഴ്സിൽ അഞ്ചാറു എഞ്ചിനീയേഴ്സ് ഉണ്ട് .മലയാളമറിയുന്ന എന്തിനു തമിഴോ തെലുങ്കോ പോലും അറിയാവുന്ന ഒന്നില്ല താനും..!! ആകെയൊരാശ്വാസം കർണ്ണാടകക്കാരൻ ഹേമന്ത് റായി ആണു തെറിയുൾപ്പെടെ മൂന്നാലു വാക്ക് മലയാളം തട്ടിമുട്ടി പറയും. അങ്ങനെയെരിക്കെ പ്രതീക്ഷിക്കാതൊരു ദിവസം വേലയ്ക്കിടയിൽ കമ്പനിയിലെ ടൂൾ റൂമിനു പുറത്തു വച്ചൊരു പാട്ടു കേട്ട് ഞാൻ ഞെട്ടി..
“ ആ ടിവ്വി നാമം അയ്യപ്പാ…. ഞങ്ങക്കാനന്ദ ടായക മന്ത്രോ…
ആ മനി റൂപാ..ആയ്യപ്പാ ..ഞങ്ങക്കാനന്ദ ടായക റൂപാ..”
ചെറുപ്പത്തിലെന്നും അമ്പലത്തിൽ നിന്നും കേട്ടുണരാറുള്ള ഭക്തിഗാനങ്ങളിലൊന്ന്…!!
മലയാളമറിയില്ലെങ്കിലും മനോഹരമായ ഈണത്തിലാണ് ആലാപനം..!!
ചെന്നു നോക്കിയപ്പോൾ ദാസ് ആണ്.. ഇവിടെ കമ്പനിയിലെ ഡൈ മേക്കർ ആണ് ഒരു ആറരയടി പൊക്കത്തിൽ ആജാനുബാഹുവായ ഈ ജബൽ പൂരുകാരൻ (MP) ചിത്തരഞ്ചൻ ദാസ് !!
ലോഹങ്ങൾക്കിടയിലെ ശൂന്യതയിൽ ഉരുക്കിയൊഴിക്കുന്ന പ്ലാസ്റ്റിക്കുകളിൽ , പല രൂപങ്ങളും വാർത്തെടുക്കുന്ന ‘അച്ചു’ കൾ നിർമ്മിക്കുന്നവൻ ! സിമ്പിൾ hand grinder മുതൽ CNC milling centre വരെ പ്രവർത്തിപ്പിക്കുന്നതിൽ അഗ്രഗണ്യൻ ! മുൻപ് ഒന്നു രണ്ടുതവണ കമ്പനിയിലവിടിവിടെ വച്ചു കണ്ടെങ്കിലും ഒരു പുഞ്ചിരിയിൽ കവിഞ്ഞ പരിചയപ്പെടലൊന്നും നടന്നിരുന്നില്ല..
ഇപ്പോൾ അതിശയത്തോടെ നോക്കി നിൽക്കുന്ന എന്നെ നോക്കി ചിരിച്ചുകൊണ്ട് അവൻ അടുത്തത് തുടങ്ങി..
“സബറി മലയിൽ റ്റങ്ക സൂര്യോടയം…..”
“ബസ് ...ബസ് ഭായി…യേ സബ് കഹാം സെ സീഖാ?” ഈ ചോദ്യത്തോടെ ഞങ്ങൾ ആദ്യമായി പരിചയപ്പെട്ടു..!!
അവൻ സ്വയം പരിചയപ്പെടുത്തിയതോടൊപ്പം പാട്ടിന്റെ കഥയും പറഞ്ഞു.
പണ്ട് ജബൽ പൂരിൽ മലയാളികളുടെ സൊസൈറ്റിയിൽ മാതാപിതാസഹോദര സമേതം താമസിച്ചിരുന്ന കാലം । അന്നവനു 10-12 വയാസ്സാണു പ്രായം॥അവിടെ ഒരു ചെറിയ അമ്പലമുണ്ടായിരുന്നു। ഒരു അയ്യപ്പ ക്ഷേത്രം । മണ്ഡലകാലത്തു പൂജ കഴിഞ്ഞാൽ പ്രസാദം വാങ്ങാൻ കൂട്ടരുമൊത്തു ചെന്നു നിൽക്കുമത്രെ.. പൂജ കഴിഞ്ഞു വൈകുന്നേരം കോളാമ്പി മൈക്കിൽ വെയ്ക്കുന്ന ഭക്തിഗാനങ്ങളുടെ അർത്ഥമറിയില്ലെങ്കിലും എല്ലാം മനഃപാഠമാക്കിയിരുന്നു..ആ ഈണം മനസ്സിൽ വരുമ്പോൾ ഇപ്പോളും ആ പ്രസാദത്തിന്റെ മധുരം നാവിലൂറുമെത്രെ..!
ആ ഒരു ചെറിയ പരിചയപ്പെടലിൽ തന്നെ ഞങ്ങൾ വലിയ സുഹൃത്തുക്കളായി..
രണ്ടുമൂന്നു നാളുകൾക്കു ശേഷമൊരു വൈകുന്നേരം ദാസ് ചോദിച്ചു അവന്റെ കൂടെ വീട്ടിലേക്കു വരുന്നോന്ന് ഇവിടടുത്താണത്രെ താമസം..വീട്ടിൽ അമ്മ മാത്രമേ ഉള്ളൂവെന്നും നിനക്കു പരിചയപ്പെടുത്തിത്തരാമെന്നും പറഞ്ഞു..
ഞാനും കരുതി ജോലി കഴിഞ്ഞാൽ വെറും ബോറടിയാണ് ദാസിന്റെ കൂടെ പോകാം..
അങ്ങനെ കമ്പനി കോമ്പൌണ്ടിനു പുറത്തെ പനമരക്കൂട്ടങ്ങൾക്കിടയിലൂടെ ആ സായം സന്ധ്യയിൽ ഞാൻ ദാസിനെ അനുഗമിച്ചു.. കുറെ നടന്നു… നടക്കുന്നതിനിടയിൽ കലപിലാന്നു സംസാരിക്കുന്നുണ്ടായിരുന്നു അവൻ. ഞാൻ വെറുതെ മൂളിക്കൊണ്ടിരുന്നു..
ഇരുട്ടിത്തുടങ്ങിയപ്പോൾ ചെറിയ കുടിലുകൾ ഇടവിട്ടു നിൽക്കുന്ന ഒരു ഗ്രാമത്തിലെത്തി..വളരെ ചെറിയ കുടിലുകൾ .
അതിലൊരു ചെറിയ കുടിലിന്റെ വരാന്തയിലെത്തിയപ്പോൾ ദാസ് നിന്നു..
ആശങ്കാകുലനായി നിൽക്കുന്ന എന്നെ നോക്കി ദാസ് ഒന്നു പുഞ്ചിരിച്ചു എന്നിട്ടകത്തേക്കു നോക്കി വിളിച്ചു..
“മാ‍ാ‍ാ‍ാ..”
എന്തോ ഒരപാകത എനിക്കു തോന്നി..ഇത്ര ചെറിയ കുടിലിലാണോ ഇവന്റെ താമസം..?
അകത്തു നിന്നും ഒരു വൃദ്ധ വാതിലിൽ വന്നു നോക്കി..ചുക്കിച്ചുളിഞ്ഞ് നന്നേ പ്രായം തോന്നിക്കുന്ന ഒരു പടു കിഴവി !! ഇതോ ദാസിന്റെ അമ്മ ?!!
“മാ അർദ്ധ കമ്പാ ലാവോണി..” ( മാ..ഒരു അരക്കുപ്പിയിങ്ങെട്) ദാസ് ഗുജറാത്തിയിൽ വിളിച്ചു പറഞ്ഞു
ദാസിന്റെ മുഖത്തു വീണ്ടും കള്ളച്ചിരി.. അകത്തേക്കു പോയി ഒരു കുപ്പിയും രണ്ടു ഗ്ലാസ്സും പ്ലേറ്റിൽ അച്ചാറുമായി തള്ള വന്നു.!
“ മാ… യേ മേരാ ദോസ്ത് അഭി അഭി ഗാവ് സേ ആയാ..” എന്നെ പരിചയപ്പെടുത്തിയപ്പോൾ തള്ളയൊന്നു പുഞ്ചിരിച്ചോ. അറിയില്ല !
ആ മുഖത്തങ്ങനെയൊരു ഭാവം തിരിച്ചറിയാനെളുപ്പമല്ല !! പ്രായം അത്രക്കുണ്ട് !
ചെറിയതെങ്കിലും വൃത്തിയുള്ള ആ ചെറിയ വരാന്തയിൽ ഞങ്ങളിരുന്നു.
ഈന്തപ്പനക്കള്ളിൽ ശർക്കരയിട്ട് വാറ്റിയെടുക്കുന്ന അസ്സൽ ചാരായം രണ്ടു ഗ്ലാസ്സുകളിലേക്കും ഒഴിക്കുമ്പോൾ ദാസ് വീണ്ടും എന്നെ നോക്കി ചിരിച്ചു !!
തൊണ്ട മുതൽ ആമാശയം വരെ എരിച്ചു കൊണ്ട് ആദ്യത്തെ ഗ്ലാസ്സ് അണ്ണാക്കിലേക്കു കാലിയാക്കി ഞാൻ അച്ചാറെടുത്തു നാവിൽ വെച്ചു ഞൊട്ടി. കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം ചാടുന്നു..!! രണ്ടാമത്തെ ചഷകവും ഒഴിഞ്ഞപ്പോൾ ദാസ് ജബൽപൂരിലെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോയി.. ഞാൻ ഓർമ്മകളുമായി എന്റെ ഹരിത കേരളത്തിലേക്കും ! രണ്ടാമത്തെ കുപ്പിയുടെ അടപ്പ് തുറന്നപ്പോളേക്കും ദാസ് അച്ഛനുമമ്മയും നഷ്ടപ്പെട്ട യവ്വനത്തിലെത്തിയിരുന്നു..സംസാരത്തിനിടക്കിടെ വിതുമ്പുന്നുമുണ്ടായിരുന്നു.. പതുക്കെ പതുക്കെ ലഹരി ഒരു കൂറ്റൻ ഡീസൽ എഞ്ചിൻ കണക്കെ തലയിലേക്കിരച്ചു കയറി..ഞങ്ങളിരിക്കുന്ന വരാ‍ന്തക്ക് മുന്നിലെ നരച്ച കള്ളിമുൾപ്പാടങ്ങൾക്കു മീതെ ഒരു പുഞ്ചപ്പാടത്തിന്റെ പച്ചപ്പരവതാനി വിരിയുന്നു. ചടച്ച ഈന്തപ്പനകൾ ഹരിതാഭവർണ്ണം വിതറുന്ന വലിയ തെങ്ങുകളായി തലനീട്ടി നിന്നു..ആ ഉച്ചക്കൊടും വെയിലിൽ ഞാൻ എഴുന്നേറ്റു നടന്നു .. എന്റെ വീട് ലക്ഷ്യമാക്കി..!!45 comments:

 1. നല്ല ഓർമ്മകുറിപ്പ്

  ReplyDelete
 2. മദ്യപാനം ആരോഗ്യത്തിനു ഹാനികരം .. സ്വഭാവത്തിനും ...

  ReplyDelete
 3. "മാസാമാസം കാശയച്ചു കൊടുക്കുമെന്ന പ്രതീക്ഷ വീട്ടുകാർക്കില്ലാത്തതിനാൽ അവരുടെ പ്രതീക്ഷയെ തകർക്കാൻ എനിക്കാവുമായിരുന്നില്ലെന്നു കൂടിയോർക്കുമ്പോൾ
  ആനന്ദലബ്ധിക്കിനിയെന്തു വേണം !!"

  ഇത് കലക്കി.

  സര്‍ക്കാര്‍ ഉദ്യോഗം കിട്ടുന്നതിനു മുമ്പ് വര്‍ക്ക്‌ ചെയ്ത
  ഫാക്ടറിയുടെ ഒരു സഹോദര സ്ഥാപനം ധമനില്‍ ഉണ്ട്.
  അത് കൊണ്ട് ഒക്കെ മനസ്സിലായി ഹൈ ഹേ ഹോ....ഹഹഹഹ

  ReplyDelete
 4. നല്ല ഓര്‍മ്മകള്‍, മാഷേ. കൂടെ സഞ്ചരിയ്ക്കുന്നതു പോലെ ഒരു ഫീല്‍...
  തുടരട്ടെ!

  ReplyDelete
 5. അരെ ക്യാ ബോലൂം , “ ആ ടിവ്വി നാമം അയ്യപ്പാ…. ഞങ്ങക്കാനന്ദ ടായക മന്ത്രോ…
  ആ മനി റൂപാ..ആയ്യപ്പാ ..ഞങ്ങക്കാനന്ദ ടായക റൂപാ.. ക്യാ ബാത് ഹെ..

  ReplyDelete
 6. നന്നായിട്ടുണ്ട് മാഷേ

  ReplyDelete
 7. ഓര്‍മ്മകള്‍, ഓര്‍മ്മകള്‍.

  ReplyDelete
 8. അനുഭവ താളുകള്‍ ഇനിയും ഒത്തിരി ഉണ്ടാവുമല്ലോ അതലാമിങ്ങ് വരട്ടെ മാഷേ

  ReplyDelete
 9. ലാളിത്യമുള്ള എഴുത്ത്, കാലഘട്ടം പറഞ്ഞില്ല.
  ബേൽ‌പൂരിയെ, വടാപാവിനെ,ഭയ്യാമാരെ, ലോക്കലിലെ തിരക്കിനെ, ഗുജറാത്തി പെൺകുട്ടികളുടെ ദാണ്ഡിയായെ,മിഡ് ഡേ യൂടെ ജോബ് കോളത്തെ, അങ്ങനെയങ്ങനെ ഒരുപാട് ഓർമ്മകളുണർത്തി ഈ നല്ല പോസ്റ്റ്.

  ReplyDelete
 10. ഓരോ കുഞ്ഞു കാര്യവും മനോഹരമായി പറഞ്ഞു വെച്ച ഓർമ്മകുറീപ്പ് വീരു തുടരട്ടെ

  ReplyDelete
 11. വളരെ രസകരമായിട്ടുണ്ട്. ബാക്കിക്കായി കാത്തിരിക്കുന്നു.

  ReplyDelete
 12. വീരുഭായ്‌, മനോഹരമായ ആ വിവരണത്തിനു മുന്നിൽ നമിക്കുന്നു.
  അതേതാ അങ്ങനെയൊരു തലശ്ശേരിക്കാരൻ. പോട്ടെ.. എല്ലാവരും നമ്മളെപോലെയാവില്ലല്ലോ?.. :)

  ReplyDelete
 13. ബോംബെയില്‍ കുറച്ചു കാലം ഉണ്ടായിരുന്നതിനാല്‍ ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ തികട്ടി വന്നു.
  നന്നായി പറഞ്ഞിരിക്കുന്നു.
  ആശംസകള്‍.

  ReplyDelete
 14. നഭാഷ നന്നായി പ്രയോഗിച്ചിരിക്കുന്നു.............

  ReplyDelete
 15. വീരു അച്ചാറെടുത്ത്‌ നാവില്‍ തൊട്ടപ്പോള്‍ കണ്ണില്‍ നിന്നും മൂക്കില്‍ നിന്നൊക്കെ വെള്ളം ചാടിയത്‌ എന്‍റേം കൂടിയാ...ഞാനും ഉണ്ടായിരുന്നു വീരുന്‍റെ കൂടെ...

  ReplyDelete
 16. വീരു, വായിച്ചു.ര്ണ്ട് വട്ടമായാണ്‌ വായിച്ച് തീര്‍ത്തത്.അത് വായനാസുഖം ഇല്ലാഞ്ഞിട്ടല്ല, സമയക്കുറവ് കാരണമായിരുന്നു.വായന തുടങ്ങുന്നതിനു മുന്നേ ഓടിച്ച് നോക്കിയപ്പോ വല്യ പോസ്റ്റാണെന്ന് തോന്നി.വായിച്ച് തുടങ്ങിയപ്പോ ബോസിന്‍റെ വിളി.തിരിച്ച് വന്ന് ആദ്യം മുതല്‍ വായിച്ചു.വിവരണം നന്നായിരിക്കുന്നു

  ReplyDelete
 17. വീരു മാഷെ, കഥ നന്നായീട്ടൊ....

  പിന്നെ ഒരു സശയം...

  വെള്ളമടിക്കാൻ പോകുമ്പോൾ എഴുതി....
  ‘പനമരക്കൂട്ടങ്ങൾക്കിടയിലൂടെ ആ സായം സന്ധ്യയിൽ ഞാൻ അവനെ അനുഗമിച്ചു. കുറെ നടന്നു.’

  വെള്ളമടിച്ച് അവസാനം എഴുതി.
  ‘ആ ഉച്ചക്കൊടും വെയിലിൽ ഞാൻ എഴുന്നേടു നടന്നു.. എന്റെ വീട് ലക്ഷ്യമാക്കി..’

  ശരിക്കും പിറ്റേ ദിവസം ഉച്ചയായപ്പോഴാണൊ അവിടന്ന് എഴുന്നേറ്റ് പോന്നത്...?!!
  അതോ ഇപ്പോൾ ഇതെഴുതിയത് ശരിക്കും പൂസായിട്ടാണൊ..?
  അതോ എന്റെ ധാരണാ പിശകോ...?

  ReplyDelete
 18. എഴുത്ത് വളരെ മെച്ചപെട്ടു ട്ടോ
  ഇപ്പോ പൂര്‍ണ്ണ ട്രാക്കിലായ പോലെ...

  ReplyDelete
 19. നന്നായിട്ടുണ്ട്..ഓര്‍മ്മകള്‍..എന്നാലും..ഇങ്ങനെ കുടിക്കല്ലേ .........ഹി..ഹി.

  ReplyDelete
 20. വീരുവിന്റെ പോസ്റ്റുകള്‍, ഒരിക്കലും കണ്ടിട്ടില്ലാത്ത ആ ലോകത്തേക്കൊക്കെ കൂട്ടിക്കൊണ്ടു പോകാറുണ്ട്.
  ‘സബറിമലയില്‍ റ്റങ്ക സൂര്യോദയം ...’ ഒക്കെ പാടി പഴയ പ്രസാദമധുരമൊക്കെ ഓര്‍ത്തെടുക്കുന്ന, വീരുവിന്റെ ദോസ്ത് ചിത്തരഞ്ജന്‍ ദാസിനേയും ഇഷ്ടപ്പെട്ടു.

  ReplyDelete
 21. ഗെഡീ,കലക്കീട്ടാ‍ാ‍ാ.ഉഗ്രൻ അവതരണം....!

  ഓരൊ വായനക്കാരനും വീരുവിന്റെ കൂടെ ആ
  തീവണ്ടിയാത്രമുതൽ ദാസിന്റെ കൂടെയുള്ള ഈ പട്ടയടി യാത്രവരെ,
  താങ്കളുടെയൊപ്പം ‘നൊസ്റ്റാൾജിയ’കളോടെ സഞ്ചരിക്കുകയായിരുന്നു...കേട്ടൊ

  ReplyDelete
 22. ആ ഇന്റര്‍വ്യൂ എല്ലാം മനസ്സില്‍ കണ്ടു, എന്റെ അതെ അവസ്ഥ. നീ എഴുതി കഴിഞ്ഞിട്ട് വേണം എനിക്കും തുടങ്ങാന്‍, ഭാഷ അറിയാതെ അന്ന് അനുഭവിച്ച കാര്യങ്ങള്‍ ഒക്കെ ഓര്‍ക്കുമ്പോള്‍ ഇന്നും പേടി തോന്നുന്നു. പക്ഷെ ആ അനുഭവം ആണെന്ന് തോന്നുന്നു ഇന്ന് നിവര്‍ന്നു നില്ക്കാന്‍ സഹായം, പിന്നെ ദൈവത്തിന്റെ കടാക്ഷവും. വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല. അതി മനോഹരമായ ഭാഷ തന്നെ അളിയാ. ആശംസകള്‍

  ഡാ കോപ്പേ ഈ വേര്‍ഡ്‌ വേരിഫിക്കേഷന്‍ എടുത്തു കള:)

  ReplyDelete
 23. പച്ചപ്പു നൽകേണ്ട തെങ്ങുകളെല്ലാം വയറുന്തി തലമൊട്ടയടിച്ച് കൂരച്ച നെഞ്ചുമായി നിരന്നു നിൽക്കുന്നു !- എന്തുവാ ഈ കൂരച്ച നെഞ്ച് ?

  ഗുജറാത്തി കൈവള കിലുങ്ങി..
  അവിടിരുന്നിരുന്ന പെൺകുട്ടിയെ ഞാൻ ശ്രദ്ധിച്ചു - നീ തീരെ ശരിയല്ല വീരു , കൊച്ചിനെ നോക്കാന്‍ പറഞ്ഞാന്‍ കൊച്ചമ്മയെക്കൂടി നോക്കേണ്ട കാര്യമുണ്ടോ

  കേന്ദ്രഭരണ പ്രദേശമാണെങ്കിൽ കൂടി ഒരു ഫുൾ ബോട്ടിൽ Mc Dowells Whisky ക്ക് വെറും 65 രൂപാ‍യും അതിലൊഴിച്ചു കഴിക്കാനുള്ള Beer നു 15 രൂപയും മാത്രം ഈടാക്കിയിരുന്ന - ഹോ എത്ര മനോഹരമായ കാലം , ഇനി വരുമോ ഈ സുവര്‍ണ്ണ കാലങ്ങള്‍ ?

  മാസാമാസം കാശയച്ചു കൊടുക്കുമെന്ന പ്രതീക്ഷ വീട്ടുകാർക്കില്ലാത്തതിനാൽ അവരുടെ പ്രതീക്ഷയെ തകർക്കാൻ എനിക്കാവുമായിരുന്നില്ലെന്നു കൂടിയോർക്കുമ്പോൾ ആനന്ദലബ്ധിക്കിനിയെന്തു വേണം !! - ഐവ ...സൂപ്പര്‍

  മലയാളി മലയാളിയോട് മറുഭാഷയിൽ സംസാരിച്ചതു കൊണ്ടും ആവാം എനിക്കങ്ങനെ തോന്നിയത് - മലയാളിയുടെ ഈ മാതൃഭാഷാപകര്‍ഷത കുറച്ചൊന്നുമല്ല ഇവിടെ കാണുന്നത്

  എന്തിന്റെയും കൂടെ ‘ഹൈ’ , ‘ഹേ’ , ‘ഹോ’ ചേർത്തുപറഞ്ഞാൽ ഹിന്ദിയാവുമെന്നു വിശ്വസിച്ചിരുന്ന സ്കൂൾ ജീവിതത്തിൽ നിന്നും അതിദൂരമൊന്നും പിന്നിട്ടിട്ടില്ലാത്തതു കൊണ്ട് പരിചയപ്പെട്ടപ്പോൾ രണ്ടു വാക്കു മിണ്ടാനിടയായവരെല്ലാം ഒരു വിചിത്ര ജീവിയെ കാണുമ്പോലെ നോക്കുന്നുണ്ടായിരുന്നു..!..ഹ ഹ ഹ സമ്മതിക്കണം മച്ചൂ .. ഇതെനിക്കും സംഭവിച്ചിട്ടുണ്ട് .

  ആ വീ കെ ചേട്ടായി പറഞ്ഞ അതെ സംശയം എനിക്കും ഉണ്ട് ..വീരു

  ReplyDelete
 24. തലക്കെട്ട് പതിവുപോലെ തകർപ്പൻ !!ഭയ്യായെക്കുറിച്ചോർത്തപ്പോൾ എനിക്കും നാട്ടിലെ ചെണ്ട ഓർമ്മ വന്നു.!! പിന്നെ ചങ്ങാതി പട്ടാമ്പിയിൽ ചെന്നാൽ പട്ടാമ്പിക്കാരൻ തന്നെയാണല്ലേ !!(എവിടെ ചെന്നാലും പട്ടയടി തന്നെയാണോ ഹോബി?)ഈനാമ്പേച്ചിക്കു മരപ്പട്ടി കൂട്ട് പോലെ കുറെയെണ്ണം വേറേയും... എന്തായാലും ഞാനും വന്നു ഈന്തപ്പനക്കൂട്ടങ്ങൾക്കിടയിലൂടെ..പതിവു പോലെ തന്നെ ഇഷ്ടപ്പെട്ടു..!

  ReplyDelete
 25. സമ്മതിക്കണം ട്ടോ, എങ്ങനെ ഇത്ര കൃത്യമായി അടുക്കു അടുക്കായി കാര്യങ്ങള്‍ പറയാന്‍ പറ്റുന്നു? പഴയ ഡയറി കുറിപ്പില്‍ നിന്നാണോ? എനതായാലും വളരെ രസകരം ആവുന്നുണ്ട്‌ ട്ടോ. തുടരൂ.

  ReplyDelete
 26. കുറേ നാളായി ഈ ‘ഭൂത’ത്തിനെ കാണാനായി വന്നു നോക്കുന്നു. അടുത്തതെവിടേ?

  ReplyDelete
 27. നല്ല ഒരു ഓര്‍മകുറിപ്പു തന്നെ

  ആശംസകള്‍

  ReplyDelete
 28. ഇനിയും ഇടക്ക് കാണാം..

  ReplyDelete
 29. രസകരമായിരിക്കുന്നു. നല്ല സസ്പെന്‍സ്. ന്നാലും ആ ദാസിനെക്കുറിച്ച് പൂര്‍ണ്ണമായില്ല. നന്നായിരിക്കുന്നു.

  ReplyDelete
 30. വീരു മാഷെ,
  ഇതിന്റെ ബാക്കി പിന്നെ വന്നില്ലല്ലൊ...?

  ReplyDelete
 31. വീരു ആദ്യായിട്ടാ ഇവിടെ. ആദ്യം കിട്ടിയത് ഓര്‍മക്കുറിപ്പും
  നന്നായി. ഇനിയും പ്രതീക്ഷിക്കുന്നു.

  ReplyDelete
 32. നന്നായി പറഞ്ഞിരിക്കുന്നു.
  ആശംസകള്‍.

  ReplyDelete
 33. വീരു,
  എന്തേ ഞാന്‍ ഈ വഴി വരാന്‍ വൈകി?
  ഗംഭീ‍ീരമായിരിക്കുന്നു, വീരു.
  -പക്ഷേ
  എന്തേ ഈ മൌനം?

  ReplyDelete
 34. njan eppozhum vaikum. valare nannai ee ormmakuripp. ippozhentha ezhuthathath?

  aazamsakal.

  ReplyDelete
 35. kollaalo...njaan ee vazhi aadyyaayitaaa

  ReplyDelete
 36. puthiya postukal kanunnillallo?

  ReplyDelete
 37. ഇതെവിടെയാണ്?

  ReplyDelete
 38. Puthiya posting onnum ille mashae..?Ezhuthoo..

  ReplyDelete
 39. എഴുതാൻ പറ്റണില്ലിഷ്ടാ..!! ശ്രമിക്കാം ട്ടാ..!!

  ReplyDelete
 40. ചാരായം കുടിച്ചതോടെ എഴുത്ത്‌ നിന്നു പോയോ???

  ReplyDelete
 41. മാഷേ വീണ്ടും എഴുതുക .....പറ്റുന്നില്ല എന്ന തോന്നലിനെ ചുട്ടു കരിക്കുക..... അതിലെ കരിയെടുത്ത് എഴുതി തുടങ്ങുക...... ആശംസകൾ.... എല്ലാ ഭാവുകങ്ങളും നേരുന്നു....

  ReplyDelete