Saturday, October 17, 2009

അംചി മുംബൈ !!



കാലത്തെഴുന്നേറ്റ് ,ടോയ്ലെറ്റ് ക്യൂ വിൽ നിൽക്കേണ്ടതിനെക്കുറിച്ച് ആലോചിച്ചാലാചിച്ചു അന്നു വൈകുന്നേരം ഞാൻ തളർന്നുറങ്ങി..ഭയന്നതിലും ഭീകരമായിരുന്നു യഥാർത്ഥത്തിൽ സംഭവിച്ചത്..പത്തിരുപത്തഞ്ചു പേര് നിരന്ന ക്യൂവിൽ പന്ത്രണ്ടാമനായി അരമണിക്കൂറോളം നിന്നതിലെനിക്കു തെല്ലോളം ദെണ്ണമില്ലെന്നു പൊളിവാക്ക് പറയണില്ല എന്നാലുമതായിരുന്നില്ലെന്നെ കൂടുതൽ വിഷമിപ്പിച്ചത്, മറിച്ച് അകത്തേക്ക് കേറിയിരുന്നപ്പോൾ കാര്യസാധ്യത്തിനു വിഘ്നം വരുമാറ് പുറത്തു നിന്നും വാതിലിലെ തട്ടലും മുട്ടലും ചീത്ത വിളികളുമാണ് സങ്കടമായത് !!
എന്തായാലും അന്നു ഞാനൊരു ദൃഡ നിശ്ചയം ചെയ്തു..ഇനി മുതൽ അതി രാവിലെ ബോംബെയുണരും മുൻപേ എണീറ്റ് കാര്യം നടത്തി വരിക..!!
ഈ ആശയം ഞാൻ നടപ്പിലാക്കുകയും പതുക്കെപ്പിന്നീടതൊരു ശീലമാക്കുകയും ചെയ്തു.. പതുക്കെ പതുക്കെ , ഭാരതത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും പറിച്ചുനട്ട മനുഷ്യജന്മങ്ങൾ തളർത്തു വളരുന്ന ഈ ഗലികളിൽ ‘ ഹായ് ഭായ് കൈസാ ഹൈ? കഹാം ജാ രഹേ ഹോ?’എന്നെല്ലാം നാലു വീടപ്പുറത്തുള്ളവൻ പോലും ചോദിക്കുമാറ് ഞാനെന്ന ഈ വീരുവും സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുത്തു !! രാത്രികാലങ്ങളിൽ നായ്ക്കൾ കുരച്ചെങ്കിലും പുലർച്ചെ കോഴികൾ കൂവാതെ ഈ ചാലിലെ ദിവസങ്ങളങ്ങനെയൊന്നൊന്നായ് പോയ് കൊണ്ടിരുന്നു. ഉണ്ടുറങ്ങിയും പകൽ മുഴുവനും ടിവി കാണലും തൊട്ടടുത്തയിടങ്ങളിൽ കറങ്ങലുമായി സമയമങ്ങനെ നീങ്ങുന്നതിനിടയിൽ കൽച്ചുമരുകൾ കൊണ്ടു മാത്രം വേർതിരിക്കപ്പെട്ട അയൽഭവനങ്ങളിലുള്ളവരേയും പരിചയപ്പെട്ടു...അവിടടുത്തുവലത്തു താമസക്കാരധികവും മലയാളികളായിരുന്നു. പിന്നെ സതിയേച്ചിയുടെ ഭർത്തൃസഹോദരന്മാരും കുടുംബവും തൊട്ടടുത്തു തന്നെയായിരുന്നു താമസം. വീടുകളുടെ ഭൂമിശാസ്ത്രം വെച്ചു നോക്കിയാൽ പണ്ടൊരു വലിയ കുന്നോ മലയോ ആയിരുന്നിരിക്കണം ഈ പ്രദേശം എന്നു തോന്നും ..
തട്ടുകളായിട്ടാണു ഓരോ വരി വീടുകളും നിൽക്കുന്നതു. ചക്രങ്ങളില്ലാത്ത കൂറ്റൻ തീവണ്ടികൾ പോലെ കെട്ടിടങ്ങളങ്ങനെ നീളുന്നു..
ഓരോ ബോഗികളും ഓരോ വീടുകൾ !
എന്റെ താമസ സ്ഥലത്തിന്റെ തൊട്ടു താഴത്തെ വരിയിലാണു ധർമ്മേട്ടന്റെ (സതിയേച്ചിയുടെ ഭർത്താവ് കേശവേട്ടന്റെ തൊട്ടു മൂത്ത സഹോദരൻ) വീട്.
ആ വീടിനു മുൻപിൽ എപ്പോളും ഇല പൊഴിച്ചു നിൽക്കുന്ന ഒരു വലിയ മരമുണ്ട്..


നാഗരികതക്കൊരപവാദമായി നില്ക്കുന്ന ആ മരമാണോ അതോ ആ വീടുകളാണോ ആ സ്ഥലത്തിന്റെ യഥാർത്ഥ അവകാശിയെന്നത് അജ്ഞാതം !! മുറ്റത്തു നിൽക്കുന്ന ആ മരത്തിനെ ചേർത്തു നിർത്തിക്കൊണ്ടാണു വീടിന്റെ ചെറിയ തിണ്ണ പണിഞ്ഞിരിക്കുന്നത്..ഈ നഗര ഗലിയിലും ഒരു മലയാണ്മ കാണുന്നതിവിടെ മാത്രം ! ആ തിണ്ണയിൽ എന്നും വൈകുന്നേരം ഒരു മലയാളിക്കൂട്ടം കാണും..വെറുതേ വെടി പറഞ്ഞിരിക്കാൻ.. ധർമ്മേട്ടന്റെ മൂത്ത മകൻ രാജു (മലയാളമറിയില്ലെങ്കിലും അതിന്റെ അഹങ്കാരം പുറത്തു കാണിക്കാതെ സ്വന്തമായ രീതിയിൽ കൈകാര്യം ചെയ്തു ഭാഷയെ വസ്ത്രാക്ഷേപം ചെയ്യുന്നവൻ !) സമപ്രാ‍യക്കാരനായതു കോണ്ട് ഞാനും ആ സഭയിൽ ചെന്നു വൈകുന്നേരങ്ങളിൽ വായും പൊളിച്ചിരിക്കുക ശീലമാക്കിയിരുന്നു... എനിക്കു മലയാളം എഴുതാനും വായിക്കാനും അറിയാം എന്നൊരൊറ്റക്കാരണം കൊണ്ട് അവനെന്നോട് സത്യം പറഞ്ഞാൽ ആരാധനയായിരുന്നു. അവന്റെ വീടിനോട് തൊട്ട വീട് ആനന്ദേട്ടന്റേതാണ്, ഭാര്യയും , എറണാംകുളത്തെ മൾട്ടിപ്ലക്സ് തിയ്യറ്ററുകളുടേതു പോലെ പേരുകളുള്ള സരിത സവിത സംഗീത യെന്ന മൂന്നു പെമ്പിള്ളാരുമായി സസുഖം വാഴുന്ന ഒരു കോട്ടയംകാരൻ.!! അതിനപ്പുറം അഞ്ചാറ് മറാത്തി ഭവനങ്ങൾ കഴിഞ്ഞാൽ ചെറിയൊരമ്പലം..
പത്തു മലയാളികൾ കൂടുന്ന മറുനാട്ടിലെല്ലാം കാണുന്ന മലയാളികളുടെ കൂട്ടായ്മയുടെ സ്മാരകം പോലെ ചെറിയ ഒരു അയ്യപ്പമന്ദിരം॥ ഈ സ്ഥലത്തിനു അയ്യപ്പ ചൌക് എന്ന പേരിനും കാരണം ഈ ക്ഷേത്രം തന്നെ !



തുടക്കത്തിൽ കാലവർഷം ഉലച്ചും കൊടുവെയിൽ തളർത്തിയും വഷളാക്കിയ ‘പറിച്ചു നടൽ വാട്ടം’ ഒരു പുതു ലോകത്തോടുള്ള ജിജ്ഞാസയുടെ നനവു പറ്റിയും ,വീണ്ടും ജീവിതം കണ്ട , ഒരു ഉത്സവകാലത്തിന്റെ കുളിർ മഞ്ഞുൾക്കൊണ്ടും വീണ്ടും ഉഷാറായി. ദസറയും, നവരാത്രിയും ദീപാവലിയും ആണല്ലോ പിന്നീടങ്ങോട്ടു നമ്മളെ വരവേറ്റത് ! തെരുവിന്റെ പല കോണിൽ നിന്നുമുയരുന്ന,നവരാത്രികളിലെ ഗർബയുടെ ബാന്റു താളവും താളത്തിനൊത്ത് ചുവടൊപ്പിച്ച് ആൺപെൺ ഭേദമന്യേ നൃത്തം ചെയ്യുന്ന മുംബൈ വാസികളും , സ്വതവേ വെളിച്ചമുറങ്ങാത്ത തെരുവുകളുടെ ശോഭ ജ്വലിപ്പിക്കുന്ന വർണ്ണാഭമായ ദീപാവലി ഒരുക്കങ്ങളും..എല്ലാം എന്നിൽ ഒരു ചെറിയ ഇഷ്ടക്കേടില്ലാ‍യ്മ ജനിപ്പിച്ചു തുടങ്ങിയിരുന്നു.
നാടും വീടും വിട്ട് എന്തെങ്കിലുമൊക്കെ ചെയ്ത് ജീവിക്കാനായി ഈ മഹാനഗരത്തിലേക്ക് ചേക്കേയേറിയിരിക്കുന്ന അനേകം മനുഷ്യജന്മങ്ങൾക്ക് ഇടയിലൂടെ ഞാനും നടത്തം ആരംഭിച്ചു..ഈ മഹാനഗരത്തിനൊരു വ്യക്തിത്വമുണ്ട്. നാടിന്റെ എല്ലാ ഭാഗത്തു നിന്നുള്ളവരും ഇവിടെയുണ്ട് .പന്ത്രണ്ടു മണിക്കൂർ എല്ലുമുറിയെ പണിയെടുത്താൽ നാൽ‌പ്പതു രൂപാ തികച്ചു കിട്ടാത്ത യു പി ബീഹാറിലെ വയലുകളിൽ നിന്നും കയറി വന്നു മെയ്യനങ്ങിയെടുക്കാവുന്ന എല്ലാ വേലകളും ചെയ്യുന്ന ഭയ്യാമാർ, വാണിജ്യ വ്യവസായങ്ങളുടെ ഗതി നിയന്ത്രിക്കുന്ന ഗുജറാത്തികളും മാർവാഡികളും ,നഗരമൊട്ടുക്കും ഭോജനാലയങ്ങൾ തുറന്ന് എല്ലാവരേയുമൂട്ടുന്ന മാഗ്ലൂരിയൻ ഷെട്ടികൾ, മറുരാജ്യങ്ങളിലേക്കൂള്ള ആദ്യകാല് വെയ്പ്പിനായി താവളം തേടി വന്നവരും ഇടക്കെപ്പോളോ ഇവിടെ തന്നെ വേരുറച്ചുപോയതുമായ ആയ മലയാളികൾ, കിട്ടിയ കാശിനു പണ്ടുണ്ടായിരുന്ന കുടിയിടപ്പു വരെ വിറ്റ് പുട്ടും കടലയുമടിച്ച് പിന്നെ കാശുതീർന്നപ്പോൾ ഇല്ലാത്ത ‘മണ്ണിന്റെ മക്കൾ വാദം’ പറഞ്ഞു വരുത്തന്മാരുടെ അഭിവൃദ്ധിയിൽ അസൂയയോടെ മാത്രം കണ്ണെറിയുന്നവരും അല്ലാത്തവരുമായ മറാത്തികൾ.
ഈ മഹാനഗരം ഒരു പടു വൃക്ഷമാണ്!! മഹാരാഷ്ട്രയിലാണു നിൽക്കുന്നതെങ്കിലും വേരുകളിലൂടെ വെള്ളവും വളവും മറ്റനേകം സസ്ഥാനങ്ങളിൽ നിന്നു വലിച്ചെടുത്തു വളർന്ന ഒരു പടുമരം ! ബോളിവുഡ്ഡും ക്രിക്കറ്റും ധാരാവിയും കാമാട്ടിപുരവും നരിമൻ പോയന്റും മറൈൻ ലൈൻസും എല്ലാം പലവർണ്ണങ്ങളിലുള്ള പൂക്കൾ വിരിയുന്ന ഇതേ വൃക്ഷത്തിൽ തിണർത്ത ശിഖരങ്ങൾ !!
പതുക്കെ പതുക്കെ ഉരുളക്കിഴങ്ങു പുഴുങ്ങുന്ന ഗന്ധം നിറയുന്ന ഉച്ചകളെയും ,ഗലിയിലെ പലചരക്കു കടകൾ , തെരുവിലെ വാഹനങ്ങളുടെ പുക, കാനയിലെ മാലിന്യം, ചാലിലെ കുളിമുറികളിലെ ലൈഫ് ബോയ് ലക്സ് സോപ്പ്, ഷാമ്പൂ , കൊതുകിനെയകറ്റുന്ന കുന്തിരിക്കം മുതലായവയുടെ മിശ്രഗന്ധം പുറപ്പെടുവിക്കുന്ന വൈകുന്നേരങ്ങളെയും ഒപ്പം തന്നെ , ആധിക്യം മലയാളികൾക്കായിരുന്നെങ്കിലും, ആ ചാലിലെ മറ്റു താമസക്കാരെയും ഞാൻ സ്നേഹിക്കാൻ തുടങ്ങി ! എല്ലാത്തിനും മീതേ ആനന്ദേട്ടന്റെ രണ്ടാമത്തെ മകൾ സവിതയേയും !!!
അതേന്നേയ്..എന്താണാവോ ‘കണ്ട നാൾ മുതൽ നിന്റെയീ മുഖം എന്റെ സ്വന്തമായ് തീർന്നതല്ലേ’ എന്നൊരു മൂളിപ്പാട്ട് അവളെ കാണുമ്പോൾ എന്റെ ഇടനെഞ്ചിലിരുന്നാരോ പാടും.
‘ഹായ്..എന്റാ പേറ്??”
സതിയേച്ചി ഒരിക്കൽ പരിചയപ്പെടുത്തിയപ്പോൾ അവളെന്നോടാദ്യം മിണ്ടിയതങ്ങനെയായിരുന്നു..
“ഞാൻ വീരു..എന്താ പേര്?”
എന്റെ പേരു കേട്ടവൾ പൊട്ടിച്ചിരിച്ചോണ്ട് പറഞ്ഞു
“വീരു ?? ദെൻ ജേയ് കിധർ ഹൈ ഹ ഹ ഹ??”
അപ്പറഞ്ഞതിലെന്തോ ഫലിതമുണ്ടായിരിക്കണം അതോണ്ടായിരിക്കണമല്ലോ സതിയേച്ചിയും അവളുടെ കൂടെ ചിരിയിൽ ചേർന്നത്..! (ഷോലെയിലെ അമിതാബ് ധർമ്മേന്ദ്ര കഥാപാത്രങ്ങളാണു വീരുവും ജേയ് ഉം എന്നു പിന്നീട് രാജു പറഞ്ഞറിഞ്ഞു)
“ ബൈ ദി ബൈ ഐ ആം സവിത ,.ഡൂയിംഗ് മൈ സെക്കന്റ് ഇയർ ബീകോം…
വാട്ട് യു ഹേവ് ഡൺ, ഐ മീൻ സ്റ്റഡി??
ഞാൻ ആ ചോദ്യം കേട്ടില്ല ..പകരം അവളുടെ കണ്ണുകളിൽ എന്തോ വായിച്ചെടുക്കുകയായിരുന്നു.. അകലെ വീണ്ടും ഗർബയുടെ ഡ്രം ബീറ്റ്സുയർന്നു… അതോ ഉള്ളിലോ?
വന്നന്നു മുതൽ ഒരു ‘കുറുക്കൻ നോട്ടം' ഞാൻ അവൾക്കായി മാറ്റിവച്ചിരുന്നെങ്കിലും രണ്ടു ദിവസം മുൻപ് നവരാത്രി ദാണ്ഠിയ കണ്ടോണ്ട് നിൽക്കുമ്പോളാണ് കണ്ണൊന്നിടഞ്ഞത്. പിന്നീടവൾ ,ഗർബ കളി തീരുവോളം,പലവട്ടം ദൃഷ്ട്യാൽ പടവെട്ടി ! ആ താളമാണിപ്പോൾ നെഞ്ചിലെ കോണിലെങ്ങോ മുഴങ്ങിയത്. ബീകോമിനാണു പഠിക്കുന്നതെന്ന കാര്യം ഐ എ എസിനു പഠിക്കുന്ന ഗർവ്വോടെ പറഞ്ഞതും എന്റെ പേരു കേട്ട് പൊട്ടിച്ചിരിച്ചതും അത്രക്കങ്ങിഷ്ടപ്പെട്ടില്ലെങ്കിലും തൽക്കാലം ഞാനങ്ങു വിട്ടു. കാരണം ‘സവിതേ നീ താൻ എൻ കാതൽ !! ' എന്നെന്നുള്ളിലെ തരളൻ ഉരുവിട്ടോണ്ടിരുന്നു.! എന്തൊക്കെപ്പറഞ്ഞാലും അവളുടെ വസ്ത്രധാരണ രീതിയിൽ മാത്രം ഞാൻ അതൃപ്തനായിരുന്നു..!! ആ നാടൻ മുഖത്തിനു ഒട്ടും ചേരാത്ത , മലയാളിത്തമൽ‌പ്പം പോലുമില്ലാത്ത കുഞ്ഞുടുപ്പുകൾ മാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂ..ഒരു പക്ഷേ എൽ കെ ജി യിൽ ഉപേക്ഷിച്ചു പോരേണ്ടവ ! ബ്ലൌസ്സും ഫുൾപ്പാവാടയും അണിഞ്ഞ് മുല്ലപ്പൂ ചൂടി നിൽക്കുന്ന സവിതയെ അകക്കണ്ണിൽ മാത്രം കണ്ടു ഞാൻ സായൂജ്യമടഞ്ഞു പോന്നു !
അങ്ങനെയിരിക്കേ ഒരു ദിവസം॥ ഒരു പുതിയ അവതാരം കൂടി ജീവിതത്തിലേക്കു കയറി വന്നു॥കയ്യിലിരിപ്പു കൊള്ളാവുന്നതു കൊണ്ട് നാട്ടുകാരുടെയും വീട്ടുകാരുടെയും സമ്മർദ്ദത്തിനു വഴങ്ങി നാട്ടിൽ നിന്നും പാലായനം ചെയ്യേണ്ടി വന്ന മറ്റൊരു മല്ലു !


ജയന്തി ജനതയിൽ തന്നെയേറി വന്നവതരിച്ചത് ധർമ്മേട്ടന്റെ വീട്ടിലാണ് !
ധർമ്മേട്ടന്റെ സഹോദരീ പുത്രൻ അതായത് രാജുവിന്റെ അമ്മായിയുടെ മകൻ। അവതാരോദ്ദേശ്യം ഏതാണ്ടൊക്കെ നമ്മെപ്പോലെ തന്നെ। ഭാഷ പഠിക്കണം,ജോലി നോക്കണം എല്ലാത്തിനും പുറമേ നാട്ടിലെ വഷളൻ കൂട്ടുകെട്ടിൽ നിന്നൊരു മോചനം വേണം!! പണ്ടെങ്ങാണ്ട് ഒരിക്കൽ ഇതേ പോലെ ബോംബേലോട്ട് വന്നിട്ടു ഒരാഴ്ച്ച മാത്രം നിന്നു പട്ടി ചന്തക്ക് പോയപോലെ തിരിച്ചു പോയ ആളാണെന്നു സാവിത്രിയേച്ചി (രാജുവിന്റമ്മ) പറഞ്ഞറിഞ്ഞു। ഏഴു ദിവസത്തെ മുംബൈ എക്സ്പീരിയൻസിന്റെ ഹുങ്ക് എന്നോട് കാണിച്ചു കോണ്ടായിരുന്നു ഞങ്ങളുടെ പരിചയപ്പെടൽ ।“ഹലോ ഞാൻ ഹരീഷ് ഞാൻ മുമ്പിവിടെയുണ്ടായിരുന്നതാ। വീരുന്നാല്ലേ പേര്…മാമ്മൻ സ്റ്റേഷനിൽ വെച്ചു പറഞ്ഞിരുന്നു॥” ഇവിടെ അവനറിയാത്ത മുക്കും മൂലയും ഇല്ലെന്ന ഭാവം കണ്ണുകളിൽ॥!
ഉവ്വ അറിയാം ഇലക്ട്രിക് ട്രൈൻ കണ്ടു ഞെട്ടി പനി പിടിച്ചെന്നും മൂന്നാം നാൾ പനി മഞ്ഞപ്പിത്തത്തിനു വഴിമാറിയപ്പോൾ ഇവിടന്നു നാട്ടിലേക്കു കയറ്റിയയക്കുകയായിരുന്നെന്നും കേട്ടായിരുന്നു। ഞങ്ങളങ്ങനെ വിശേഷങ്ങൾ പറഞ്ഞോണ്ടു തിണ്ണയിലിരിക്കേ അപ്പുറത്തെ ആനന്ദേട്ടന്റെ വാതിലിൽപ്പടിയിൽ ഒരു ചന്ദ്രോദയം ! സവിതയുടെ സുന്ദരവദനം ഒരിക്കൽ കൂടി പ്രത്യക്ഷമായി ! വീണ്ടും ഞങ്ങളുടെ കണ്ണുകൾ കോർത്തു ! ഒപ്പം ദാണ്ഠിയ ബാന്റുവാദ്യവുമുയർന്നു !! മുഖം തിരിച്ചു ഹരീഷിനെ നോക്കിയപ്പോൾ അവനെന്നെ നോക്കിയൊരു കള്ളച്ചിരി !! ആ പഹയനും ബാന്റു വാദ്യം കേട്ടു !!
“ഓഹോ .. അതു ശരി .! വന്നിട്ടിത്രനാളല്ലേ ആയുള്ളൂ അതിനിടയിൽ ഇങ്ങനേം ഒരു സെറ്റ് അപ്പോ? അളിയാ…ഇളയതിനെ വിട്ടേക്കൂ ട്ടാ.. അതു ബുക്ക്ഡാ !!“
ങ്ഹേ..പിടിച്ചതിലും വലുത് അളയിലോ??
“ഒരാഴ്ച്ചത്തെ തിരുസന്ദർശനത്തിൽ തന്നെ ആനന്ദേട്ടന്റെ ഇളയ പുത്രി സംഗീതയെ ‘ബുക്കി‘ യിട്ടാണല്ലേ ഉണ്ണി പോയതു ?” ഞാനും വിട്ടു കൊടുത്തില്ല !
“എടാ സത്യം പറയട്ടെ ഇവളൊരുത്തി ഇവിടെ ഈ ബോംബെയിൽ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇങ്ങോട്ടൊരിക്കലും തിരിച്ചു വരില്ലായിരുന്നു ”
ഇതു പറഞ്ഞപ്പോൾ ഹരീഷിന്റെ കണ്ണിലൊരു തിളക്കം !!
ആ ഗലിയിലെ മലയാളികൾക്കിടയിൽ ഒരു പാട് സമപ്രായക്കാരുണ്ടായിരുന്നെങ്കിലും എനിക്കാദ്യം കിട്ടിയ സുഹൃത്ത് സമാനചിന്താഗതിക്കാരനായ ഹരീഷ് തന്നെ ആയിരുന്നു..

കളിയും തമാശയുമായി സമയം പുരോഗമിക്കേ।ഒരു ദിവസം എനിക്കൊരു കാൾ വന്നു। ഇതിനിടയിൽ രാജേട്ടൻ എനിക്കായ് പേര് രെജിസ്റ്റർ ചെയ്ത ഏതോ ഒരു പ്ലേസ്മെന്റ് സെർവീസിൽ നിന്നും॥ പ്രഭാദേവി എന്ന സ്ഥലത്തൊരു ഇന്റർവ്യൂ॥സതിയേച്ചിയോട് യാത്ര പറഞ്ഞ് ഞാൻ ഇറങ്ങി..കാന്തിവലി സ്റ്റേഷനിലെ ഒമ്പതു മണിയിലെ തിരക്കു കണ്ട് ഞാൻ വായും പൊളിച്ചു തരിച്ച് നിന്നു പോയി !! പോട്ടെ അടുത്ത ട്രെയിനു പോകാം ..എന്നാൽ അടുത്ത ട്രെയിനും അതിനടുത്ത ട്രെയിനും ഒന്നിനൊന്നു മെച്ചം..!!
യെന്താ ഒരു തിരക്ക് !! മരണഭയം തെല്ലുപോലുമില്ലാതെ വണ്ടിയിൽ കെട്ടി ഞാണ്ടു കിടന്ന് യാത്ര ചെയ്യുന്ന പൊതുജനം !! പിന്നെ ക്ഷമ കെട്ട് റിസ്കെടുക്കാൻ തയ്യാ‍റായി ഒരു ട്രെയിനിൽ കയറാൻ ആത്മാർത്ഥമായി ശ്രമിച്ചെങ്കിലും കുത്തിക്കയറുന്ന മുംബൈ വാസികളും വണ്ടിയനുവദിച്ചു തന്ന പരിമിതസമയവും മൂലം പറ്റിയില്ല ! വിഷണ്ണനായി മൂളിപ്പാഞ്ഞ ട്രെയിനും നോക്കിനിൽക്കെ വണ്ടിയൊഴിഞ്ഞ റെയിൽ ട്രാക്കിൽ കൃത്യം പാതിയായ് മുറിഞ്ഞ ഒരു നായയുടെ ശവം കൂടി കണ്ടതോടെ ഞാനാ ശ്രമം ഉപേക്ഷിച്ചു!! അങ്ങനെ പണ്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റിൽ പഠിക്കുമ്പോൾ കോളേജിനു മുൻപിലെ ബസ്റ്റോപ്പിൽ നിർത്തി നിർത്തിയില്ല എന്ന മട്ടിൽ പാസ് ചെയ്യുന്ന ബസ്സുകളിൽ ചാടിക്കയറുമ്പോൾ എന്റെയുള്ളിൽ കയറിപ്പറ്റിയ ‘എന്നെ സമ്മതിക്കണം!’ എന്ന ‘ഫീലിംഗ്’ കാന്തിവലിയിലെവിടെയോ കളഞ്ഞിട്ട് ഞാൻ പതുക്കെ തിരിച്ചു നടന്നു॥വീട്ടിൽ വന്നു സതിയേച്ചിയോട്॥’ഇന്റെർ വ്യൂ കഴിഞ്ഞെന്നും പിന്നീടറിയിക്കാമെന്നറിയിച്ചെന്നും’ കള്ളം പറഞ്ഞു ॥
പിന്നെ നേരെ ഹരീഷിന്റ് അരികിൽ പോയി. അവനാണല്ലോ ഒരു സമാനദുഖിതനായ ദോസ്ത് ! ഞങ്ങൾ രണ്ടു പേരും വീട്ടിൽ നിന്നിറങ്ങി അയ്യപ്പചൌക്കിലൂടെ എന്നത്തേയും സായാഹ്നങ്ങളിലെന്ന പോലെ നടന്നു. ചൌക്കിലെ ആദ്യത്തെ മുറുക്കാൻ കടയിൽ നിന്നും ഒരു ചാർമിനാർ വാങ്ങി വലിച്ചു പുക വിട്ടും കൊണ്ടു മുംബൈ മൊത്തം വിലക്കു വാങ്ങിയ പോലെയാണു ഹരീഷിന്റെ നെഞ്ചും വിരിച്ചു കയ്യും വീശിയുള്ള നടത്തം ! കാര്യങ്ങളെല്ലാം അവനോട് പറഞ്ഞപ്പോൾ അവന്റെ വകയൊരു പരിഹാസച്ചിരി.
“എടാ ഈ ഇലക്ട്രിക് ട്രെയിനിൽ കയറാൻ ഒരു ‘നേക്ക്’ ഉണ്ട്..അതായാത് ഒഴുകുന്ന ജനസമുദ്രത്തിന്റെ അരികു പറ്റി നിൽക്കാതെ ആ പ്രവാഹത്തിലേക്ക് സ്വയം സമർപ്പിക്കണം,അയ്യോ ഇവന്റെ കാലിൽ ചവിട്ടിയോ മറ്റോന്റെ നെഞ്ചത്തെന്റെ കൈ കുത്തിയോ എന്നൊന്നും നോക്കരുത്..അതുപോലെ തന്നെ ഇറങ്ങുമ്പോൾ പ്ലാറ്റ് ഫോറം ഏതു സൈഡിലാ വരുന്നതെന്നു മുൻ കൂട്ടി അറിഞ്ഞ് ആ ഒഴുക്കിലും നിർദ്ദയം കുത്തിക്കയറണം…പേടിക്കേണ്ട ശീലമായിക്കോളും”
ഇവിടത്തെ ലോക്കൽ വണ്ടിയാത്രയെക്കുറിച്ച് രാജേട്ടനും പറഞ്ഞതിതു തന്നെ !!
പത്തിരുപതു കൊല്ലം സ്ഥിരതാമസക്കാരനായ രാജേട്ടന്റെ ഉപദേശവും ഒരാഴ്ച്ച മാത്രം മുംബൈ കണ്ട ഹരീഷിന്റെ വാചകങ്ങളും ഒന്നു തന്നെ !! പണ്ടത്തെ ഒരാഴ്ച്ചത്തെ സന്ദർശനത്തിൽ ഇങ്ങേർക്കും കിട്ടിയ ഉപദേശമാവും ഇപ്പോൾ എനിക്കിട്ടു താങ്ങിയത്
ഇപ്പറഞ്ഞയാൾ പണ്ട് മലാഡിലിറങ്ങാൻ പറ്റാതെ ചർച്ച് ഗേറ്റിൽ ചെന്നിറങ്ങി വീട്ടിലേക്കു കരഞ്ഞു ഫോൺ ചെയ്ത കാര്യം അയ്യപ്പചൌക്കിൽ പാട്ടാണ് ! അതു ചോദിക്കണമെന്നുണ്ടായിരുന്നു ഇവനെ മൂഡ് ഔട്ട് ആക്കണ്ട എന്നു കരുതി വിട്ടു। വർത്തമാനവും പറഞ്ഞുള്ള ഞങ്ങളുടെ നടത്തം കുടുസ്സായ ഗലികളിലൂടെ കടന്ന് ലോക്കൺ വാലാ കോമ്പ്ലക്സിൽ എത്തി നിന്നു। ചേരികളിൽ നിന്നും വിട്ട് കുബേരന്മാർക്കായി തയ്യാറായി വരുന്ന കാന്തിവലിയിലെ തന്നെ പണിതീരാത്ത ഒരു വലിയ കെട്ടിട സമുച്ചയമാണ് ലോക്കൺ വാലാ കോമ്പ്ലക്സ് . കൺസ്ട്രക്ഷൻ സൈറ്റിലെ എതോ ഒരു കുടിലിലെ റേഡിയോവിൽ നിന്നും കിഷോർ ‘ദാദാ’ പാടുന്നു.
‘ആത്തേ ജാത്തേ ഖൂബ് സൂരത് ആവാരാ സട് കോം പേ …
കഭീ കഭീ ഇത്തേ ഫാക് സേ ..
കിത്തനേ അൻ ജാൻ ലോഗ് മില് ജാത്തേ ഹേ..
ഉന്മേ സേ കുച് ലോഗ് ഭൂൽ ജാത്തേ ഹൈ
കുച് യാദ് രെഹ് ജാത്തേ ഹൈ ..’
ഇവിടൽ‌പ്പം തിരക്കു കുറവാണ് ॥ എന്നും വൈകുന്നേരം കുറച്ചു നേരം അവിടെയിരുന്നങ്ങനെ വരണോരേം പോണോരേം നോക്കിയിരിക്കും,ഒരിക്കലും കണ്ടിട്ടില്ലാത്തവർ !! ഒരു പക്ഷേ ഇനിയൊരിക്കലും കാണാനിടയില്ലാത്തവരും !!! നേരം വൈകുമ്പോൾ പിന്നെ അതേ ഗലികളിലൂടെ തിരിച്ചു നടക്കും വീട്ടിലേക്കും॥
നാട്ടിലാണെങ്കിൽ പശ്ചാത്തലം കൊയ്ത്തൊഴിഞ്ഞ പാടവരമ്പുകളും തോട്ടിൻ വക്കുകളും ആയിരിക്കുമെന്നു മാത്രം। അവിടെ തെളിഞ്ഞ ആകാശത്തിനു കീഴേ കാറ്റിനു നെല്ലിന്റെയും കളിമണ്ണിന്റെയും ഒരു മിശ്രസുഗന്ധം ! ഇവിടെ പെട്രോളിന്റെയും പെർഫ്യൂമിന്റെയും, ആകാശം നരച്ചതും ! ഞാൻ മൌനം മുറിച്ചു തുടർന്നു..
“എടാ സത്യത്തിൽ വണ്ടിയിൽ കയറാൻ പറ്റാഞ്ഞതോ ഇന്റർവ്യൂ വിനെത്താൻ കഴിയാഞ്ഞതോ അല്ലെന്റെ വിഷമം ,സതിയേച്ചിയോട് നുണ പറയേണ്ടി വന്നില്ലേ അതാണു”
അപ്പോളാണു ഹരീഷ് ആ വിഷയം എടുത്തിട്ടത്.. “എടാ ഒരു ബന്ധു വീട്ടിൽ താമസിക്കുമ്പോൾ പ്രത്യേകിച്ച് കുടുംബ സമേതം കഴിയുന്നവരുടെ കൂടെ, ചില പരിമിതികൾ നമുക്കുണ്ടാവും..അധികം നേരം വൈകാതെ കൂട്ടിൽ മുളയണം..പിള്ളേർ പഠിക്കുമ്പോൾ ടി വി കാണാൻ പാടില്ല ,നേരാനേരത്തിനു ഭക്ഷണം കഴിക്കണം,ഉറങ്ങണം .അങ്ങനെയങ്ങനെ..പിന്നെ നീ ഈ പറഞ്ഞ പോലുള്ള കള്ളങ്ങളും..ഇതെല്ലാം ആത്മാഭിമാനമുള്ള നമ്മേപ്പോലുള്ള ബാച്ച് ലേർസിനു ബുദ്ധിമുട്ടല്ലേ മോനേ വീരൂ ? “
“അതെ ആണെങ്കിൽ ??” പലപ്പോഴും എനിക്കും കൂടി തോന്നിയിട്ടുള്ള ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം കേൾക്കാനുള്ള ആകാംഷയോടു കൂടി ഞാൻ ഹരീഷിനെ നോക്കി..
“നമുക്ക് താമസം മാറാം ।ഒരു റൂം ഇവിടടുത്ത് തന്നെ എവിടേങ്കിലും സംഘടിപ്പിക്കാം ഒന്നു രണ്ടാളെക്കൂടി കിട്ടിയാൽ വാടക ഷെയറിംഗും ഒരു പ്രശ്നമാവില്ല !"
അതിനിനി രണ്ടാളെ എവിടെ നിന്നു സംഘടിപ്പിക്കുമെന്ന ചോദ്യം ഞാൻ തൊടുക്കുന്നതിനു മുൻപേ അതിനുള്ള ഉത്തരവും അവൻ തന്നെ തന്നു..
അയ്യപ്പചൌക്കിലെ മൂന്നാമത്തെ ഗലിയിൽ അംഗാധിക്യം മൂലം അസൌകര്യം വന്ന ഒരു ബാച്ച് ലേർസ് കോർട്ടേർസിലെ അസൌകര്യത്തിൽ നിന്നു രക്ഷ നേടാൻ , മാറിതാമസിക്കാൻ , രണ്ടു പാർട്ടണേർസിനെ തിരഞ്ഞു നടക്കുന്ന ദിനേഷിനേയും ബിനേഷിനേയും പറ്റി പറഞ്ഞു॥

44 comments:

  1. തലക്കെട്ടിനു കടപ്പാടും നന്ദിയും മുൻപൊരു പോസ്റ്റിൽ കമന്റിയ ‘മാണിക്യത്തി’ നാണെന്നു ഇതിനാൽ അറിയിച്ചു കൊള്ളുന്നു !!

    ReplyDelete
  2. ബോംബെ വർണ്ണന കൊള്ളാം..
    തുടരൂ..

    ആശംസകൾ.

    ReplyDelete
  3. മുംബൈ മലയാളിയുടെ ജീവിതം നരച്ച നിറങ്ങള്‍ പാനിന്റെയും പെര്ഫുമിന്റെയും ഗന്ധം...ഒക്കെ അതെ പോലെ വരച്ച്ചല്ലോ വീരു...
    ഇഷ്ടായി ഈ പോസ്റ്റ്‌

    ReplyDelete
  4. mumbai ennalla mikka nagarangaludeyum avastha ithu thanneyalle.

    ReplyDelete
  5. നന്നാവുന്നുണ്ട് ബോംബെ ജീവിതകഥ. വര്‍ഷങ്ങള്‍ക്കു മുന്‍പൊരിക്കെല്‍ ബോംബേക്കു പോയിട്ടുണ്ട്, ഒരു പത്തു ദിവസം. അതാണെനിക്കു മുംബൈയുമായുള്ള ഏക ബന്ധം.

    ReplyDelete
  6. ഇപ്പോള്‍ ദക്ഷിണ ഭാരതത്തിനു ആവശ്യമുള്ള തൊഴില്‍ ഇവിടെ തന്നെ കിട്ടാന്‍ തുടങിയ്യതോടെ ദക്ഷിണ ഭാരതിയര്‍‌ ബോംബയ് യാത്ര നിറുത്തി തുടങിയ ഇക്കാലത്ത് കൌതുകത്തോടെയാണ് ഇതു വായിച്ചത്..(ഒരു എഴുപതിന്റെ ഗന്ധം)

    ReplyDelete
  7. വീരൂ... ഇതിലെ നായകന്‍ നിങ്ങളല്ല ഞാനാണെന്ന്‌ വായനയുടെ ഓരോ നിമിഷങ്ങളിലും ഞാന്‍ എന്നെ വിശ്വസിപ്പിച്ചു അത്രയ്ക്ക്‌ സമാനമാണ്‌ എന്‍റെയും നിങ്ങളുടേയും മുംബൈ അനുഭവം. ശരാശരി ഇടത്തരക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ഗര്‍ഭയും ഹോളിയും ഏറെ ഭംഗിയായി ആഘോഷിക്കുന്നതു ഞാനും കണ്ടിട്ടുണ്ട്‌...അവരോടൊപ്പം കൂടിയിട്ടുണ്ട്‌.... അവിടുത്തെ ഗലികളിലൂടെ ഞാനും നടന്നിട്ടുണ്ട്‌ പണിതെണ്ടി തിരിച്ചെത്തുന്ന സായാഹ്നങ്ങളില്‍... ഇന്നും മുംബയിലെ ചില സാഹിത്യ സായാഹ്നങ്ങള്‍ കഴിഞ്ഞ്‌ തിരികെ വരുമ്പോള്‍ സയണിലെ ഏതെങ്കിലും തെരുവുകളിലൂടെ നടക്കുന്നത്‌ ഒരു ഹരമാണ്‌... ഈ നഗരത്തിന്‍റെ പരുക്കന്‍ അനുഭവലഹരിയെ എത്ര കുടിച്ചു വറ്റിക്കാന്‍ നോക്കിയാലും ഇവിടുത്തെ ഈ മഞ്ഞ വിളക്കുകള്‍ നിറച്ചു വയ്ക്കുന്നു പിന്നെയും പിന്നെയും രാക്കാഴ്ച്ചകള്‍.. തീരുന്നതേയില്ല...കണ്ണീരും വിയര്‍പ്പും കലര്‍ന്ന ഈ ശകടയോഗം...ഞാനിപ്പോഴും ഈ നഗരത്തില്‍ തന്നെയാണ്‌ ജീവിതം ഇപ്പോഴും ഷട്ടിലടിച്ചു കൊണ്ടിരിക്കുകയാണ്‌ ഇരുതലപാമ്പായ മെട്രോ ട്രെയിനുകളില്‍ "വീരാര്‍ ടൂ ചര്‍ച്ച്ഗേറ്റ്‌"... വീരു തുടരുക.. ആശംസകള്‍

    ReplyDelete
  8. വീകെ,കണ്ണനുണ്ണീ,അനിത,എഴുത്തുകാരി,പാവം-ഞാൻ,ശിവ എല്ലാ‍വർക്കും നന്ദി !!
    എന്റെ ഫ്രീക്വൻസി ശരിക്കും പിടിച്ചെടുത്ത സന്തോഷ് ഭായിക്കു പ്രത്യേക നന്ദി..!!

    ReplyDelete
  9. രാത്രികാലങ്ങളിൽ നായ്ക്കൾ കുരച്ചെങ്കിലും പുലർച്ചെ കോഴികൾ കൂവാതെ ഈ ചാലിലെ ദിവസങ്ങളങ്ങനെയൊന്നൊന്നായ് പോയ് കൊണ്ടിരുന്നു.

    കൂവുന്നതിനു മുന്‍പ് കോഴികളെ ഫ്രൈ ആക്കുമായിരിക്കും അല്ലേ...

    നന്നായിട്ടുണ്ട് വീരു

    ReplyDelete
  10. wel, today no comments r coming to my mind. But I see a picture of Mumbai which I have seen movies..
    By the way : I got the link and i set music like tat link :http://www.bloggerbuster.com/2007/07/add-background-music-to-your-blog.html

    ReplyDelete
  11. വീരു, നന്നായി പോവുന്നു ഈ ബോംബെ അനുഭവം. വായിക്കുന്ന ആള്‍ക്ക് അതിലെ വീരു ആവാന്‍ കഴിയുന്നുണ്ടെന്ന് തോന്നുന്നു. "എന്നെ" (വീരുവിനെ) സമ്മതിക്കണം .:)

    ReplyDelete
  12. വളരെ വളരെ രസകരം വായിക്കാന്‍. അടുത്തലക്കം വരട്ടേ.

    ആ തലക്കെട്ടിന്റെ അര്‍ത്ഥം എന്താ?
    (ഹിന്ദി പരിജ്ഞാനം അത്രയ്ക്കുണ്ടേ )

    ReplyDelete
  13. ഭായി,രമ്യ,സുകന്യ, വന്ന എല്ലാവർക്കും നന്ദി !!
    ഗീതേ..അംചി മുംബൈ എന്നാൽ ‘നമ്മടെ സ്വന്തം മുംബൈ’ എന്നാണർത്ഥം.
    സത്യത്തിൽ ഇതിൽ ‘അംചി’ എന്നത് മറാത്തി പദമാണ് ഹിന്ദിയിൽ ‘ഹമാരാ’ എന്നു വേണമെങ്കിൽ പറയാം..!!
    നന്ദീ ട്ടാ ...

    ReplyDelete
  14. ബോംബെ യെ അയൽ പറമ്പുകളിൽ നിന്ന് വെള്ളവും വളവുംവലിച്ചെടുത്ത് വളർന്ന വടവൃക്ഷമായി ഉപമിച്ചത് വളരെ ഇഷ്ടപെട്ടു...ബോംബെയെന്നാൽ എനിക്കിന്നും ഗ്ലൂക്കോസ് ബിസ്കറ്റിന്റെ ഗന്ധവും വലിയകുട്ടിക്യൂറ്റാ പൌഡർ ടിൻ പോലുള്ള കെട്ടിടങ്ങളുമാണ്...പിന്നെ തലങ്ങുംവിലങ്ങും പായുന്ന ഇരു നിലബസ്സുകളും...ഈ സഞ്ചാരത്തിനിടക്ക് കാണാത്തകാഴ്ചകൾ കണ്ടത് ഈ പോസ്റ്റിലൂടെയാണ്..ഒരു പക്ഷെ ഇതിനെക്കാൾ സാഹിത്യഭംഗിയോടെ ഈ വിഷയം അവതരിപ്പിക്കാൻ പറ്റുമായിരിക്കും..പക്ഷെ അതിത്രമനൊഹരമായിരിക്കില്ല..അതിനിത്ര ആർജ്ജവവും കാണില്ല

    ReplyDelete
  15. പോസ്റ്റിന്റെ വലിപ്പം കണ്ടപ്പോള്‍ ഇത് മുഴുവന്‍ വായിച്ചു തീരാന്‍ പറ്റുമോ എന്ന് ശങ്കിച്ചു. പക്ഷെ വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല. വളരെ ഭംഗിയായി വിവരിച്ചിരിക്കുന്ന ബോംബെ ജീവിതം ഇനിയും തുടരട്ടെ. ആശംസകള്‍..!

    ReplyDelete
  16. നേരം വൈകുമ്പോൾ പിന്നെ അതേ ഗലികളിലൂടെ തിരിച്ചു നടക്കും വീട്ടിലേക്കും॥
    നാട്ടിലാണെങ്കിൽ പശ്ചാത്തലം കൊയ്ത്തൊഴിഞ്ഞ പാടവരമ്പുകളും തോട്ടിൻ വക്കുകളും ആയിരിക്കുമെന്നു മാത്രം। അവിടെ തെളിഞ്ഞ ആകാശത്തിനു കീഴേ കാറ്റിനു നെല്ലിന്റെയും കളിമണ്ണിന്റെയും ഒരു മിശ്രസുഗന്ധം ! ഇവിടെ പെട്രോളിന്റെയും പെർഫ്യൂമിന്റെയും, ആകാശം നരച്ചതും ! ഞാൻ മൌനം മുറിച്ചു തുടർന്നു..

    കൊട് മച്ചൂ കൈ, അതെനിക്ക് ഒത്തിരി ഇഷ്ടായി.
    ബന്ധുക്കളുടെ വീട്ടില്‍ നിന്നും മാറി താമസിക്കാന്‍ പാര്‍ട്ണര്‍ മാരെ തപ്പി അലഞ്ഞത് ഇന്നും ഓര്‍ക്കുന്നു,അന്നൊക്കെ പേടിയായിരുന്നു എന്ത് ചെയ്യും എങ്ങനെ ജീവിക്കും എന്നൊക്കെ, ഓര്‍മ്മിപ്പിച്ചു പലതും

    ReplyDelete
  17. മുംബൈ അനുഭവം രസകരമായി.അടുത്ത ഭാഗം വരട്ടെ.

    ReplyDelete
  18. ശരിക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്നു വീരു....ബോബെയില്‍ സ്ഥിരമായിട്ടില്ലെങ്കിലും നിറയെ ബന്ധുക്കളുള്ളതിനാല്‍ (തട്ടിട്ട് നടക്കാന്‍ വയ്യന്നാണ് ഞങ്ങള്‍ പറയ്യ........ എത്ത്യാ പലരേം അറിയിക്കാറികല്ല) ഇടക്കോരോ ആഴ്ച്ച വന്ന് താമസിക്കാറുണ്ട്.നീളം കുറച്ച് കൂടിയെങ്കിലും മുഷിയാതെ വായിച്ചു.

    ReplyDelete
  19. പച്ചയായ ജീവിതം വരച്ച് കാട്ടിയ പോലെ, നന്നായിരിക്കുന്നു വീരു

    ReplyDelete
  20. ബോംബേ ഗാഥകൾ ഉഷാറാകുന്നു.
    ഇപ്പോഴും ഒരഭിപ്രായം പറയാറായിട്ടില്ല; തുടരട്ടേ എന്നു മാത്രം പറയട്ടെ...

    ReplyDelete
  21. രസകരമായ കാഴ്ചകള്‍.....തുടരുക..സുഹൃത്തേ.....

    ReplyDelete
  22. രസകരമായ കാഴ്ചകള്‍.....തുടരുക..സുഹൃത്തേ.....

    ReplyDelete
  23. ഞാനൊരു വൈകി വന്ന വായനക്കാരന്‍,
    കത്ത് വായിക്കുന്നതുപോലെ ഇഷ്ടപ്പെടുന്നു

    ഇത്ര ടൈപ്പ് ചെയ്യുന്നതിന് ഒരു മുഴിവുമില്ലേ
    അക്ഷരതെറ്റുകള്‍ ഇല്ലാത്തതു കൊണ്ട് ചോദിക്കുവാ.

    ReplyDelete
  24. anubhava sampannamaaya post.ithu othhiriperude anubavangalaayirikkumennu thonnunnu..

    ReplyDelete
  25. ഈ മഹാനഗരം ഒരു പടു വൃക്ഷമാണ്!! മഹാരാഷ്ട്രയിലാണു നിൽക്കുന്നതെങ്കിലും വേരുകളിലൂടെ വെള്ളവും വളവും മറ്റനേകം സസ്ഥാനങ്ങളിൽ നിന്നു വലിച്ചെടുത്തു വളർന്ന ഒരു പടുമരം .. കൊള്ളാം


    വീരു വായിക്കാന്‍ ..കുറച്ചു ലേറ്റ് ആയിപ്പോയെടോ ..
    ജോറാവണ്ടിട്ടോ ... കഥയുടെ നീളം ചുരുക്കിഷ്ടാ

    ReplyDelete
  26. ജീവിതത്തിന്റെ മറ്റൊരു മുഖം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

    ReplyDelete
  27. ഡിയർ കെ കെ എസ് : വിലയേറിയ അഭിപ്രായത്തിനു നന്ദി !!
    ദീപൂ : താങ്ക്യു വെരിമച്ച് സഹോദരാ...
    പ്രിയ രാധാ : പെങ്ങളേ പോസ്റ്റിന്റെ വലിപ്പം കണ്ട് പേടിക്കാതെ മുഴുവനും വായിച്ചതിനു നന്ദീ ട്ടാ..
    കുറുപ്പേ: സമാനനുഭാവാ..നിനക്കും നന്ദി !!
    ജ്വാലാ : വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി !!
    പ്രയാൺ : സമാന ഹൃദയാ..(ഹൃദയിനി?) നിനക്കായ് ഞാൻ പാടുന്നേൻ..നന്ദി!!
    പ്രിയ ബിജ് ലീ : നന്ദീട്ടാ..!!
    ഉമേഷേ : നന്ദി മാഷേ..വന്നതിനും എന്തെങ്കിലും ഉരിയാടിയതിനും !!
    ഷൈജൂ: വൈകിയാലും വന്നില്ലേ എനിക്കതു മതി..നന്ദി !!
    വിജയലക്ഷ്മി: അതെ ..അതു മനസ്സിലാക്കാൻ ശ്രമിച്ചതിനു നന്ദി !!
    സുനിലേ: നിനക്ക് ഞാൻ എന്ത് നന്ദി പറയാനാടാ..എന്നാലും കിളിമഞ്ചാരോ കഥകൾ പാടിയ തോട്ടുവാക്കാരാ നിനക്കും നന്ദീ ടാ..

    ReplyDelete
  28. ശാന്താകാവുമ്പായീ: ജീവിതത്തിന്റെ ഈ മുഖവും കാണാൻ ശ്രമിച്ചതിനു നന്ദീ..

    ReplyDelete
  29. ഡിയർ അരുൺ: അഭിപ്രായത്തിനു നന്ദി !!
    വയനാടാ: എന്തേലൊക്കെ പറ മാഷേ..കുറേ നാളായല്ലോ പറയാറായിട്ടില്ലാന്നു പറയാൻ തൊടങ്ങീട്ട് ..ഹ ഹ ..
    നന്ദി ട്ടാ..

    ReplyDelete
  30. ishtayi mumbai picture! ethevidennanishta ee pictures kittunnathu? ella photosum supppperrrrrrrrrrr..eppozho kettittulla aarudeyokkeyo katha pole... anyway enikkishtayi mumbai vivaranam. eniyippo time pass ayalle mone dineshaaaaa.....nadakkatte nadakkatte.....anynattil chennu adi kittiyittundenkil athu sensor chaithu kalayillallo alle? varatte suhruthe adutha part...

    ReplyDelete
  31. മുംബയ്‌ ലെ തിരക്കില്‍ കാല്‍ ഇടരാതിരിക്കട്ടെ .......
    സ്നേഹപൂര്‍വ്വം ...

    ReplyDelete
  32. വായിയ്ക്കാൻ തുടങ്ങിയപ്പോ സത്യത്തിൽ ബോറടിച്ചു ട്ടാ, പിന്നെ പിന്നെ പതിയെ അതിൽ ലയിച്ചു പോയി.

    ReplyDelete
  33. Mandodari - (kavitha ) muzhuvan posteetund veeru

    pinne ninte aa swapnam
    ninakkitt njan vachchittund ....!

    ReplyDelete
  34. മുംബൈ ഇത് വരെ കണ്ടിട്ടില്ല..വായനയിലൂടെ കണ്ടത് പോലുള്ള പ്രതീതി തോന്നി..ആശംസകള്‍..തുടരുക..

    ReplyDelete
  35. ചക്രങ്ങളില്ലാത്ത കൂറ്റൻ തീവണ്ടികൾ പോലെ കെട്ടിടങ്ങളങ്ങനെ നീളുന്നു..
    ഓരോ ബോഗികളും ഓരോ വീടുകൾ !
    നന്നായിരിക്കുന്നു..ആശംസകൾ

    ReplyDelete
  36. ചാത്തനേറ്: മുംബൈയുടെ പച്ച ചുവ കിട്ടണുണ്ട്...

    ഓടോ: ഇതാദ്യം ഈ വഴി!!!എന്തേ ഞാന്‍ എത്താന്‍ വൈകി!!!

    ReplyDelete
  37. നന്നാകുന്നുണ്ട്... തുടരട്ടെ!

    ReplyDelete
  38. ഞങ്ങൾ ഈ പോസ്റ്റ് വായിച്ചു.നന്നായിട്ടുണ്ട് ..
    എന്ന് ‌-ലതി,ശ്രീകുട്ടൻ

    ReplyDelete
  39. വീരൂ, ഭയങ്കര മടിയനാണല്ലേ? ബാക്കി എവിടേ?

    ReplyDelete