
അങ്ങനെ ഈ ആര്‍മാദത്തിനൊരവസാനം വരാൻ പോണു ..കാലത്തു എണീറ്റ് കുളിച്ചു കുട്ടപ്പനായി ചായ കുടിച്ചു ഒരു പോക്ക് ..ചായപ്പീടികയിലെ ബെഞ്ച് കുറെ നേരം നിരങ്ങി ...സ്കൂള്‍ വിട്ടു വരുന്ന വർണ്ണക്കിളികളുടെ വായ് നോക്കി കഴിഞ്ഞു ബാക്കിയുള്ള നേരം റോഡു പാടം തെക്കു വടക്കു കറങ്ങി നേരാനേരങ്ങളില്‍ ഉച്ചയൂണും പള്ളിയുറക്കവും കഴിഞ്ഞു വീണ്ടും ചായ മോന്തി പാടത്തെ ക്രിക്കറ്റും ഫുട്ബാളും കഴിഞ്ഞു വിയർത്തൊലിച്ച് വീട്ടിലെത്തി വീണ്ടും മേല്‍കഴുകി ടി വി കണ്ടു, ഉണ്ട് രാത്രി വേറെ പരിപാടി ഒന്നും (സെക്കന്റ് ഷോ , ഗാന മേള , നാടകം ....ഇത്യാദി) ഇല്ലെങ്കില്‍ വീണ്ടും ഉറക്കം കഴിഞ്ഞെണീക്കുമ്പോള്‍ സൂര്യന്‍ ഒരു വട്ടം പൂര്‍ത്തിയാക്കി വന്നിരിക്കും ഇങ്ങനത്തെ മുന്നൂറ്റി അറുപത്തന്ച്ചു ദിവസങ്ങളടങ്ങിയ മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോൾ ദേ വരാൻ പോണു..ഒരറുതിക്ക് സാധ്യത !!
" ഡാ ...ഞാൻ രാജന് വിളിച്ചിരുന്നു..ട്രെയിന്റെ ടിക്കറ്റ് എടുത്തു ദിവസവും സമയവും വിളിച്ചു പറയാനാ അവൻ പറഞ്ഞെ..." ദൈവമേ എന്നെ ഇവിടെ നിന്നും ഓടിച്ചു വിടാന്‍ എന്താ ഇവര്‍ക്കെല്ലാം ഇത്ര ഉത്സാഹം !! പുതപ്പു മുഖത്തേക്ക് വലിച്ചിടുമ്പോള്‍ അച്ഛന്റെ ആ പ്രസ്താവന വീണ്ടും അകത്തെ മടിയൻ താഴ്വരകളിൽ പ്രതിധ്വനിച്ച് ഒള്ള ഉറക്കവും കളഞ്ഞു..!!
നിന്നിടത്തു നിന്നും സൂര്യന്‍ വീണ്ടും കുറച്ചു കൂടി വട്ടങ്ങള്‍ പൂര്‍ത്ത്തിയാക്കി . ആറേ ആറു ദിവസമെ കഴിഞ്ഞുള്ളു ,എന്നെ , ഓണം കഴിഞ്ഞുള്ള ഒരു ശുഭ ദിനത്തില്‍ നാടുകടത്താനുള്ള രസീതുമായി ചേട്ടൻ ഹാജിർ. സദാ കർത്തവ്യ നിരതൻ !!!നീണ്ട ക്യു വിൽ വിയർത്തൊലിച്ചു നിന്നെടുത്ത ടിക്കറ്റ് മാതാപിതാ സമക്ഷം എന്നെ ഏൽപ്പിച്ചപ്പോൾ കൃതാർത്ഥമായ ആ സഹോദരന്റെ മുഖത്ത് നിന്നും കണ്ണെടുത്തു ഞാൻ കയ്യിലെ കടലാസ്സിലേക്കു നോക്കി ‘എ സെക്കന്റ് ക്ലാസ് സ്ലീപ്പർ ടിക്കറ്റ് ഫ്രം ത്രിശൂർ ടു മുംബൈ ഇൻ ജയന്തി ജനത’ .
ടിക്കറ്റ് കൂടി കയ്യിലെത്തിയപ്പോള്‍ അവശേഷിച്ച ദിവസങ്ങള്‍ക്കു അനിർവ്വചനീയമായ സൌന്ദര്യം കൂടുന്നതായി തോന്നിത്തുടങ്ങി. ഇടക്കെപ്പോളോ ബോറടിയായി തോന്നിയിരുന്ന ചായ പ്പീടികയും പാതയോരങ്ങളും പൂര്‍വാധികം ഉത്സാഹത്തോടെ എണ്ണപ്പെട്ട എന്റെ ദിവസങ്ങളെ എതിരേറ്റു . കണ്ടാൽ പെറ്റമ്മ പോലും " ഛെ !!" എന്നല്ലാതെ മറ്റൊന്നും ഉരിയാടാൻ സാധ്യതയില്ലാത്ത സ്കൂൾ വഴികളിലെ ഈ കറുമ്പൻ ലലനാമണികള്‍ക്കും ഇപ്പോളെന്താ ഒരു ചന്തം..!!
ഹേ ഭഗവാൻ യെ പ്യാർ ഭരാ ഗാവ് ഹം കൈസേ ചോട് കെ ചലേ ??
ഇതിനൊക്കെ കാരണം ലവനാണ് ...രാജേട്ടൻ !!! ദോസ്തോം കാ രാജു ഭായ് ..ഹെന്റെ അമ്മായി തനയൻ മുംബൈവാല ...സാലാ !!!
ഒരു വേനലവധിയില്‍ നാടു സന്ദര്‍ശിക്കാനെത്തിയ രാജേട്ടൻ ബന്ധു ഭവന സന്ദര്‍ശനങ്ങളില്‍ ഞങ്ങള്‍ക്കായ് മാറ്റി വെച്ച ഒരു ദിനസായാഹ്നം ചായക്ക് കൂടെ വന്ന ഉപ്പേരിയെടുത്ത് പെരുമാറുന്നതിനിടയില്‍ ഫുട്ബാളില്‍ കാറ്റടിക്കുന്ന എന്നോടോ. ..എന്നെ സഹതാപ പൂര്‍വ്വം നോക്കുന്ന സ്വന്തം മാമന്റെ മനസ്സു മനസ്സിലാക്കിയിട്ടോ.. അതോ എന്തേലും പറയേണ്ടേ എന്ന് കരുതിയോ ആവശ്യമില്ലാത്ത ഒരു വാചകം പുറത്തേക്ക് തൊടുത്തു.
" ഡാ നീ ഇവിടെ വെറുതെ നടക്കുന്ന നേരം എന്റെ അവിടെ ബോംബെലോട്ടു വാടാ വല്ല ജോലീം കിട്ടുവോളം എന്റെ കൂടെ നിക്കാലോ ഭാഷേം പഠിക്കാം .."
പോയി പാലു കുടിക്കൂ മോനേ എന്ന് കേട്ടപ്പോൾ പഴംചൊല്ലിലെ രോഗിയുടെ കണ്ണിലുണ്ടായി എന്നു പറയപ്പെടുന്ന ആ തിളക്കം അപ്പോൾ അച്ചന്റെ കണ്ണിൽ ഞാൻ കണ്ടു..
മുന്‍പും ഒന്നു രണ്ടു തവണ ഇങ്ങേരിതു പറഞ്ഞിട്ടുണ്ടെങ്കിലും ചായ കുടി കഴിഞ്ഞു മൂടും തട്ടി ' ശരിയെന്നാല്‍ ഇനി അടുത്ത വരവിന് കാണാം ' എന്നു പറഞു ഇറങ്ങിയ മാന്യദേഹത്തിന്റെ പുത്തൻ ബാറ്റാ ചപ്പലിന്റെ മുദ്രകൾ മുറ്റത്തു നിന്നും മായും മുൻപേ എന്റെ മാതാപിതാക്കളുടെ മനതാരിൽ നിന്നും ഈ വാചകങ്ങളും മായുകയാണു പതിവു ..എന്നാൽ ഇത്തവണ ഭായ് ക്കു പിഴച്ചു . അങ്ങേരു ഇതറിഞ്ഞതു മുംബയിലെത്തി രണ്ടാഴ്ച കഴിഞ്ഞാണെന്നു മാത്രം . എന്താന്നറിയില്ല.. അങ്ങേരു പടി ഇറങ്ങിയപ്പോൾ എന്റെ മനസ്സിൽ അകാരണമായി മഴക്കാര് ഇരുണ്ടു കൂടിയിരുന്നു ..പിന്നെ അത് മഴയായ് പെയ്തിറങ്ങാൻ രണ്ടാഴ്ച കഴിഞ്ഞൊരു കാൾ.... ഗാവ് ടു മുംബൈ..
“ അപ്പോൾ പറഞ്ഞ പോലെ അവനെ ഞങ്ങൾ അങ്ങോട്ടു വിടാൻ തീരുമാനിച്ചു രാജാ..നിങ്ങളൊക്കെ അവിടെ ഉള്ളതോണ്ട് ഞങ്ങൾക്കു ഒരു സമധാനാ..പിന്നെല്ലാം യോഗം പോലെ ..പിന്നെ വേറെന്താ മോനേ ബിശേഷം .. ങ്ഹേ ഹാ...ശരി..ടക് ..ഫോണ്‍ കട്ട് ..."
ഞാൻ ഊഹിച്ചു അച്ച്ന്റെ ഫോൺ വെച്ചതിനു ശേഷമുള്ള രാജേട്ടന്റെ മുഖ ഭാവം ...അകതാരില്‍ മിന്നിയ ഫ്ലാഷും ...ഒരു വേലി ...ചക്.... ഒരു പാമ്പ് ...ചക്... ഒരു കീറത്തുണി...ച്ച്ക്ക്....ഹി...ഹി ..
അല്ലേലും നല്ല സമയത്തിനു അൽപ്പായുസ്സല്ലേ…!! ചട പടേന്നു ദിവസങ്ങൾ ഓടിപ്പോയി..വടക്കേലെ ആളൊഴിഞ്ഞ വീട് . താമസക്കാർ വിറ്റു പോയതിനു ശേഷം പ്ലോട്ട് വാങ്ങിയ കച്ചവടക്കാർ കയ്യേൽപ്പിക്കാൻ ആളെ കിട്ടാതെ ഇട്ടിരിക്കുന്ന ഈ വീടും പറമ്പുമാണു ഞങ്ങൾ ഇടം വലമുള്ള സാമൂഹ്യ പ്രവർത്തകരുടെ ഇപ്പളത്തെ താവളം ..സാമൂഹ്യ പ്രവർത്തനം എന്ന് പറഞ്ഞാൽ ചീട്ട് കളിയും വെള്ളമടിയും !!!
വേലയൊന്നും ഇല്ലാതെ തിളക്കുന്ന ചോരയുമായി നടക്കുന്ന ഒരു കൂട്ടം യുവാക്കളുടെ ഏകാഗ്രതയും ശ്രധ്ദയും കൊലപാതകം മോഷണം തുടങ്ങിയ സാമൂഹ്യ വിപത്തുക്കളിലേക്കു തിരിയാതെ പിടിച്ചു നിർത്താൻ കഴിയുമെങ്കിൽ ഇതും ഒരു സാമൂഹ്യ പ്രവർത്തനം തന്നെ ഹ ഹ…
ഇന്നിവിടിപ്പോൾ 28(സ്ലാം കളി) പൊടി പൊടിക്കുന്നു..നാരായണേട്ടൻ വാമ ഭാഗത്തിരുന്നു അടിച്ച പെരിശ് ഗുലാന്റെ മേലെ ഇസ്പേഡിന്റെ തുരുപ്പു ഗുലാൻ അടിക്കാൻ മൂടു അൽപ്പം ഉയർത്തി വലം കയ്യിൽ ചീട്ട് ഓങ്ങി നിന്ന ഞാൻ ഒരലർച്ച കേട്ടു സ്റ്റക്കായി !!!
“ടാ…കുരുത്തം കെട്ടോനേ….നിനക്കിന്നു പോണ്ടേ..ആ ചെക്കൻ ഓട്ടോ യു മായി വന്നിട്ടെത്ര നേരായി..” തെക്കെ അതിരിൽ അമ്മ ..!!
“ഹാ അതു ശരിയാണല്ലൊ ..ഇന്നല്ലെ നാടുകടത്തൽ “ കയ്യിലെ ചീട്ടു തഴേക്കിട്ടു കൊണ്ടു കൂട്ടത്തിൽ സ്നേഹ സമ്പന്നനായ ഒരു സുഹ്രുത്തു മൊഴിഞ്ഞു…
.എനിക്കൊപ്പം എല്ലാരും എണീറ്റു..കൂടെ വരികേം ചെയ്തു..പന്നീന്റെ മക്കൾ ശവത്തിൽ കുത്തുന്ന ചിരിയും …വീട്ടിലെത്തിയപ്പോൾ കൂടെയുള്ളതു പോരാഞ്ഞു ഒരാൾക്കൂട്ടം വേറെ… എന്താ ഞാൻ ചത്തോ? ഓഹ് .. യാത്രയയപ്പാണല്ലെ..!!!നേരത്തേ തയ്യാറാക്കി വെച്ചിരുന്ന ബാഗിൽ പൊതി ച്ചോറും കൂടി വെച്ചു സിപ് വലിച്ചിടുമ്പോൾ ഉപദേശ ശരങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞു..അച്ചന്റെയും അമ്മയുടെയും അളിയന്റെയും വക...പാന്റ്സും ഷർട്ടും ഇട്ടു മുച്ചക്ര വാഹനം ലക്ഷ്യമാക്കി നടക്കുമ്പോൾ ഒന്നു തിരിഞ്ഞു നോക്കി.. എല്ലാരും ഹാജറുണ്ട് അച്ചൻ ,അമ്മ,അമ്മൂമ്മ,ചേട്ടൻ,ചേച്ചി എല്ലാരും .. അച്ചന്റെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ? ഹേയ് .....ഉണ്ടോ? ഉണ്ട്.. എല്ലാവർക്കും ഒരു വിഷാദം? ശരിയാണൂ അലമ്പായിരുന്നേലും വീട്ടിലൊള്ള നേരം ബഹളമയമായിരുന്നല്ലോ… ഞാനായിട്ടു ഉണ്ടാക്കിയില്ലേലും എന്നെ ചീത്ത പറയുമ്പോളായാലും ഉണ്ടായിരുന്നതതു തന്നല്ലേ..ബഹളം..!!! ഞാൻ പോയാൽ ഈ വീട്ടിൽ ഒരു നിശ്ശ്ബ്ദ്ത പടരും …കുറച്ചു നാളേക്കെങ്കിലും… അതൊറപ്പാ..…എന്റെ വീടും പരിസരവും ഞാൻ ഒന്നൂടെ കണ്ണോടിച്ചു ..ഈ വാതിലും ജനലും മുറ്റത്തെ ചെടികളും ..ദേ എന്റെ സൈക്കിൾ കിഴക്കേ ചുമരിൽ ചാരിയിരുന്നു കരയുന്നു ..പാവം പത്താം ക്ലാസ് പാസ്സായപ്പോൾ അച്ചൻ വാങ്ങിത്തന്നതാ.…ഉറ്റ തോഴനെ പോലെ എന്നെ കൊണ്ടു നടന്നതാ.…..ഇനിയതവിടെ കിടന്നു തുരുമ്പെടുക്കും.. അടുത്തുണ്ടായിരുന്നപ്പോൾ സ്നേഹിക്കാൻ പറ്റിയില്ല .. ഹാ പോട്ടെ...
ഞാൻ വണ്ടിയിൽ കേറിയിരുന്നു കൈ വീശി..കൂടെ അളിയനും വന്നു വണ്ടിയിൽ കയറി..ട്രെയിൻ കേറിയെന്നുറപ്പു വരുത്തി തിരിച്ചു വീട്ടിലെത്തി വിവരം പറയാനാവും.. വണ്ടിച്ചക്രങ്ങളുരുണ്ടു..ഇടവഴിയും താണ്ടി ഹൈ വേയിലൂടെ ഓട്ടോ ശൂലം പോലെ പാഞ്ഞു . റെയിൽ വേ സ്റ്റേഷൻ ലക്ഷ്യമാക്കി…
ഇനി കഴിഞ്ഞതു കഴിഞ്ഞു ..വരാൻ പോണതു ചിന്തിക്കാം ..ഹല്ലാ പിന്നെ..!!
ഈ മുംബൈ മഹാനഗരം എങ്ങിനാവും?? സിനിമായിലും ഫോട്ടോയിലും മാത്രമേ കണ്ടിട്ടുള്ളുവല്ലൊ ഇതു വരെ…! എന്റ് സേവനം ലഭ്യമാകാൻ പോകുന്ന ആ ഭാഗ്യവാൻ കമ്പനി ഏതാവും ? പാഠ്യ പുസ്തകമൊഴിച്ചു നിർത്തിയാൽ ടി വി മഹാഭാരതവും , മുരുകനിൽ കണ്ട അമിതാബ് ബച്ചന്റെ “ലാവാറിസ്” ഉം ആണു ഹിന്ദി യു മായുള്ള ആകെ ബന്ധം !! ചിന്തകൾ കാടു കയറി …..ട്രെയിനിൽ കയറിയാൽ പിന്നെ ഞാൻ ഒറ്റക്കല്ലെ..!! ഭഗവാനേ കാത്തോളണേ..!! മുംബൈ സെൻട്രൽ സ്റ്റേഷനിൽ കാത്തു നിൽക്കാമെന്നു പറഞ്ഞ രാജേട്ടനെങ്ങാനും എന്തേലും കാരണത്താൽ വരാതിരുന്നാൽ എന്താവും എന്റെ കാര്യം..ഫോൺ നമ്പർ കയ്യിലില്ലേ?? !! ഹാ ഉണ്ട്…പിന്നെ……പിന്നെ…..
“ ടാ….സ്റ്റേഷനിലെത്തിയെടാ…എണീക്കെടാ…”
അളിയച്ചാരെന്നെ ഒന്നു ആഞ്ഞു കുലുക്കി…ഞാൻ ചാടിയെഴുന്നേറ്റു..ബാഗു മായി പുറത്തിറങ്ങി നോക്കി..” ങ്ഹേ ത്രിശ്ശൂരിപ്പോൾ ത്രിശ്ശിവപേരൂർ ആയോ?’ ഞാൻ വലിയ ബോർഡും വായിച്ചു അകത്തേക്കു കയറുമ്പോൾ കീശയിൽ ടിക്കറ്റ് ഉണ്ടെന്നുറപ്പു വരുത്തി..പ്ലാറ്റ് ഫോറത്തിൽ ഒരു പാടാളുകൾ ഇരിക്കുന്നു.. ബാഗും ഭാണ്ടങ്ങളും വേറെയും..ഒരറ്റത്തു ചെന്നിരുന്നു എല്ലാവരെയും പോലെ ഞാനും ഇടക്കിടെ തെക്കോട്ടു തല തിരിച്ചു നോക്കിക്കൊണ്ടിരുന്നു…ടിക്കറ്റിൽ പറഞ്ഞ സമയം കഴിഞ്ഞു ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ കണ്ടു എല്ലാരും ദേ ഒരുമിച്ചു തെക്കോട്ടു നോക്കണു..പിന്നെ ഒരു ചാടിപ്പിടയലും തിരിയലും മറിയലും ബാഗെടുക്കലും ഓട്ടവും..ഹാ.. വണ്ടി എത്തി ആരോ പറഞ്ഞതു ഞാനും ഏറ്റു പറഞ്ഞു..!! ദേ…വരണു ജയന്തി …ഈ ജനതക്കായ്...
ഒരു വലിയ ഹുങ്കാരത്തോടെ ആ തുരുമ്പൻ ഭീമൻ വന്നങ്ങിനെ പതിയെ പതിയെ നിശ്ചലനായി..
ടിക്കറ്റിലെഴുതിപ്പിടിപ്പിച്ചിരുന്ന ഡബ്ബയും സീറ്റും കണ്ടു പിടിക്കാൻ അളിയൻ സഹായിച്ചു..ത്രിശ്ശൂരു തൊട്ടു മുംബൈ വരെ എനിക്കായ് പതിച്ചു തന്ന ആ സീറ്റിനടിയിൽ ബാഗ് ഭദ്രമായി വെച്ചു ഞാൻ വാതിൽപ്പടിയിൽ ചെന്നു നിന്നു ..യാത്ര പോകുന്നവരെയും യാത്രയാക്കുന്നവരെയും നോക്കി വെറുതെ…ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു നെടു നീളൻ ഹോണിനകമ്പടിയായി വണ്ടിയൊന്നു കുലുങ്ങി..പുറത്തു നിന്നിരുന്ന കുറെ പേർ ചാടി ക്കേറിയതും ..പതുക്കെ ചലിക്കാൻ തുടങ്ങി..കൈ വീശുന്ന അളിയനും അകന്നകന്നു പോയി..
ഞാൻ അവിടെ തന്നെ നിന്നു വരി വരിയായി വിട വാങ്ങിയകലുന്ന തെങ്ങിൻ കൂട്ടങ്ങളും വയലുകളും നോക്കി നിന്നു….
ആദ്യത്തെ ഉപദേശ ലംഘനം…”വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ വാതിൽക്കലൊന്നും ചെന്നു നിൽക്കരുതു ...ട്ടാ....നീയ്യ് ” പാവം അമ്മ !!
(പറ്റിയാൽ തുടരും !!!)