Saturday, April 25, 2009

തൊഴില്‍ തേടി

ഞാന്‍ പണ്ടേ മടിയനാണ് .എന്നും തിന്നും കുടിച്ചും ഉല്ലസിച്ചു കഴിയാനാണ് കൊതിച്ചിരുന്നത്‌. ആരെങ്കിലും കഷ്ടപ്പെട്ടോളും ആരെങ്കിലും കൊണ്ടു തന്നു കൊള്ളും എന്ന ഒരു ചിന്ത പണ്ടു മുതലേ മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നു. കാരണം അന്നും ഇന്നും അജ്ഞാതം .. കൂട്ടത്തില്‍ ഏറ്റവും ഇളയവനായത് കൊണ്ടു കിട്ടിയ അമിത ലാളനകള്‍ കൊണ്ടാവാം ,അല്ലെങ്കില്‍ പ്രാരാബ്ധങ്ങളും ഉത്തരവാദിത്ത്വംങളും കാണാതെ പോയ ബാല്യം തന്ന സംബാദ്യമാവം അതുമല്ലെന്കില്‍ പിരിഞ്ഞു കിടക്കുന്ന കോണികള്‍ പോലുള്ള പിന്‍ പരമ്പര ബന്ധങ്ങളില്‍, പിതാമഹന്മാരില്‍ ആരെങ്കിലും ഒരാള്‍ യുഗങ്ങള്‍ക്കു പുറകെ നിന്നു തലയില്‍ കൈ വെച്ചു അനുഗ്രഹിച്ചു കാണും .
പക്ഷെ പറയുന്പോള്‍ എല്ലാം പറയണമല്ലോ .അലസതക്കും ഒരു പ്രത്യേക സുഖമുണ്ട് . എന്നും ഒരു സ്വപനം മനസ്സിലുണ്ട് . വൃത്തിയുള്ള ചെറിയ മുറ്റം ഉള്ള ചെറിയ ഒരു വീട്. ആ ഇല്ലാത്ത വീടിന്റെ ചാണകം മെഴുകിയ കിഴക്കേ കോലായിലെ ചാര് കസേരയില്‍ മുറ്റത്തെ തണല്‍ വിരിക്കുന്ന വലിയ മരത്തിനപ്പുറം പരന്നു കിടക്കുന്ന അറ്റമില്ലാ പാടത്തിന്റെ ഒരു വലിയ കാന്‍വാസ് കണ്ണുകള്‍ക്കായി വിട്ടുകൊടുത്തു അവിടങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കണം . നിഴലും വെയിലും മഴയും നിലാവും മാറി മാറി വരുന്ന ആ ആകാശം കണ്ടു ഒന്നും ചെയ്യാനില്ലാതെ ആരോടും ഒന്നും പറയാനില്ലാതെ ... എത്ര മനോഹരമായ മടിയന്‍ സ്വപ്നം അല്ലെ?
ഏകദേശം ഒരു ഇരുപത്തിനാലു തികയാനായപ്പോളാണ് ഞാന്‍ നാട് വിട്ടത്. ജീവിതത്തില്‍ ഇനിയന്ഗോട്ടുള്ള ചലനത്തിന് ഒരു തൊഴിലും വരുമാനവും വേണമെന്നു സ്വയം തോനിയിട്ടല്ല , കൂടെ മണ്ണ് വാരി ക്കളിച്ചവര്‍ ഓരോരോ നിലയില്‍ എത്തുന്നത്‌ കണ്ടുണ്ടായ ഒരു ആവേശവും ആയിരുന്നില്ല ... ഈ നേരാ നേരങ്ങളിലുള്ള തീറ്റയും കുടിയും ,ചായപീടികയിലെ ബെഞ്ച് നിരങ്ങളും പാടത്തെ ക്രിക്കറ്റ് കളിയും എല്ലാം ആവര്‍ത്തന വിരസങ്ങളായി തുടങ്ങിയപ്പോള്‍ വീട്ടുകാരെയും നാട്ടുകാരെയും വെറുപ്പിക്കാന്‍ പോകുന്നെന്നു ഉള്‍വിളി കേട്ടപ്പോള്‍ ഉണ്ടായ ആഗ്രഹമാണ് ഒരു സ്ഥലം മാറ്റം ..
അങ്ങനെ തീരുമാനിച്ചുറച്ച പോലെ ഒരുനാള്‍ ഞാന്‍ നാട് വിട്ടു . ആരോടും പറയാതെയോന്നുമല്ല എല്ലാവരുടെയും അനുഗ്രഹവും ആശിര്‍വാദവും വാങ്ങി തന്നെ ഞാന്‍ മുംബൈ യില്‍ എത്തി. എന്റെ അമ്മായിയുടെ മകളുടെ വീട്ടില്‍ താമസവും തുടങ്ങി . ഗ്രാമ പച്ചയില്‍ നിന്നും കോണ്‍ക്രീറ്റ് നഗരത്തിലേക്കുള്ള പറിച്ചു നടല്‍ ഒരു ചെറിയ വാട്ടം ഉണ്ടാക്കി . രാവും പകലും ഒരുപോലെ ഉണര്‍ന്നിരിക്കുന്ന ഈ നഗരത്തെ സ്നേഹിക്കാനും അടുക്കാനും കുറച്ചു സമയം വേണ്ടി വന്നു . പോസ്ടരിലും സിനിമയിലും കാണുന്നത്ര ഭംഗിയോന്നുമില്ല ആടയഭാരനങ്ങള്‍ക്കുള്ളില്‍ പഴുത്ത വൃണങ്ങള്‍ ഒളിപ്പിക്കുന്ന ഈ സുന്ദരിക്ക് . മുംബൈ യിലെ ഇലക്ട്രിക്‌ ട്രെയിനിലെ യാത്രകള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോളും ഭയം ആണ്. ഓരോ യാത്രയും ഓരോ ചെറിയ യുദ്ധങ്ങളാണ് . ഞെങ്ങി ഞെരുങ്ങി നിന്നു പോകുമ്പോള്‍ പോക്കറ്റ് അടിക്കുന്നത് അറിഞ്ഞാല്‍ പോലും നമുക്കു ഒന്നും ചെയ്യാനില്ല . നില്ക്കുന്ന പൊസിഷനില്‍ നിന്നു അണുവിട ചലിക്കാന്‍ പറ്റില്ല . ഒരു ഒഴുക്കില്‍ കയറി പറ്റുന്നു അതുപോലെ മറ്റൊരു ഒഴുക്കില്‍ ഇറങ്ങി പോകുന്നു.
ഒരു പാടു ഇന്റര്‍വ്യൂ കള്‍ക്ക് പോയി. ഭാഷ അറിയാത്തതും മുന്‍കാല പരിചയത്തിന്റെ അഭാവവും വിലങ്ങു തടികള്‍ തന്നെ പക്ഷെ അതിലും വലിയ വിന കോഴ്സ് കഴിഞ്ഞു വെറുതെ നടന്ന മൂന്ന് നാല് കൊല്ലം ആണ് .ആ വിടവ് ഉള്‍കൊള്ളാന്‍ ഒരു ഇന്റര്‍വ്യൂവര്‍ക്കും കഴിഞ്ഞില്ല. ജനസമുദ്രം ഒഴുകി കൊണ്ടേയിരുന്നു. നരച്ച ആകാശത്ത് സുര്യ ചന്ദ്രന്മാരുടെ പ്രയാണം കാണാന്‍ കഴിഞ്ഞില്ലെന്കിലും രാപകലുകള്‍ പോയ് കൊണ്ടിരുന്നത് ഞാന്‍ വിഷമത്തോടെ അറിഞ്ഞു.

No comments:

Post a Comment